print edition എൻജിനിയറാകാതെ സന്യാസത്തിലേക്ക്

മുനി നാരായണ പ്രസാദ്
അറിവിന്റെ അഗാധമായ ആഴങ്ങൾ ഒളിപ്പിച്ചുവച്ച ശാന്തമായൊരു സമുദ്രമായിരുന്നു സ്വാമി മുനി നാരായണപ്രസാദ്. അത്ര അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽനിന്നാണ് അദ്ദേഹം സന്യാസത്തിന്റെ പടവുകൾ കയറിയത്. അച്ഛൻ ജി മാധവൻ നാരായണഗുരുവിനെ നേരിട്ട് കണ്ടിട്ടുള്ള വലിയ ഭക്തനായിരുന്നു. കുമാരനാശാൻ എഴുതിയ ഗുരുസ്‌തുതി കുട്ടിക്കാലത്ത് അച്ഛൻ നൽകിയ പ്രാർഥനാപുസ്‌തകത്തിൽ വായിച്ചത് മനസ്സിൽ കിടന്നു.
എസ്‌എസ്‌എൽസി ഫസ്‌റ്റ് ക്ലാസോടെ പാസായെങ്കിലും നാരായണപ്രസാദിന് കോളേജിൽ പോകാൻ നിവൃത്തിയുണ്ടായിരുന്നില്ല.
അധ്യാപകനായിരുന്ന അച്ഛൻ വിരമിച്ചിരുന്നു. പെൻഷനുണ്ടായിരുന്നില്ല. അതിനാൽ കോളേജിൽ വിടാൻ അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിക്കുമായിരുന്നില്ല. അതിനാൽ വക്കത്ത് ബന്ധു ജോലി ചെയ്യുന്ന എൻജിനിയറിങ് ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തി. അത് നടത്തുന്ന കുഞ്ഞുകൃഷ്‌ണൻ നാരായണഗുരുവിന്റെയും നടരാജഗുരുവിന്റെയും ഭക്തൻ. വക്കത്തെ പഠനകാലത്തുതന്നെ അവിടെ വരുമായിരുന്ന യതിയുമായി ബന്ധമാരംഭിച്ചു. 1955ൽ ഒരു ക്ഷേത്രത്തിന്റെ പ്ലാൻ വരയ്‌ക്കാൻ നടരാജഗുരു വർക്കല ഗുരുകുലത്തിലെത്തിയപ്പോൾ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടു. അവിടെ തങ്ങിയ ഒരാഴ്‌ച നടരാജഗുരുവിന്റെ ക്ലാസുകൾ കേട്ടു. പിന്നീട് ബ്രഹ്മവിദ്യാമന്ദിരം നിർമിക്കാൻ സർവേയ്‌ക്ക് വീണ്ടും ഗുരുകുലത്തിലെത്തിയപ്പോഴും അദ്ദേഹത്തെ കണ്ടു. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ബ്രാഞ്ച് വർക്കലയിൽ ആരംഭിച്ചപ്പോൾ (നടരാജഗുരു പോളിടെക്‌നിക്) അതിന്റെ ചുമതലക്കാരനായി.
പിന്നീട് സർക്കാർ ജോലികിട്ടി. ഒരുവർഷം ഞെക്കാട് എന്ന സ്ഥലത്ത് ചിറ്റപ്പന്റെ വീട്ടിൽനിന്ന് ജോലി നോക്കി. അവിടെ ബുദ്ധിമുട്ടായപ്പോൾ മംഗളാനന്ദ സ്വാമിയോട് ചോദിച്ച് വർക്കല ഗുരുകുലത്തിൽ താമസമാക്കി കൊല്ലത്ത് ജോലിക്ക് പോയി. വിവാഹം വേണ്ട എന്ന് തീരുമാനിച്ചിരുന്ന പ്രസാദിൽ ഗുരുകുലത്തിലെ പല ചുമതലകളും സ്വാഭാവികമായി വന്നുചേർന്നു. തിരുവനന്തപുരത്തേക്ക് മാറ്റം വന്നതോടെ സർക്കാർ ജോലി ഉപേക്ഷിച്ചു. അങ്ങനെ സ്വന്തമായി ഒരു തീരുമാനം എടുക്കാതെതന്നെ ഗുരുകുലത്തിനകത്ത് ആയിത്തീരുകയായിരുന്നു. അതോടെയാണ് വായന ജീവിതത്തിന്റെ ഭാഗമായത്. 1970ൽ നടരാജഗുരുവിൽനിന്നാണ് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചത്. 1985ൽ ഗുരു നിത്യചൈതന്യയതിയിൽനിന്ന് സന്യസദീക്ഷ സ്വീകരിച്ചു. 1987 ഫെബ്രുവരിയിൽ മോസ്‌കോയിൽ നടന്ന ലോക മതനേതാക്കളുടെ വട്ടമേശസമ്മേളനത്തിൽ പങ്കെടുത്തു.










0 comments