വിബിജി റാംജി; കേരളത്തിലെ തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറച്ചു, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയുടെ വക്കില്‍

തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബിജി റാംജിയിൽ കേരളത്തിലെ തൊഴിൽദിനങ്ങളിൽ ഗണ്യമായ കുറവ്. മുൻവർഷത്തേക്കാള്‍ 1.55 കോടി തൊഴിൽദിനങ്ങളുടെ കുറവാണുണ്ടായിരിക്കുന്നത്.
നൂറ് ദിവസത്തിന് പകരം 125 ദിവസങ്ങൾ തൊഴിൽ ലഭിക്കുമെന്ന കേന്ദ്രത്തിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ വൻ തകർച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് പദ്ധതിയുടെ മുന്നോട്ട് പോക്കെന്ന് നിലവിലെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കണക്കുകളിങ്ങനെ
2026 ജൂലൈ ഒന്നിനാണ് പുതിയ പദ്ധതി ആരംഭിച്ചത്ത്. 2025 - 26 സാമ്പത്തികവർഷം ആഗസ്‌തിൽ സംസ്ഥാനത്തെ പതിനാല് ജില്ലകളിലുമായി ഉണ്ടായിരുന്നത് 3,44,03,910 തൊഴിൽദിനങ്ങൾ. മുൻവർഷത്തേക്കാൾ 1,55,84,057 തൊഴിൽദിനങ്ങളുടെ കുറവുണ്ടായി. ജൂലൈയിൽ ഗുണഭോക്താക്കൾക്ക് ആകെ ലഭിച്ചത് 15.33 കോടി തൊഴിൽദിനങ്ങളാണ്. ആദ്യമാസത്തിൽ തന്നെ 7.66 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു. അതായത്, 49.94 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തിയിരിക്കുന്നത്. തൊഴില്‍ ദിനങ്ങളുടെ എണ്ണത്തില്‍ മുന്‍പും കുറവുണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും രൂക്ഷമായ സാഹചര്യമുണ്ടായത് ഈ വര്‍ഷമാണ്.
കഴിഞ്ഞവർഷം ജൂലൈ, ആഗസ്‌ത് മാസങ്ങളിലായി 1,22,41,923 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചപ്പോൾ ഇൗ വർഷം 67,48, 269 ആയി കുറഞ്ഞു. ഇൗ വർഷം ജൂലൈയിൽ 47,42,674, ആഗസ്‌തിൽ 20,05,595 എന്നിങ്ങനെയാണ് തൊഴിൽദിനങ്ങൾ. അതേസമയം 2025 ൽ ജൂലൈയിൽ 65,33,335, ആഗസ്‌തിൽ 57,08,588 എന്നിങ്ങനെ ആയിരുന്നു. ജൂൺ 30 വരെയുള്ള മൂന്നു മാസത്തിനിടെ 1,20,71,584 തൊഴിൽദിനം സൃഷ്ടിക്കാൻ കഴിഞ്ഞ സ്ഥാനത്താണ് ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.
ഓരോ വർഷം കഴിയുംതോറും തൊഴിൽദിനങ്ങൾ കുറഞ്ഞുവരികയാണ്. 2023 ജൂലൈയിൽ സൃഷ്ടിക്കപ്പെട്ടത് 27.14 കോടി തൊഴിൽദിനങ്ങളാണ്. 2024ൽ ഇത് 20.3 കോടിയായി കുറഞ്ഞു. പദ്ധതി പ്രയോജനപ്പെടുത്തിയ കുടുംബങ്ങളുടെ എണ്ണത്തിലും വൻ ഇടിവുണ്ടായി. ജൂലൈയിൽ 68.94 ലക്ഷം കുടുംബങ്ങളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇത് 1.42 കോടിയായിരുന്നു.
125 തൊഴിൽദിനങ്ങളാണ് പദ്ധതി മാറ്റുമ്പോൾ വാഗ്ദാനം ചെയ്തിരുന്നത്. കേന്ദ്രം അനുവദിക്കുന്ന വിഹിതം 60 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. പഴയ പദ്ധതി പ്രകാരം തൊഴിലാളികൾ ആവശ്യപ്പെട്ടാൽ തൊഴിൽ നൽകാൻ സർക്കാർ നിർബന്ധിതരായിരുന്നു. ഇൗ വ്യവസ്ഥ ഇല്ലാതാക്കിയാണ് പുതിയ പദ്ധതി കൊണ്ടുവന്നത്.
തൊഴിൽദിനങ്ങൾ കുറയുന്നത് ഗ്രാമീണ മേഖലയിലുള്ളവരെ സാരമായി ബാധിക്കും. 401 രൂപയാണ് ഒരുദിവസത്തെ കൂലി. തൊഴിൽദിനങ്ങൾ കുറയുന്നതോടെ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് തൊഴിലാളികളെത്തും. കേരളത്തിൽ മഴ കുറഞ്ഞ സാഹചര്യമായതിനാൽ കൃഷിയിലൂടെയുള്ള വരുമാനവും കുറയും. ഈ അവസ്ഥയിലാണ് ഉപജീവനമാർഗമായ തൊഴിലുറപ്പ് പദ്ധതിയും തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്.










0 comments