print edition മലയിറങ്ങുമോ കൊടുങ്കാറ്റ്! അത്‍ലറ്റിക്സിന് ഇന്ന് തുടക്കം

മലപ്പുറം ഐഡിയല്‍ കടകശേരി ടീം പരിശീലനത്തിൽ
കോഴിക്കോട്: സ്‌കൂൾ അത്‌ലറ്റിക്‌സ് കിരീടത്തിനായുള്ള പോരാട്ടം തുടങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം, റണ്ണറപ്പായ പാലക്കാട്, ആതിഥേയരായ കോഴിക്കോട്, മുൻ ജേതാക്കളായ എറണാകുളം, ഓവറോൾ കിരീടമുള്ള തിരുവനന്തപുരം ജില്ലകളാണ് ട്രാക്കിലും ഫീൽഡിലും കൊമ്പുകോർക്കുന്നത്.
ആശങ്കയില്‍ മലപ്പുറം
തുടര്‍ച്ചയായ മൂന്നാം കിരീടമാണ് ലക്ഷ്യം. കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസും തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസുമായിരുന്നു പവർഹൗസുകൾ. സ്‌കൂളിലെ ആഭ്യന്തരപ്രശ്നം കാരണം നാവാമുകുന്ദ കളത്തിലില്ലാത്തത് തിരിച്ചടിയാകും. കഴിഞ്ഞവര്‍ഷം 22 സ്വര്‍ണവും 29 വെള്ളിയും 24 വെങ്കലവുമടക്കം 247 പോയിന്റായിരുന്നു. തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എം എച്ച്എസ്എസ്, മൂര്‍ക്കനാട് എസ്എസ് എച്ച്എസ്എസ് എന്നിവയും മെഡല്‍ പ്രതീക്ഷിക്കുന്നു.
ആവേശത്തില്‍ ആതിഥേയര്‍
2025, 2023, 2022 വര്‍ഷങ്ങളില്‍ മൂന്നാംസ്ഥാനത്തായിരുന്നു കോഴിക്കോട് ജില്ല. കഴിഞ്ഞവര്‍ഷം 10 വീതം സ്വര്‍ണവും വെള്ളിയും ഏഴ് വെങ്കലവുമടക്കം 91 പോയിന്റ് നേടി. കഴിഞ്ഞവര്‍ഷം സ്‌കൂളുകളില്‍ നാലാമതായ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസാണ് കരുത്ത്. കുളത്തുവയല്‍ സെന്റ് ജോര്‍ജ് എസ്എസ്എസ്, മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസ്, തലക്കളത്തൂര്‍ സിഎംഎംഎച്ച്എസ് എന്നിവയും പിന്തുണയുമായുണ്ട്.
തിരിച്ചുവരാന്‍ എറണാകുളം
നഷ്‌ടപ്രതാപത്തിന്റെ ഓർമകളിലാണ് ഇപ്പോഴും. കഴിഞ്ഞവര്‍ഷം ഏഴാമതായി. ഏഴ് സ്വര്‍ണവും മൂന്നുവീതം വെള്ളിയും വെങ്കലവുമടക്കം 47 പോയിന്റ് മാത്രം. ഒരുകാലത്ത് പ്രതാപികളായിരുന്ന കോതമംഗലം മാര്‍ബേസില്‍മാത്രമാണ് പൊരുതിയത്. വെസ്റ്റ് വെങ്ങോല ഷാലേം വിഎച്ച്എസ്എസ്, മൂക്കന്നൂര്‍ സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫനേജ് സ്‌കൂള്‍ എന്നിവയുടെ മികവിലാണ് പ്രതീക്ഷ. ഒരുകാലത്ത് വെട്ടിത്തിളങ്ങിയ കോതമംഗലം സെന്റ്‌ജോർജ് ഓർമയായി.
തിളങ്ങുമോ തിരുവനന്തപുരം
കഴിഞ്ഞവര്‍ഷം ആതിഥേയരായപ്പോൾ എട്ട് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 69 പോയിന്റോടെ നാലാംസ്ഥാനത്തെത്തി. ജിവി രാജ സ്പോര്‍ട്സ് സ്‌കൂളാണ് ഉൗർജം. അരുമാനൂര്‍ എംവിഎച്ച്എസിലെ താരങ്ങളും മികവുപുലര്‍ത്തുന്നുണ്ട്.
പ്രതീക്ഷയോടെ പാലക്കാട്
കൈവിട്ട കിരീടം തിരിച്ചുപിടിക്കാനുള്ള വരവാണ്. കഴിഞ്ഞവര്‍ഷം 26 സ്വര്‍ണവും 15 വെള്ളിയും 14 വെങ്കലവുമടക്കം 212 പോയിന്റ് നേടി. പറളി എച്ച്എസ്എസ്, മുണ്ടൂര്‍ എച്ച്എസ്എസ്, പാലക്കാട് ബിഇഎം എച്ച്എസ്എസ്, വടവന്നൂര്‍ വിഎംഎച്ച്എസ്എസ്, മാത്തൂര്‍ സിഎഫ്ഡി എച്ച്എസ്എസ് എന്നിവയാണ് കരുത്ത്.









0 comments