വൈരാഗ്യത്തോടെ കേന്ദ്ര സർക്കാർ; നീതിക്കായി വിനേഷിന്റെ പോരാട്ടം തുടരുന്നു

ന്യൂഡൽഹി: ഗോദയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിനിടയിലും വിനേഷ് ഫോഗട്ടിന്റെ പോരാട്ടം അവസാനിക്കുന്നില്ല. 2026 സീനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതോടെ, സെപ്തംബർ 14 ന് നടക്കുന്ന ട്രയൽസിൽ നിന്ന് ഇന്ത്യയുടെ പ്രമുഖ വനിതാ ഗുസ്തി താരത്തിന് പുറത്തിരിക്കേണ്ടിവരും.
ഇന്ത്യൻ ഗുസ്‌തി ഫെഡറേഷന്റെ പുതിയ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്നായിരുന്നു വിനേഷിന്റെ ആവശ്യം. പ്രസവവും പ്രസവാനന്തര ഇടവേളയും കാരണം നിർണായക മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ സാധാരണ മാനദണ്ഡങ്ങൾ തന്റെ കരിയറിനെ തന്നെ ബാധിക്കുന്നുവെന്നാണ് വിനേഷ് വാദിച്ചത്.
ലോക ചാമ്പ്യൻഷിപ്പ് ടീമിൽ നേരിട്ട് തിരഞ്ഞെടുക്കണമെന്നല്ല, ട്രയൽസിൽ മത്സരിക്കാനുള്ള അവസരമാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ ഈ അവസരം പോലും നൽകാത്ത രീതിയിൽ ഗുസ്തി ഫെഡറേഷനും സംഘപരിവാർ സർക്കാരും അവരെ വേട്ടയാടുന്നു.
എന്നാൽ, നിർദിഷ്ട മത്സരങ്ങളിൽ പങ്കെടുക്കാത്ത താരങ്ങൾക്ക് നിലവിലെ മാനദണ്ഡപ്രകാരം പ്രത്യേക ഇളവ് നൽകുന്നത് മറ്റ് താരങ്ങളോട് അനീതിയാകുമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഗുസ്‌തി ഫെഡറേഷന്റെ മുഴുവൻ സെലക്ഷൻ നയം നിയമപരമാണോ എന്ന വിഷയത്തിൽ അന്തിമ തീരുമാനം കോടതി എടുത്തിട്ടില്ല.
ബ്രിജ് ഭൂഷണിൽ നിന്ന് പുതിയ ഗുസ്‌തി ഫെഡറേഷൻ വരെ: പോരാട്ടം തുടരുന്നു
വിനേഷിന്റെ ഇപ്പോഴത്തെ നിയമപോരാട്ടത്തെ 2023 ലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് വേർതിരിച്ച് കാണാനാകില്ല. അന്നത്തെ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തങ്ങളോട് നടത്തിയ ലൈംഗികാതിക്രമങ്ങളിൽ വനിതാ ഗുസ്തി താരങ്ങൾ മാസങ്ങളോളം പ്രതിഷേധിച്ചിരുന്നു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങളായിരുന്നു സമരത്തിന്റെ മുൻനിരയിൽ.
ആരോപണങ്ങൾക്കെതിരെ ബ്രിജ് ഭൂഷണും കേന്ദ്ര സർക്കാരും നിഷേധ നിലപാടെടുത്തു. 2026 ഓഗസ്റ്റിൽ കോടതി ബ്രിജ് ഭൂഷണെ ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനാക്കിയെങ്കിലും വിധിക്കെതിരെ അപ്പീൽ ചെയ്യുമെന്ന് വിനേഷ് വ്യക്തമാക്കിയിരുന്നു. അവരുടെ പോരാട്ടം ഇന്നും ശക്തമായി തുടരുന്നു.
പ്രതിഷേധ കാലത്ത് കേന്ദ്ര സർക്കാരിന്റെ നടപടികളും കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. സുപ്രീം കോടതി ഇടപെടലിന് ശേഷമാണ് ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതെന്നതും, മുൻ അധ്യക്ഷനെ സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കം തുറന്ന് കാട്ടുന്നതായിരുന്നു.
ഇന്ത്യയുടെ അഭിമാനമായി മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ഈ യുവതാരത്തിന്, സംഘപരിവാർ ഭരണകാലത്ത് നിരന്തരം പ്രതിസന്ധികളെയും അവഗണനകളെയും നേരിട്ട് കണ്ണീരോടെ ഗോദയിൽ നിന്ന് മടങ്ങേണ്ടിവന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകേണ്ടിവന്നത്.
ഗോദയിലെ നേട്ടങ്ങൾ മറക്കാനാകില്ല
ഈ നിയമപോരാട്ടത്തിനിടയിലും വിനേഷ് ഫോഗട്ടിന്റെ കായിക റെക്കോർഡ് ഇന്ത്യയിലെ വനിതാ ഗുസ്തിയിലെ ഏറ്റവും ശ്രദ്ധേയമായവയിൽ ഒന്നാണ്. മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അവർ 2019, 2022 ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കലവും 2018 ഏഷ്യൻ ഗെയിംസിൽ സ്വർണവും നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണവും ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ആറ് മെഡലുകളും അവരുടെ പേരിലുണ്ട്.
പാരിസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയെങ്കിലും സ്വർണ മെഡൽ മത്സരത്തിന് മുമ്പുള്ള ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് അയോഗ്യയായി. തുടർന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി ഗോദയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
ഒരു താരത്തിനെതിരായ നടപടി’ എന്നതിലുപരി വലിയ ചോദ്യം
കോടതിയിലെ വാദത്തിനിടെ പോലും പ്രസവവും മാതൃത്വവും വനിതാ താരങ്ങളുടെ കരിയറിനെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയം ശ്രദ്ധിക്കപ്പെട്ടു. എങ്കിലും കേന്ദസർക്കാരും അവർക്ക് സ്തുതി പാടുന്ന ഗുസ്തി ഫെഡറേഷനും ഇത് കാണുന്നില്ല.
ഗുസ്‌തി ഫെഡറേഷന്റെ മാനദണ്ഡങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നാണ് ഫെഡറേഷന്റെ നിലപാട്. എന്നാൽ എല്ലാവർക്കും ഒരേ നിയമം എന്നത് എല്ലാവർക്കും ഒരേ അവസരം എന്നതിനു തുല്യമാണോ എന്ന പ്രസക്തമായ മറുചോദ്യവും ഉയരുന്നു.










0 comments