print edition ആസൂത്രണ ബോർഡ് ചീഫ്: സാങ്കേതികപ്പിഴവിനെ ക്രമക്കേടാക്കി യുഡിഎഫ്–ബിജെപി തിരക്കഥ


സ്വന്തം ലേഖകൻ
Published on Oct 27, 2026, 03:15 AM | 1 min read
തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയുടെ മൂല്യനിർണയത്തിലുണ്ടായ സാങ്കേതികപ്പിഴവിന്റെ പേരിൽ എൽഡിഎഫ് സർക്കാരിനെയും പിഎസ്‍സിയെയും താറടിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ തുടക്കം മുതൽ. യുഡിഎഫും ബിജെപിയും ചില വലതുപക്ഷ മാധ്യമങ്ങളുംചേർന്ന് ആദ്യംമുതൽ കള്ളക്കഥകൾ മെനയുകയായിരുന്നു.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയുടെ ഒന്നാം പേപ്പറിന്റെ സാമ്പത്തികശാസ്ത്രം ഭാഗത്തെ 10 ചോദ്യങ്ങളുടെ ഡിജിറ്റൽ മൂല്യനിർണയത്തിലാണ് സാങ്കേതികപ്പിഴവ് സംഭവിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ റാങ്ക് പട്ടിക റദ്ദാക്കി. പിന്നാലെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തി പുതിയ പട്ടികയും പ്രഖ്യാപിച്ചു. പുതിയ പട്ടിക വന്നപ്പോൾ പരാതി നൽകിയ കെ ശ്യാംകൃഷ്‌ണന് ഒന്നാം റാങ്കും ആദ്യപട്ടികയിൽ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന അരുൺ ജെ പ്രതാപിന് അഞ്ചാം റാങ്കും ലഭിച്ചു. ശ്യാംകൃഷ്‌ണന് എഴുത്തുപരീക്ഷയിൽ 58.50 മാർക്കും അഭിമുഖത്തിൽ 19 മാർക്കും ലഭിച്ചു. അരുൺ ജെ പ്രതാപിന് എഴുത്തുപരീക്ഷയിൽ 46.25 മാർക്കും അഭിമുഖത്തിന് 18 മാർക്കുമാണ് ലഭിച്ചത്. അഭിമുഖത്തിന് കിട്ടിയ ഏറ്റവും ഉയർന്ന മാർക്ക് 23 ആണ്.
വഴിവിട്ട് നിയമനം നൽകിയെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ച അരുൺ ജെ പ്രതാപിന് ബാഹ്യ സ്വാധീനമുണ്ടായിരുന്നെങ്കിൽ അഭിമുഖത്തിന് കൂടുതൽ മാർക്ക് ലഭിക്കേണ്ടതല്ലേ എന്നാണ് ചോദ്യം. ഇയാൾ എൽഡിഎഫ് അനുകൂല സംഘടനയുടെ നേതാവാണെന്നതും മാധ്യമ സൃഷ്ടിമാത്രമാണ്. പുതിയ പട്ടികയിൽ ഒന്നാംറാങ്കിന് അർഹത നേടിയ ശ്യാം കൃഷ്‌ണൻ കെജിഒഎ ഭാരവാഹിയാണ്.









0 comments