Deshabhimani

print edition എംഎ ബിരുദധാരി; 
ഉപജീവനത്തിനായി തട്ടുകട തുടങ്ങി

Cheranallur.jpg

കാർ ഇടിച്ച് തകർന്ന സ്കൂട്ടർ (ഇടത്), മരിച്ച ജയബാലകൃഷ്ണൻ (വലത്)

avatar
സ്വന്തം ലേഖകൻ

Published on Oct 27, 2026, 03:50 AM | 2 min read

കൊച്ചി: ‘കൈയിൽ പണമില്ലെങ്കിലും ഭക്ഷണം കൊടുക്കും. ആരെയും വേദനിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല. എല്ലാവരെയും ചേർത്തുപിടിക്കുന്ന സ്വഭാവക്കാരനാണ്‌’–ജയബാലകൃഷ്ണനെക്കുറിച്ച്‌ എല്ലാവർക്കും പറയാനുള്ളത്‌ നല്ല വാക്കുകൾമാത്രം.

ചിറ്റൂർ ക്ഷേത്രത്തിനു സമീപത്തെ തട്ടുകടയിൽ എല്ലാദിവസവും പുലർച്ചെ ഒന്നുവരെ ജയബാലകൃഷ്ണനുണ്ടാകുമായിരുന്നു. ദോശയും കട്ടൻചായയും ഓംലെറ്റുംമാത്രമേ ഉള്ളൂവെങ്കിലും നിരവധിപ്പേരാണ്‌ ദിവസവും വന്നിരുന്നത്‌.


‘കുട്ടിക്കാലത്ത്‌ പഠനത്തിൽ മിടുക്കനായിരുന്നു. എസ്‌എസ്‌എൽസിക്കും പ്രീഡിഗ്രിക്കും ഉയർന്ന മാർക്കോടെ വിജയിച്ചു. എംഎ ബിരുദാനന്തരബിരുദവും നേടി. ഭോപ്പാലിൽ ജോലി കിട്ടിയെങ്കിലും കുടുംബത്തെ വിട്ട് പോയില്ല. പിന്നീട്‌ പല ജോലികൾചെയ്‌തു. ഉപജീവനത്തിനായി തട്ടുകട തുടങ്ങുകയായിരുന്നു – സഹോദരൻ ശെൽവരാജൻ പറഞ്ഞു. തട്ടുകട നടത്തിയാണ്‌ മക്കളെ പഠിപ്പിച്ചതും വീട്‌ വാങ്ങിയതുമെല്ലാം.


28 വർഷമായി കട തുടങ്ങിയിട്ട്‌. 12 വർഷംമുന്പ്‌ താമസം മാഞ്ഞാലിയിലേക്ക്‌ മാറ്റിയപ്പോഴും രാവിലെതന്നെ ചിറ്റൂരിലുള്ള തറവാട്ടുവീട്ടിലെത്തി കടയിലേക്ക്‌ ആവശ്യമായ കാര്യങ്ങൾ മുടക്കമില്ലാതെ ചെയ്തു. സാധനങ്ങൾ വാങ്ങുന്നതും മാവ്‌ അരയ്‌ക്കുന്നതും വെള്ളം കൊണ്ടുവരുന്നതുമെല്ലാം ഒറ്റയ്‌ക്കായിരുന്നു. കടയടച്ച്‌ പുലർച്ചെ രണ്ട്‌ കഴിഞ്ഞാണ്‌ ഭാര്യ ബിന്ദുവിനൊപ്പം പതിവായി സ്‌കൂട്ടറിൽ വീട്ടിലേക്ക്‌ പോയിരുന്നത്‌. സുഖമില്ലാതെ വീട്ടിൽ വിശ്രമത്തിലായിരുന്ന ബിന്ദു കഴിഞ്ഞ ഒരാഴ്ച കടയിൽ വന്നിരുന്നില്ല. അപ്പോഴും ജയബാലകൃഷ്ണൻ പതിവ്‌ മുടക്കിയില്ല. ഞായർ പുലർച്ചെയും കടയടച്ച്‌ തറവാട്ടിൽ താമസിക്കുന്ന മൂത്തമകൻ ഭരത്‌ശങ്കറിനോട്‌ യാത്രപറഞ്ഞിറങ്ങിയ ജയബാലകൃഷ്ണൻ, ഇനിയില്ലെന്നോർക്കുന്പോൾ കുടുംബത്തോടൊപ്പം തേങ്ങുകയാണ്‌ നാടും.


ജയബാലകൃഷ്ണന്റെ കുടുംബത്തിന് പിന്തുണയേകി നേതാക്കൾ


പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് ആശ്വാസവും പിന്തുണയുമായി നേതാക്കൾ. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ചിറ്റൂരിലുള്ള തറവാട്ടുവീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മക്കളായ ഭദ്രകീർത്തി, ഭരത് ശങ്കർ, ജയബാലകൃഷ്ണന്റെ സഹോദരൻ ശെൽവരാജൻ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരോട്‌ എസ് സതീഷ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബത്തിന് എല്ലാവിധ പിന്തുണയും സംരക്ഷണവും ഒരുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.


Cheranallur Jayabalakrishnan homeജയബാലകൃഷ്ണന്റെ വീട്ടിലെത്തി മക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന 
പ്രസിഡന്റ് ചിന്ത ജെറോം, സെക്രട്ടറി എം വിജിൻ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, 
സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ


സംഭവത്തിനുശേഷം കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ ദുർബലവകുപ്പുകൾ ചുമത്തി ജാമ്യം കൊടുക്കുകയാണ് പൊലീസ് ചെയ്തത്. ഇത് അനീതിയാണെന്നും എസ്‌ സതീഷ്‌ പറഞ്ഞു. ഏരിയ സെക്രട്ടറി സി മണി, ഏരിയ കമ്മിറ്റി അംഗങ്ങളായ വി വി പ്രവീൺ, അമൽ സോഹൻ, പി ആർ റെനീഷ്‌ എന്നിവർ ഒപ്പമുണ്ടായിരുന്നു. സിപിഐ എം ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണയുമായി എത്തിയത്‌ വലിയ ആശ്വാസവും പ്രതീക്ഷയും പകരുന്നുവെന്ന്‌ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു.


ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളും കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ്‌. കുറ്റക്കാരായ ഉന്നതരെ സംരക്ഷിക്കാൻ പൊലീസ്‌ ശ്രമിച്ചു. കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും നിയമസഹായം ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും സെക്രട്ടറി എം വിജിൻ എംഎൽഎയും പറഞ്ഞു. സംസ്ഥാന ട്രഷറർ ആർ രാഹുൽ, ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, സെക്രട്ടറി നിഖിൽ ബാബു, സംസ്ഥാന കമ്മിറ്റി അംഗം അമൽ സോഹൻ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവരും ഒപ്പമുണ്ടായി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home