അധമ മാധ്യമപ്രവർത്തനത്തിന് പുതിയ എപ്പിസോഡ്

മിൽജിത് രവീന്ദ്രൻ
Published on Sep 11, 2026, 12:41 PM | 2 min read
തിരുവനന്തപുരം: ‘പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ റെഡ് ബുക്കിൽ കൂടുതൽ വിവരങ്ങൾ. ആദ്യത്തെ ഏഴുപേജിനും ഞെട്ടിക്കുന്ന കാര്യങ്ങൾ.’ എസ്‌എൻസി ലാവ്‌ലിൻ, കമല ഇന്റർനാഷണൽ, പാണ്ട്യാലമുക്കിൽ ഹെലിപ്പാഡുള്ള ആഡംബര വീട്, ബിരിയാണിച്ചെമ്പിലും ഖുർ ആനിലും സ്വർണക്കടത്ത്, തുടങ്ങിവയ്‌ക്കുശേഷം മനോരമയും മാതൃഭൂമിയും അവതരിപ്പിക്കുന്ന ‘പുതിയ നാടകം’ ആരംഭിച്ചു. കഥയും തിരക്കഥയും ഇഡിയുടേത്.
അധമ മാധ്യമ പ്രവർത്തനത്തിന്റെ പുതിയ എപ്പിസോഡിനാണ് ഇരുപത്രങ്ങളും വീണ്ടും തുടക്കമിട്ടത്. ഡിജിപിക്ക് നൽകിയ കത്തിലെ വിവരങ്ങൾ എന്ന നിലയിലാണ് ഇഡിയുടെ വ്യാജകഥകൾ ആഘോഷിക്കുന്നത്. സ്വർണക്കടത്തുകേസിൽ കൊച്ചിയിൽനിന്നായിരുന്നു കഥകളെങ്കിൽ ഇത്തവണ തലസ്ഥാനത്തുനിന്നാണ്. ഇരുപത്രങ്ങൾക്കും പിന്നാലെ യുഡിഎഫ്–ബിജെപി അനുകൂല ചാനലുകളും കഥകൾ ഏറ്റെടുത്തു. ‘എല്ലാം വെളിപ്പെടുത്തി റെഡ് ബുക്ക്’ എന്ന് മാതൃഭൂമി തലക്കെട്ടാക്കിയപ്പോൾ മനോരമയ്‌ക്ക് അത് ‘തൂക്കി ചുവന്ന ബുക്ക്’ ആണ്. ഒരേ കേന്ദ്രത്തിൽനിന്ന് തയ്യാറാക്കിയ കഥകളാണ് ഇരു പത്രങ്ങളും ഒന്നാംപേജിൽ നിരത്തിയത്.
സിഎംആർഎൽ ഇടപാട് വിട്ട്, മുഹമ്മദ് റിയാസും വീണയും ഹവാല ഇടപാട് നടത്തിയതായാണ് പുതിയ കണ്ടെത്തൽ. 25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടന്നിട്ടുണ്ടെന്നും ഇൗ പണം ദുബായിലേക്കും കടത്തിയെന്ന് ഇഡി റിപ്പോർട്ട് നൽകിയെന്നാണ് വാർത്ത. ഇക്കാര്യങ്ങൾ വീണ ഇഡിക്ക് മുന്നിൽ സമ്മതിച്ചെന്ന കള്ളവും വാർത്തയിലുണ്ട്.
പിണറായി വിജയന്റെ ഭാര്യക്ക് സിംഗപ്പുരിൽ കമല ഇന്റർനാഷണൽ എന്ന പേരിൽ കമ്പനിയുണ്ടെന്നാണ് ലാവ്‌ലിൻ കേസിന്റെ കാലത്ത് പ്രചരിപ്പിച്ചത്.
പിണറായി വിജയന് പാണ്ട്യാലമുക്കിൽ റിമോട്ട് കൺട്രോളും ഹെലിപ്പാഡുമുള്ള വീടുണ്ടെന്നും നൂറിലേറെ തവണ ദുബായ് യാത്ര നടത്തിയെന്നും പടച്ചുവിട്ടു. അസത്യമാണെന്ന് തെളിഞ്ഞിട്ടും ക്ഷമാപണം നടത്താനോ തിരുത്താനോ തയ്യാറായില്ല.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത്, ബിരിയാണിച്ചെമ്പിലും ഖുർആനിലും സ്വർണം കടത്തിയെന്നും കൈതോലപ്പായയിൽ പണം കൊണ്ടുപോയി എന്നും ഇവര്‍ നുണക്കഥകൾ ആഘോഷിച്ചു.
ഡയറി കാണിച്ച് സമ്മർദം
തിരുവനന്തപുരം: സിഎംആർഎൽ ഓഫീസിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറി കാണിച്ച് യുഡിഎഫ് സർക്കാരിൽ ഇഡി കടുത്ത സമ്മർദം ചെലുത്തുന്നു. യുഡിഎഫ് സർക്കാരിലെ രണ്ട് മന്ത്രിമാരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ പണം പറ്റിയത് അടക്കമുള്ള ഡയറിയാണ് ഇഡി ഭീഷണിക്ക് ഉപയോഗിക്കുന്നത്. പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടാൻ സഹായിച്ചാൽ ഡയറിയിൽ പേരുള്ളവരെ ഒഴിവാക്കാമെന്നാണ് ഇഡി വാഗ്‌ദാനം.
സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ വീട്ടിൽനിന്ന് 2019 ജനുവരിയിലാണ് ഡയറി പിടിച്ചത്. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, പരേതരായ ഉമ്മൻചാണ്ടി, വി കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരുടെ ചുരുക്കപ്പേരുകൾ അതിലുണ്ട്.
അതിൽപറയുന്ന പി കെ താനാണെന്ന് കുഞ്ഞാലിക്കുട്ടിയും ആർ സി താനാണെന്ന് രമേശ് ചെന്നിത്തലയും സമ്മതിക്കുകയും പണം വാങ്ങിച്ചിട്ടുണ്ടെന്ന് പരസ്യമായി പറയുകയും ചെയ്‌തിട്ടുണ്ട്.
പാർടിക്ക് വേണ്ടി വാങ്ങിയതാണെന്നും അതിൽ തെറ്റില്ലെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശൻ വാദിക്കുന്നത്. പണം വ്യക്തിപരമായാണ് നൽകിയത് എന്നാണ് ഡയറിയിലുള്ളത്. നിയമവിരുദ്ധമായാണ് ഇവർ സംഭാവന സ്വീകരിച്ചതെന്ന വിവരങ്ങളും പുറത്തുവന്നു.










0 comments