ശ്രീഹരിയുടെ ഫോണിൽ ബന്ധുക്കളുടെയും ചിത്രങ്ങൾ; മോർഫിങ് ആപ്പിനെ കുറിച്ചും അന്വേഷണം

ശ്രീഹരി
കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിൽ കെഎസ്‍യു നേതാവ് പ്രതിയായ മോർഫിങ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. കെഎസ്‍യു നേതാവ് ശ്രീഹരി അധ്യാപകരുടെയും വിദ്യാർഥികളുടെയും പുറമെ ബന്ധുക്കളുടെ വരെ ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചതായി അദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ടെലഗ്രാം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കെഎസ്‍യു മീഡിയ കമ്മിറ്റി എന്ന ബാനറിലാണ് ചിത്രങ്ങൾ പകർത്തുകയും മോർഫ് ചെയ്യുകയും ചെയ്തത്. മോർഫിങ് ആപ്പിനെ കുറിച്ചും അന്വേഷണം നടത്തും.
ശ്രീഹരിയുടെ പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഇതിന്റെ ഫലം വന്നതിന് ശേഷം മറ്റ് നടപടികളിലേയ്ക്ക് കടക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഭാരത മാതാ കോളേജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർഥിയാണ് എസ് ശ്രീഹരി. മോർഫിങ് കേസിൽ അറസ്റ്റു ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ രണ്ട് പേർ കൂടിയുണ്ടായിരുന്നതായാണ് പ്രതിയുടെ മൊഴി. ഇവർക്കായി അന്വേഷണം നടക്കുകയാണ്. ചിത്രങ്ങൾ പ്രചരിക്കുന്ന ഗ്രൂപ്പുകളിൽ കോളേജിലെ മറ്റ് വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഗ്രൂപ്പിൽ 10,000ത്തോളം അംഗങ്ങളുണ്ട്. മറ്റ് കോളേജുകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും.
എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഉയർത്തിയ വൻ പ്രതിഷേധത്തിന് പിന്നാലെയാണ് വ്യാഴാഴ്ച ഇയാളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. പിന്നാലെ ശ്രീഹരിയെ പുറത്താക്കിയതായി കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ് അറിയിച്ചു. ശ്രീഹരിയെ സംരക്ഷിക്കുന്നതിനെതിരെ വ്യാഴാഴ്‌ച എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികൾ ക്യാമ്പസിൽ പഠിപ്പുമുടക്കി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം കടുപ്പിച്ചതോടെയാണ് ഇയാളെ പുറത്താക്കുമെന്നും ആരോപണമുയർന്ന മറ്റൊരു വിദ്യാർഥിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കോളേജ് അധികൃതർ ഉറപ്പുനൽകിയത്.
മോർഫ് ചെയ്‌ത ചിത്രങ്ങൾ ക്യാമ്പസിലെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണമാണ് ശ്രീഹരിയിലേക്ക് എത്തിയത്. സൈബർ വിഗദ്‌ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതി ഇയാളാണെന്ന് വ്യക്തമായി. വിവരം കോളേജ് അധികൃതരെ അറിയിച്ചു. സെപ്‌തംബർ ഒന്നിന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ശ്രീഹരിയുടെ ഫോൺ പരിശോധിച്ചപ്പോൾ അശ്ലീല ദൃശ്യങ്ങളുണ്ടായിരുന്നു. എന്നാൽ, നടപടി സ്വീകരിക്കാതെ ലോക്കൽ ഗാർഡിയന് ഒപ്പം ഇയാളെ വിട്ടു. ഫോൺ വാങ്ങിവച്ചിരുന്നു. അടുത്ത ദിവസമാണ് പൊലീസിൽ പരാതി നൽകിയത്.









0 comments