ad
Deshabhimani

print edition മുനിലക്ഷണങ്ങൾ ഒത്തിണങ്ങിയ ഒരാൾ

Muni Narayana Prasad

മുനി നാരായണ പ്രസാദ്

avatar
പി ആർ ശ്രീകുമാർ

Published on Apr 26, 2026, 12:00 AM | 2 min read

ആരാണ് മുനി, അതായത് സന്യാസി എന്ന് ശ്രീനാരായണഗുരു ‘മുനിചര്യാപഞ്ചകം' എന്ന സംസ്കൃതകൃതിയിൽ 15 ലക്ഷണങ്ങളിലൂടെ നിർവചിച്ചിട്ടുണ്ട്‌. കൈ തലയണയാക്കുന്നവൻ, ഭൂമിയെ കട്ടിലാക്കുന്നവൻ, ഭോഗ്യങ്ങൾക്കപ്പുറത്തുള്ള സുഖം അനുഭവിക്കുന്നവൻ, എല്ലാ അറിവും ഉള്ളവനെങ്കിലും അറിവില്ലാത്തവനെപ്പോലെ ചുറ്റിയടിച്ച്‌ നടക്കുന്നവൻ, നിലനിൽപ്പിനുവേണ്ടിമാത്രം വന്നുചേരുന്ന ആഹാരത്തെ കഴിക്കുന്നവൻ, വ്യാകുലതയില്ലാത്തവൻ, മൗനശീലൻ, സത്തെന്നും അസത്തെന്നും ഭേദമില്ലാത്തവൻ തുടങ്ങിയ ഈ ഗുണങ്ങളോടുകൂടിയ മുനിമാർ ഇന്ന് അധികം ഉണ്ടാവുകയില്ല. ഒരു യഥാർഥ സന്യാസി സാമൂഹ്യമായ വ്യവസ്ഥകൾക്കും ചട്ടക്കൂടുകൾക്കും അതീതനായി സർവസംഗപരിത്യാഗിയായി കഴിയേണ്ടവനാണെന്നാണ് വയ്‌പെങ്കിലും മിക്കവാറുമെല്ലാവരുംതന്നെ ഇന്ന് വ്യവസ്ഥാപിത കോർപറേറ്റ് സന്യാസാശ്രമങ്ങളുടെ ഭാഗമായി മറ്റൊരുതരം വ്യവസ്ഥാപിത ചട്ടക്കൂടുകളിലൊതുങ്ങുകയാണ് ചെയ്തുപോരുന്നത്. ഇതിനവരെ പാകപ്പെടുത്തിയെടുക്കാൻ സെമറ്റിക് മതസ്ഥാപനങ്ങളുടേതുപോലെയുള്ള പാഠ്യപദ്ധതികളും ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളുമടങ്ങുന്ന ചട്ടക്കൂടുകൾ ഈ സന്യാസാശ്രമങ്ങൾ ഒരുക്കിവച്ചിട്ടുണ്ട്.


ഈ സാഹചര്യത്തിലാണ് മുനി നാരായണപ്രസാദ് എന്ന സന്യാസിയുടെ പ്രസക്തി. ശ്രീനാരായണഗുരുവിന്റെ പരമ്പരയിൽ നടരാജഗുരുവിനും നിത്യചൈതന്യ യതിക്കുംശേഷം വരുന്ന സന്യാസി എന്ന വിശേഷണം മാത്രമല്ല ഇദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്‌. അദ്ദേഹത്തിന്റെ ജീവിതരീതിയും കൃതികളും അപൂർവമായിമാത്രം നടത്താറുള്ള പൊതുവേദികളിലെ പ്രഭാഷണങ്ങളുംതന്നെയാണ്‌ ഇതിന് തെളിവ്. എസ്എസ്എൽസി പഠനത്തിനുശേഷം കാര്യമായ അക്കാദമിക് പഠനമൊന്നും നടത്തിയിട്ടില്ലാത്ത മുനിയുടെ കൈമുതൽ നിശ്ചയദാർഢ്യവും കഠിനമായ പരിശ്രമവും നിരന്തരമായ ധ്യാനമനനങ്ങൾവഴി ആർജിച്ച പാണ്ഡിത്യവും ആത്മജ്ഞാനവും മാത്രമാണ്. ഇതിലൂടെ സ്വായത്തമാക്കാൻ കഴിഞ്ഞ ഉൾവെളിച്ചം എഴുത്തിലൂടെയും ക്ലാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ അദ്ദേഹം എന്നും അതീവ തൽപ്പരനായിരുന്നു.


നാരായണ ഗുരുകുലത്തിന്റെ മുഖപത്രമായ ‘ഗുരുകുലം’ മാസികയ്ക്കുവേണ്ട മാറ്റർ ഓരോ മാസവും തയ്യാറാക്കേണ്ടിവന്നതാണ് തന്നെ ഒരു പരിഭാഷകനും എഴുത്തുകാരനുമാക്കിയതെന്ന് അദ്ദേഹം ആത്മകഥയിൽ വിവരിക്കുന്നുണ്ട്. നടരാജഗുരുവിന്റെ ആത്മകഥ മംഗളാനന്ദസ്വാമി തർജമ ചെയ്ത്‌ വച്ചിരുന്ന ഭാഗം തീർന്നപ്പോൾ ബാക്കിഭാഗം താൻ തർജമ ചെയ്യാൻ തുടങ്ങിയതാണ്‌ പരിഭാഷയിൽ തുടക്കം. സ്വയം ആഴത്തിൽ പഠിക്കാനാഗ്രഹിക്കുന്ന കൃതികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിൽ പ്രധാനമാണ്‌ ഹെൻറി ബർഗ്സന്റെ ‘ആൻ ഇൻട്രൊഡക്‌ഷൻ ടു മെറ്റാ ഫിസിക്‌സ്‌’ എന്ന കൃതി ‘സത്യാന്വേഷണം’ എന്ന പേരിൽ മൊഴിമാറ്റിയത്‌. വായിച്ച് മനസ്സിലാക്കുക ദുഷ്കരമെന്ന് തോന്നിയപ്പോൾ അത്‌ നന്നായി പഠിക്കാനുള്ള വഴിയായി മലയാളത്തിലേക്ക്‌ തർജമ ചെയ്യുകയായിരുന്നു എന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ട്‌.


സ്വതന്ത്രകൃതികളും വ്യാഖ്യാനങ്ങളും പരിഭാഷകളും ഉൾപ്പെടെ നൂറിലധികം കൃതികൾ ഇംഗ്ലീഷിലും മലയാളത്തിലുമായി മുനി രചിച്ചിട്ടുണ്ട്‌. ഇവയെല്ലാംതന്നെ ആദ്യം ഗുരുകുലം മാസികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചവയാണ്‌. ഇംഗ്ലീഷ് കൃതികളെല്ലാം ആദ്യം മലയാളത്തിൽ രചിച്ചവയാണ്. പിന്നീട് അവയുടെ ഭാഷാന്തരം സ്വയം നിർവഹിച്ചു. ശ്രീനാരായണഗുരുവിന്റെ മുഴുവൻ കൃതികൾക്കും മലയാളത്തിൽ വ്യാഖ്യാനം എഴുതാനും ഗുരുവിന്റെ മുഴുവൻ കൃതികളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താനും കഴിഞ്ഞിട്ടുള്ള നാരായണഗുരുപരമ്പരയിലെ ഏകസന്യാസി മുനിയാണ്.

(നാരായണ ഗുരുകുലവുമായി നാലുപതിറ്റാണ്ടിലേറെ നീണ്ട ബന്ധമുള്ള ലേഖകൻ ഗ്രന്ഥകാരനും കുഫോസ്‌ മുൻ അസിസ്റ്റന്റ്‌ രജിസ്‌ട്രാറുമാണ്)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home