മോഡൽ സ്‌കൂൾ ടു കറാച്ചി; ശ്രീധരൻനായരുടെ അത്ഭുതകരമായ യാത്ര ഇങ്ങനെ

എൻ ശ്രീധരൻനായർ, കറാച്ചിയിലേക്കുള്ള തീവണ്ടി (പ്രതികാത്മക എഐ ചിത്രം)
സുനീഷ് ജോ
Published on May 13, 2026, 03:06 PM | 2 min read
1942ൽ പാങ്ങോട്ടെ പയ്യൻ റോയൽ ഇന്ത്യൻ നേവിയിൽ ചേർന്നു. കറാച്ചിയിലായിരുന്നു പരിശീലനം. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യൻ നേവിയുടെ ഭാഗമായി. 100 വയസ്സ് പിന്നിട്ട എൻ ശ്രീധരൻനായർ ഓർമ പങ്കുവയ്ക്കുന്നു
തിരുവനന്തപുരം: ‘പൊലീസിലായിരുന്ന അച്ഛൻ നീലകണ്‌ഠൻനായരുടെ എതിർപ്പ് മറികടന്നാണ് റോയൽ ഇന്ത്യൻ നേവിയിൽ ചേരാൻ പോയത്. തൈക്കാട് മോഡൽ സ്‌കൂളിൽ പഠിക്കുകയായിരുന്നു. പ്രധാനാധ്യാപകനായ സി എം ചാക്കോയാണ് സെലക്‌ഷന് പറഞ്ഞുവിട്ടത്’– പാങ്ങോട് സ്വദേശി എൻ ശ്രീധരൻനായർ പറഞ്ഞു.
രണ്ടാംലോക യുദ്ധകാലത്ത് സൈന്യത്തിലേക്ക് 15നും 17നുമിടയിൽ പ്രായമുള്ള കുട്ടികളെ റിക്രൂട്ട് ചെയ്തിരുന്നു. പക്ഷേ, കുടുംബത്തിൽ വലിയ എതിർപ്പായിരുന്നു. എന്നിട്ടും സ്വന്തം ഇഷ്ടപ്രകാരം ശ്രീധരൻനായർ 16–ാംവയസ്സിൽ റോയൽ ഇന്ത്യൻ നേവിയുടെ ഭാഗമായി. ‘അന്ന് നാലുപേർക്കാണ് സെലക് ഷൻ കിട്ടിയത്. അങ്ങനെ ഞങ്ങൾ തിരുവനന്തപുരത്തുനിന്ന് ചെങ്കോട്ടവഴി മദ്രാസിലേക്ക് (ചെന്നൈ) പോയി. നടപടി പൂർത്തിയാക്കി ബോംബെ (മുംബൈ)യിലേക്കും അവിടെനിന്ന് കറാച്ചിയിലേക്കും പുറപ്പെട്ടു. ട്രെയിൻ മാർഗമായിരുന്നു യാത്ര. ദിവസങ്ങൾ നീണ്ടുനിന്നു കൽക്കരിവണ്ടിയിലെ യാത്ര. ഒടുവിൽ കൺമുന്നിൽ കറാച്ചി...’– നൂറാംവയസ്സിലും ശ്രീധരൻനായരുടെ ഓർമകൾക്ക് നല്ല തെളിച്ചം. ടെലികമ്യൂണിക്കേഷനിൽ വിദഗ്‌ധനായിരുന്നു ശ്രീധരൻനായർ. ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ ഭാഗമായ പ്രദേശങ്ങളിൽ കറാച്ചിയിലെ പരിശീലനകാലത്ത് സ്ഥിരമായി പോകുമായിരുന്നു. സൈനികവേഷത്തിലായതിനാൽ കറാച്ചിയിലെ സാധാരണ മനുഷ്യർക്ക് വലിയ പേടിയായിരുന്നു. ആരും അടുത്തുവരില്ല.
യുകെയിലെ റോയൽ നേവിയുടെ എച്ച്എംഎസ് മെർക്കുറിയിലും പരിശീലനം നേടി. രണ്ടാംലോക മഹായുദ്ധകാലത്ത് ഒന്നിലധികം കപ്പലുകളിൽ സേവനമനുഷ്ഠിച്ചു. ലണ്ടനിലെ ഹൈഡ് പാർക്കിൽ എലിസബത്ത് രാജ്ഞിയെ കണ്ടതും, അന്നത്തെ തെക്കുകിഴക്കൻ ഏഷ്യ കമാൻഡിന്റെ സുപ്രീം അലൈഡ് കമാൻഡറായിരുന്ന അഡ്മിറൽ ലോർഡ് ലൂയിസ് മൗണ്ട്ബാറ്റണുമായി ഹസ്‌തദാനം നടത്തിയതും ശ്രീധരൻനായരുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. ഇന്ത്യൻ നേവിയിലും ജോലി ചെയ്‌തു. പോർച്ചുഗീസ് സൈന്യത്തിൽനിന്ന് ഗോവയെ മോചിപ്പിക്കാൻ നടത്തിയ ഓപ്പറേഷനിൽ പങ്കെടുത്തു. പോർച്ചുഗീസ് യുദ്ധക്കപ്പലായ എൻആർപി അഫോൺസോ ഡി അൽബുക്കർക്കിനെ പരാജയപ്പെടുത്തി വിജയം ഉറപ്പാക്കുന്നതിൽ നാവികസേന നിർണായകപങ്ക് വഹിച്ചിരുന്നു. ‘ഞങ്ങൾ നിരവധി റൗണ്ട് വെടിവച്ചു. അവരെ വളഞ്ഞു, കീഴടങ്ങാൻ നിർബന്ധിച്ചു. ആ ദിവസം ഞങ്ങളുടേതായിരുന്നു.’– അദ്ദേഹം പറഞ്ഞു. ഐഎൻഎസ് മൈസൂർ, ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഡൽഹി എന്നിവയിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഇൻസ്‌ട്രക്ടറായിരിക്കെയാണ് നേവിയിൽനിന്ന് വിരമിച്ചത്. തുടർന്ന് 60 വയസ്സുവരെ ആദായനികുതിവകുപ്പിൽ ജോലി ചെയ്‌തു. ഇപ്പോൾ മുട്ടട ചൂഴന്പാലയിൽ വിശ്രമജീവിതത്തിലാണ് ശ്രീധരൻനായർ. മക്കളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞമാസം 24ന് നൂറാം പിറന്നാളും ആഘോഷിച്ചു.










0 comments