ad
Deshabhimani

print edition ദേശീയപാത വികസനം സാധ്യമാക്കി; എൽഡിഎഫ് അല്ലാതെ മറ്റാര്

NH 66 LDF
വെബ് ഡെസ്ക്

Published on Mar 12, 2026, 03:21 AM | 8 min read

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചു പോയ പദ്ധതിക്ക് 2016ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് 
 ജീവൻവച്ചത്. ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം ചെലവ്
 വഹിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. ദേശീയപാത അതോറിറ്റിക്ക് കിഫ്ബിവഴി 
 5580.73 കോടി കൈമാറി. നഷ്ടപരിഹാരവും
പുനരധിവാസവും ഉറപ്പാക്കി. യുഡിഎഫ്, ബിജെപി നേതൃത്വം പദ്ധതി അട്ടിമറിക്കാൻ നിരവധി സമര കോലാഹലങ്ങൾ നാടാകെ സംഘടിപ്പിച്ചു.


എൻഎച്ച്‌ ഓഫീസ്‌ 
പൂട്ടിപ്പോയ 
അക്കാലം


തിരുവനന്തപുരം: ​പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രമല്ല, ഭരണത്തിലിരുന്നപ്പോഴും കേരളത്തിന്റെ വികസനത്തെ പിന്നോട്ട് നയിച്ചവരാണ് യുഡിഎഫുകാർ. ദേശീയപാത 66 വികസനവുമായി സംസ്ഥാനം സഹകരിക്കാത്തതിനാൽ ദേശീയപാത വികസന പദ്ധതി റദ്ദാക്കിയത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്.


പദ്ധതി റദ്ദാക്കി ദേശീയപാത അതോറിറ്റി 2014 അഗസ്‌ത്‌ 14ന്‌ പ്രത്യേക വിജ്ഞാപനവും പുറത്തിറക്കി. സംസ്ഥാനത്തെ 50 വർഷം പിന്നോട്ട് നയിച്ച ആ ഇരുണ്ടകാലത്തെ കേരളത്തെ സ്നേഹിക്കുന്ന ആരും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. ദേശീയപാത പദ്ധതികളുടെ പൂർത്തീകരണത്തിനായി ഒരു ശ്രമവും നടത്താതെ കടുത്ത അലംഭാവമാണ് അന്നത്തെ യുഡിഎഫ് സർക്കാർ കാട്ടിയത്. പ്രതിപക്ഷത്തിരിക്കുന്ന വേളയിലും അന്ന് എൽഡിഎഫ് ദേശീയപാതാ വികസനത്തിന് പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.


nh authority letter to udf govtയുഡിഎഫ് കാലത്ത് ദേശീയപാത അതോറിറ്റി പുറത്തിറക്കിയ പ്രത്യേക വിജ്ഞാപനം


2006–-11 ലെ എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത്, 2010 ആഗസ്ത് 17ന് നടന്ന സർവകക്ഷി യോഗത്തിലാണ് കേരളത്തിലെ ദേശീയ പാതയുടെ വീതി 45 മീറ്ററായി നിശ്ചയിച്ചത്. എന്നാൽ 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന് ദേശീയപാതാ വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുത്തുനൽകാൻ കഴിഞ്ഞില്ല. സംസ്ഥാന സർക്കാർ അലംഭാവം തുടർന്നാൽ കേരളത്തിലെ ദേശീയപാതാ വികസനം നിർത്തുമെന്ന് 2013 മാർച്ചിൽ ദേശീയപാത അതോറിറ്റി ചെയർമാൻ ആർ പി സിങ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്തെഴുതി. തുടർന്ന് കേന്ദ്ര സർക്കാർ എൻഎച്ച് 17 ന്റെ കേരള–-കർണാടക അതിർത്തിയായ തലപ്പാടി മുതൽ ഇടപ്പള്ളി വരെയുള്ള സ്‌ട്രെച്ചും എൻഎച്ച് 47 (എൻഎച്ച് 66) ന്റെ ചേർത്തല–കഴക്കൂട്ടം സ്‌ട്രെച്ചും ദേശീയ ഹൈവേ വികസന പദ്ധതിയിൽ നിന്നും ഡീനോട്ടിഫൈ ചെയ്ത് ഉത്തരവിറക്കി. ഒടുവിൽ 2014ൽ ദേശീയപാതാ അതോറിറ്റി അവരുടെ ഓഫീസ് അടച്ചുപൂട്ടി കേരളം വിട്ടു.


45 മീറ്റർ എന്നത് 30 മീറ്ററാക്കി കുറച്ച് പദ്ധതിയെ അട്ടിമറിക്കാനാണ് അന്ന് ഉമ്മൻചാണ്ടി സർക്കാർ ശ്രമിച്ചത്. ഒരു കാരണവുമില്ലാതെ യുഡിഎഫ് സർക്കാർ വരുത്തിവെച്ച കാലതാമസം കാരണമാണ് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം തുക കേരളത്തിന് പങ്കിടേണ്ടി വന്നത്.


പദ്ധതി നിർത്താൻ 
കത്തയച്ചത്‌ ബിജെപി പ്രസിഡന്റ്


സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിക്കാൻ ശ്രമിച്ചത്‌ ബിജെപി നേതാക്കൾ. 2018 സെപ്തംബർ 14ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരൻപിള്ള ദേശീയപാത സ്ഥലമേറ്റെടുപ്പ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിക്ക് കത്തയച്ചിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വികസനം മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം.


NH 66 Sreedharan Pillai Letterദേശീയപാത സ്ഥലമേറ്റെടുപ്പ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിക്ക് കത്തയച്ചതിനെക്കുറിച്ചുള്ള വാർത്ത


എംപിയായിരുന്ന വി മുരളീധരനും ഇതേ ആവശ്യം ഉന്നയിച്ച് ​ഗഡ്കരിയെ കണ്ടു. ഭൂമി ഏറ്റെടുക്കലിന്റെ വേഗം കുറയ്ക്കാനാണ്‌ ബിജെപിയുടെ കേരള ഘടകം അന്ന് ശ്രമിച്ചത്‌. ഇതേത്തുടർന്ന് ബാക്കിയുള്ള പ്രവൃത്തികൾ തെരഞ്ഞെടുപ്പിനുശേഷം നടത്തിയാൽ മതിയെന്ന് ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ‌കേരള വികസനത്തിന് എതിര് നിൽക്കുന്ന ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകളുടെ കൂടി അഭ്യർത്ഥന പ്രകാരമാണ് ശ്രീധരൻപിള്ള കേന്ദ്രത്തിന് കത്തയച്ചത്. ഇത് ബിജെപിക്കുള്ളിലും ചർച്ചയായിരുന്നു. പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ച വി മുരളീധരൻ ഉൾപ്പെടുന്ന ബിജെപി സംസ്ഥാന നേതാക്കളാണ് ഇന്ന് ദേശീയപാതാ വികസനത്തിന്റെ നേരവകാശികളാകാൻ മത്സരിക്കുന്നത്. ​


സുരേന്ദ്രന്‌ ഓർമയുണ്ടോ അന്നത്തെ പോസ്‌റ്റ്‌


ദേശീയപാത വികസനവും ഗെയ്ൽ പൈപ്പ്‌ ലൈൻ പദ്ധതിയും നടപ്പാക്കിയാൽ മുഖ്യമന്ത്രി പിണറായി വിജയനെ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കാമെന്നാണ് കെ സുരേന്ദ്രൻ 2017ൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ​ആ പോസ്റ്റിനെക്കുറിച്ച് ചോദിച്ചാൽ സുരേന്ദ്രന് ഇന്ന് മിണ്ടാട്ടമില്ല.


K Surendran FB Post കെ സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്


മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള രണ്ട് പ്രധാന വെല്ലുവിളികൾ ദേശീയപാതാ വികസനവും ​ഗെയ്ൽ വാതക പൈപ്പ്‌ലൈൻ പൂർത്തീകരണവും ആയിരിക്കുമെന്നാണ് സുരേന്ദ്രൻ അന്ന് പ്രവചിച്ചത്. ഇന്നിതാ കേരളത്തിന്റെ മുഖ്യമന്ത്രി അതെല്ലാം യാഥാർഥ്യമാക്കിയിരിക്കുന്നു. കെ സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും നാട്ടുകാർ കുത്തിപ്പൊക്കുന്നുണ്ട്‌.


വയൽക്കിളിയെ ഇളക്കിവിട്ട്‌ 
നന്ദിഗ്രാം സമരം

പി പി സതീഷ്‌കുമാർ

കണ്ണൂർ: ബംഗാളിലെ നന്ദിഗ്രാമിൽനിന്ന്‌ എത്തിച്ച മണ്ണ്‌ കീഴാറ്റൂരിലെ വയലിൽ വിതറിയാണ്‌ ഒന്പത്‌ വർഷംമുന്പ്‌ ബിജെപിയും സംഘപരിവാറും ദേശീയപാതയ്‌ക്കെതിരായ സമരം ആളിക്കത്തിച്ചത്‌. ‘വയൽക്കിളികൾ’ എന്ന പേരിൽ ഇറക്കിയ സമരക്കാർക്കായി കേരളത്തിലെ ഇടതുപക്ഷവിരുദ്ധരെല്ലാം കൈകോർത്തു. സമരം കേരളത്തിൽ ഇടതുപക്ഷത്തിന്റെ അന്ത്യംകുറിക്കുമെന്ന്‌ അവർ ആശിച്ചു. ഇതിനായി, കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരൻ മുതൽ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരൻ വരെ കൈകോർത്തു. സുരേഷ്‌ ഗോപി, സി ആർ നീലകണ്‌ഠൻ, പി സി ജോർജ്‌ എന്നിവരും എണ്ണ പകർന്ന്‌ ഒപ്പം കൂടി.


ദേശീയപാതയുടെ പണിപൂർത്തിയാക്കിയ ഒന്നാം റീച്ച്‌ ബുധനാഴ്‌ച ഉദ്‌ഘാടനം ചെയ്തവേദിയിൽ ഏറ്റവും പരിഹാസ്യമായ സാന്നിധ്യം സുരേഷ്‌ ഗോപിയാണ്‌. നന്ദിഗ്രാമിലെ മണ്ണുമായെത്തി കീഴാറ്റൂരുകാരെ തെറ്റിദ്ധരിപ്പിക്കുകയും ദേശീയപാത മുടക്കാൻ ഡൽഹിയിലേക്ക്‌ പറക്കുകയും ചെയ്‌തയാളാണ്‌ സുരേഷ്‌ ഗോപി. ഏറ്റവും ആഘാതം കുറച്ച്‌ തയ്യാറാക്കിയ, നിശ്ചിത അലൈൻമെന്റിൽ ഒരുമാറ്റവും വരുത്താതെ അന്തിമവിജ്ഞാപനം വന്നതോടെ സമരാഭാസം തകർന്നടിഞ്ഞു. കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരിയെ സ്വാധീനിച്ച്‌ പദ്ധതി അട്ടിമറിക്കാൻ ബിജെപി നേതൃത്വം നടത്തിയ ശ്രമങ്ങളും വിജയംകണ്ടില്ല. ബിജെപി തങ്ങളെ രാഷ്ട്രീയ അജൻഡകളുടെ ഭാഗമാക്കിയെന്നാണ്‌ പിന്നീട്‌ വയൽക്കിളി സമരക്കാർ തന്നെ വെളിപ്പെടുത്തിയത്‌.


ദേശീയപാത‌യിൽ 
യുഡിഎഫ്‌ തുരങ്കം


മലപ്പുറം: "ചുങ്കപ്പാത ഞങ്ങളുടെ നെഞ്ചിലൂടെ...'– ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പ് ഘട്ടത്തിൽ മലപ്പുറം ജില്ലയിലെ വെന്നിയൂർ, ചേളാരി, എടരിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോർഡിലെ വാചകം ഇങ്ങനെയായിരുന്നു. റോഡ് വികസനത്തിനെതിരെ അന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തിയത് യുഡിഎഫ്. ഇന്ന് പുത്തൻപാത നാടിന്റെ ഹൃദയത്തിലൂടെ സാഭിമാനം കടന്നുപോകുന്നു.


അന്ന്‌ സ്ഥലം സർവേക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ലീഗ് എംഎൽഎമാർ ഉൾപ്പെടെ യുഡിഎഫ് നേതൃത്വത്തിൽ തടഞ്ഞു. ഒരുകാരണവശാലും ദേശീയപാതാ വികസനം അനുവദിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്ഥിതിവരെയുണ്ടായി. ചങ്കുവെട്ടിയിൽ ദേശീയപാതാ അതോറിറ്റിയുടെ ഓഫീസ് പൂട്ടിക്കാനും ശ്രമം നടന്നു. വികസനത്തിനെതിരെ ലീഗ് തുടക്കമിട്ട സമരം എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഏറ്റെടുത്തു.


ചുമ്മാതങ്ങ് കിട്ടിയതല്ല, പൊരുതി 
നേടിയത്‌

എസ്‌ കിരൺ ബാബു

തിരുവനന്തപുരം: കേരളത്തിന്റെ തെക്കുവടക്കായി പടരുന്ന ദേശീയപാത 66 കേവലമൊരു ഹൈവേയല്ല, നാടിന്റെ ജീവനാഡിയാണ്. അത്‌ യാഥാർഥ്യമാക്കിയതിനുപിന്നിൽ സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രമുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പദ്ധതിക്ക് 2016ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ജീവൻ വച്ചത്. ഇത്തരമൊരു വമ്പൻ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം ചെലവും വഹിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ദേശീയപാത അതോറിറ്റിക്ക് കിഫ്ബി വഴി 5580.73 കോടി രൂപയാണ് കൈമാറിയത്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച്, നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കി ഭൂമി ഏറ്റെടുത്തു.


അധികാരമേറ്റ് രണ്ടാഴ്ചയ്ക്കകം ദേശീയപാതാ വികസന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതയോഗം ചേർന്നു. എതിർപ്പുണ്ടായിരുന്ന ഇടങ്ങളിൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ പ്രശ്നംപരിഹരിക്കാൻ സർക്കാർ മുന്നിട്ടിറങ്ങി. എന്നാൽ ഇത്‌ മുടക്കാനുള്ള വഴികളാണ് യുഡിഎഫ്, ബിജെപി നേതൃത്വം ആലോചിച്ചത്. നഷ്ടപരിഹാരം കിട്ടില്ലെന്ന് തെറ്റിദ്ധാരണ പരത്താനാണ് ഇക്കൂട്ടർ ശ്രമിച്ചത്. നിരവധി സമരകോലാഹലങ്ങൾക്ക്‌ കേരളം സാക്ഷ്യം വഹിച്ചു. നന്ദിഗ്രാമിലെ മണ്ണുപൊതിഞ്ഞു കീഴാറ്റൂരിൽ കൊണ്ടുവന്ന് സമരത്തിന് നേതൃത്വം നൽകിയത് ബംഗാളിൽനിന്നുള്ള കേന്ദ്രമന്ത്രിയായിരുന്നു. അകന്പടി സേവിച്ചത്‌ സംസ്ഥാനത്തെ യുഡിഎഫ്‌, ബിജെപി നേതാക്കളും.


National Highway


ഇതെല്ലാം തള്ളിക്കളഞ്ഞ് സംസ്ഥാന സർക്കാർ മുന്നോട്ടുപോയപ്പോൾ കേന്ദ്രം വീണ്ടും ഉടക്കുമായെത്തി. ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് 2018 സെപ്തംബർ 14ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തെഴുതി. കാസർകോട് ഒഴികെയുള്ള ജില്ലകളെ കേന്ദ്രസർക്കാർ ദേശീയപാതാ വികസനത്തിന്റെ ഒന്നാം മുൻഗണനാ പട്ടികയിൽനിന്ന്‌ മാറ്റി. ഈ ജില്ലകളിലെ ഭൂമി ഏറ്റെടുപ്പ് നിർത്താൻ ആവശ്യപ്പെട്ട്‌ കേന്ദ്രത്തിന്റെ ഉത്തരവും വന്നു. 2019 ജൂണിൽ നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയ്ക്കുശേഷമാണ്‌ ഒന്നാം പരിഗണനാപട്ടികയിൽ വീണ്ടും ഉൾപ്പെടുത്തിയത്.


ഭൂമി ഏറ്റെടുക്കാനുള്ള അധികച്ചെലവ് ചൂണ്ടിക്കാട്ടി സംസ്ഥാനം ഒരു നിശ്ചിത വിഹിതം വഹിക്കണമെന്ന്‌ കേന്ദ്രം നിർബന്ധം പിടിച്ചു. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 50 ശതമാനം കേരളം ഏറ്റെടുക്കണമെന്നായി. 25 ശതമാനം വഹിക്കാമെന്ന് കേരളം ഉറപ്പുനൽകി. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും നഷ്ടപരിഹാരം നൽകുന്നത്. യുഡിഎഫ് സർക്കാർ കാട്ടിയ അലംഭാവത്തിന്റെ വിലകൂടിയാണ് സംസ്ഥാന സർക്കാരിന് നൽകേണ്ടിവന്നത്. ഈ ബാധ്യത ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കേരളത്തിന്റെ ദേശീയപാതാ വികസനം നടക്കാത്ത സ്വപ്നമായേനെ.


ഈ തുക കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയും കേന്ദ്രം ദ്രോഹിച്ചു. ദേശീയപാതാ അതോറിറ്റിക്ക്‌ കിഫ്‌ബി നൽകിയതിന്‌ തതുല്യമായ തുക കേരളത്തിന്റെ വായ്പാപരിധിയിൽനിന്ന്‌ വെട്ടിക്കുറച്ചു. അതായത് 5580 കോടി രൂപ കേരളത്തിന് വീണ്ടുംനഷ്ടമായി. ആകെ 11,000 കോടിയിലധികം രൂപയാണ് ദേശീയപാതാ വികസനത്തിന്‌ കേരളത്തിന് വഹിക്കേണ്ടിവന്നത്. ദേശീയപാത 66ന് പുറമേ 20 വർഷം മുന്നിൽക്കണ്ടുള്ള 17 റോഡുകളുടെ പദ്ധതികളും കേരളം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.


മുഖ്യമന്ത്രിക്ക്‌ കേന്ദ്രമന്ത്രിയുടെ 
അഭിനന്ദനം


"പിണറായി സർക്കാരിന്റെ പിന്തുണകൊണ്ടുമാത്രമാണ് ദേശീയപാത വികസനം കേരളത്തിൽ വളരെവേ​ഗം സാധ്യമാകുന്നത്'– സംസ്ഥാനത്ത് എത്തിയ കേന്ദ്ര ഉപരിതല ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരിയുടെ വാക്കുകൾ ബിജെപിക്കാർ മറന്നാലും കേരളം മറക്കില്ല.


മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കിടയിലും ഗഡ്കരി പലതവണ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്രസർക്കാരിന് പോലും പാർലമെന്റിൽ സമ്മതിക്കേണ്ടി വന്നു.


തിരുവനന്തപുരം– കാസർകോട് വെറും 
9 മണിക്കൂർ


കേരളത്തിന്റെ ഗതാഗത രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന കാസർകോട് –-തിരുവനന്തപുരം ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ പരമാവധി 100 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. തിരുവനന്തപുരം മുതൽ കൊച്ചിവരെയെത്താൻ മൂന്ന് മണിക്കൂറും കാസർകോട് വരെയെത്താൻ ഒമ്പതു മണിക്കൂറും മതിയാകും. ആകെ 702 കിലോ മീറ്ററിൽ 590 കിലോമീറ്ററും പൂർത്തിയായി.


NH 66


വിവിധ ജില്ലകളിൽ ബാക്കിയുള്ള 14 സ്ട്രെച്ചിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതിൽ ആറ് സ്ട്രെച്ചുകളുടെ നിർമാണം 80 ശതമാനത്തിലേറെ പിന്നിട്ടു. ഇതുവരെ 11 സ്ട്രെച്ചുകളാണ് തുറന്നുകൊടുത്തത്. ഈ വർഷംതന്നെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്.


വളാഞ്ചേരി–കാപ്പിരിക്കാട്, രാമനാട്ടുകര–-വളാഞ്ചേരി, തലപ്പാടി– -ചെങ്കള, കോഴിക്കോട് ബൈപ്പാസ്, നീലേശ്വരം ടൗൺ ആർഒബി, ഇടപ്പള്ളി- വൈറ്റില–അരൂർ, കാരോട്– മുക്കോല, മുക്കോല –കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത, തലശേരി – മാഹി ബൈപാസ്, മൂരാട്- പാലോളി പാലം എന്നിവയാണ് നിർമാണം പൂർത്തിയാക്കിയ സ്ട്രെച്ചുകൾ.


രാമനാട്ടുകരയിൽ 
ജനകീയ റോഡ്‌ ഷോ

സ്വന്തം ലേഖകൻ

കോഴിക്കോട്‌/ഫറോക്ക്‌: ദേശീയപാത ഉദ്‌ഘാടന ചടങ്ങിൽ പൊതുമരാമത്ത്‌ മന്ത്രിയെ ഒഴിവാക്കി കേരളത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച്‌ ഉദ്‌ഘാടനചടങ്ങ്‌ സമാന്തരമായി സംഘടിപ്പിച്ച്‌ വേറിട്ടപ്രതിഷേധം. പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും മുന്പേ കോഴിക്കോട്ട്‌ സമാന്തരമായി റോഡ്‌ ഷോ നടത്തിയാണ്‌ ജനങ്ങൾ കേന്ദ്രത്തിനെതിരെ പ്രതിഷേധം തീർത്തത്‌. രാമനാട്ടുകര ദേശീയപാത–66 ൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തു.


ജനകീയ ഉദ്ഘാടനശേഷം രാമനാട്ടുകര -വെങ്ങളം റീച്ചിലെ 28 കിലോമീറ്റർ പാതയിലൂടെ മന്ത്രിയും എംഎൽഎമാരും റോഡ് ഷോയായി സഞ്ചരിച്ചു. രാമനാട്ടുകര കവലയിൽ നിന്നും പകൽ പന്ത്രണ്ടരയോടെയായിരുന്നു ജനകീയ ഉദ്ഘാടനവും റോഡ് ഷോയും. നട്ടുച്ച വെയിൽ കൂസാതെ നൂറുകണക്കിനാളുകൾ റോഡ്‌ ഷോയിൽ അണിചേർന്നു. റോഡ്‌ ഷോ കടന്നുപോവുന്ന വഴികളിലും പാതയുടെ എക്‌സിറ്റുകളിലും മറ്റും അഭിവാദ്യങ്ങളുമായി ജനങ്ങളെത്തി. തുറന്ന വാഹനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനൊപ്പം എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സിപിഐ എം ജില്ലാസെക്രട്ടറി എം മെഹബൂബ്‌ എന്നിവരും അണിനിരന്നു.


കാസർകോട്ടും ഉദ്‌ഘാടനം

സ്വന്തം ലേഖകൻ

കാസർകോട്‌: കേരളത്തിന്‌ അർഹമായ പ്രാതിനിധ്യം നൽകാതെ, പൊതുമരാമത്ത്‌ മന്ത്രിയെപ്പോലും ഒഴിവാക്കി ദേശീയപാത വികസനത്തിന്റെ ആദ്യ റീച്ച്‌ പ്രധാനമന്ത്രി കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്‌തതിൽ പ്രതിഷേധിച്ച്‌ കാസർകോട്ടും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ ഉ്‌ദഘാടനം. കാസർകോട്‌ നുള്ളിപ്പാടിയിൽ ദേശീയപാതയുടെ തലപ്പാടി– ചെങ്കള റീച്ച്‌ സി എച്ച്‌ കുഞ്ഞന്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. വി സുരേഷ്‌ബാബു അധ്യക്ഷനായി. ടി എം എ കരീം സ്വാഗതം പറഞ്ഞു.


National Highway ldf.jpgഎൽഡിഎഫ്‌ നേതൃത്വത്തിൽ നടത്തിയ ജനകീയ ഉദ്‌ഘാടനം കാസർകോട്‌ നുള്ളിപ്പാടിയിലെ ദേശീയപാതയിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ നിർവഹിക്കുന്നു


1,600 കോടി ചെലവിട്ട്‌ നിർമിച്ച ദേശീയപാതയുടെ ഇ‍ൗ ആദ്യ റീച്ച്‌ ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്‌ സമയബന്ധിതമായി പൂർത്തിയാക്കിയത്‌. 2021 നവംബറിലാണ്‌ 39 കിലോമീറ്റർ ദൈർഘ്യം വരുന്ന പാതയുടെ പ്രവൃത്തി ആരംഭിച്ചത്‌. 2025 ആഗസ്‌ത്‌ 25-ന്‌ നിർമാണം പൂർത്തിയാക്കി. രാജ്യത്തുതന്നെ ബോക്സ് ഗർഡർ സംവിധാനമുള്ള, ഏറ്റവും നീളമുള്ള ഒറ്റത്തൂൺ ആറുവരിപ്പാലം ഇ‍ൗ റീച്ചിൽ കാസർകോട്‌ നഗരത്തിലുണ്ട്‌.



ഫലകത്തിൽ മാത്രം മന്ത്രി; 
വേദിയിൽ ബിജെപി പ്രസിഡന്റും


കൊച്ചി: ദേശീയപാത ആറുവരിപ്പാത ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെ ഒഴിവാക്കിയത്‌ ബോധപൂർവം. ശിലാഫലകത്തിൽ മന്ത്രി റിയാസിന്റെ പേര്‌ ഉണ്ടായിരിക്കെയാണ്‌ ചടങ്ങിൽനിന്ന്‌ ഒഴിവാക്കിയത്‌. പകരം, ഫലകത്തിൽ പേരില്ലാത്ത ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറിനെ വേദിയിലിരുത്തി. ​മന്ത്രിയെ ഒഴിവാക്കിയത്‌ അവസാന നിമിഷത്തെ ഇടപെടലിലൂടെയാണെന്ന്‌ ഇതോടെ വ്യക്തമായി.


ശിലാഫലകംദേശീയപാത ആറുവരിപ്പാത ഉദ്‌ഘാടനച്ചടങ്ങിന്റെ വേദിയിൽ പ്രദർശിപ്പിച്ച ശിലാഫലകത്തിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേര്


അതിനുപിന്നിൽ പ്രവർത്തിച്ചവർ പക്ഷേ, മുൻകൂട്ടി തയ്യാറാക്കിയ ഫലകത്തിൽനിന്ന്‌ മന്ത്രിയുടെ പേര്‌ നീക്കാൻ മറന്നു. അവസാനനിമിഷം വേദിയിൽ കസേര ഒപ്പിച്ച രാജീവ്‌ ചന്ദ്രശേഖറിന്റെ പേരുചേർക്കാനും മറന്നു. പ്രധാനമന്ത്രി ഡിജിറ്റൽ ശിലാഫലകം ബട്ടൺ അമർത്തിയാണ്‌ അനാച്ഛാദനം ചെയ്‌തത്‌. ചടങ്ങിന്റെ വീഡിയോ പ്രസാർഭാരതിയുടെ ഒ‍ൗദ്യോഗിക യുട്യൂബ്‌ ചാനലായ പിബി–ശബ്‌ദിൽ തത്സമയം കാണിച്ചു.


ക്ഷണിക്കാതിരുന്നത് 
ജനാധിപത്യവിരുദ്ധം: മന്ത്രി റിയാസ്


പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനംചെയ്യുന്ന ചടങ്ങിൽ പൊതുമരാമത്ത്‌ വകുപ്പിനെയും മന്ത്രിയെയും ഒഴിവാക്കിയത്‌ കേരളത്തെ അപമാനിക്കലാണെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ സുപ്രധാന വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന്‌ വകുപ്പുമന്ത്രിയെ വെട്ടി ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു.


മന്ത്രി ആരാണ്‌ എന്നുള്ളതല്ല വിഷയം. ഇത്തരം പരിപാടിയിൽ ബന്ധപ്പെട്ടവർ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്‌. 2014ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് ദേശീയപാത അതോറിറ്റി രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപ്പോയതാണ്‌. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പദ്ധതി പുനരുജ്ജീവിപ്പിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ വിഹിതം നൽകിയതും കേരളത്തിലാണ്‌.


മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന കൃത്യമായ ഏകോപനത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എൻഎച്ച്എഐ ഉദ്യോഗസ്ഥരും പലതവണ അഭിനന്ദിച്ചു. ഇത്രയധികം പങ്കാളിത്തമുള്ള പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിൽനിന്ന് ഒഴിവാക്കിയത് ശരിയല്ല. ബിജെപിയുടെ പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കെപിസിസി പ്രസിഡന്റിനെയും സിപിഐ എമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരെയും ക്ഷണിക്കേണ്ടതല്ലേ. ദേശീയപാത 66 യാഥാർഥ്യമാക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് പങ്കില്ലെന്ന്‌ സ്ഥാപിക്കാനാണ് ശ്രമമെങ്കിൽ അത്‌ വിജയിക്കില്ല. ജനങ്ങളുടെ മനസ്സിൽ പോസ്റ്റർപോലെ പതിഞ്ഞ കാര്യമാണ് ഇതെന്നും മന്ത്രി പറഞ്ഞു.


മന്ത്രിയെ ഒഴിവാക്കിയ നടപടി ചീപ്പ്‌: 
കുഞ്ഞാലിക്കുട്ടി


ദേശീയപാതയുടെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി ചീപ്പെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇത്തരം പരിപാടികൾ ജനാധിപത്യപരമായാണ് നടത്തേണ്ടത്‌. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും പ്രതിപക്ഷനേതാവിനെയും വിളിക്കണമായിരുന്നു. പ്രതിപക്ഷ ബഹുമാനം കാണിക്കണമായിരുന്നു. വിളിക്കേണ്ടത് മര്യാദയായിരുന്നു. അല്ലാത്ത നടപടിയെ ഉപയോഗിക്കാവുന്ന പദം ചീപ്പ്‌ എന്നതാണ്. ബിജെപിയുടേത്‌ തരംതാണ രാഷ്ട്രീയമാണ്‌– കുഞ്ഞാലിക്കുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home