'ഓടിയെത്തി, ചേർത്തു നിർത്തി, തണലൊരുക്കി'; ഡിവൈഎഫ്ഐയുടെ നിശ്ചയദാർഢ്യത്തിൽ ഒരുങ്ങിയത് 100 വീട്


ഭരത് കൈപ്പുറത്ത്
Published on Feb 23, 2026, 12:08 PM | 2 min read
കൽപ്പറ്റ: വയനാട് ചൂരൽമല– മുണ്ടക്കൈ ഗ്രാമം പ്രത്യാശയുടെ വീടുകളിലേക്ക് ചേക്കേറുമ്പോൾ നാടിനുവേണ്ടി ഡിവൈഎഫ്ഐ ഏറ്റെടുത്ത ബൃഹത്തായ ഉദ്യമവും ചരിത്രത്തിൽ രേഖപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ ഒരുമിച്ച രക്ഷാപ്രവർത്തനത്തിന്റെ ആദ്യ നിമിഷങ്ങള്‍ മുതൽ പങ്കാളിയായ ഡിവൈഎഫ്ഐ, ടൗൺഷിപ്പിൽ ഉയരുന്ന വീടുകളിൽ 100 എണ്ണം നിർമിക്കാനാവശ്യമായ പണം ഉൾപ്പെടെ സർക്കാരിനെ ഏൽപ്പിച്ചാണ് തങ്ങളുടെ കടമ പൂർത്തീകരിച്ചത്.
വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തമുഖത്ത് ഡിവൈഎഫ്ഐ- യൂത്ത് ബ്രിഗേഡ്
പുനരധിവാസത്തിന്റെ ഭാഗമായി ആദ്യം വീട് പ്രഖ്യാപിച്ചത് ഡിവൈഎഫ്ഐ ആണ്. 2024 ജൂലൈ 31ന് 25 വീട് എങ്കിലും നിർമിച്ച് നൽകുമെന്ന് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. പ്രവർത്തകരുടെ ആത്മാർഥമായ സമീപനവും കഠിനാധ്വാനവും കണ്ട് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനത ഡിവൈഎഫ്ഐയിൽ വിശ്വാസമർപ്പിച്ചതോടെ,100 വീട് നിർമിക്കാനാവശ്യമായ പണമാണ് സർക്കാരിനെ ഏൽപ്പിച്ചത്. 20 ലക്ഷം രൂപ ഒരു വീടിന്റെ തുകയായി കണക്കാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്. അങ്ങനെ 100 വീടിന് ആവശ്യമായ 20 കോടി രൂപ 2025 മാർച്ച് 24ന് സംസ്ഥാന സർക്കാരിന് കൈമാറി ഡിവൈഎഫ്ഐ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചു.
വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തമുഖത്ത് ഡിവൈഎഫ്ഐ- യൂത്ത് ബ്രിഗേഡ്
ദുരന്ത മുഖത്തേത്ത് ആദ്യം ഓടിയെത്തി
അഭൂതപൂർവമായ തോതിൽ ആഘാതമേൽപ്പിച്ച പ്രകൃതി ദുരന്തത്തിന് മുണ്ടക്കൈയും- ചൂരൽ മലയും സാക്ഷ്യം വഹിച്ചപ്പോൾ ദുരന്ത മുഖത്തേയ്‌ക്ക് ആദ്യം ഓടിയെത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകരാണ്. നിസ്സഹായരായി വിറങ്ങലിച്ചുനിന്ന മനുഷ്യരെ സംസ്ഥാന സർക്കാരും ഇതര ഏജൻസികളും ചേർത്തുപിടിച്ചപ്പോൾ രക്ഷാപ്രവർത്തന ഘട്ടത്തിന്റെ ആദ്യ മിനുട്ട് മുതൽ ഡിവൈഎഫ്ഐ- യൂത്ത് ബ്രിഗേഡ് സജീവമായിരുന്നു.
ഡിവൈഎഫ്ഐ- യൂത്ത് ബ്രിഗേഡ് മൃതദേഹവുമായി പുഴ കടക്കുന്നു
മാസങ്ങളോളം ദുരന്തഭൂമിയിലും മൃതദേഹങ്ങൾ ഒഴുകിയ ചാലിയാറിലും രക്ഷാസേനകൾക്കൊപ്പം യൂത്ത് ബ്രിഗേഡ് രംഗത്തുണ്ടായിരുന്നു. മോർച്ചറിയിലും ആശുപത്രിയിലും നിരത്തിലും ശ്മശാനത്തിലും അവർ കർമനിരതരായി.
ചാലിയാറില്‍ ഡിവൈഎഫ്ഐ- യൂത്ത് ബ്രിഗേഡ് തിരച്ചില്‍ നടത്തുന്നു
മുണ്ടക്കൈയിൽ കലുങ്കിനുള്ളിൽ ജീവന്റെ തുടിപ്പ് റഡാറിൽ തെളിഞ്ഞപ്പോൾ അടിയിലിറങ്ങി പരിശോധിച്ചത് യൂത്ത്‌ബ്രിഗേഡ് അംഗങ്ങളായിരുന്നു. മേലധികാരികളുടെ അനുമതിക്കായി സൈനികർ കാത്തുനിൽക്കുമ്പോഴാണ് ജീവൻ പണയപ്പെടുത്തി നാലുപേർ പരിശോധനക്കിറങ്ങിയത്. വനറാണി എസ്‌റ്റേറ്റിൽ കുടുങ്ങിക്കിടന്ന 17 പേരെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിലും എൻഡിആർഎഫിനൊപ്പം കഠിനപ്രയത്നം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ നിശ്ചയിക്കപ്പെട്ട ആറിടങ്ങളിൽ 250 പ്രവർത്തകർ എല്ലാ ദിവസവും അണിനിരന്നു.
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അത്യാവശ്യമായ സാധനങ്ങൾ ശേഖരിച്ച സഹായദൗത്യത്തിൽ ചലച്ചിത്രതാരം നിഖില വിമൽ പങ്കാളിയായപ്പോൾ
കൂടൊരുക്കാൻ ചേർത്തു നിർത്തി
എല്ലാം നഷ്ടപ്പെട്ടവർക്ക് കൂടൊരുക്കാൻ ഡിവൈഎഫ്ഐക്കൊപ്പം നാടൊരുമിച്ചു. ആക്രി ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികൾ ചെയ്തും പുസ്തകങ്ങൾ വിറ്റും വാഹനങ്ങൾ കഴുകിയും മത്സ്യം പിടിച്ച് വില്പന നടത്തിയുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വീട് നിർമിക്കാനുള്ള പണം കണ്ടെത്തിയത്.

പുരസ്കാര, ഫെലോഷിപ്പ്, ശമ്പള തുകകൾ സംഭാവന ചെയ്തും വിവാഹ ചടങ്ങുകൾക്ക് മാറ്റിവച്ച തുക തന്നും ആഭരണങ്ങൾ ഊരി തന്നും ഭൂമി സംഭാവന ചെയ്തും ആട്, പശു ഉൾപ്പെടുന്ന വളർത്ത് മൃഗങ്ങളെ കൊടുത്തും സുമനസുകൾ ഈ ഉദ്യമത്തിനൊപ്പം കൈകോർത്തു.
വീട് നിര്‍മാണത്തിന് പണം സമാഹരിക്കാനായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജോലികളില്‍ ഏര്‍പ്പെട്ടപ്പോള്‍
തണലൊരുക്കാൻ 100 വീട്
മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ 25 വീട് എന്നതിൽ നിന്ന് 100 വീടായി മാറ്റാൻ ഡിവൈഎഫ്ഐക്കായി. യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനങ്ങളുടെ വീടുകൾ പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി നിന്നപ്പോഴാണ്, ഡിവൈഎഫ്ഐ ക്രിയാത്മ ഇടപെടലിലൂടെ ദുരിതബാധിതകർക്ക് വീടൊരുക്കിയത്.
100 വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും മുഖ്യമന്ത്രി പിണറായി വിജയന് ഡിവൈഎഫ്ഐ കൈമാറുന്നു
2025 മാർച്ച് 24ന് 100 വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഡിവൈഎഫ്ഐ കൈമാറി.










0 comments