രാഹുലിനും സോണിയക്കുമെതിരെ ഗുരുതര ആരോപണങ്ങൾ

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും
ന്യൂഡൽഹി: സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായി ഇഡിയുടെ വിവിധ കേസുകളിൽ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള നാഷണൽ ഹെറാൾഡ് കേസിലാണ് സോണിയയെയും രാഹുലിനെയും പ്രതി ചേർത്തത്. സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യൻ എന്ന ട്രസ്റ്റ് വെറും 50 ലക്ഷം രൂപ മാത്രം മുടക്കി രണ്ടായിരം കോടിയിലേറെ രൂപ വിലമതിക്കുന്ന അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) ആസ്‌തി സ്വന്തമാക്കിയെന്നാണ് കേസ്.
ഇതിനായി മുടക്കിയ 50 ലക്ഷം രൂപ ഹവാല പണമാണെന്ന് ഇഡി പറയുന്നു. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ഷെൽ കമ്പനിയായ ഡൊടെക്‌സ് മെർക്കന്റൈസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നാണ് 50 ലക്ഷം രൂപ ഹവാല പണമായി യങ് ഇന്ത്യനിലേക്ക് എത്തിയത്. കേസിൽ 998 കോടി രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ആരോപിക്കുന്നു.
ദിനപത്രം അച്ചടിക്കുന്നതിന് പകരം സ്വത്തുക്കൾ വാങ്ങിക്കൂട്ടുന്നതിന് സോണിയയും രാഹുലും അടക്കമുള്ളവർ യങ് ഇന്ത്യൻ എന്ന സ്ഥാപനത്തെ മറയാക്കിയെന്നും ഇഡി ആരോപിക്കുന്നുണ്ട്. എജെഎല്ലിന്റെയും യങ് ഇന്ത്യന്റേതുമായി 752 കോടി രൂപയുടെ സ്വത്തുവകകളും ഓഹരികളും 2023 നവംബറിൽ ഇഡി പിടിച്ചെടുക്കുകയും ചെയ്‌തു.
ചിദംബരം 66 കോടി വെളുപ്പിച്ചെന്ന്
ഐഎൻഎക്‌സ് മീഡിയ, എയർസെൽ മാക്‌സിസ് എന്നീ കേസുകളിലായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരായി ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 4.62 കോടി രൂപയുടെ മാത്രം വിദേശ നിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചിരുന്ന ഐഎൻഎക്‌സ് മീഡിയ പല ഘട്ടങ്ങളിലായി 305 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചെന്നും ധനമന്ത്രിയായിരുന്ന ചിദംബരമാണ് ഇതിന് ഒത്താശ ചെയ്‌തതെന്നുമാണ് ഒരു കേസ്. മന്ത്രിയെന്ന നിലയിൽ 600 കോടി രൂപ വരെ വിദേശനിക്ഷേപം അനുവദിക്കാൻ അധികാരമുള്ള ചിദംബരം എയർസെൽ– മാക്‌സിസിന് 3500 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയെന്നാണ് രണ്ടാമത്തെ കേസ്. ചിദംബരം കോഴയിനത്തിൽ വൻതുക സമ്പാദിച്ചുവെന്ന് ഇഡി പറയുന്നു. വിവിധ ഷെൽ കമ്പനികളിലൂടെ 66 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നും വിദേശത്ത് 54 കോടി രൂപയുടെ ആസ്‌തികൾ സ്വന്തമാക്കിയെന്നും ഇഡി ആരോപിക്കുന്നു.
കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഛത്തിസ്‌ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരെയും സമാനമായ ആക്ഷേപങ്ങളാണ് ഇഡി ഉയര്‍ത്തുന്നത്. ഇത് രാഷ്‌ട്രീയപ്രേരിമാണെന്നാണ് കോൺഗ്രസ് നിലപാട്. ഹവാല ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഇഡി ആക്ഷേപങ്ങൾ ശുദ്ധ അസംബന്ധമാണെന്നും കോൺഗ്രസ് പറയുന്നു.









0 comments