Deshabhimani

ചരിത്രത്തിന്റെ അരികുകളിലെ ശബ്‌ദങ്ങൾ

r rajasree
avatar
ഡോ. അനുപാപ്പച്ചൻ

Published on Oct 05, 2026, 03:01 AM | 2 min read

അമ്പതാമത് വയലാർ രാമവർമ സാഹിത്യ പുരസ്‌കാരം ആർ രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന് ലഭിക്കുമ്പോൾ അംഗീകരിക്കപ്പെടുന്നത് ഒരു കൃതി മാത്രമല്ല, മലയാളസാഹിത്യത്തിൽ പക്വതയോടെ രൂപപ്പെടുന്ന വായനയുടെ ബദൽ രാഷ്‌ട്രീയംകൂടിയാണ്. വ്യവസ്ഥാപിത ധാരണകളെ ചോദ്യംചെയ്‌ത്‌ മലയാളത്തിന്റെ വായനാ ഭൂപടം കൂടുതൽ സൂക്ഷ്‌മവും പ്രതിരോധാത്മകവുമാകുന്നതിന്റെ അടയാളമാണിത്.


ഇതിഹാസങ്ങൾ പുനർവായിക്കപ്പെടുന്നത് കഥകൾ ആവർത്തിക്കാനല്ല, ഇതുവരെ വെളിച്ചം വീഴാത്ത ഇടങ്ങളിലേക്ക് തിരിഞ്ഞുനോക്കാനാണ്. മഹാഭാരതം വീണ്ടും പറയുന്നതിലല്ല ആത്രേയകത്തിന്റെ പ്രസക്തി. ആരുടെ ശബ്‌ദങ്ങളാണ് കേൾക്കാതെ പോയതെന്ന ചോദ്യം ഉന്നയിക്കുന്നതിലാണ്. അധികാരം എഴുതിയ ചരിത്രത്തിന്റെ അരികിൽനിന്ന് അപരവൽക്കരിക്കപ്പെട്ടവരുടെ ശബ്‌ദങ്ങളെ ആഖ്യാനത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുമ്പോൾ പഴയ ഇതിഹാസം പുതിയ കാലത്തിന്റെ കണ്ണാടിയായി മാറുന്നു.


വിവാഹം, കുടുംബം, ശരീരം, ലൈംഗികത, ലിംഗസ്വത്വം എന്നിവയ്‌ക്കുമേൽ സാമൂഹിക നിയന്ത്രണങ്ങൾ ശക്തമായി നിലനിൽക്കുന്ന ഇന്ത്യയിൽ നിരമിത്രന്റെ കഥയ്‌ക്ക്‌ സവിശേഷ രാഷ്‌ട്രീയ പ്രസക്തിയുണ്ട്. സ്ഥാപിത ധാരണകളിലേക്ക് അസ്വസ്ഥതകൾ കടത്തിവിടുകയും പുതിയ ചോദ്യങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നതിലൂടെയാണ് നോവൽ ബദൽവായനയുടെ ഇടം തുറക്കുന്നത്.


​വിജയികളുടെ ചരിത്രത്തിനിടയിൽ തോറ്റവരുടെ ശബ്ദം കേൾപ്പിച്ചും രാജപാതയുടെ അരികിലൂടെ നടന്നുപോയ മനുഷ്യരെ കണ്ടെത്തിയും ധർമ പ്രഖ്യാപനങ്ങൾക്ക്‌ ഇടയിൽ അതിന്റെ പേരിൽ മുറിവേറ്റ ശരീരങ്ങളെ അടയാളപ്പെടുത്തിയും ആത്രേയകം ചരിത്രത്തെ പുനർവായിക്കുന്നു. മഹാഭാരതം പഴയ ഇതിഹാസമാണെങ്കിലും അതിലെ അധികാരരാഷ്‌ട്രീയം കാലഹരണപ്പെട്ടിട്ടില്ല. ശരീരത്തിലുള്ള നിയന്ത്രണം, സ്‌ത്രീജീവിതത്തെ രാഷ്‌ട്രീയ തീരുമാനങ്ങളുടെ ഭാഗമാക്കൽ, വ്യത്യസ്‌ത സ്വത്വങ്ങളോടുള്ള സംശയം, അധികാരത്തിന്റെ പേരിലുള്ള പുറന്തള്ളൽ എന്നിവ ഇന്നും തുടരുന്നു. അതുകൊണ്ടുതന്നെ ഭൂതകാലത്തെ ആവിഷ്‌കരിക്കുന്ന ‘ആത്രേയകം’ വർത്തമാനകാലത്തോടും തീവ്രമായി സംവദിക്കുന്നു. സമൂഹം പുറന്തള്ളുന്ന മനുഷ്യർക്കായി സാഹിത്യം ബദൽ ഇടം സൃഷ്‌ടിക്കുന്നു എന്ന വിപ്ലവകരമായ മാറ്റം ആത്രേയകത്തിലൂടെ തുടരുന്നു.


​രാജശ്രീയുടെ എഴുത്തിൽ സ്‌ത്രീപക്ഷ രാഷ്‌ട്രീയം മുന്പും ശക്തമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത’ എന്ന നോവലിലൂടെ സ്‌ത്രീയുടെ സാമ്പത്തികവും ശാരീരികവുമായ സ്വയംനിർണയത്തെയും കുടുംബസ്ഥാപനത്തിന്റെ അധികാര ഘടനകളെയും രാജശ്രീ വിമർശവിധേയമാക്കി. ‘ആത്രേയക’ത്തിലെത്തുമ്പോൾ ആ രാഷ്‌ട്രീയം കൂടുതൽ വിശാലമായ തലത്തിലേക്ക് വികസിക്കുന്നു.


​സ്‌ത്രീയും പുരുഷനും എന്ന ദ്വന്ദ്വത്തിൽ മനുഷ്യരെ തളച്ചിടുന്ന വ്യവസ്ഥയെയാണ് നിരമിത്രന്റെ ശരീരവും സ്വത്വവും മുൻനിർത്തി നോവൽ ചോദ്യംചെയ്യുന്നത്. സ്വത്വത്തിലെ അനിശ്ചിതത്വം കഥാപാത്രത്തിന്റെ ഭാഷയിലും പ്രതിഫലിക്കണമെന്ന ബോധ്യത്തോടെ ഭാഷയെ പരീക്ഷണാത്മകമായി മാറ്റിമറിക്കാനുള്ള ശ്രമവും ഈ ആഖ്യാനത്തിന്റെ സവിശേഷതയാണ്. ആത്രേയകം ലിംഗരാഷ്‌ട്രീയത്തെക്കുറിച്ചുള്ള നോവൽ മാത്രമല്ല. മനുഷ്യനെ നിർവചിക്കാനുള്ള അധികാരം ആർക്കാണെന്ന ചോദ്യത്തിലേക്കും അത് നയിക്കുന്നു. ചരിത്രത്തിലെ അരികുകൾ അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നു. 21–ാം നൂറ്റാണ്ടിലെ കേരളത്തിന്റെ അനുഭവലോകത്തുനിന്ന് മഹാഭാരതത്തെ വായിക്കുന്ന കൃതിയായി ആത്രേയകം മാറുന്നു.


സ്‌ത്രീ എഴുത്തിന്റെ ദൃശ്യതയെക്കുറിച്ചുള്ള പ്രധാനപ്പെട്ടൊരു സന്ദർഭം കൂടിയാണ് ഇ‍ൗ പുരസ്-കാരം. അതിനെ കേവലം സ്‌ത്രീ എഴുത്തുകാരിക്കുള്ള അംഗീകാരമായി ചുരുക്കാനാവില്ല. സ്‌ത്രീയുടെ അനുഭവവും കാഴ്‌ചപ്പാടും അറിവും അധികാരത്തെ വിമർശിക്കാനുള്ള ബൗദ്ധികശേഷിയും സാഹിത്യത്തിന്റെ കേന്ദ്രത്തിലേക്ക് കടന്നുവരുന്നതിന്റെ അടയാളമായാണ് ഈ അംഗീകാരത്തെ വായിക്കേണ്ടത്. സ്‌ത്രീയുടെ അനുഭവലോകത്തെ സ്വതന്ത്രമായ അറിവിന്റെ മണ്ഡലമായും സാമൂഹിക വിമർശനത്തിന്റെ അടിസ്ഥാനമായും അംഗീകരിക്കുന്നതിലാണ് സ്‌ത്രീ എഴുത്തിന്റെ ചരിത്രപരമായ മാറ്റം. രാജശ്രീക്ക്‌ ലഭിച്ച പുരസ്-കാരത്തിൽ അഭിമാനിക്കുന്നു,ആനന്ദിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home