ജർമനിയിലെ തീപിടിത്തം; മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും

സിവിൻ, അഞ്ജലി, നോവ
ബെർലിൻ: ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് മൃതദേഹങ്ങൾ കൊണ്ടുവരിക. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശി സിവിൻ ജോണി (27), ഇടുക്കി ഇരട്ടയാർ സ്വദേശിനി നോവ സാബു (28), കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി എസ് ജോയ് (27) എന്നിവരാണ് ജർമനിയിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചത്. സിവിന്റെയും അഞ്ജലിയുടേയും മൃതദേഹങ്ങൾ ജർമനിയിൽ നിന്നും ഡൽഹി വഴി വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയും നോവയുെടേത് രാത്രി 8 നും നെടുമ്പാശ്ശേരിയിൽ എത്തുമെന്നാണ് എംബസിയിൽ നിന്നുമുള്ള സന്ദേശം.
14നാണ് അപകടമുണ്ടായത്. സംഭവത്തിൽ കെട്ടിടത്തിനു തീയിട്ട റുമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടക്കുന്നതിന്റെ തലേ ദിവസം റുമാനിയക്കാരനും അപ്പാർട്മെന്റിൽ താമസിക്കുന്ന ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തിനായി ഇയാൾ താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീവച്ചതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്.
തീ പടർന്നുണ്ടായ പുക ശ്വസിച്ചാണ് മൂവരും മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കെട്ടിടത്തിലെ ഏക രക്ഷാമാർഗമായ തടികൊണ്ടുള്ള കോവണി പൂർണമായി കത്തിനശിച്ചതോടെ ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. മാസങ്ങൾക്ക് മുൻപ് മാത്രമാണ് മൂവരും ജർമനിയിൽ എത്തിയത്. സ്വകാര്യ വെയർഹൗസിൽ ജീവനക്കാരിയായിരുന്നു അഞ്ജലി. ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. ജർമനിയിലെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട ജീവനക്കാരനായിരുന്നു സിവിൻ. സിവിൻ്റെ സംസ്ക്കാര ചടങ്ങുകൾ വെള്ളി ഉച്ചയ്ക്ക് മൂന്നിന് ഇടവക ദേവാലയമായ മാണിക്കാമംഗലം സെന്റ് റോക്കീസ് പള്ളിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.







0 comments