print edition സിംഗിള്‍ ബെഞ്ചിന്റെ അമിതാധികാരം; പരാതിക്കാരന് രാഷ്‌ട്രീയ അജൻഡ

സ്വന്തം ലേഖിക
Published on Oct 27, 2026, 03:09 AM | 1 min read
കൊച്ചി : സിഎംആർഎൽ എക്‌സാലോജിക് ഇടപാടിൽ ബന്ധപ്പെട്ട കക്ഷികൾക്ക് വാദത്തിന് അവസരം നല്‍കാത്ത സിംഗിൾ ബെഞ്ച്, പൊലീസിനുമുകളിൽ അമിതാധികാരം പ്രയോഗിച്ചെന്ന് ഹെെക്കോടതിയിൽ വാദം. പൊലീസിന്റെ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി വേണമെന്നിരിക്കെ അമിതാധികാരം കാണിച്ച സിംഗിള്‍ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനായി മാറിയെന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചു.
കേസിൽ ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ്. പൊതുപ്രവർത്തകര്‍ക്കെതിരായ വ്യാജപരാതി തടയാനാണ് വാദംകേള്‍ക്കാനുള്ള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. ഇൗ കേസിൽ അത് പാലിക്കപ്പെട്ടില്ല. പൊതുതാൽപ്പര്യ ഹർജിയായി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കേണ്ട ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചതും നിയമപരമല്ല. കേസുമായി ബന്ധമില്ലാത്ത കെ എം ഷാജഹാൻ രാഷ്ട്രീയ അജൻഡയുമായാണ് ഹെെക്കോടതിയെ സമീപിച്ചത്. ഇഡി റിപ്പോർട്ടിൽ സർക്കാർ പ്രാഥമികാന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. മജിസ്ട്രേട്ട് കോടതിയെ സമീപിക്കാതെ നേരിട്ട് ഹെെക്കോടതിയെ സമീപിച്ചതും ദുരൂഹം.
ഇഡി അനാവശ്യ ഇടപെടലാണ് നടത്തുന്നത്. പിണറായി വിജയൻ പണം ആവശ്യപ്പെട്ടെന്നതിനോ സ്വീകരിച്ചെന്നതിനോ തെളിവില്ല. മകളുടെ കമ്പനിക്ക് ലഭിച്ച കൺസൾട്ടൻസി ഫീസിനെ കൈക്കൂലിയായി കാണാനാകില്ല. പണം പിണറായി വിജയൻ, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ കൈകളിൽ എത്തിയതിനും തെളിവില്ല. അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ല. കമ്പനി നിയമപ്രകാരം ഒരു വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷിച്ചാൽ മറ്റ് ഏജൻസികൾക്ക് ഇടപെടാനാകില്ല. ഹര്‍ജിയില്‍ എസ്എഫ്‌ഐഒയെ കക്ഷിയാക്കിയില്ലെന്നും കോടതിയെ ബോധിപ്പിച്ചു.
ഇഡിയുടെ കത്തിൽ ആവശ്യമായ വിവരങ്ങൾ ഇല്ലാത്തതിനാലാണ് സർക്കാർ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതെന്ന് അഡ്വക്കറ്റ് ജനറൽ പറഞ്ഞു. ഉത്തരവിനോട് സർക്കാരിന് വിയോജിപ്പാണോ എന്ന് ആരാഞ്ഞപ്പോൾ വിയോജിപ്പുണ്ടെന്നും അന്വേഷണം തടയരുതെന്നുമായിരുന്നു മറുപടി.
ഷാജഹാന് വിമർശം
ഹർജി നൽകിയ ഷാജഹാനെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. സുപ്രീംകോടതിയുടെ പിന്തുണ കിട്ടിയെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, ആരുപറഞ്ഞുവെന്ന് കോടതി ചോദിച്ചു. മാധ്യമം വാർത്ത നൽകിയെന്നായിരുന്നു വിശദീകരണം. മാധ്യമമല്ല സുപ്രീംകോടതിയെന്ന് ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൺ ജോൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. ചില മാധ്യമങ്ങളും ചില ആളുകളും നിങ്ങളെ പിന്തുണച്ചേക്കും. അതൊന്നും കോടതിയെ ബാധിക്കില്ലെന്നും മാധ്യമവിചാരണയിൽ ആകുലതയില്ലെന്നും കോടതി വ്യക്തമാക്കി.









0 comments