Deshabhimani

ഉമ്മൻചാണ്ടിയെ ഒറ്റിയത് കോണ്‍ഗ്രസുകാര്‍തന്നെ; പിണറായിക്കെതിരായ പ്രചാരണം അസംബന്ധം

pinarayi vijayan oommen chandy

ഉമ്മൻചാണ്ടി, പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Oct 21, 2026, 05:04 PM | 3 min read

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇടതുപക്ഷം വ്യക്തിഹത്യ നടത്തിയെന്നും വേട്ടയാടിയെന്നുമുള്ള കോണ്‍ഗ്രസ് പ്രചാരണം വസ്തുതകള്‍ മറച്ചുവെച്ച്. കുടുംബാംഗങ്ങളുടെ പേരിലുയര്‍ന്ന ആരോപണങ്ങളുടെ പേരിലും പിന്നീട് വിവാദമായ സോളാര്‍ കേസിലും ഉമ്മൻചാണ്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വേട്ടയാടിയെന്ന് സ്ഥാപിക്കാനാണ് സൈബർ പോരാളികളും കോൺ​ഗ്രസിലെ ചില വിഭാ​ഗങ്ങളും ശ്രമിക്കുന്നത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ അപവാദ പ്രചാരണം നടത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെയായിരുന്നു. കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയും പിന്നീട് കടുത്ത ഗ്രൂപ്പ് പോരില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമാണ് സോളാര്‍ കേസിന്‍റെ ചരിത്രം. ഇതിലൊന്നും സിപിഐ എമ്മിനോ പിണറായി വിജയനോ ഒരുബന്ധവുമുണ്ടായിരുന്നില്ല.


തന്‍റെ കുടുംബത്തെവെച്ചുള്ള ആക്ഷേപങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ അന്ന് പ്രതിപക്ഷത്തായിരുന്ന പിണറായി ഒരുഘട്ടത്തിലും പിന്തുണ നല്‍കിയിരുന്നില്ലെന്ന് ഉമ്മൻചാണ്ടി തന്നെ ആത്മകഥയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.


ചതിച്ചതാരെന്ന് ‘കാലം സാക്ഷി’


ഉമ്മൻചാണ്ടിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഉയർന്ന അപവാദപ്രചാരണങ്ങൾക്കെതിരെ പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെക്കുറിച്ച് ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. രാഷ്ട്രീയ എതിരാളിയായിരുന്നിട്ടും കുടുംബത്തെ ലക്ഷ്യമിട്ടുള്ള വ്യക്തിഹത്യാ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്ന നിലപാടാണ് പിണറായി സ്വീകരിച്ചതെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി വിശദീകരിക്കുന്നു.


2006 മുതൽ 2011 വരെ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് സംഭവം. ഉമ്മൻചാണ്ടിയുടെ മകളുടെ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാഷ്ട്രീയ വിവാദമാക്കാനും കുടുംബത്തിനെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കാനും ശ്രമം നടന്നതായി ആത്മകഥയിൽ പറയുന്നു. മകളെ ലക്ഷ്യമിട്ട് ലഘുലേഖകൾ വിതരണം ചെയ്യുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തരം ശ്രമങ്ങൾക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല. തുടർന്ന് ആരോപണങ്ങൾ ഉന്നയിച്ചവർ അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ സമീപിക്കാൻ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നാണ് ഉമ്മൻചാണ്ടി ആത്മകഥയിൽ പറഞ്ഞത്.


Oommen Chandy about Pinarayi Vijayan in his autobiography Kaalam Sakshi ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽനിന്ന് (പേജ് 398)


തന്റെ കുടുംബത്തെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ട പിണറായി വിജയൻ, പി ജയരാജൻ മുഖേന നിലപാട് അറിയിച്ചതായും ആത്മകഥയിൽ വ്യക്തമാക്കുന്നു. നിയമസഭയിൽവെച്ച് പി ജയരാജൻ ഉമ്മൻചാണ്ടിയെ നേരിൽക്കണ്ട് ഇത്തരം അപവാദപ്രചാരണങ്ങൾക്ക് സിപിഐ എം കൂട്ടുനിൽക്കില്ലെന്ന പിണറായി വിജയന്റെ സന്ദേശം കൈമാറിയിരുന്നു. ഈ സംഭവവും ഉമ്മൻചാണ്ടി ആത്മകഥയിൽ അനുസ്മരിക്കുന്നുണ്ട്.


രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും എതിരാളിയുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത ഇടതുപക്ഷ സമീപനമാണ് ഉമ്മൻചാണ്ടി തന്നെ ആത്മകഥയിലൂടെ തുറന്നുകാട്ടിയത്. എന്നിരിക്കെയാണ് അതേ നേതാവിന്റെ പേരിൽ ഒരു വിഭാ​ഗം ഇടതുപക്ഷത്തെയും പിണറായി വിജയനെയും ലക്ഷ്യം വച്ചിറങ്ങിയത്.



ഉമ്മൻചാണ്ടിവേട്ടയുടെ സോളാർ


പത്തനംതിട്ടയിലെ കോൺ​ഗ്രസ് നേതാവും വ്യവസായിയുമായ മല്ലേലിൽ ശ്രീധരൻ നായരാണ് സോളാർ തട്ടിപ്പ് ആദ്യമായി പരാതിപ്പെടുന്നത്. കേസിൽ പ്രതിയായ സ്ത്രീയ്ക്ക് താൻ പണം നൽകിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ നേരിൽ കണ്ടശേഷമാണെന്ന് ശ്രീധരൻ നായർ രഹസ്യമൊഴി നൽകിയിരുന്നു. പിന്നീട് കേസിലെ പ്രതിയായ സ്ത്രീ ഉമ്മൻചാണ്ടിക്കും മറ്റ് കോൺ​ഗ്രസ് നേതാക്കൾക്കുമെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്. ലൈം​ഗികപീഡന പരാതി ഉൾപ്പെടെ പിന്നീട് ഉയർന്നുവന്നു. കടുത്ത അധികാരത്തർക്കത്തിൽ മുഖ്യമന്ത്രിക്കസേര തട്ടിയെടുക്കാനുള്ള അവസരമായി കോൺ​ഗ്രസ് നേതാക്കൾ കേസിനെ ഉപയോ​ഗിച്ചു. ചാരക്കേസിൽ കെ കരുണാകരനെതിരെ നീക്കം നടത്തിയതിനുള്ള ശിക്ഷ എന്നായിരുന്നു ഉമ്മൻചാണ്ടിക്കെതിരെ നിന്നതിന് കോൺ​ഗ്രസ് നേതാക്കളുടെ ന്യായീകരണം.


ഉമ്മൻചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും പിഎയും ആയിരുന്ന ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത് കേസിൽ വഴിത്തിരിവായി. ഉമ്മൻചാണ്ടി വിദേശത്തായിരുന്നപ്പോൾ അദ്ദേഹത്തെ അറിയിക്കുകപോലും ചെയ്യാതെയായിരുന്നു പിഎയുടെ അറസ്റ്റ്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉമ്മൻചാണ്ടിക്കെതിരെ ഈ കരുനീക്കം നടത്തിയത്. ജോപ്പന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് ഉമ്മൻചാണ്ടി തകർന്നുപോയെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സോളാർ കേസിലെ പ്രധാനപ്രതിയായ വനിതയെ അറസ്റ്റു ചെയ്തതും അവരുടെ വീട് റെയ്ഡ് ചെയ്തതും പലതും പിടിച്ചെടുത്തതും തിരുവഞ്ചൂരിന്റെ പൊലീസാണ്. പിടിച്ചെടുത്തവയിൽ പെൻഡ്രൈവ് ഉണ്ടെന്ന് പ്രചരിപ്പിച്ച് ഉമ്മൻചാണ്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാനും കോൺ​ഗ്രസ് നേതാക്കൾ മത്സരിച്ച് ശ്രമിച്ചു.


സോളാർ കേസിന്റെ പേരിൽ ഏറ്റവും അടുത്ത ആളുകൾ തന്നെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് ഉമ്മൻചാണ്ടി 2017 നവംബർ 9ന് പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞു. തന്നെ തകർക്കാൻ മുന്നിൽനിന്നത് രാഷ്ട്രീയ ശത്രുക്കളല്ലെന്നും ഒപ്പംനിന്നവർ ആയിരുന്നുവെന്നും ഒരു വ്യാഖ്യാനത്തിനും പഴുതു കൊടുക്കാതെ ഉമ്മൻചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.


പൊലീസിന്റെ കൈവശമിരുന്ന കോൾ ലിസ്റ്റ് കൂടി പുറത്തുവന്നതോടെ കോൺ​ഗ്രസ് നേതാക്കളുടെ ചെളിവാരിയെറിയലിനും വിഴുപ്പലക്കലിനും യാതൊരു നിയന്ത്രണവുമില്ലാതായി. അന്നത്തെ യുഡിഎഫ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കേസിലെ പ്രതിയായ സ്ത്രീയുമായുള്ള ഫോണ്‍സംഭാഷണത്തിന്റെ വിവരം പുറത്തുവിട്ടത് തിരുവഞ്ചൂരാണെന്ന് ചിലർ വെളിപ്പെടുത്തി. നേതാക്കൾ കേസിലെ പ്രതിയായ സ്ത്രീയെ അർധരാത്രിയിൽ വിളിച്ചത് കോൺഗ്രസ് ഭരണഘടന പഠിപ്പിക്കാനോ ഭാഗവതം വായിക്കാനോ ആയിരിക്കില്ല എന്നായിരുന്നു ഇന്നത്തെ ആരോ​ഗ്യമന്ത്രിയായ കെ മുരളീധരന്റെ പരാമർശം. ചാനൽ ചർച്ചകളിലും ഉമ്മൻചാണ്ടിയെ ലക്ഷ്യമിട്ട് കോൺ​ഗ്രസ് നേതാക്കൾ ഇറങ്ങി.


ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശനും ഉമ്മൻചാണ്ടിക്കെതിരായ യുദ്ധത്തിന്റെ മുൻനിരയിലുണ്ടാരുന്നു. 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാക്കാത്തതിന്‌ പ്രതികാരം വീട്ടുകയായിരുന്നു സതീശൻ. സോളാർ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ നിയോ​ഗിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ട് പുറത്തുവന്നശേഷവും വിഷയം അതീവ​ഗുരുതരമാണെന്ന് സതീശൻ പറഞ്ഞിരുന്നു.


തട്ടിപ്പുകാരിയുമായി ഭരണസിരാകേന്ദ്രത്തിലുള്ളവരുടെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അന്ന് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം നടത്തിയത്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന പരാതികളും ആരോപണങ്ങളും ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ നടപടികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home