print edition ഉണ്ണിയാടനെക്കൊണ്ട് ‘തോറ്റ്’ കേരള കോൺഗ്രസ്

മുഹമ്മദ് ഹാഷിം
Published on Oct 27, 2026, 03:45 AM | 1 min read
കോട്ടയം: ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ വെല്ലുവിളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു. തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും അനുയായികൾ സംഘടിപ്പിക്കുന്ന ഉണ്ണിയാടനെ ആദരിക്കൽ നേതൃത്വത്തിനെതിരെയുള്ള മുന്നറിയിപ്പായിട്ടാണ് പാർടി കാണുന്നത്. മന്ത്രിയാക്കാനോ ചീഫ് വിപ്പാക്കാനോ ചെയർമാൻ പി ജെ ജോസഫ് ഇടപെട്ടില്ലെന്നാണ് ഉണ്ണിയാടന്റെ പരാതി. മോൻസ് ജോസഫിനെ വീണ്ടും മന്ത്രിയാക്കി. ആദ്യമായി എംഎൽഎ ആയ അപു ജോൺ ജോസഫിനെ ചീഫ് വിപ്പാക്കി.
ഒരുമാസം മുന്പേയാണ് ഇരിങ്ങാലക്കുടയിൽ സ്‌നേഹാദരം സംഘടിപ്പിച്ചത്. ഉണ്ണിയാടനെ മന്ത്രിയാക്കാത്തത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ സ്‌നേഹാദരം പരിപാടിയിൽ പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി തള്ളിക്കളഞ്ഞെങ്കിലും പരിപാടി തുടരാനാണ് ഉണ്ണിയാടന്റെ തീരുമാനം. താൻ 20 വർഷം എംഎൽഎ ആയതിന്റെ ആഘോഷമാണ് പിന്തുണയ്ക്കുന്നവർ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തിരുവനന്തപുരത്തുള്ളവരുടെ ‘സ്‌നേഹാദരം’ ചൊവ്വാഴ്‌ചയാണ്. മറ്റ് ജില്ലകളിലും തുടരും. 2011ൽ കേരള കോൺഗ്രസ് വിഭാഗങ്ങളുടെ ലയനത്തിന് നേതൃത്വംവഹിച്ച തനിക്ക് അതിന്റെ പരിഗണന പാർടിയിൽ ലഭിക്കാത്തതിൽ അനുയായികൾക്ക് പ്രതിഷേധമുണ്ടെന്നും അതാണ് സ്‌നേഹാദരത്തിൽ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പാർടിയിലേയും കോൺഗ്രസിലെയും എതിർപ്പ് മറികടന്നാണ് ഇരിങ്ങാലക്കുടയിൽ സ്ഥാനാർഥിയാക്കിയതെന്ന് നേതൃത്വം പറയുന്നു. തോൽക്കുമെന്ന് ഭയന്നെങ്കിലും ഒഴുക്കിൽ ഉണ്ണിയാടൻ ജയിച്ചു. എംഎൽഎ ആയി 20 വർഷം പൂർത്തിയാകും മുന്പേ ആഘോഷം നടത്തുന്നത് പരിഹാസ്യമാണ്. പി ജെ ജോസഫ് കഴിഞ്ഞാൽ ചെയർമാൻ സ്ഥാനത്തിന് യോഗ്യൻ താനെന്ന ഉണ്ണിയാടന്റെ വാദം തെറ്റാണ്. പാർടിയിലെ സ്ഥാനങ്ങളിൽ ഏഴാമൻ മാത്രമാണ് അദ്ദേഹം.
ചരൽക്കുന്നിലെ ക്യാന്പിൽ പങ്കെടുത്തില്ല. പാർടി യോഗങ്ങളിൽ പങ്കെടുക്കാറില്ല. എന്നാൽ നിയമസഭാസമിതിയിലെ അംഗത്വം ചോദിച്ചുവാങ്ങിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഉണ്ണിയാടനെതിരെയുള്ള നേതൃത്വത്തിന്റെ കുറ്റപത്രം.
പി ജെ ജോസഫിന് കാബിനറ്റ് പദവിക്കായി യുഡിഎഫിൽ ആവശ്യമുന്നയിച്ച് കാത്തിരുന്ന് സഹികെട്ട കേരള കോൺഗ്രസിന് ഉണ്ണിയാടന്റെ കൊട്ടാരവിപ്ലവം പൊല്ലാപ്പാണ്.









0 comments