print edition 10 വർഷം 24x7 എൽഡിഎഫ്; അത് തുടരും

ആർ രാജേഷ്
Published on Mar 12, 2026, 03:29 AM | 1 min read
പത്തനംതിട്ട: മലയോര ജില്ലയുടെ വികസനപന്ഥാവിൽ കൈയൊപ്പ് ചാർത്തിയാണ് എൽഡിഎഫ് ഭരണം തുടരുന്നത്. സമാനതകളില്ലാത്ത വികസനം നാടിന്റെ മുഖച്ഛായ മാറ്റിയതിനൊപ്പം പുതിയ പത്തനംതിട്ടയിലേക്കുള്ള ചുവടുവയ്പും തുടങ്ങി. തെരഞ്ഞെടുപ്പിൽ വികസനം പ്രധാനചർച്ചയാകുന്പോൾ നട്ടംതിരിയുകയാണ് കോൺഗ്രസും ബിജെപിയും.
കിഫ്‌ബിയിലൂടെ അത്രയേറെ ആധുനിക റോഡുകൾ സ്വന്തമായ ജില്ലയാണ് പത്തനംതിട്ട. വികസനത്തിലേക്കുള്ള ഗ്രീൻ സിഗ്നലായി പുനലൂർ–മൂവാറ്റുപുഴ മലയോര ഹൈവേ. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമായതും ഇൗ ഭരണത്തിൽ.
കോഴഞ്ചേരി പുതിയപാലം, നിലയ്ക്കൽ കുടിവെള്ളപദ്ധതി, കുന്നന്താനം മാലിന്യസംസ്‌കരണ പ്ലാന്റ്, കൊടുമണിലെയും പത്തനംതിട്ടയിലെയും ആധുനിക സ്റ്റേഡിയങ്ങൾ, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത്‌ലാബ്, ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, ഒപി ബ്ലോക്ക് ബഹുനില സ്കൂൾ മന്ദിരങ്ങൾ, ഗവി ഇക്കോ ടൂറിസം സെന്റർ വികസനം, പെരുന്തേനരുവി ജലവൈദ്യുതപദ്ധതി, അടൂർ ഇരട്ടപ്പാലം, അഗ്നിസുരക്ഷാ കാര്യാലയം.. വികസനമുദ്രകൾ നീളുകയാണ്.
ജില്ലയിലെ ആറന്മുള, കോന്നി, റാന്നി, അടൂർ, തിരുവല്ല എന്നീ അഞ്ചു മണ്ഡലങ്ങളിലും എൽഡിഎഫ് ജനപ്രതിനിധികൾ വികസനവേഗം കൂട്ടി. ശബരിമലയിൽ കാൽനൂറ്റാണ്ട് മുന്നിൽക്കണ്ടുള്ള വികസനത്തിനാണ് തുടക്കംകുറിച്ചത്. 18 വർഷംനീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമല റോപ്‌വേ നിർമാണം പ്രാരംഭഘട്ടത്തിലാണ്.
സ്ഥാനാർഥിനിർണയ ചർച്ച തുടങ്ങി സംഘടനാ സംവിധാനങ്ങൾ സജീവമാക്കാനുള്ള ശ്രമം കോൺഗ്രസിന് പുലിവാലായി. പുറത്തുനിന്ന് ആരെയും കെട്ടിയിറക്കേണ്ടയെന്ന നിലപാടെടുത്ത് ജില്ലയിലെ സ്ഥാനാർഥിമോഹികളാകെ ഒറ്റക്കെട്ടായതും പോര് തെരുവിലെത്തിയതും നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽനിന്ന് തിരുവല്ല ഏറ്റെടുക്കണമെന്ന മുറവിളിയുണ്ട്. റാന്നി വച്ചുമാറി ഇൗ തർക്കം തീർക്കാൻ അണിയറനീക്കം. ശബരിമല സ്വർണമോഷണക്കേസ് കോന്നിയിൽ മത്സരിക്കാൻ കച്ചകെട്ടിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനു തിരിച്ചടിയായിട്ടുണ്ട്. യുഡിഎഫ് പ്രചാരണത്തിന് ചുക്കാൻപിടിക്കുന്ന ആന്റോ ആന്റണി എംപിയും ആരോപണവിധേയനാണ്.
എ ക്ലാസ് മണ്ഡലമായി സ്വയം പ്രഖ്യാപിച്ച് സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കുന്ന രീതി മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കാൻ ബിജെപി നിർബന്ധിതരായിരിക്കുകയാണ്. ആറന്മുള പ്രവാസിവ്യവസായിക്കും കോന്നി എൻഡിഎ ഘടകകക്ഷിക്കും കൊടുക്കാനാണ് ആലോചന.
ജില്ലയിൽ 9,74,802 വോട്ടർമാരാണുള്ളത്. സ്ത്രീകൾ– 5,08,251, പുരുഷൻമാർ –4,66,546, ട്രാൻസ്ജെൻഡർ– അഞ്ച്. 2021ലെ തെരഞ്ഞെടുപ്പിനേക്കാൾ 82,783 വോട്ട് കുറവാണ്.










0 comments