ബാങ്ക് പണിമുടക്ക്: സേവനങ്ങൾ മുടങ്ങി; ചില സംസ്ഥാനങ്ങളിൽ തുടർച്ചയായ അവധികൾ

ന്യൂഡൽഹി: അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പാക്കുക, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ( യുഎഫ്ബിയു ) ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് വെള്ളിയാഴ്ച രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ ബാധിച്ചു. പൊതുമേഖലാ ബാങ്കുകളെയാണ് പണിമുടക്ക് പ്രധാനമായും ബാധിച്ചത്.
പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ് തുടങ്ങിയ ശാഖാ സേവനങ്ങൾ തടസ്സപ്പെട്ടെങ്കിലും യുപിഐ , ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചുവരുന്നു. സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല.
എഐബിഇഎ , എഐബിഓസി , എൻസിബിഇ , എഐബിഓഎ , ബിഇഎഫ്ഐ ,ഐഎൻബിഇഎഫ, ഐഎൻബിഓസി തുടങ്ങിയ പ്രധാന ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ ഉൾപ്പെടുന്നതാണ് യുഎഫ്ബിയു . ആവശ്യങ്ങൾ പരിഹരിക്കാത്ത പക്ഷം സെപ്തംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ പണിമുടക്കും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് ദിവസത്തെ ബാങ്കിങ് പ്രവൃത്തിവാരം നടപ്പാക്കണമെന്നതാണ് ജീവനക്കാരുടെയും സംഘടനകളുടെയും പ്രധാന ആവശ്യം. 2024 മാർച്ചിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായുള്ള 12-ാം ബൈപാർട്ടൈറ്റ് സെറ്റിൽമെന്റിൽ ഇതുസംബന്ധിച്ച ധാരണയായിരുന്നെങ്കിലും സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നാണ് യൂണിയനുകളുടെ പരാതി.
പരിഷ്‌കരിച്ച പിഎൽഐ പദ്ധതിയിലും യൂണിയനുകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പെൻഷൻ പരിഷ്‌കരണം ഉൾപ്പെടെയുള്ള ജീവനക്കാരുടെ മറ്റ് ആവശ്യങ്ങളും സമരത്തിന്റെ ഭാഗമാണ്.
ശാഖകൾ വഴി നേരിട്ട് ചെയ്യേണ്ട പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് സംബന്ധമായ സേവനങ്ങൾ, രേഖ സമർപ്പിക്കൽ, കെവൈസി നടപടികൾ, മറ്റ് കൗണ്ടർ ഇടപാടുകൾ എന്നിവയ്ക്ക് രാജ്യത്ത് കാര്യമായ തടസം നേരിട്ടു.
അതേസമയം യുപിഐ , മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമായതിനാൽ പ്രധാന ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാനും എസ്ബിഐ ,പിഎൻബി ഉൾപ്പെടെയുള്ള ബാങ്കുകൾ ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.
തുടർച്ചയായ അവധികൾ: ചില സംസ്ഥാനങ്ങളിൽ കൂടുതൽ ദിവസങ്ങൾ ബാങ്ക് അടഞ്ഞുകിടക്കും
സെപ്തംബർ 11 ലെ പണിമുടക്കിന് പിന്നാലെ സെപ്റ്റംബർ 12 രണ്ടാം ശനിയാഴ്ചയും 13 ഞായറാഴ്ചയുമാണ്. തുടർന്ന് ഗണേശ ചതുർഥിയോടനുബന്ധിച്ച് സെപ്തംബർ 14ന് മുംബൈ, നാഗ്പൂർ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പനജി, ബെലാപൂർ, ഭുവനേശ്വർ തുടങ്ങിയ ബാങ്കിങ് കേന്ദ്രങ്ങളിൽ അവധിയുണ്ട്.
ചില പ്രദേശങ്ങളിൽ സെപ്തംബർ 15 നും ബാങ്ക് അവധിയായതിനാൽ ചില സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് തുടർച്ചയായി നാല് ദിവസത്തിലധികം ശാഖാ സേവനങ്ങൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാം









0 comments