ad
Deshabhimani

ചൂട് തന്നെ; ഞായറാഴ്ച വരെ ഉയർന്ന താപനില, മഴമുന്നറിയിപ്പ് പിന്‍വലിച്ചു

heat warning
വെബ് ഡെസ്ക്

Published on Sep 11, 2026, 01:34 PM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിന് ഉടൻ ശമനമുണ്ടാകില്ലെന്നാണ് നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചു. വർധിച്ചുവരുന്ന ചൂടിൽ ആശങ്കയിലാണ് കേരളത്തിലെ ജനങ്ങൾ.


സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കനത്ത ചൂടിനെ തുടർന്ന് വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന മഴമുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് പിൻവലിച്ചിരുന്നു. ഞായറാഴ്ച വരെ ഉയർന്ന താപനില തുടരും. അന്തരീക്ഷ താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുറത്തിറങ്ങാനാകാതെ വലയുകയാണ് ജനങ്ങൾ. ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം ശക്തിപ്രാപിച്ചിരുന്നെങ്കിലും കനിഞ്ഞില്ല. വരും ദിവസങ്ങളിലും അസഹനീയമായ ചൂടിൽ കേരളം വിയർക്കും.


ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പുറത്തിറങ്ങുന്നവരും പുറംജോലി ചെയ്യുന്നവരും ജാ​ഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


ജാഗ്രതാ നിര്‍ദേശങ്ങള്‍

പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷേനേടാൻ ശുദ്ധജലം കുടിയ്ക്കുന്നത് സഹായകമാകും. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.


അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.


പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം. ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗികൾ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കണമെന്നും നിർദ്ദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home