print edition സുഹൈൽ മദ്യപിച്ചെന്നും കാറിന് അമിതവേഗമെന്നും സുഹൃത്ത്; ശബ്ദസന്ദേശം പുറത്ത്

സുഹൈൽ
കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നുപേരെ മിനി കൂപ്പർ കാറിടിച്ച് കൊന്ന കേസിൽ പ്രതിയുടെ നിർണായക ശബ്ദരേഖ പുറത്ത്. ഒന്നാംപ്രതി ആലപ്പുഴ സ്വദേശി സുഹൈൽ സജീവിന്റെ സുഹൃത്തും മൂന്നാംപ്രതിയുമായ ജോയലിന്റെ വാട്‌സാപ് ശബ്ദസന്ദേശം കണ്ടെടുത്തതായി അന്വേഷകസംഘം ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. സുഹൈൽ അമിതമായി മദ്യപിച്ചുവെന്നും അമിതവേഗത്തിലാണ് കാർ ഓടിച്ചതെന്നുമാണ് ജോയൽ മറ്റൊരു സുഹൃത്തിന് അയച്ച സന്ദേശത്തിൽ പറയുന്നത്. 1.43 മിനിറ്റ് ദൈർഘ്യമുള്ളതാണിത്. സംഭവംനടന്ന 11ന് രാവിലെ 9.25നാണ് അയച്ചിരിക്കുന്നത്. തിങ്കളാഴ്‌ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അപകടശേഷം സുഹൈൽ ആദ്യം വിളിച്ചത് അച്ഛനെയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ 28ന് വിധി പറയും.
താനും അമീനും നിനവുംകൂടി ബാറിൽ കയറിയതായി ജോയൽ ശബ്ദസന്ദേശത്തിൽ പറയുന്നു. സുഹൈൽ ബാറിൽനിന്ന് പലതവണ മദ്യപിച്ചതായും പറയുന്നുണ്ട്. അതുകഴിഞ്ഞ് ഭയങ്കര വേഗത്തിലാണ് കാർ ഓടിച്ചത്. വരുന്നവഴി ഒരു സ്‌കൂട്ടറിലിടിച്ചു. സ്‌കൂട്ടറിൽ മൂന്നുപേരുണ്ടായിരുന്നു. സ്‌കൂട്ടറും മൂന്നുപേരും തെറിച്ചുവീണുവെന്നും നിനവ് തന്നോടും അമീനോടും അവിടെനിന്ന് പൊയ്‌ക്കോളാൻ പറഞ്ഞതായും ജോയൽ പറയുന്നു. മൂന്നുപേരും സ്പോട്ടിൽ മരിച്ചു. രണ്ട് പെൺപിള്ളേരും ഒരു ആണുമാണ്. വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്നും സന്ദേശത്തിലുണ്ട്. അവിടെനിന്ന് കടന്ന ജോയലും അമീനും പിന്നീട് തങ്ങളുടെ വാഗൺ ആർ കാറിൽ സംഭവസ്ഥലത്തേയ്‌ക്ക് ഉടനെ എത്തിയതായാണ് അന്വേഷകസംഘത്തിന്റെ കണ്ടെത്തൽ.
സുഹൈൽ നാട്ടുകാരോട് തന്റെ വാപ്പ ബാക്കികാര്യം നോക്കിക്കോളുമെന്ന് പറയുന്നത് കേട്ടതായി ജോയൽ പറയുന്നുണ്ട്. അത് കേട്ടതോടെ നാട്ടുകാർ ഇടി തുടങ്ങി. നിനവിനും ഇടികിട്ടി. ഒടുവിൽ പൊലീസ് വന്ന് ഇരുവരെയും കൊണ്ടുപോയാതായും ജോയൽ പറയുന്നു. ‘അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്‌കൂട്ടറിലിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം ’ എന്ന തലക്കെട്ടോടുകൂടിയ യുട്യൂബ് ലിങ്ക് രാവിലെ 9.31ന് സുഹൃത്തിന് അയച്ചുകൊടുത്തതായും അന്വേഷകസംഘം കണ്ടെത്തി. 11.20 വരെ ടെക്‌സ്‌റ്റ് മെസേജുകളും അയച്ചിട്ടുണ്ട്.









0 comments