Deshabhimani

print edition പരിപാലനമില്ലാതെ മുണ്ടക്കൈ ടൗൺഷിപ്; മാലിന്യസംസ്‌കരണം അവതാളത്തിൽ

Mundakkai Township Waste

മുണ്ടക്കെെ ടൗൺഷിപ്പിൽ റോഡിനുസമീപം കൂട്ടിയിട്ടിരിക്കുന്ന ഫുഡ് വേസ്റ്റ്

avatar
സ്വന്തം ലേഖകൻ

Published on Oct 27, 2026, 04:04 AM | 1 min read

കൽപ്പറ്റ: പരിപാലനവും മേൽനോട്ടവുമില്ലാത്തതിനാൽ മുണ്ടക്കൈ ടൗൺഷിപ്പിലെ മാലിന്യസംസ്‌കരണം അടക്കം അവതാളത്തിൽ. ജൈവമാലിന്യ സംസ്‌കരണത്തിന്‌ സംവിധാനം ഒരുക്കാൻ സർക്കാരും മന്ത്രിസഭാ ഉപസമിതിയും ഇടപെടുന്നില്ല. ഭക്ഷണാവശിഷ്‌ടം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തുറസായ സ്ഥലങ്ങളിൽ കൂട്ടിയിടുകയാണിപ്പോൾ. ഭക്ഷണാവശിഷ്‌ടങ്ങൾ അലക്ഷ്യമായി ഇടുന്നതിനാൽ തെരുവുനായ ശല്യവും രൂക്ഷമാണ്.


പുനരധിവാസത്തിന്റെ ലോക മാതൃകയായി എൽഡിഎഫ് സർക്കാർ സമ്മാനിച്ച ടൗൺഷിപ്പാണ് പരിപാലനമില്ലാതെ നശിക്കുന്നത്. ഒന്നാം ഘട്ടത്തിൽ വീട് ഏറ്റുവാങ്ങിയ നൂറ്റിഎഴുപതിലധികം കുടുംബങ്ങൾ മേയ് മുതൽ ടൗൺഷിപ്പിൽ താമസിക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യയിൽ ഒരുക്കിയ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലൂടെയാണ് (എസ്ടിപി) ടൗൺഷിപ്പിലെ മലിനജല സംസ്‌കരണം. ഓരോ വീടിനും പൊതുകെട്ടിടങ്ങൾക്കും പ്രത്യേക സെപ്റ്റിക് ടാങ്ക്, മലിനജലക്കുഴി എന്നിവയ്‌ക്ക്‌ പകരമായി ഭൂഗർഭ ശൃംഖലയിലൂടെ മാലിന്യം എസ്ടിപികളിലേക്ക് എത്തിക്കുന്ന സംവിധാനമാണിത്. ശാസ്ത്രീയമായി ബാക്ടീരിയയെ ഉപയോഗിച്ചാണ് മാലിന്യസംസ്കരണം.


മാലിന്യങ്ങൾ നഗരസഭയുടെ ഹരിതകർമസേനയെ ഉപയോഗപ്പെടുത്തി ശേഖരിച്ച് സംസ്കരിക്കാനായിരുന്നു തീരുമാനം. പുതിയ സർക്കാർ അധികാരത്തിലെത്തി അഞ്ചുമാസമായിട്ടും മാലിന്യസംസ്‌കരണത്തിനുള്ള ചുമതല നഗരസഭയെ ഏൽപ്പിച്ചിട്ടില്ല. ഗ്രീൻ സ്‌പേസും നടുമുറ്റവും ഉൾപ്പെടെയുള്ള തുറസായ സ്ഥലങ്ങളിൽ ഭക്ഷണാവശിഷ്‌ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയാണ്‌. ശനി രാത്രി പെയ്‌ത മഴയിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും മലിനജലം പരന്നൊഴുകിയിരുന്നു. മലിനജലം ശുദ്ധീകരിക്കുന്ന സംവിധാനങ്ങൾക്ക് കൃത്യമായ പരിപാലനം ഉറപ്പാക്കാതിരുന്നതിനാലാണ് സമീപത്തെ വീടുകളിലേക്കും കിണറുകളിലേക്കുമെല്ലാം മാലിന്യം പരന്നത്.


​ഗ്രീൻ സ്‌പേസുകളിൽ കാടുകയറുന്നു


ടൗൺഷിപ്പിലെ വീടുകൾക്ക് മുന്നിൽ ഒരുക്കിയ ഗ്രീൻ സ്‌പേസുകൾ പരിപാലനമില്ലാതെ കാടുകയറി നശിക്കുന്നു. ടൗൺഷിപ്പിനെ മനോഹരമാക്കി ഓരോ ക്ലസ്റ്ററിലും പുൽത്തകിടിയും പൂന്തോപ്പും ഇരിപ്പിടവുമടങ്ങിയ ഗ്രീൻ സ്‌പേസാണ്‌ സജ്ജമാക്കിയിരുന്നത്‌. മാലിന്യം നിറഞ്ഞ് നശിച്ചിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. രണ്ടാം ഘട്ട വീടുകളുടെ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. റോഡിന്റെ ടാറിങ് പ്രവൃത്തി ഒന്നാംഘട്ട വീട് കൈമാറലിന് ശേഷം പുനരാരംഭിച്ചിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home