print edition വേഗമേ മാറൂ... ആവേശമായി ഇൻക്ലൂസീവ് സ്‌പോർട്‌സ് 100 മീറ്റർ ഓട്ടം

ഇൻക്ലൂസീവ് സ്പോർട്സിൽ 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ വയനാട് ബാവലി ജിയുപിഎസിലെ അഞ്ജന രാജ് സ്വർണത്തിലേക്ക് കുതിക്കുന്നു. എം ടി എൽനയാണ് ഗൈഡ് റണ്ണറായത്
കോഴിക്കോട്: ആവേശം നിറച്ച് ഇൻക്ലൂസീവ് സ്‌പോർട്‌സ് 100 മീറ്റർ ഓട്ടമത്സരം. 14 വയസിന് താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ബാവലി ജിയുപിഎസിലെ അഞ്ജന രാജൻ സർണം നേടി. ചുട്ടുപഴുത്തു കിടന്ന സിന്തറ്റിക് ട്രാക്കിൽ ബൂട്ടില്ലാതെയായിരുന്നു അഞ്ജന പാഞ്ഞത്. വാളേരി ജിഎച്ച്‌എസ്‌എസിലെ എം ടി എൽന ആയിരുന്നു ഗൈഡ് റണ്ണർ. 14 വയസിന് മുകളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് തിരുവാലത്തൂർ ജിഎംവിഎച്ച്‌എസ്‌എസിലെ കെ അനീഷ ഒന്നാമതെത്തി. തുടർച്ചയായി മൂന്നാം വർഷമാണ് അനീഷ സ്വർണമണിയുന്നത്. പറളി പിഎച്ച്‌എസ്‌എസിലെ വി ഐശ്വര്യ ആയിരുന്നു ഗൈഡ് റണ്ണർ.
14 വയസിന് താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് പള്ളിപ്പുറം പിഎച്ച്‌എസ്‌എസിലെ എം ടി ആദർശ് സ്വർണമണിഞ്ഞു. കഴിഞ്ഞ വർഷവും ആദർശ് ആയിരുന്നു ഒന്നാമത്. നന്ദിയോട് ജിഎച്ച്‌എസിലെ അമൃതനാഥ് ആയിരുന്നു ഗൈഡ് റണ്ണർ. 14 വയസിന് മുകളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം കാട്ടിലങ്ങാടി ജിഎച്ച്‌എസ്‌എസിലെ ടി സി മുഹമ്മദ് ഷമ്മാസ് ഒന്നാമതെത്തി. കഴിഞ്ഞ വർഷം ഒന്നാമതായി വേഗവര കടന്നെങ്കിലും ഗൈഡ് റണ്ണറുമായി ബന്ധിപ്പിക്കുന്ന ടെതർ പൊട്ടിപ്പോയതിനാൽ അയോഗ്യനായിരുന്നു. ഇക്കുറി ഷമ്മാസ് അതിന് പരിഹാരംചെയ്‌തു. രായിരമംഗലം എസ്‌എംഎച്ച്‌എസ്‌എസിലെ പി മുഹമ്മദ് ഹിനാസ് ആയിരുന്നു ഗൈഡ് റണ്ണർ. കാഴ്‌ചപരിമിതിയുള്ള വിദ്യാർഥികൾക്കായിരുന്നു ഓട്ടമത്സരം.









0 comments