Deshabhimani

print edition സ്കൂളുകളിലെ പ്രഭാതഭക്ഷണവും 
മുടക്കി സർക്കാർ; അട്ടപ്പാടിയിലെ കുട്ടികളിൽ പോഷകാഹാരക്കുറവ്‌

udf cabinet
വെബ് ഡെസ്ക്

Published on Oct 27, 2026, 03:46 AM | 1 min read

പാലക്കാട്‌: അട്ടപ്പാടി ഉ‍ൗരുകളിലെ കുട്ടികൾക്ക്‌ സ്‌കൂളുകൾ വഴി നൽകുന്ന പ്രഭാതഭക്ഷണവും മുടക്കി സംസ്ഥാന സർക്കാർ. പോഷകാഹാരക്കുറവുമൂലം ശിശുമരണങ്ങൾ ഉയരുമ്പോഴും സർക്കാരിന്റെ അനാസ്ഥ തുടരുകയാണ്‌. അട്ടപ്പാടി മേഖലയിലെ എട്ട്‌ ട്രൈബൽ സ്‌കൂൾ ഉൾപ്പെടെ 62 സ്‌കൂളുകളിലായി 3044 വിദ്യാർഥികൾക്കുള്ള ഭക്ഷണമാണ്‌ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയിൽ അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്നത്‌. ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.71 കോടി രൂപ കൈവശമുണ്ടായിട്ടും വിതരണം ചെയ്യാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം.


പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക്‌ പോഷക സമൃദ്ധമായ ഭക്ഷണം നൽകാനും അവരെ സ്‌കൂളുകളിലേക്ക്‌ ആകർഷിക്കാനുമാണ്‌ ജില്ലാ പഞ്ചായത്ത്‌ തുക അനുവദിച്ചത്‌. കഴിഞ്ഞ ഭരണ സമിതിക്കാലത്തെ 71 ലക്ഷം രൂപ സ്‌പിൽ ഓവർ ഇനത്തിലും നിലവിലുള്ള ഭരണസമിതി അനുവദിച്ച ഒരു കോടി രൂപയും അടക്കം 1.71കോടി രൂപ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ പക്കലുണ്ട്‌. ഒരു വർഷം ഒരു വിദ്യാർഥിക്ക്‌ പ്രഭാത ഭക്ഷണത്തിനായി 5000 രൂപ വീതം ആകെ 1.65കോടി രൂപ മാത്രം ചെലവുവരുന്ന സ്ഥാനത്താണ്‌ അനാസ്ഥ.


ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതും ഉള്ളവരുടെ ജോലി ഭാരം വർധിക്കുന്നതുമാണ്‌ പദ്ധതി മുടങ്ങാൻ കാരണമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ന്യായീകരണം. സംസ്ഥാന സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതാണ്‌ ഇവിടെയും വിനയാകുന്നത്‌. ശിശുമരണങ്ങൾ ആവർത്തിക്കുമ്പോൾപ്പോലും പ്രശ്‌നം പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home