കവർസ്റ്റോറി
ടെലിവിഷൻ വാർത്തയുടെ നാല് പതിറ്റാണ്ടുകൾ

ബൈജു ചന്ദ്രൻ
Published on Sep 05, 2026, 12:02 PM | 19 min read
ഒരു വീടിന്റെ സ്വീകരണമുറിയേക്കാൾ കുറേക്കൂടി വലിപ്പമുള്ള ഒരു ഹാൾ റൂമാണ് സ്റ്റുഡിയോ. മോന്തായത്തിൽനിന്ന് കുറേ വലിയ ലൈറ്റുകൾ തൂങ്ങിക്കിടപ്പുണ്ട്. മുറിയുടെ ഒത്തനടുക്കായി സ്ഥാനം പിടിച്ചിട്ടുള്ള, സാമാന്യത്തിലധികം ഭാരമുള്ള രണ്ടു കൂറ്റൻ ക്യാമറകളെ മുന്നോട്ടും പിറകോട്ടും വശങ്ങളിലേക്കുമെല്ലാം ചെറുതായൊന്ന് തള്ളിനീക്കണമെങ്കിൽപ്പോലും മൂന്നോ നാലോപേർ ചേർന്ന് കഠിനമായി പരിശ്രമിക്കണം. ആ പഴക്കംചെന്ന ജർമൻ നിർമിത ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറകൾക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അവർക്കു തന്നത്താൻ തോന്നിയാൽ മാത്രമേ പ്രവർത്തിക്കൂ. ഇടക്കെങ്ങാനും പിണങ്ങിപ്പോയാൽപിന്നെ അവരെ ചൊൽപ്പടിക്ക് കൊണ്ടുവരാൻ കുറെ പണിയുണ്ട്.
ബൈജു ചന്ദ്രൻ
ശബ്ദക്രമീകരണ (acoustics) സംവിധാനമുള്ള മുറിയിൽ ‘സൈക്ലോരമ’ കൊണ്ടു ഭിത്തിയൊരുക്കിയ ഭാഗത്താണ് ചിത്രീകരണം നടക്കുന്നത്. നാടകം, നൃത്തം, സംഗീതം, കുട്ടികളുടെ പരിപാടി, അഭിമുഖം എന്നുവേണ്ട സകലമാന പരിപാടികളും റെക്കോഡ് ചെയ്യുന്ന ആ സ്‌പേസിൽ തന്നെയാണ് എല്ലാ സായാഹ്നങ്ങളിലും പരിപാടികളുടെ അനൗൺസ്മെന്റും വാർത്തകളുടെ അവതരണവും ലൈവായി അരങ്ങേറുന്നത്.
സ്‌റ്റുഡിയോ സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തിന് പുറത്തായി പാർക്കുചെയ്‌തിരിക്കുന്ന ഒരു ഔട്ട് ഡോർ ബ്രോഡ്കാസ്റ്റ് (OB) വാൻ കാണാം. ഒരു ടെലിവിഷൻ സ്‌റ്റുഡിയോയുടെ അനുബന്ധ സംവിധാനമൊക്കെ അതിനുള്ളിലുണ്ട്. ക്യാമറാ കൺട്രോൾ യൂണിറ്റ് (CCU), വീഡിയോ ടേപ്പ് റെക്കോഡിങ് റൂം ( VTR) ഓഡിയോ കൺട്രോൾ പാനൽ, പ്രൊഡക്ഷൻ കൺട്രോൾ റൂം (PCR)... പിസിആറിൽ ഇരുന്നുകൊണ്ടാണ് പ്രൊഡ്യൂസർ മുന്നിൽ സ്ഥാപിച്ചിട്ടുള്ള പലപല സ്‌ക്രീനുകൾ നോക്കി ആവശ്യമുള്ള ദൃശ്യം സ്വിച്ച് ചെയ്യാൻ, തൊട്ടടുത്തിരിക്കുന്ന വിഷൻ മിക്‌സർ (VM) എന്ന ടെക്‌നീഷ്യന് കമാൻഡ് കൊടുക്കുന്നത്.
ഒബി വാനിനുള്ളിലേക്ക് കയറുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. എവിടെയെങ്കിലും കൊണ്ട് അറിയാതെ ഒന്നു പോറുകയോ മറ്റോ ചെയ്‌താൽ സെപ്‌റ്റിക് ആകുമെന്ന് തീർച്ച. കാരണം ആ വണ്ടി മൊത്തം തുരുമ്പുപിടിച്ചിരിക്കുകയാണ്.
1974‐ൽ പഞ്ചാബിലെ ജലന്തറിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയപ്പോൾമുതൽ ഏതാണ്ട് ഒരു വ്യാഴവട്ടക്കാലത്തോളം ഉപയോഗിച്ചുകൊണ്ടിരുന്ന ഈ ഇലക്ട്രോണിക് ഫീൽഡ് പ്രൊഡക്ഷൻ (EFP) വാൻ പ്രവർത്തനക്ഷമത കുറഞ്ഞതോടെ കണ്ടം ചെയ്യാൻ വേണ്ടി ഇട്ടിരുന്നിടത്തുനിന്ന് കേരളത്തിലേക്ക് ഓടിച്ചു കൊണ്ടുവന്നതാണ്. കുടപ്പനക്കുന്നിൽ പണിതുയർത്തിക്കൊണ്ടിരുന്ന കൂറ്റൻ സ്റ്റുഡിയോ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് താൽക്കാലികമായി തട്ടിക്കൂട്ടിയ ആ സ്റ്റുഡിയോമുറിയും ആകെ പഴകിത്തുരുമ്പിച്ച ഒബി വാനും ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷൻ രംഗത്തേക്ക് അൽപ്പം ചില നാളുകൾക്കു മുമ്പു മാത്രം കടന്നുവന്ന ഏതാനും യുവാക്കളും ഒരുപാടുകാലം ആകാശവാണിയിൽ പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായെത്തിയ കുറേ സാങ്കേതികപ്രവർത്തകരും, അവരെയൊക്കെ നയിച്ചുകൊണ്ട് ദൃശ്യമാധ്യമത്തിൽ പരിചയസമ്പന്നനായ ഒരു മേധാവിയും. 1985 ജനുവരി ഒന്നിന് തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ചെയ്യാനാരംഭിക്കുന്നത് ഇങ്ങനെയാണ്. അതിന്റെ പിറ്റേന്നാൾ ജനുവരി രണ്ടാം തീയതി തത്സമയ വാർത്താസംപ്രേഷണവും ആരംഭിച്ചു. വൈകിട്ട് ആറുമുതൽ ഏഴര വരെ പരിപാടികൾ. 7.30‐ന് വാർത്തകൾ, പിന്നീടത് ഏഴുമണിയിലേക്ക് മാറി...
ഒ ബി വാനിനുള്ളിലെ പ്രൊഡക്ഷൻ കൺട്രോൾ പാനൽ
നാലു പതിറ്റാണ്ടുകൾക്കുമുമ്പ് ടെലിവിഷൻ മലയാളഭാഷ സംസാരിക്കാൻ തുടങ്ങിയ ആ നാളുകളിൽ ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങൾ. ലോകത്തെവിടെയുമുള്ള സംഭവങ്ങൾ ഞൊടിയിടകൊണ്ട് പ്രേക്ഷകരുടെ മുമ്പാകെ എത്തിക്കുന്നതും വിദൂര സ്ഥലങ്ങളിൽ നിൽക്കുന്ന റിപ്പോർട്ടർമാരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്‌റ്റുഡിയോയിൽ കൊണ്ടുവന്നിരുത്തി തത്സമയ ചർച്ച നടത്തുന്നതും രാജ്യത്തിന്റെ നാനാഭാഗങ്ങളിലും വിദേശത്തുമൊക്കെയുള്ള റിപ്പോർട്ടർമാരുമായി സ്‌റ്റുഡിയോയിൽ നിൽക്കുന്ന അവതാരക/ൻ ലൈവ് ഇന്ററാക്ഷൻ നടത്തുന്നതുമടക്കമുള്ള എന്തെല്ലാം എന്തെല്ലാം സംഗതികൾ ഒരു പുതുമയുമില്ലാത്ത നിത്യക്കാഴ്‌ചകളായി മാറിയിരിക്കുന്നു ഇന്ന്. അങ്ങനെയുള്ളപ്പോൾ ആദ്യകാലവാർത്താ സംപ്രേഷണം സംബന്ധിച്ചുള്ള ഈ പഴമ്പുരാണം പലർക്കും ഒരു കൗതുകവാർത്ത മാത്രമായിരിക്കും എന്നെനിക്കറിയാം. എങ്കിലും ഇന്നത്തെ മലയാള ടെലിവിഷൻ വാർത്തകളെകുറിച്ചുള്ള ചില ചിന്തകൾ പങ്കുവയ്‌ക്കുമ്പോൾ തുടക്കം അങ്ങനെയൊരു അനുഭവസ്‌മരണയിൽ നിന്നാകാം എന്നു കരുതി. ദൃശ്യമാധ്യമം കടന്നുപോയ അതിശയകരമായ വികാസപരിണാമങ്ങളുടെ കഥ കൂടിയാണ് ഈ നാല് ദശാബ്ദക്കാലത്തിന്റെ ചരിത്രം.
1985 ജനുവരി 2 രാത്രി 7.30. മലയാളത്തിലെ ആദ്യത്തെ വാർത്തകൾ പ്രേക്ഷകരുടെ സമക്ഷം എത്തിയത് ഒരുകൂട്ടം പരിമിതികളുടെ, അല്ലല്ല, ആകെമൊത്തം ഇല്ലായ്‌മകളുടെ നടുവിൽ നിന്നുകൊണ്ടായിരുന്നു. വാർത്താവതാരകൻ കറുപ്പിലും വെളുപ്പിലും പ്രത്യക്ഷപ്പെട്ടപ്പോൾ ഇടയ്ക്കിടയ്ക്ക് കടന്നുവന്ന ദൃശ്യങ്ങളെല്ലാം, തലേന്നാൾ ടാഗോർ തിയറ്ററിൽവച്ച് മുഖ്യമന്ത്രി ദൂരദർശൻ മലയാള സംപ്രേഷണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഉൾപ്പെടെയുള്ള ന്യൂസ് സ്റ്റോറികൾ വർണചാരുതയോടെയായിരുന്നു. പണ്ടൊക്കെ ഭാഗിക വർണചിത്രം എന്ന വിശേഷണവുമായെത്തിയിരുന്ന ചില മലയാള സിനിമകളെപ്പോലെ. വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയ ആ വാർത്താ ബുള്ളറ്റിന്റെ അവസാനത്തെ മിനിറ്റിൽ തത്സമയം കാലാവസ്ഥ റിപ്പോർട്ട് നൽകാനെത്തിയ വിദഗ്ധൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ക്യാമറ പെട്ടെന്ന് ഓഫായി ടിവി സ്‌ക്രീനിലാകെ ഇരുട്ടു പരന്നത് അണിയറപ്രവർത്തകരെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞു.
പ്രൊഡക്ഷൻ കൺട്രോൾ റൂമിലെ കൺസോളിലിരുന്ന്,ഫ്ലോർ മാനേജരും ക്യാമറാമാന്മാരും മറ്റു സാങ്കേതികപ്രവർത്തകരുമടക്കമുള്ള ടീം അംഗങ്ങൾക്ക് ‘കമാൻഡ്' നൽകിക്കൊണ്ട് ആ വാർത്താ ബുള്ളറ്റിന്റെ ചുക്കാൻ പിടിച്ച ലൈവ് പ്രൊഡ്യൂസർ എന്ന നിലയിൽ ആ നിമിഷങ്ങളിലേക്ക് വീണ്ടുമൊന്ന് തിരിഞ്ഞു നോക്കുമ്പോൾ അവാച്യമായ ഒരുതരം ഭൂതകാലക്കുളിർ മാത്രമല്ല, അന്നത്തെ ആ അതിഭീകരമായ നടുക്കവുംകൂടി ഞാൻ അനുഭവിക്കുന്നുണ്ട്, ഇപ്പോഴും!
നവമാധ്യമത്തിന്റെ
കടന്നുവരവ്
1950‐കളുടെ ഒടുവിൽ ഇന്ത്യയുടെ തലസ്ഥാനത്ത് നടന്ന ഒരു ശാസ്‌ത്രപ്രദർശനം വഴിതെളിച്ചത് ടെലിവിഷൻ എന്ന അന്നത്തെ നവമാധ്യമത്തിന്റെ രാജ്യത്തേക്കുള്ള കടന്നുവരവിനാണ്. അന്താരാഷ്‌ട്ര വ്യാവസായിക മേളയിൽ ക്ലോസ് സർക്യൂട്ട് ടെലിവിഷന്റെ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ച റേഡിയോ കോർപറേഷൻ ഓഫ് അമേരിക്കയും ഫിലിപ്സ് കമ്പനിയും അതിനായി സജ്ജമാക്കിയിരുന്ന ക്യാമറയും മറ്റ് സാങ്കേതികോപകരണങ്ങളും മുഴുവനും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് സമ്മാനിച്ചിട്ടാണ് മടങ്ങിപ്പോയത്. കൃഷിക്കും വ്യവസായത്തിനും ദാരിദ്ര്യ നിർമാർജനത്തിനുമൊക്കെ ഊന്നൽ നൽകിക്കൊണ്ട് വികസനത്തിന്റെ വഴിയേ കുതിച്ചും കിതച്ചുമൊക്കെ മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന അന്നത്തെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെലിവിഷൻ ഒരാഡംബരവസ്‌തുവാണെന്നായിരുന്നു നെഹ്റു വിശ്വസിച്ചത്. അതുകൊണ്ട് സ്‌കൂൾ വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്കായി എങ്ങനെ ഇതു പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് നോക്കൂ എന്ന നിർദേശത്തോടെ പ്രധാനമന്ത്രി ആ ഉപകരണങ്ങൾ ഡൽഹി ഭരണകൂടത്തിന് കൈമാറി.
1959 സെപ്‌തംബർ 15. യുനെസ്‌കോയുടെ പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ 500 വാട്ട് പ്രസരണശേഷി ഉപയോഗിച്ച് 25 കിലോമീറ്റർ ചുറ്റളവിൽ പരിപാടികളെത്തിക്കുന്ന ടെലിവിഷൻ സംപ്രേഷണത്തിന്റെ ഉദ്ഘാടനം രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. അന്ന് ടെലിവിഷൻ ആകാശവാണിയുടെ ഭാഗമായിരുന്നു. വിജ്ഞാനത്തിനും വികസനത്തിനുംവേണ്ടി ഉപയോഗപ്പെടുത്താൻ ഏറ്റവും പറ്റിയ ഒരു മാധ്യമമായിട്ടാണ് വിഖ്യാത ശാസ്‌ത്രജ്ഞരായ ഹോമി ഭാഭയും വിക്രം സാരാഭായിയുമൊക്കെ ടെലിവിഷനെ വിഭാവനം ചെയ്‌തിരുന്നത്. ശാസ്‌ത്രീയ നൃത്തവും സംഗീതവും മറ്റ് ക്ലാസിക്കൽ കലകളും കൃഷിദർശനുമായിരുന്നു അന്നത്തെ ടെലിവിഷൻ പരിപാടികൾ.
ബൈജു ചന്ദ്രൻ സംവിധാനം ചെയ്‌ത തകഴിയെകുറിച്ചുള്ള ഡോക്യുമെന്ററിയുടെ
ചിത്രീകരണം. അഭിമുഖം നടത്തുന്നത് മലയാറ്റൂർ രാമകൃഷ്‌ണൻ
ടെലിവിഷൻ വളരുന്നു
1965 ആഗസ്‌ത് 15‐നാണ് ടെലിവിഷൻ സംപ്രേഷണം ദിവസവും ഒരു മണിക്കൂറായി വർധിപ്പിക്കുന്നത്. തുടക്കത്തിൽ അഞ്ചുമിനിറ്റ് നേരം വാർത്തകൾ സംപ്രേഷണം ചെയ്തു. പിന്നീടത് പത്തു മിനിറ്റായി. 1972 തൊട്ടുള്ള അടുത്ത പന്ത്രണ്ട് വർഷക്കാലത്ത് രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിലും ടെലിവിഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു. 1976‐ൽ ആകാശവാണിയിൽനിന്ന് വേർപെട്ട് ദൂരദർശൻ എന്ന പേരിൽ സ്വന്തം അസ്തിത്വം കൈവരിച്ച ദേശീയ ടെലിവിഷൻ ഭൂതല സംപ്രേഷിണികളിലൂടെ രാജ്യമാകെ എത്താൻ തുടങ്ങി. എല്ലാ പ്രദേശങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന ദേശീയ പരിപാടിയുടെ തുടക്കമായി. ഡൽഹിയിൽനിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് പ്രാദേശിക ദൂരദർശൻ കേന്ദ്രങ്ങളിൽനിന്ന് അതത് ഭാഷകളിലും വാർത്തകൾ സംപ്രേഷണം ചെയ്‌തു.
ദൂരദർശന്റെ വാർത്തകളിലൂടെ ഗവൺമെന്റിന്റെ നയങ്ങൾക്കും കർമപരിപാടികൾക്കും പരമാവധി പ്രചാരം കൊടുക്കാനും അങ്ങനെ രാഷ്‌ട്രീയ സ്വാധീനം വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിലും അസമിലും കേന്ദ്രങ്ങൾ ആരംഭിച്ചു. 1984‐ൽ നടന്ന ഊർജിതമായ ഒരു റിക്രൂട്ട്മെന്റ് പരിപാടിയിലൂടെ തിരുവനന്തപുരത്തേക്കും ഗുവാഹത്തിയിലേക്കും ലക്‌നൗ ഉൾപ്പെടെ പല പുതിയ കേന്ദ്രങ്ങളിലേക്കും പ്രോഗ്രാം വിഭാഗത്തിൽ പ്രവർത്തിക്കാൻ ആളുകളെ തെരഞ്ഞെടുത്തു. നാടകം, സിനിമ, നൃത്തം, സംഗീതം, മാധ്യമപ്രവർത്തനം എന്നിവയ്‌ക്കുപുറമെ കൃഷി ഉൾപ്പെടെയുള്ള പ്രത്യേക കോഴ്സുകളുമൊക്കെ പഠിച്ച യുവാക്കൾക്ക് മുൻഗണന നൽകി. അങ്ങനെയാണ് പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിലും അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിലും പരിശീലനം പൂർത്തിയാക്കിയ ശേഷം ഞങ്ങളുടെ ആദ്യത്തെ ബാച്ച്, -- ഏഴ് പ്രൊഡ്യൂസർമാരും അഞ്ച് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരും, തിരുവനന്തപുരം ദൂരദർശനിൽ കർമകാണ്ഡത്തിന് തുടക്കം കുറിക്കുന്നത്.
ദൂരദർശനിലും ആകാശവാണിയിലും വാർത്തകളുടെ ഉള്ളടക്കം നിശ്ചയിക്കാനും തയ്യാറാക്കി അവതരിപ്പിക്കുന്നതിനുമായി അന്ന് സെൻട്രൽ ഇൻഫർമേഷൻ സർവീസിലെ (പിന്നീടത് ഇന്ത്യൻ ഇൻഫർമേഷൻ സർവീസായി) ഉദ്യോഗസ്ഥന്മാരാണ് നിയോഗിക്കപ്പെട്ടിരുന്നത്. ഇവർ തന്നെയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ഫീൽഡ് പബ്ലിസിറ്റി, ഡിഎവിപി, സോങ് ആൻഡ് ഡ്രാമ ഡിവിഷൻ തുടങ്ങിയ മറ്റ് കേന്ദ്ര ഏജൻസികളിൽ പ്രവർത്തിക്കാനും നിയുക്തരാകുന്നത്. (ബിജെപി അധികാരത്തിലേറിയ ശേഷം സർക്കാരിന്റെ പരിപാടികളുടെ പ്രചാരണത്തിന് കൂടുതൽ ശക്തി പകരുന്നതിനായി പിഐബി ഒഴിച്ചുള്ള മറ്റ് ഏജൻസികൾ എല്ലാംകൂടി സംയോജിപ്പിച്ചുകൊണ്ട് സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന് രൂപം നൽകി.) ന്യൂസ് എഡിറ്റർ, അസിസ്‌റ്റന്റ് ന്യൂസ് എഡിറ്റർ, ന്യൂസ് കറസ്‌പോണ്ടന്റ് (ആകാശവാണിയിൽ) എന്നീ തസ്‌തികകളിലാണ് വാർത്താവിഭാഗത്തിലെ ഉദ്യോഗസ്ഥന്മാർ പ്രവർത്തിക്കുന്നത്.
അന്നും ഇന്നും ഈ ഉദ്യോഗസ്ഥരുടെ പ്രധാന പ്രതിബദ്ധത അതത് കാലത്ത് ഭരിക്കുന്ന സർക്കാരിനോടാണ്. ഭരണകൂടം നടപ്പാക്കിവരുന്ന പദ്ധതികൾക്കും പരിപാടികൾക്കും ആവശ്യമായ പ്രചാരം നൽകുക എന്നതുതന്നെയാണ് അവരുടെ മാൻഡേറ്റ്.
ദൂരദർശനിലെ ആദ്യ ടീം‐ ബൈജു ചന്ദ്രൻ, ശ്യാമപ്രസാദ്, സി സാജൻ
ആകാശവാണി അടക്കമുള്ള മറ്റ് ഔദ്യോഗിക മാധ്യമങ്ങളിൽ പ്രവർത്തിച്ചുള്ള പരിചയം ധാരാളമുണ്ടായിരുന്നെങ്കിലും ദൃശ്യമാധ്യമത്തിലുള്ള പരിചയം അവർക്ക് തീരെ കുറവായിരുന്നു. എന്നാൽ ബ്രോഡ്കാസ്‌റ്റ് ലാംഗ്വേജ് എന്ന് വിളിക്കപ്പെടുന്ന, ടിവി, റേഡിയോ മാധ്യമങ്ങൾക്കുവേണ്ടിയുള്ള എഴുത്തുഭാഷയിൽ അസാമാന്യമായ സ്വാധീനവും കയ്യടക്കവും ഉള്ളവരായിരുന്നു അവർ. അനാവശ്യമായ വിശേഷണവിശേഷങ്ങളും പദപ്രയോഗങ്ങളുമൊക്കെ ഒഴിവാക്കിക്കൊണ്ട്, കൊച്ചു കൊച്ചു വാചകങ്ങളിലൂടെ പ്രേക്ഷകനിലേക്ക് ഒറ്റക്കേൾവിയിൽ തന്നെ വാർത്തയുടെ സാരാംശം പകർന്നുകൊടുക്കുന്ന തരത്തിലുള്ള ആ ഭാഷയായിരുന്നു ദൂരദർശന്റെയും ആകാശവാണിയുടെയും വാർത്തകളുടെ പ്രത്യേകത. ആകാശവാണിയിലായാലും ദൂരദർശനിലായാലും പത്തോ പതിനഞ്ചോ മിനിറ്റുകൾകൊണ്ട് പരമാവധി വാർത്തകൾ മാലോകരിലേക്ക് എത്തിക്കുക, ഔദ്യോഗിക മാധ്യമത്തിന് കൽപ്പിക്കപ്പെട്ടിട്ടുള്ള വിശ്വസനീയതയും വിശ്വാസ്യതയും കഴിയുന്നിടത്തോളം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ -- ഇതവർ കഴിയുന്നത്ര ഭംഗിയായി ചെയ്‌തുപോന്നു. വെറുമൊരു സർക്കാർ ഗസറ്റായിരുന്നില്ല ഹ്രസ്വമായ ആ വാർത്താ ബുള്ളറ്റിൻ. ദേശീയവും അന്തർദേശീയവും പ്രാദേശികവുമായ വാർത്തകൾ കഴിയുന്നത്ര ദൃശ്യങ്ങളുടെ അകമ്പടിയോടെ തന്നെ അതിൽ ഉൾക്കൊള്ളിച്ചിരുന്നു. സെൻസേഷണലിസത്തിന് തീരെ സ്ഥാനമുണ്ടായിരുന്നില്ലെന്ന് മാത്രം.
വാർത്തകളിൽ ഉൾപ്പെടുത്താൻ തീരുമാനിക്കപ്പെട്ട ദൃശ്യങ്ങൾ ഒരു ന്യൂസ് സ്‌റ്റോറിയായി എഡിറ്റ് ചെയ്യുക, ന്യൂസ് റീഡർ സ്‌റ്റുഡിയോയിൽനിന്ന് തത്സമയം വാർത്തകൾ വായിക്കുന്നതനുസരിച്ച് ഓഡിയോ ‐ വീഡിയോ ഇൻപുട്ടുകളെയെല്ലാം കോർത്തിണക്കി പ്രൊഡക്ഷൻ കൺട്രോൾ റൂമിലിരുന്ന് ബുള്ളറ്റിൻ പ്രൊഡ്യൂസ് ചെയ്യുക എന്നതായിരുന്നു ഞങ്ങൾ പ്രൊഡ്യൂസർമാരുടെ ജോലി. മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും പത്രത്തിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമായിരുന്നു യോഗ്യത. വാർത്താ വായനക്കാർ സ്ഥിരം സ്‌റ്റാഫിൽ പെട്ടവരായിരുന്നില്ല. കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരായിരുന്നു. ജേർണലിസത്തിന്റെ പശ്ചാത്തലമുള്ളവർ പോലും അക്കൂട്ടത്തിൽ കുറവായിരുന്നു.
ദൂരദർശന്റെ മുഖഛായ മാറുന്നു
1987‐88 കാലത്ത് ഭാസ്‌കർ ഘോഷ് എന്ന ഐഎഎസ് ഓഫീസർ ദൂരദർശന്റെ ഡയറക്ടർ ജനറലായിരിക്കുമ്പോൾ ദൂരദർശൻ വാർത്തകളുടെ മുഖഛായ തന്നെ മാറി. രാജ്യത്തിന്റെ വിദൂരമായ കോണുകളിൽപ്പോലും ദൂരദർശൻ വാർത്തകളും പരിപാടികളും എത്തുന്നുണ്ടായിരുന്നു അന്ന്. മാത്രമല്ല ഡൽഹി, ബോംബെ, കൽക്കട്ട, മദ്രാസ്, ബാംഗ്ലൂർ, ഹൈദരാബാദ്, ഗുവാഹത്തി, തിരുവനന്തപുരം, ജലന്തർ, ശ്രീനഗർ, ലക്‌നൗ, ഭുവനേശ്വർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ദൂരദർശൻ കേന്ദ്രങ്ങളും ഉപനഗരങ്ങളിൽ റിലേ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു. എന്നാൽ അവിടെനിന്നൊന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ കറസ്‌പോണ്ടന്റുമാരോ റിപ്പോർട്ടർമാരോ ഉണ്ടായിരുന്നില്ല. നേരത്തെ പറഞ്ഞതുപോലെ വാർത്തകളുടെ ചുമതല വഹിച്ചിരുന്ന ന്യൂസ് എഡിറ്റർ, അസിസ്‌റ്റന്റ് ന്യൂസ് എഡിറ്റർ എന്നീ രണ്ടു തസ്‌തികകളിലും കേന്ദ്ര ഗവൺമെന്റിന്റെ സെൻട്രൽ ന്യൂസ് സർവീസിലുള്ള ഉദ്യോഗസ്ഥന്മാരാണ് പ്രവർത്തിച്ചിരുന്നത്. ആകാശവാണിയിൽനിന്ന് ദൂരദർശനിലേക്ക് മാറി വന്നവരിൽ പലരും ജേർണലിസ്‌റ്റ് എന്ന നിലയിൽ പ്രാഗത്ഭ്യമുള്ളവരായിരുന്നെങ്കിലും ടിവി മാധ്യമത്തിൽ പ്രവർത്തിച്ചു പരിചയമില്ലാതിരുന്നതുകൊണ്ട് ദൃശ്യ ബോധ (visual sense)മുള്ളവർ കുറവായിരുന്നു. റേഡിയോ വാർത്തകൾക്ക് visual support നൽകുന്നതുപോലെയായിരുന്നു അന്നൊക്കെ ടിവി വാർത്തകൾ. ഇക്കാര്യത്തിന്റെ പേരിൽ news contentന്റെ ചുമതലയുള്ള ന്യൂസ് എഡിറ്റർമാരും visual content തയ്യാറാക്കുന്ന പ്രൊഡ്യൂസർമാരും തമ്മിൽ പലപ്പോഴും സംഘർഷം ഉടലെടുത്തിരുന്നു. മാത്രമല്ല, ബുള്ളറ്റിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം പ്രൊഡ്യൂസർമാർക്ക് കാര്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. വാർത്തകളുടെ ഉള്ളടക്കത്തിൽ ന്യൂസ് എഡിറ്റർമാർ കർശനമായി നടപ്പിലാക്കിയിരുന്ന പല ‘അരുതായ്കകളെ'യും മറികടന്നുകൊണ്ട് വാർത്തകൾക്ക് പിന്നിൽ, വാർത്താചിത്രം, സംവാദം തുടങ്ങിയ ചില പരിപാടികളിലൂടെ വ്യത്യസ്‌തമായ കണ്ടന്റുകൾ അവതരിപ്പിക്കാൻ ഞങ്ങൾ പ്രൊഡ്യൂസർമാർ ശ്രമിച്ചു.
രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് ദേശീയ ശൃംഖലയിലുള്ള ഇംഗ്ലീഷ്, ഹിന്ദി വാർത്താ ബുള്ളറ്റിനുകളിലേക്കും അതുപോലെതന്നെ അതത് പ്രാദേശിക ഭാഷകളിലെ വാർത്താ ബുള്ളറ്റിനുകളിലേക്കും വാർത്തകൾ നേരിട്ടു റിപ്പോർട്ട് ചെയ്യാനായി ഒരു സംഘം യുവ മാധ്യമപ്രവർത്തകരെ തെരഞ്ഞെടുത്തുകൊണ്ടാണ് ഭാസ്‌കർ ഘോഷ് ദൂരദർശൻ വാർത്തകളിൽ ഒരു വിപ്ലവത്തിന് വഴിയൊരുക്കിയത്. പ്രമുഖ പത്രമാധ്യമങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ളവരും ജേർണലിസത്തിൽ ഉന്നതബിരുദം നേടിയവരുമായിരുന്നു ഈ സംഘത്തിൽപ്പെട്ടവരെല്ലാം. പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ പരിശീലനത്തിനുശേഷം ദൂരദർശന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഇവരുടെ അരങ്ങേറ്റം 1989‐ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലായിരുന്നു. ഒരുകാലത്ത് മലയാള ടെലിവിഷൻ വാർത്തകളുടെ ലോകത്തെ ഒരു iconic figure ആയിരുന്ന ജോൺ ഉലഹന്നാൻ ആ ബാച്ചിൽപെട്ട ഒരാളായിരുന്നു. 1990‐ലെ ഗൾഫ് യുദ്ധകാലത്ത് യുദ്ധഭൂമിയിൽനിന്ന് ഉലഹന്നാൻ നേരിട്ടു നൽകിയ റിപ്പോർട്ടുകളും മറ്റുപല പൊളിറ്റിക്കൽ സ്റ്റോറികളും മലയാളം ടെലിവിഷനിൽ ആദ്യമായിട്ടായിരുന്നു. ‘സംസാരിക്കുന്ന തലകളേ'ക്കാൾ ദൃശ്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു കഥപറച്ചിൽ സമ്പ്രദായമാണ് വാർത്തകളിലൂടെയും വാർത്താധിഷ്ഠിത പരിപാടികളിലൂടെയും അനുവർത്തിച്ചുപോന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക കലാരംഗങ്ങളിലെ മുന്നേറ്റങ്ങളും വേർപാടുകളുമുൾപ്പെടെയുള്ള ഓരോ ചലനങ്ങളും അന്നൊക്കെ ദൂരദർശന്റെ വാർത്തകളിലൂടെയാണ് കേരളം കണ്ടറിഞ്ഞത്. കേരളത്തിന് നേർക്കു പിടിച്ച കണ്ണാടിയായി ദൂരദർശൻ വാർത്തകൾ.
പഴയകാല ടെലിവിഷൻ സ്‌റ്റുഡിയോ
വിധേയരാകാൻ
വിധിക്കപ്പെട്ടവർ
ഇന്ന് ഡിഡി ന്യൂസ് ചാനലിനുവേണ്ടി വാർത്തകൾ തയ്യാറാക്കുന്നതും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതും ഐഐഎസ് ഉദ്യോഗസ്ഥന്മാരും അവരെ സഹായിക്കാനായി താൽക്കാലികാടിസ്ഥാനത്തിൽ (long term contract) തെരഞ്ഞെടുക്കപ്പെട്ട റിപ്പോർട്ടർമാരും സ്ട്രിങ്ങർമാരും വാർത്താവതാരകരുമാണ്. പ്രാദേശിക കേന്ദ്രങ്ങളിൽ ന്യൂസ് ഡയറക്ടർ, ന്യൂസ് എഡിറ്റർ തുടങ്ങിയ ഏതാനും ചിലർ ഒഴിച്ചാൽ മറ്റുള്ളവരെല്ലാം ഹ്രസ്വകാലത്തേക്ക് മാത്രമായി നിയോഗിക്കപ്പെടുന്ന ലേഖകരും സ്‌ട്രിങ്ങർമാരും വാർത്താവതാരകരുമാണ്. സ്‌റ്റുഡിയോ, പ്രൊഡക്ഷൻ കൺട്രോൾ പാനൽ, മറ്റ് സാങ്കേതിക വിഭാഗങ്ങൾ ഇവിടങ്ങളിലിരുന്നുകൊണ്ട് ലൈവ് ആയി വാർത്ത പ്രൊഡ്യൂസ് ചെയ്യുന്ന ടീമിൽ പെട്ടവരെല്ലാം ദൂരദർശൻ സ്റ്റാഫ് ഉദ്യോഗസ്ഥരാണ്. എന്നാൽ ഇപ്പോൾ പ്രോഗ്രാം സ്റ്റാഫിലുള്ളവർ എണ്ണത്തിൽ കുറവായതുകൊണ്ട് ഡിഡി ന്യൂസ് ചാനൽ ഉൾപ്പെടെ പലയിടത്തും ക്യാമറ കൈകാര്യം ചെയ്യുന്നവരും പ്രൊഡ്യൂസർ ആയി പിസിആറിൽ ഇരുന്നുകൊണ്ട് നിർദേശങ്ങൾ കൊടുക്കുന്നതും നേരത്തെ പറഞ്ഞ long term/short term കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരാണ്. സ്വകാര്യ ചാനലുകളിൽനിന്ന് ദൂരദർശൻ വാർത്തകളുടെ ഘടനയും പ്രവർത്തനരീതിയുമൊക്കെ എങ്ങനെ വ്യത്യസ്‌തമായിരിക്കുന്നു എന്നു സൂചിപ്പിക്കാനാണ് ഇത്രയും വിശദീകരിച്ചത്.
‘ദൂരദർശൻ’ എന്ന പേര് സ്വീകരിച്ചുകൊണ്ട് ഇന്ത്യൻ ടെലിവിഷൻ ആകാശവാണിയുടെ കുടക്കീഴിൽ നിന്ന് സ്വതന്ത്രമായി സ്വന്തമായ വ്യക്തിത്വം നേടുന്നത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു എന്നു പറഞ്ഞല്ലോ. തുടർന്നു വന്ന ജനതാ ഭരണകാലത്താണ് അന്നത്തെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി എൽ കെ അദ്വാനിയുടെ കീഴിൽ സ്വയംഭരണത്തെക്കുറിച്ചുള്ള ചിന്തകൾക്കു തുടക്കമിടുന്നത്. (ഓർമയില്ലേ? "അടിയന്തരാവസ്ഥയിൽ കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞവരാണ് ഇന്ത്യൻ മാധ്യമങ്ങൾ’ എന്ന പ്രസിദ്ധമായ വാചകം! ശതാബ്ദിയുടെ തൊട്ടടുത്തു നിൽക്കുന്ന അദ്വാനി, ഭരണകൂടത്തിന് അടിമപ്പണി ചെയ്‌തുകൊണ്ടിരിക്കുന്ന ഇന്നത്തെ ഗോദി മീഡിയയെക്കുറിച്ച് എന്തു പറയുന്നോ ആവോ?)തുടർന്നുള്ള വർഷങ്ങളിൽ ബി ജി വർഗീസ് കമ്മിറ്റിയുടെ രൂപീകരണമുൾപ്പെടെ ആ ദിശയിൽ കാര്യങ്ങൾ ഏറെ മുന്നേറിയെങ്കിലും വർഷങ്ങൾ വേണ്ടിവന്നു പാർലമെന്റ് പ്രസാർ ഭാരതി ബില്ല് പാസാക്കാനും ഒരു ‘ഓട്ടോണമസ് ബ്രോഡ്കാസ്റ്റിങ് കോർപറേഷ'ന്റെ കീഴിൽ ദൂരദർശനും ആകാശവാണിയും പ്രവർത്തനം തുടങ്ങാനും. അതുകൊണ്ടെന്ത് പ്രയോജനമുണ്ടായി എന്ന് പിന്നീടു പറയാം.
അമിതാബ് ബച്ചനോടൊപ്പം ബൈജുചന്ദ്രൻ
ദൂരദർശനും ആകാശവാണിയും എക്കാലത്തും അതത് കാലത്ത് ഇന്ത്യ ഭരിച്ചിരുന്ന രാഷ്‌ട്രീയ പാർടികളുടെ വിധേയരായിരുന്നു എന്ന കാര്യത്തിൽ ഒരു തർക്കത്തിന്റെയും കാര്യമില്ല. മാധ്യമ സ്വയംഭരണത്തെ പരമപവിത്രമായി കാണുന്ന യൂറോപ്യൻ ജനാധിപത്യ രാഷ്‌ട്രങ്ങളിൽനിന്ന് വ്യത്യസ്‌തമായി ഭരണകക്ഷിയുടെ വക്താക്കളായിട്ടാണ് ഈ രണ്ടു മാധ്യമങ്ങളും ഇന്ത്യയിൽ എന്നും പ്രവർത്തിച്ചു പോന്നിട്ടുള്ളത്. ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ് അവരുടെ പ്രചാരവേല നടത്താൻ വേണ്ടിയുള്ള സ്ഥാപനങ്ങളായി തന്നെയാണ് ഔദ്യോഗിക മാധ്യമങ്ങളെ കണ്ടിരുന്നത്. അടിയന്തരാവസ്ഥക്കാലത്തെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി വി സി ശുക്ലയുടെ കിരാത ഭരണത്തെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. അതിൽനിന്ന് ഒട്ടും മോശമല്ലാത്ത, notorious എന്ന പേരു സമ്പാദിച്ച ഭരണാധികാരികളായിരുന്നു എസ് കൃഷ്‌ണകുമാർ, കെ കെ തിവാരി, കെ പി സിങ് ദേവ് തുടങ്ങിയ കോൺഗ്രസിന്റെ മന്ത്രിമാർ. എസ് കൃഷ്‌ണകുമാർ മന്ത്രിയായിരുന്ന കാലത്ത് ദൂരദർശന്റെ മലയാളം വാർത്തകളെ കൃഷ്‌ണകുമാർദർശൻ ആക്കി മാറ്റിയ കാര്യം ഇപ്പോഴും ഓർമയുള്ളവർ ഉണ്ടാകും. പിന്നീട് സ്മൃതി ഇറാനിയെപ്പോലുള്ളവർ ആ സ്ഥാനത്തേക്ക് വന്നതോടെയാണ് പഴയ കോൺഗ്രസ് മന്ത്രിമാരുടെ ചീത്തപ്പേര് കുറച്ചെങ്കിലും മാറിക്കിട്ടിയത്.
എന്റെ അനുഭവത്തിൽ വി പി സിങ് പ്രധാനമന്ത്രിയായിരുന്ന 1989‐90 കാലവും യുണൈറ്റഡ് ഫ്രണ്ട് ഭരണം നടന്ന 1996-‐98 നാളുകളും മാത്രമാണ് ദൂരദർശനിലും ആകാശവാണിയിലും ഭരണപക്ഷത്തിന്റെ വലിയതോതിലുള്ള ഇടപെടലുകളൊന്നും ഇല്ലാതിരുന്ന കാലഘട്ടം. യുഎഫിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ജയ്‌പാൽ റെഡ്ഡിയാണല്ലോ പ്രസാർ ഭാരതി ബില്ല് പാസാക്കാൻ തന്നെ മുൻകൈയെടുത്തത്.
ദൂരദർശന്റെയും സ്വകാര്യ ചാനലുകളുടെയും ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവർത്തനശൈലിയും അങ്ങേയറ്റം വ്യത്യസ്‌തവും ഒരു തരത്തിലുള്ള താരതമ്യവുമില്ലാത്തതുമാണ് എന്നതാണ് വാസ്‌തവം. പൊതു (ജന) സേവന പ്രക്ഷേപണമാണ് ദൂരദർശന്റെ മാൻഡേറ്റ്‐ Public Service Broadcasting. 1997‐ൽ ആ വലിയ ലക്ഷ്യത്തോടെയാണ് പ്രസാർ ഭാരതി നിയമം പാർലമെന്റ് പാസാക്കിയത്. അതിന്റെ അടിസ്ഥാനത്തിൽ പ്രസാർ ഭാരതി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ എന്ന സ്വയംഭരണസ്ഥാപനം നിലവിൽ വരികയും ഗവൺമെന്റിൽനിന്ന് ദൂരദർശന്റെയും ആകാശവാണിയുടെയും ഭരണ ചുമതല ഏറ്റെടുക്കുകയും ചെയ്‌തു. മാധ്യമ സ്വയംഭരണം എന്ന മഹത്തായ ലക്ഷ്യം നേടുന്നതിനുവേണ്ടി സമരം ചെയ്യുകയും അതിന്റെ പേരിൽ വിദൂര പ്രദേശങ്ങളിലേക്കുള്ള സ്ഥലംമാറ്റമുൾപ്പെടെയുള്ള ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തവരാണ് അന്നത്തെ പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തിരുന്നവർ. നിഖിൽ ചക്രവർത്തിയെപ്പോലെ ഇന്ത്യ കണ്ട മഹാനായ ഒരു മാധ്യമപ്രവർത്തകൻ ചെയർമാനായി പ്രസാർ ഭാരതി നിലവിൽ വന്നപ്പോൾ ഞങ്ങളൊക്കെ ഒരുപാടാഹ്ലാദിച്ചു. എന്നാൽ കാര്യങ്ങളാകെ മാറി മറിയുന്നതാണ് പിന്നീട് കണ്ടത്. പ്രത്യേകിച്ച് 2014‐ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം.
പഴയ കാലത്തെ ഒ ബി വാൻ
പൊതുജന പ്രക്ഷേപണത്തിന്റെ
സംഘകാലം
വാജ്പേയിയുടെ ഭരണകാലത്ത് കാര്യമായ കൈകടത്തലുകൾ ഇല്ലായിരുന്നെങ്കിലും 2014‐ നുശേഷം കാര്യങ്ങളാകെ മാറി. തെരഞ്ഞെടുപ്പ് കമീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ചൊൽപ്പടിക്ക് നിർത്തുന്ന സംഘപരിവാറിനാണോ പ്രസാർ ഭാരതിയെ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കാൻ പ്രയാസം? നാഗ്പൂരിന്റെ വിനീതവിധേയരായ "ബുദ്ധിജീവികൾ’ ചെയർമാന്റെയും സിഇഓയുടെയും ബോർഡ് മെമ്പർമാരുടെയും കസേരകളിൽ മാറി മാറി അവരോധിക്കപ്പെട്ടു. പ്രോഗ്രാം വിഭാഗം എന്നൊന്ന് തീർത്തും ഇല്ലാതായി. ദൂരദർശന്റെ ഡയറക്ടർ ജനറൽ കസേരയുൾപ്പെടെ നിർണായക സ്ഥാനങ്ങളെല്ലാം ഇൻഫർമേഷൻ സർവീസുകാർക്കും സാങ്കേതിക വിഭാഗത്തിൽപ്പെട്ടവർക്കും വിട്ടുകൊടുത്തു. വാർത്താവിഭാഗത്തിന്റെ മേധാവികളും അവതാരകരും റിപ്പോർട്ടർമാരുമെല്ലാം സ്വയംസേവകസംഘത്തിന്റെ സമർപ്പിതഭടന്മാരായി. ദൂരദർശന്റെ ലോഗോ പോലും കാവി നിറത്തിലേക്ക് മാറ്റി. ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് മാധ്യമ സ്വാതന്ത്ര്യം, സ്വയംഭരണം എന്നീ മഹത്തായ ഉദ്ദേശ്യങ്ങളോടെ ബിബിസിയുടെ മാതൃകയിൽ രൂപീകരിക്കപ്പെട്ട ഒരു സ്വയംഭരണ സ്ഥാപനമാണ് എന്നുള്ളതാണ് ഏറ്റവും വലിയ ഐറണി.
അതേസമയംതന്നെ പുതിയ സാങ്കേതികവിദ്യയുടെയും സംവിധാനങ്ങളുടെയും സഹായത്തോടെ സ്വകാര്യ വാർത്താചാനലുകളോട് കിടപിടിക്കുന്ന രീതിയിൽ തന്നെയാണ് ദൂരദർശൻ വാർത്തകൾ സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ദൂരദർശന്റെയും ആകാശവാണിയുടെയും ആരംഭകാലം തൊട്ടുതന്നെ വാർത്തകളുടെ കാര്യത്തിൽ കർശനമായി നടപ്പാക്കിവന്നിരുന്ന കോഡ് ഓഫ് കണ്ടക്ടും പ്രോഗ്രാം എത്തിക്‌സുമൊക്കെ ഇന്നൊരു പഴങ്കഥയായി മാറിയിരിക്കുന്നു.
ഒരു ഔട്ട്‌ഡോർ ചിത്രീകരണ വേളയിൽ
ചാനൽ വസന്തം
1984‐ൽ ദൂരദർശനെ കേരളത്തിലേക്ക് കൊണ്ടുവരാൻ മുൻകൈയെടുത്ത കെ കരുണാകരൻ തന്നെയാണ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ 1993‐ൽ മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ആരംഭിക്കാൻ ആവശ്യമായ സഹായങ്ങളും ഭരണപരമായ പിന്തുണയും നൽകിയത്. തുടർന്ന് സൂര്യ, കൈരളി, ജീവൻ ടിവി എന്നീ ചാനലുകൾ എത്തി. പിന്നീടാണ് മലയാള ടെലിവിഷൻ സംപ്രേഷണത്തിന്റെ അലകും പിടിയും മാറ്റിമറിച്ചുകൊണ്ട് ഒരു മുഴുസമയ വാർത്താ ചാനലായ ഇന്ത്യാവിഷൻ എത്തുന്നത്. ആദ്യത്തെ ന്യൂസ് ചാനൽ എന്ന ഖ്യാതി അവർക്കു വിട്ടുകൊടുക്കാതിരിക്കാൻവേണ്ടി അതിനു തൊട്ടുമുമ്പ് ഏഷ്യാനെറ്റിന്റെ ഒരു ചാനൽ വാർത്താചാനലായി രൂപാന്തരം പ്രാപിച്ചുവെന്നത് ചരിത്രം.
മലയാളത്തിലെ മുൻനിരപ്പത്രങ്ങളായ മനോരമയുടെയും മാതൃഭൂമിയുടെയും സ്വന്തം വാർത്താ ചാനലുകളുടെ വരവ് അതിനുശേഷമാണ്. അമൃതാ ടിവി, മീഡിയ വൺ, കോൺഗ്രസിന്റെ ചാനലായ ജയ്ഹിന്ദ്, സംഘപരിവാറിന്റെ ജിഹ്വയായ ജനം ടിവി, ന്യൂസ് 18 എന്ന ദേശീയ ചാനലിന്റെ മലയാളം എന്നിവയും വാർത്തകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ആരംഭിച്ചത്. ടിവി ന്യൂ, മംഗളം,സീ ന്യൂസ് തുടങ്ങിയ ചാനലുകളും ഇടയ്‌ക്കൊന്നു വന്ന് തലകാണിച്ചിട്ട് പോയി. ഇന്ത്യാ വിഷൻ തകർച്ചയെ നേരിട്ടപ്പോൾ അതേ വീറോടെ റിപ്പോർട്ടർ എന്ന ചാനൽ വന്നു. ഫ്ലവേഴ്സ് ടിവിയുടെ വാർത്താമുഖമായ 24 ന്യൂസ് എത്തി. കുതിച്ചും കിതച്ചുമൊക്കെ മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്ന റിപ്പോർട്ടർ ടിവി പുതിയൊരു ടീമിന്റെ കൈകളിൽ എത്തിയതോടെ വർധിത വീര്യത്തോടെ മുന്നണിയിലെത്തി. ന്യൂസ് മലയാളം, ബിഗ് ടിവി എന്നീ വാർത്താ ചാനലുകളും സജീവമായി രംഗത്തെത്തി. കേബിൾ ടിവിക്കാരുടെ വകയായ എസിവി ന്യൂസ്, കേരളാ വിഷൻ എന്നീ ചാനലുകളും പരാമർശമർഹിക്കുന്നവയാണ്.
ഇവയ്‌ക്ക് സമാന്തരമായി ദൂരദർശൻ വാർത്തകൾ കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക മാധ്യമമെന്ന നിലയിൽ അവരുടേതായ ശൈലിയിൽ മുന്നോട്ടു പോകുന്നു. കൂടാതെ, വാളെടുത്തവനൊക്കെ വെളിച്ചപ്പാട് എന്ന മട്ടിൽ ഒട്ടേറെ യൂട്യൂബ് ചാനലുകളും.
ഡിഷ് ആന്റിന
മലയാളത്തിലെ സ്വകാര്യ ചാനലുകൾ തുടക്കത്തിൽ ഒരൊറ്റ അവതാരക/ൻ വാർത്ത വായിച്ചവതരിപ്പിക്കുന്ന ദൂരദർശന്റെ വാർത്താ ബുള്ളറ്റിൻ ശൈലി തന്നെയാണ് സ്വീകരിച്ചിരുന്നത്. അതിൽ കാണിക്കുന്ന സ്റ്റോറികളുടെ കാര്യത്തിലാണ് വ്യത്യസ്‌തമായ ട്രീറ്റ്മെന്റ് ഉണ്ടായിരുന്നത്. ദൂരദർശന്റെ വികസനോന്മുഖ റിപ്പോർട്ടിങ്ങിന് പകരം വിമർശനാത്മകവും അന്വേഷണപരവുമായ റിപ്പോർട്ടിങ്ങിന് അവർ ഊന്നൽ നൽകി. രാഷ്‌ട്രീയ സംഭവങ്ങളും അണിയറക്കഥകളും വാർത്തകളുടെ ഒന്നാം നമ്പർ ഐറ്റമായി മാറി. ദൂരദർശൻ ലക്ഷ്മണരേഖ വരച്ചുവച്ചുകൊണ്ട് അകലം പാലിച്ചിരുന്ന ഒട്ടനേകം മേഖലകളിലേക്ക് കൂസലില്ലാതെ കയറിച്ചെന്നതോടെ സ്വകാര്യ വാർത്താ ചാനലുകൾക്ക് പ്രേക്ഷകരെ എളുപ്പത്തിൽ പിടിച്ചെടുക്കാനായി. അതോടെ ബെല്ലും ബ്രേക്കും ഇല്ലാത്ത മത്സരയോട്ടത്തിന്റെ തുടക്കവുമായി.
വാർത്തകൾക്കുവേണ്ടി മാത്രമുള്ള ചാനലുകൾ വന്നതോടെ വാർത്താവതരണത്തിന്റെയും സ്വഭാവം മാറി. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ ചാനലുകൾ അവതരിപ്പിച്ച ‘ന്യൂസ് അവർ’ എന്ന പേരിലുള്ള സായാഹ്ന ന്യൂസ് ഷോകൾ ഇവിടെയും വന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ ദിവസവും ഉണ്ടായ പ്രധാന വാർത്താ സംഭവങ്ങളെ പ്രത്യേക റിപ്പോർട്ടുകളായി അവതരിപ്പിക്കുന്ന ന്യൂസ് പ്രോഗ്രാം, ആ ദിവസം നിറഞ്ഞുനിൽക്കുന്ന പ്രധാന വാർത്തയെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട വ്യക്തികളും മാധ്യമപ്രവർത്തകരും രാഷ്‌ട്രീയ നിരീക്ഷകരുമൊക്കെയടങ്ങുന്ന വിദഗ്ധരുടെ ഒരു പാനൽ സ്റ്റുഡിയോയിൽ ഇരുന്നുകൊണ്ടു നടത്തുന്ന ചർച്ച എന്നിങ്ങനെ രണ്ട് തരത്തിലുള്ള പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. വാർത്തയും വീക്ഷണവും വിശകലനവുമൊക്കെ തമ്മിലുള്ള വ്യത്യാസം അതോടെ നേർത്ത് നേർത്തില്ലാതായി. വസ്‌തുനിഷ്ഠമായ റിപ്പോർട്ടിങ് എന്നുള്ളത് എവിടെയോ പോയ്‌മറഞ്ഞു. അവതാരകന്റെ വ്യക്തിനിഷ്ഠമായ അഭിപ്രായങ്ങൾക്കായി മേൽക്കൈ.
ദൃശ്യമാധ്യമം എന്നാൽ വാർത്താ ചാനലുകൾ എന്നതാണല്ലോ ഇന്നത്തെ രീതി. സാമാന്യബോധവും വിവരവും ഉണ്ടെന്ന് കരുതപ്പെടുന്നവർപോലും ദൃശ്യമാധ്യമപ്രവർത്തകർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വാർത്താവതാരകരെയും (anchor person) റിപ്പോർട്ടർമാരെയും അഭിമുഖകാരെയുമാണ്. ദൃശ്യമാധ്യമ പ്രവർത്തകർക്ക് സർക്കാർ ഉൾപ്പെടെയുള്ളവർ കൊടുക്കുന്ന അവാർഡുകൾ കണ്ടാൽ അതു മനസ്സിലാകും.
Talking Headsനും Bite (ബൈറ്റ്) കൾക്കുമാണ് ഇവിടെ ആധിപത്യം. ദൃശ്യങ്ങളുടെ സ്ഥാനമാകട്ടെ ബഹുദൂരം പിറകിലും. പേമാരി പോലെ നിർത്താതെ പെയ്യുന്ന വായ്‌ത്താരിയാണ് ന്യൂസ് ചാനലുകൾക്ക് വേണ്ടത്. വാർത്താവതാരകന്റെ /യുടെ ടെലി പ്രോംപ്റ്ററിങ് നോക്കിയുള്ള വായന കാലാന്തരത്തിൽ നെടുനെടുങ്കൻ പ്രഭാഷണവും കയ്യും കലാശവും കാണിച്ചുകൊണ്ടുള്ള കഥാപ്രസംഗവുമൊക്കെയായി മാറിയിരിക്കുന്നു.
ഓരോ വിഷയവും ഗവേഷണബുദ്ധിയോടെ ആഴത്തിൽ മനസ്സിലാക്കി, കൃത്യമായ ബാലൻസ് സൂക്ഷിച്ചുകൊണ്ട് അവതരിപ്പിക്കുന്നവരുമുണ്ട് കൂട്ടത്തിൽ, ശരിയാണ്. എന്നാൽ അങ്ങനെയുള്ള അവതാരകപ്രതിഭകൾ പോലും അവനവനിൽ /അവളവളിൽ വല്ലാതെ അഭിരമിക്കുന്ന കാഴ്‌ച ചെടിപ്പിക്കുന്ന ഒന്നാണ്. ഈ ആത്മാനുരാഗ പ്രവണത പലപ്പോഴും അസഹ്യമാകുന്നു. സായാഹ്ന ചർച്ചകളിലേക്ക് അതിഥികളെ ക്ഷണിച്ചുവരുത്തി, ഒരേസമയം വക്കീലിന്റെയും ന്യായാധിപന്റെയും വേഷമണിഞ്ഞുകൊണ്ട് ധാർഷ്ട്യം നിറഞ്ഞുനിൽക്കുന്ന ശരീരഭാഷയോടെ അവരെ കുറ്റവിചാരണ നടത്തി, താൻ പറയുന്നതാണ് ശരിയെന്ന് സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയിൽ അവഹേളിക്കുകയും അപമാനിക്കുകയുമൊക്കെ ചെയ്യുന്ന ‘ഹൈപ്പർ ആക്ടീവ് ജേർണലിസ്റ്റു’കളുടെ വിചിത്ര ലോകമായി ഇന്നത്തെ ടെലിവിഷൻ ന്യൂസ് സ്റ്റുഡിയോ മാറിയിട്ടുണ്ട്.
സംഘർഷഭരിതമായ
ന്യൂസ് റൂമുകൾ
ചാനലുകൾ തമ്മിലുള്ള മത്സരം മുറുകിയതോടെ എങ്ങനെ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാം എന്ന ലക്ഷ്യത്തോടെ ഓരോരുത്തരും ഉള്ളടക്കത്തിലും അവതരണത്തിലും എന്തെങ്കിലുമൊക്കെ പുതുമയും വ്യത്യസ്‌തതയും കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങി. അതിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ള വിദഗ്ധർക്ക് പകരം ചാനലിന്റെ തലപ്പത്തുള്ള മാധ്യമ പ്രവർത്തകർ എല്ലാവരുംകൂടി ഒരുമിച്ചിരുന്നു/നിന്നു കൊണ്ട് സായാഹ്ന ചർച്ച നടത്തുന്ന പരിപാടിക്ക് തുടക്കമിട്ടത്. എല്ലാവരും ഒരേ വീക്ഷണകോണിൽ കൂടി, ഒരേ മാതിരിയുള്ള അഭിപ്രായങ്ങൾ പറയുന്നതിൽ കാര്യമില്ലല്ലോ. അഭിപ്രായസംഘർഷങ്ങളും സംഘട്ടനങ്ങളും കണ്ടാസ്വദിക്കാനാണ് പ്രേക്ഷകർ ടിവിയുടെ മുന്നിലേക്ക് വന്നിരിക്കുന്നത്. ടെലിവിഷൻ സീരിയലുകളുടെയും റിയാലിറ്റി ഷോകളുടെയുമൊക്കെ ജീവൻ തന്നെ conflict ആണ്. അതുപോലെത്തന്നെ വാർത്തയുടെയും.
അങ്ങനെ ചാനലിന്റെ എഡിറ്ററും എക്സിക്യൂട്ടീവ് എഡിറ്ററും മാനേജിങ് എഡിറ്ററും ന്യൂസ് എഡിറ്ററുമൊക്കെ വ്യത്യസ്‌ത രാഷ്‌ട്രീയകക്ഷികളുടെ വക്കാലത്തേറ്റെടുത്തുകൊണ്ട് തർക്കിക്കാൻ തുടങ്ങുന്നു. ഈ തർക്കങ്ങൾ പതുക്കെ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളിലേക്കും കലഹങ്ങളിലേക്കും വളരുന്നതാണ് നാം പിന്നീട് കാണുന്നത്.
ഓരോരുത്തരും ഓരോ രാഷ്‌ട്രീയാഭിപ്രായങ്ങളുടെ വക്താക്കളായി മാറിക്കൊണ്ട് പരസ്‌പരം പോരാടുന്നത് വെറുമൊരു role play എന്ന നിലയിൽ മാത്രമായിട്ടാണ് തുടങ്ങിയതെങ്കിലും പോകെപ്പോകെ ആടാനായി ഏൽപ്പിക്കപ്പെട്ട നിശ്ചിത വേഷങ്ങളുമായി അവരൊക്കെ വല്ലാതെയങ്ങ് താദാത്മ്യം പ്രാപിക്കുന്നതാണ് പിന്നീട് കാണുന്നത്. അതേവരെ ഒളിപ്പിച്ചുവച്ചിരുന്ന കൂർത്ത ദംഷ്‌ട്രകളും നഖങ്ങളുമൊക്കെ പുറത്തെടുത്ത്, വന്യമായ രീതിയിൽ പരസ്‌പരം പോരാടുന്നു. വികാരവിക്ഷോഭങ്ങളും പൊട്ടിത്തെറിക്കലുകളും ഇറങ്ങിപ്പോകലുകളുമൊക്കെ അവർപോലും അറിയാതെ അങ്ങ് സംഭവിച്ചുപോകുകയാണ്.
ഈയിടെ കേരളത്തിൽ വെള്ളപ്പൊക്കം രൂക്ഷമായി മാറിയ ആദ്യത്തെ ദിവസം മുഖ്യമന്ത്രി വിരുന്നു സൽക്കാരത്തിൽ പങ്കുകൊണ്ട വിവാദ സംഭവത്തെ എഡിറ്റോറിയൽ ബോർഡിലെ മുഖ്യകർമി വിമർശിച്ചപ്പോൾ, മറ്റൊരു പ്രധാന പദവി വഹിക്കുന്ന വനിത കണ്ണുകൾ നിറഞ്ഞ് ചുണ്ടുകൾ വിതുമ്പിക്കൊണ്ട് മുഖ്യനെ പ്രതിരോധിക്കുന്നത് കണ്ടു; "അദ്ദേഹം നേരാംവണ്ണം എന്തെങ്കിലും കഴിച്ചുപോലുമില്ലെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്’ എന്ന്.
തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ "പിണറായി വിജയൻ പിന്നിലാണ്’ എന്ന വാർത്ത അറിഞ്ഞപ്പോൾ ഒരു അവതാരകൻ അടക്കാനാവാത്ത ആവേശത്തോടെ തുള്ളിച്ചാടുന്നതും വെളിച്ചപ്പാട് തുള്ളുന്നതുപോലെ അലറിക്കൂവി വിളിക്കുന്നതും നമ്മൾ കണ്ട മറ്റൊരു കാഴ്‌ചയാണ്.
ഇടതുപക്ഷ വിരോധം ഒഴിയാബാധപോലെ തലയ്‌ക്കുപിടിച്ച ഒരു താരപ്രമുഖൻ, അതേ ബാധ ആഴത്തിൽ ആവേശിച്ച കുറച്ചു പാനലിസ്‌റ്റുകളെ കൂട്ടുപിടിച്ചുകൊണ്ട് പല ഇടതുപക്ഷ രാഷ്‌ട്രീയനേതാക്കളെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതും കഴിഞ്ഞ എത്രയോ വർഷങ്ങളായി മലയാളി പ്രേക്ഷകർ കണ്ടുകൊണ്ടേയിരിക്കുന്നു.
(സംഘപരിവാറിന്റെ സ്വന്തം ചാനലിലുള്ളവരേക്കാൾ വീറോടും വാശിയോടും കൂടി സംഘികൾക്കുവേണ്ടി വാദിക്കുകയും വഴക്കിടുകയും ചെയ്യുന്നതിന്റെ പേരിൽ അക്കൂട്ടരുടെ ആരാധ്യയായി മാറിയ മാധ്യമപ്രവർത്തകയും നമുക്ക് സുപരിചിതയാണ്.)
പ്രശ്നമതല്ല, ഇതേ മാധ്യമപ്രവർത്തകർ തന്നെ പിന്നീട് ചാനലിന്റെ മറ്റൊരു പരിപാടിയിൽ മോഡറേറ്ററായി വന്നിരുന്ന് ചർച്ചകൾ നിയന്ത്രിക്കുന്നത് കാണാറുണ്ട്. നിഷ്‌പക്ഷത എന്നുള്ളതാണല്ലോ മോഡറേറ്റർ എന്നയാളിന് വേണ്ട ഏറ്റവും വലിയ ഗുണം. തനിക്കു വ്യക്തമായ രാഷ്‌ട്രീയ പക്ഷപാതിത്വം ഉണ്ടെന്ന് പലകുറി വിളംബരം ചെയ്‌തുകഴിഞ്ഞ ഒരാൾക്ക് നിഷ്‌പക്ഷത അവകാശപ്പെട്ടുകൊണ്ട് ചർച്ച നിയന്ത്രിക്കാൻ എങ്ങനെ കഴിയുന്നു? പ്രേക്ഷകർക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞ ഒരാൾ എങ്ങനെയാണ് ഒരു നല്ല മോഡറേറ്ററാകുക?

രാജാവിനേക്കാൾ
വലിയ രാജഭക്തി
കേരളത്തിലെ ആദ്യത്തെ സർക്കാരിനെ താഴെയിറക്കിയ കുപ്രസിദ്ധമായ വിമോചന സമരത്തിൽ മലയാള മാധ്യമലോകം വഹിച്ച പങ്ക് ധാരാളം ചർച്ചചെയ്യപ്പെട്ട ഒന്നാണ്. "കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ചു മരിക്കും’ എന്ന് പ്രഖ്യാപിച്ച പത്രമുടമകളാണ് അന്നുണ്ടായിരുന്നത്. അന്നത്തെ മാധ്യമപ്രവർത്തകർ അവരുടെ ആജ്ഞാനുവർത്തികൾ മാത്രമായിരുന്നു. എന്നാൽ ഇന്നുള്ള പലരും മാനേജ്മെന്റിന്റെ ഇച്ഛ നടപ്പാക്കുക മാത്രമല്ല ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. അവർക്ക് അവരുടേതായ ചില അജൻഡകൾ ഉണ്ടെന്നും.
ഒരു മറയും കൂടാതെ വ്യക്തമായ രാഷ്‌ട്രീയപക്ഷം പിടിച്ചുകൊണ്ട് മനസ്സിലുള്ള പകയും വിദ്വേഷവുമൊക്കെ പ്രകടിപ്പിച്ച് വെളിച്ചപ്പാട് തുള്ളുന്ന ചില അവതാരകതാരങ്ങൾ ഈ കെട്ട മാധ്യമകാലഘട്ട
ടർകിഷ് ന്യൂസ് സ്റ്റുഡിയോയിൽ ബൈജു ചന്ദ്രൻത്തിന്റെ ഏറ്റവും ഉത്തമരായ പ്രതിനിധികളാണ്.
മാധ്യമപ്രവർത്തകർക്ക് അവരുടേതായ രാഷ്‌ട്രീയ വിശ്വാസങ്ങളും അഭിപ്രായങ്ങളും ഉണ്ടാകാം. രാഷ്‌ട്രീയ പാർടികൾ നടത്തുന്ന ചാനലുകളിൽ പ്രവർത്തിക്കുന്നവർ അത് തുറന്നുതന്നെ പ്രകടിപ്പിച്ചുവെന്നും വരാം. അതിൽ തെറ്റുപറയാനാകില്ല. എന്നാൽ സ്വതന്ത്ര മാധ്യമങ്ങൾ എന്ന് അവകാശപ്പെടുന്നവരോ? പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പത്രസമ്മേളനത്തിൽ ഒരു ചാനൽ റിപ്പോർട്ടർ പരസ്യമായി പൊട്ടിത്തെറിച്ചതോർമയുണ്ടല്ലോ.
നമുക്കറിയാം സിദ്ദിഖ് കാപ്പൻ എന്ന മാധ്യമപ്രവർത്തകൻ ജയിലിലടയ്‌ക്കപ്പെട്ട് നരകയാതന അനുഭവിച്ച സംഭവം. നാഗ്പൂരിലുള്ള ആർഎസ്എസ് ഹെഡ് ക്വാർട്ടേഴ്സുമായി നിരന്തരമായി ബന്ധം പുലർത്തി അയാൾക്കെതിരെ കഥകൾ കെട്ടിച്ചമച്ച് പൊലീസിനെക്കൊണ്ട് പിടിപ്പിച്ചത് മറ്റൊരു മാധ്യമപ്രവർത്തകൻ തന്നെയായിരുന്നു എന്ന കാര്യം എന്തുകൊണ്ടാണ് ചർച്ച ചെയ്യപ്പെടാതെ പോകുന്നത്? തങ്ങളുടെ കരിയറിന്റെ ഉയർച്ചയ്‌ക്കും മറ്റു നേട്ടങ്ങൾക്കും വേണ്ടി രാഷ്‌ട്രീയബന്ധങ്ങൾ കൃത്യമായി ഉപയോഗിക്കുന്ന മാധ്യമപ്രവർത്തകർ പലരുമുണ്ട് എന്നത് ഒരു വസ്‌തുതയല്ലേ? ഗോദി മീഡിയ എന്നത് ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രതിഭാസമല്ല. ഇടതുപക്ഷത്തിന്റെ ചെറിയ നോട്ടപ്പിശകുകൾപോലും ഭൂതക്കണ്ണാടി വച്ചു കണ്ടെത്തി വിമർശനത്തിനും വിശകലനത്തിനും വിധേയമാക്കിക്കൊണ്ടിരുന്ന റിപ്പോർട്ടർമാരും സായാഹ്ന ചർച്ചാവതാരകരും പൊതുവേ വലതുപക്ഷത്തിന്റെ വീഴ്‌ചകളെയും തെറ്റുകളെയും കണ്ടില്ലെന്നു നടിച്ചു വിട്ടുകളയുന്നത് അപൂർവമായി സംഭവിക്കുന്ന കാര്യമല്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തന്നെ അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണല്ലോ. െതരഞ്ഞെടുപ്പ് ഫലങ്ങളും വി ഡി സതീശന്റെ ആരോഹണവും സെക്രട്ടറിയറ്റിന്റെ സമര ഗേറ്റ് തുറന്നത് ഉൾപ്പെടെ തുടർന്നുണ്ടായ സംഭവങ്ങളും മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളുമൊക്കെ ചില ചാനലുകളുടെ ആങ്കർമാരും റിപ്പോർട്ടർമാരും ആഘോഷിച്ചത് എന്തൊക്കെയോ പിടിച്ചടക്കിയ മട്ടിലായിരുന്നു. ‘പുതുയുഗപ്പിറവി' അവർ ശരിക്കും ആഘോഷിക്കുക തന്നെയായിരുന്നു.
അധികാരത്തണലിന്റെ
സുഖശീതളിമയിൽ
എനിക്ക് തോന്നുന്നു കേരളത്തിൽ അടുത്തകാലത്തായി ഉണ്ടായ ഒരു പുതിയ പ്രതിഭാസമാണ് മാധ്യമപ്രവർത്തകർ കൂട്ടത്തോടെ മന്ത്രിമാരുടെ സ്റ്റാഫിൽ ചേരുക എന്നുള്ളത്. നേരത്തെ മുഖ്യമന്ത്രിക്കു മാത്രമാണ് പ്രസ് സെക്രട്ടറിമാർ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ യുഡിഎഫിന്റെ സർക്കാരിൽ ഒരുമാതിരി എല്ലാ മന്ത്രിമാർക്കും സ്വന്തമായി പ്രസ് റിപ്പോർട്ടർമാരുണ്ട്. നല്ല കാര്യം തന്നെ. സർക്കാരിന്റെ ഇമേജ് കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിച്ചുകൊള്ളുമല്ലോ. പ്രധാന മലയാളം ചാനലുകളിലെയോ പത്രങ്ങളിലെയോ പല പ്രമുഖ ജേർണലിസ്‌റ്റുകളുമാണ് ഇങ്ങനെ മാധ്യമപ്രവർത്തനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ പാത ഉപേക്ഷിച്ച് അധികാരത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സുഖശീതളിമ തേടിപ്പോയത്.
ഇത്രയും നാൾ രാഷ്‌ട്രീയ നേതാക്കളുടെയും അധികാരി വർഗത്തിന്റെയും മുഖത്തുനോക്കി ചോദ്യം ചെയ്‌തുകൊണ്ടിരുന്നവരുടെ വിശ്വാസ്യതക്കല്ലേ മങ്ങലേറ്റിരിക്കുന്നത്? രാഷ്‌ട്രീയക്കാർ അധികാരത്തിന്റെ അപ്പക്കഷ്‌ണം കാണിച്ചു പ്രലോഭിച്ചാൽ പെട്ടെന്നു വീണുപോകുന്നവരാണെന്ന് അവർ തെളിയിച്ചിരിക്കുകയല്ലേ?
തങ്ങളുടെ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരുടെ രാഷ്‌ട്രീയ ബന്ധങ്ങൾ സൂക്ഷ്‌മമായ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്ന മാധ്യമ മാനേജ്മെന്റുകൾ എന്നുമുതൽക്കാണ് ഇങ്ങനെ കണ്ണടച്ചു തുടങ്ങിയത്?
പണ്ട് ഞങ്ങളൊക്കെ ജേർണലിസം ക്ലാസുകളിൽ ആദ്യം പഠിച്ച രണ്ടു വാക്കുകൾ objectivity, fair play എന്നിവയാണ്. കുറെ നാളുകൾക്കുമുമ്പ് മാധ്യമരംഗത്തെ ഒരു അതികായൻ തന്റെ ഒരു പ്രസംഗത്തിൽ objectivity എന്നൊന്ന് ആവശ്യമേയില്ല എന്ന് പറഞ്ഞു സ്ഥാപിക്കുന്നത് കേൾക്കാനിടയായി. നിഷ്‌പക്ഷത, വസ്‌തുനിഷ്ഠത എന്നിവയൊക്കെ ഇന്ന് തേയ്‌മാനം വന്ന പ്രയോഗങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.ജനങ്ങളുടെ പക്ഷം, നീതിയുടെ പക്ഷം... ഇവിടെയൊക്കെയാണ് മാധ്യമപ്രവർത്തകർ നിലയുറപ്പിക്കേണ്ടത് എന്ന കാര്യത്തിൽ ഒരഭിപ്രായവ്യത്യാസവുമില്ല. എന്നാൽ ഒന്നുണ്ട്. പ്രശ്നങ്ങളുടെ ഒരു വശം മാത്രമവതരിപ്പിച്ചുകൊണ്ടുള്ള പുതിയ റിപ്പോർട്ടിങ് ശൈലിയോട് യോജിക്കാൻ കഴിയില്ല. മറുഭാഗത്തുള്ളവർക്ക് എന്താണ് പറയാനുള്ളത് എന്നു കേൾക്കാൻകൂടി തയ്യാറാകാതെ ഏകപക്ഷീയമായി പ്രശ്നങ്ങളെ അവതരിപ്പിക്കുന്നതിനെ കാണേണ്ടത് ജേർണലിസമായിട്ടല്ല, ആക്ടിവിസമായിട്ടാണ്. ചില പ്രത്യേക സന്ദർഭങ്ങളിൽ ആക്ടിവിസവും മാധ്യമപ്രവർത്തനത്തിൽ ആവശ്യമായെന്നു വരാം. പക്ഷെ പ്രശ്നങ്ങളെ അതിന്റെ സമഗ്രതയോടെ വീക്ഷിക്കാനും അവതരിപ്പിക്കാനും ശ്രമിക്കാതെ, ആവേശംമാത്രം കൈമുതലായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് ആക്ടിവിസമെന്നല്ല upstart journalism എന്നു പേരിടുന്നതാകും ശരി.
ഏകലവ്യരുടെ ലോകം
ഒരുപക്ഷെ മാധ്യമപ്രവർത്തനം പഠിപ്പിക്കുന്ന ഏറ്റവുമധികം സ്ഥാപനങ്ങളുള്ള സ്ഥലമായിരിക്കും കേരളം. പ്രധാന സർവകലാശാലകളിലും പ്രമുഖ കലാശാലകളിലും ജേർണലിസം ഐച്ഛിക വിഷയമായോ ഉപവിഷയമായോ പഠിപ്പിക്കുന്നു. അതിനുപുറമെയാണ് മീഡിയ അക്കാദമിയും നിരവധി പ്രസ് ക്ലബ്ബുകളും പ്രമുഖ മാധ്യമസ്ഥാപനങ്ങളും നടത്തുന്ന മാധ്യമ കോഴ്സുകൾ. സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളിലും ഇന്ദിരാ ഗാന്ധി ഓപ്പൺ സർവകലാശാലയിലും മറ്റുമായി വിദൂരപഠനം നടത്തുന്നവർ വേറെ. നൂറുകണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും മാധ്യമ പഠനം പൂർത്തിയാക്കി പ്രമുഖ ദിനപത്രങ്ങളും ചാനലുകളും ഓൺലൈൻ മീഡിയയുമെല്ലാമുള്ള മലയാള മാധ്യമലോകത്ത് കർമകാണ്ഡം ആരംഭിക്കുന്നത്. ഇതിനുപുറമേ അഡ്വർടൈസിങ്, പബ്ലിക് റിലേഷൻസ്, സിനിമ എന്നിവയിലും കുറേപ്പേർ എത്തുന്നു. അധ്യാപനരംഗമാണ് ജേർണലിസം പഠിച്ചവരുടെ മറ്റൊരു പ്രവർത്തന മേഖല.
ഇന്നത്തെ കുട്ടികൾ തീരെച്ചെറുപ്പത്തിൽത്തന്നെ മിടുക്കും പ്രാവീണ്യവും പ്രകടിപ്പിക്കുന്ന ചിലതാണ് news anchoring ഉം ഫീൽഡിൽ നിന്നുകൊണ്ടുചെയ്യുന്ന പി ടു സി (Piece to Camera) അഥവാ സ്റ്റാൻഡ് അപ്പും അടക്കമുള്ള കാര്യങ്ങൾ. ആരും പറഞ്ഞുകൊടുക്കാതെ തന്നെ അവരതൊക്കെ ഏകലവ്യനെപ്പോലെ എളുപ്പത്തിൽ വശമാക്കുന്നു. വിവിധ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന താരമുഖങ്ങൾ, പ്രത്യേകിച്ച് ഇപ്പോഴത്തെ ചില ഐക്കണുകൾ അവരെ അത്രയധികം സ്വാധീനിച്ചിരിക്കുന്നു. ആ താരങ്ങളുടെ വാർത്ത അവതരിപ്പിക്കുന്ന ശൈലിയും പറച്ചിലിലുള്ള താളക്രമവും (modulation) ഇരിപ്പിന്റെ സ്റ്റൈലും കൈകൾ ചലിപ്പിക്കുന്നതുൾപ്പെടെയുള്ള ശരീരഭാഷയുമൊക്കെ ഹൃദിസ്ഥമാക്കി വയ്‌ക്കുന്നു. തീരെ ചെറുപ്രായം തൊട്ടുതന്നെ മൊബൈൽ ഫോണിൽ റീലുകൾ ഷൂട്ട് ചെയ്‌തു ശീലിക്കുന്നവരാണല്ലോ ഇന്നത്തെ തലമുറ.
കോളേജ് പഠനവും കഴിഞ്ഞ് മീഡിയ പഠിക്കാനെത്തുന്നവർ രണ്ടു കാര്യങ്ങളിലാണ് ഊന്നൽ നൽകുന്നതെന്ന് തോന്നിയിട്ടുണ്ട്. ഒന്ന് നേരത്തെ സ്വയം സ്വായത്തമാക്കി വച്ചിരിക്കുന്ന ഈ അവതരണ രീതിയെ അധ്യാപകരുടെയോ മാധ്യമ വിദഗ്ധരുടെയോ സഹായത്തോടെ കൂടുതൽ മെച്ചപ്പെടുത്തുക, പിന്നെ ക്യാമറ കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള സാങ്കേതികവിദ്യയിൽ വൈദഗ്ധ്യം നേടുക. അവർക്ക് തീരെ താൽപ്പര്യം കുറവായ ഒരു മേഖലയുണ്ടെങ്കിൽ അതു പുസ്‌തകവായനയാണെന്ന് തോന്നിയിട്ടുണ്ട്.
(കുറച്ചുനാൾ മുമ്പ് ഒരു പ്രമുഖ ഫിലിം ഫെസ്റ്റിവലിന്റെ മീഡിയ സെല്ലിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാൻവേണ്ടി നടത്തിയ ഒരു പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിക്കാൻ ഇട വന്നു. മാധ്യമ പഠനത്തിൽ ബിരുദമെടുത്തവരും ബിരുദാനന്തര ബിരുദമെടുത്തവരുമൊക്കെയായിരുന്നു മത്സരാർഥികൾ. സിനിമയെ കുറിച്ചുള്ള അവരിൽ പലരുടെയും അറിവ് ഞങ്ങളെ സന്തോഷിപ്പിച്ചു. എന്നാൽ ആ അറിവ് പകർത്തിവച്ച, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഉത്തരക്കടലാസിലെ വ്യാകരണപ്പിശകുകളുടെയും അക്ഷരത്തെറ്റുകളുടെയും നിലയ്‌ക്കാത്ത ഘോഷയാത്ര കണ്ട് ഞങ്ങൾ അന്തംവിട്ടിരുന്നു!)
മാധ്യമപ്രവർത്തനത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട മേഖല വായനയുടേതാണെന്നുള്ളത് എന്റെ മാത്രം അഭിപ്രായമാകാൻ വഴിയില്ല. ഫിക്ഷൻ വായന മാത്രമല്ല.ഒരു നല്ല പൊളിറ്റിക്കൽ ജേർണലിസ്‌റ്റ് ആകാൻ ആഗ്രഹിക്കുന്നവർ വായിക്കേണ്ടതും പഠിക്കേണ്ടതുമായ ഒരു മേഖല ചരിത്രമാണെന്ന് ഞാൻ കരുതുന്നു. ആത്മകഥകളും ജീവചരിത്രങ്ങളും അടക്കമുള്ള പുസ്തകങ്ങൾ അവർ ധാരാളം വായിക്കേണ്ടതുണ്ട്. ചരിത്രബോധത്തിന്റെ അഭാവമാണല്ലോ പ്രധാന പ്രശ്നം.
എന്നാൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പഠന രീതിയാണോ ഇന്നത്തെ ജേർണലിസം കോഴ്സുകളും അധ്യാപകരും അനുവർത്തിക്കുന്നത്? പുസ്‌തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം തുടക്കത്തിൽ തന്നെ കുട്ടികൾക്ക് ക്യാമറ കയ്യിലെടുത്തുകൊടുത്ത് ഫീൽഡിലേക്ക് ഇറക്കിവിടാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന, അതാണ് ശരിയായ അധ്യാപനരീതി എന്ന് വിശ്വസിക്കുന്ന കുറച്ചുപേരെയെങ്കിലും എനിക്കറിയാം. അതേസമയം തന്നെ അവിടെ മറ്റൊരു വൈരുധ്യവും നിലനിൽക്കുന്നുണ്ട്. ഇന്നത്തെ Talking Head Television ന്റെ കാലത്ത് ബൈറ്റുകൾക്കാണ് ഒന്നാം സ്ഥാനം. ദൃശ്യങ്ങൾ പിന്നീടേ വരുന്നുള്ളൂ. ദൃശ്യങ്ങളിലൂടെ കഥ പറയുന്ന രീതി എങ്ങനെയാണ് ഈ ചെറുപ്പക്കാർ പഠിക്കുക?
റിപ്പോർട്ടിങ്ങും ആങ്കറിങ്ങും ഒക്കെ പഠിപ്പിക്കുന്നതോടൊപ്പം തന്നെ മാധ്യമ ധാർമികത എന്നതും ഒരു പ്രധാന പാഠ്യവിഷയമാകാം. മറ്റുള്ളവരുടെ തെറ്റുകളുടെ നേർക്ക് ഒരു വിരൽ ചൂണ്ടുമ്പോൾ സ്വന്തം തെറ്റുകളുടെ നേർക്കും വിരലുകൾ ചൂണ്ടപ്പെടുന്നുണ്ട്, അതും തിരിച്ചറിയപ്പെടേണ്ടതാണ് എന്ന് ഒരു മാധ്യമ വിദ്യാർഥിയായിരിക്കുമ്പോഴെങ്കിലും അവർ മനസ്സിലാക്കേണ്ടതുണ്ട്. അൽപ്പം വളർന്ന് ഒരു മാധ്യമപ്രവർത്തക/ൻ എന്ന നിലയിൽ പേരും പ്രശസ്‌തിയും നേടിക്കഴിയുന്നതോടെ, കൊച്ചു വിമർശനങ്ങളോടുപോലും അവരിൽപ്പലരും കാണിക്കാറുള്ള അസഹിഷ്‌ണുതയെക്കുറിച്ച് നേരിട്ടറിയാവുന്നതു കൊണ്ടാണ് ഇതു പറഞ്ഞത്. ശിരസ്സിന് ചുറ്റും താരത്തിന്റേതായ ആ ഒരു പ്രഭാവലയം കൂടി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാൽ പിന്നെ പറയാനുമില്ല.
കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ മലയാള വാർത്താ ചാനലുകളുടെ ചരിത്രമെടുത്താൽ ചില പ്രത്യേക പ്രവണതകൾക്ക് തുടക്കംകുറിച്ചത് കാണാതിരുന്നുകൂടാ. നിയമസഭയും മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും അടക്കം ഒരുകാലത്ത് മുതിർന്ന മാധ്യമപ്രവർത്തകരുടെ മാത്രം മേഖലയായിരുന്ന ഇടങ്ങളിലേക്ക് കഷ്ടിച്ച് കൗമാരപ്രായം പിന്നിട്ട ഒരു തലമുറയെ ഇറക്കിവിട്ടത് ഇന്ത്യാവിഷൻ ചാനലും നികേഷ് കുമാറുമാണ്. ജേർണലിസം ക്ലാസ് മുറികളിൽനിന്ന് നേരെ ഫീൽഡിലേക്ക് ഇറങ്ങിച്ചെന്ന അവർ മലയാള മാധ്യമരംഗത്ത് ചെറിയതോതിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. മറ്റുള്ള ചാനലുകൾക്കും ഇന്ത്യാവിഷനെ അതേപടി അനുകരിക്കേണ്ടി വന്നു. അന്നത്തെ ആ റിപ്പോർട്ടർമാരിൽ ചിലരൊക്കെ മാധ്യമരംഗത്ത് തങ്ങളുടെ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്‌തു എന്ന കാര്യവും എടുത്തുപറയണം.
കോട്ടും ടൈയുമൊക്കെയുള്ള യുണിഫോം ധരിച്ച് ഒരിടത്ത് ബലം പിടിച്ചിരുന്ന് അവതരിപ്പിക്കേണ്ട ഒന്നല്ല വാർത്ത എന്ന് തെളിയിച്ചത് 24 ന്യൂസ് ചാനലും ശ്രീകണ്ഠൻ നായരുമാണ്. പാന്റ്‌സ് ധരിക്കുന്നതിനു പകരം മുണ്ടാകാം, ഇളകിച്ചാടാം, അലറി വിളിച്ചുകൂവാം, പാട്ടും കൂത്തുമൊക്കെയാകാം... ഇതൊക്കെ പ്രധാന ഐറ്റങ്ങളായി മാറിയ ഒരു വിവിധോദ്ദേശ്യ കലാപരിപാടിയാണ് വാർത്താവതരണമെന്നും അതാസ്വദിക്കാനും പ്രേക്ഷകർ ധാരാളമുണ്ടെന്നും കണ്ടുകഴിഞ്ഞു. നിങ്ങൾക്ക് വേണമെങ്കിൽ യോജിക്കാം വിയോജിക്കാം. ഇതിനിടയിൽ യഥാർഥ വാർത്ത ചോർന്നുപോകുന്നുവോ എന്നു ചിലപ്പോൾ ആശങ്കപ്പെടുകയും ചെയ്യാം.പക്ഷെ ആ ‘ഇളകിച്ചാട്ട'ശൈലിയും മറ്റുള്ള ചാനലുകൾ പലരും ഏറ്റെടുക്കുന്നതാണ് നമ്മൾ കണ്ടത്.
പ്രതീക്ഷ ഈ
മനുഷ്യപ്പറ്റിൽ
ഇന്നത്തെ ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർമാരെ അഭിനന്ദിക്കേണ്ട പല സന്ദർഭങ്ങളും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന അവസരങ്ങളിൽ ഏറ്റവും ഒടുവിലത്തെ വാർത്തയെത്തിക്കാൻ, രക്ഷാപ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ, ദുരന്തബാധിതരുടെ പ്രശ്നങ്ങൾ സമയാസമയത്ത് അധികൃതരെയും പൊതുജനങ്ങളെയും അറിയിക്കാൻ... ഇങ്ങനെ രാവെന്നോ പകലെന്നോ നോക്കാതെ ആ കുട്ടികൾ ജീവൻ പണയംവച്ചുകൊണ്ട് പണിയെടുക്കുന്നത് നമ്മുടെ കണ്മുന്നിലുണ്ട്.
കേരളം കണ്ട ഏറ്റവും വലിയ ക്രൂരമായ പീഡനത്തിനും അപമാനത്തിനും ഇരയായ ഒരു പെൺകുട്ടിക്കുവേണ്ടി പോരാടാൻ, അവളുടെ മേഖലയായ ചലച്ചിത്രരംഗത്തെ ചില ദുഷ്ട ശക്തികളെ തുറന്നുകാട്ടാൻ, അവൾക്ക് നീതി വാങ്ങിക്കൊടുക്കാൻ... ഇതിനൊക്കെയായി വലിയ ഒരു മാഫിയയെപ്പോലും കൂസാതെ ധീരമായി മുന്നോട്ടുപോയ റോഷിപാൽ എന്ന യുവചാനൽ റിപ്പോർട്ടർ ഈ രംഗത്ത് വ്യത്യസ്‌തനാകുന്നു.
ചരിത്രത്തെ കുറിച്ചുള്ള വ്യക്തമായ ധാരണയും ഉൾക്കാഴ്‌ചയും രാഷ്‌ട്രീയമായ ശരിതെറ്റുകളെ സൂക്ഷ്‌മതയോടെ ഇഴതിരിച്ചെടുക്കാനുള്ള സാമർഥ്യം, നീതികേടുകളുടെ നേർക്ക് വിരൽചൂണ്ടി ചോദ്യം ചെയ്യാനുള്ള ധൈര്യവും സ്ഥൈര്യവും... ഒരു നല്ല മാധ്യമപ്രവർത്തകയ്‌ക്ക്/ന് ഉണ്ടാകേണ്ട യോഗ്യതകളും മേന്മകളുമുള്ള, പ്രതീക്ഷകൾ അർപ്പിക്കാവുന്ന പലരും ഇനിയുമുണ്ടായേക്കും ഇക്കൂട്ടത്തിൽ.
പ്രായത്തിൽ കവിഞ്ഞുള്ള പക്വത, കൃത്യമായ രാഷ്‌ട്രീയ ബോധവും ബോധ്യവും, അളന്നു മുറിച്ച വാചകങ്ങൾ കൊണ്ടുള്ള അവതരണം... ഇങ്ങനെ പലതുകൊണ്ടും പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ പുതിയ തലമുറയിൽപ്പെട്ട രണ്ടു വനിതാ മാധ്യമ പ്രവർത്തകരുടെ പേരുകൾ ഒന്നു പരാമർശിക്കണമെന്ന് തോന്നുന്നു. ന്യൂസ് മലയാളം ചാനലിലെ ശ്യാമിലി ശശിധരൻ, 24 ന്യൂസ് ചാനലിലെ അസിത സഹീർ... ടിആർപിയും അൽഗോരിതവും ചേർന്ന് ഉള്ളടക്കത്തിന്റെ സ്വഭാവവും അവതരണശൈലിയും നിശ്ചയിക്കുന്ന ആധുനിക മാധ്യമകാലത്ത്, വരാനിരിക്കുന്ന നാളുകളെക്കുറിച്ച് ചെറിയൊരു പ്രതീക്ഷയും പ്രത്യാശയുമൊക്കെ പകർന്നുനൽകുന്നത് ഇങ്ങനെ ചില മുഖങ്ങളും കാഴ്‌ചകളുമാണ്.
പത്രങ്ങൾക്ക് കാർട്ടൂൺ പോലെ വാർത്താ ചാനലുകൾക്ക് ഒഴിച്ചുകൂടാനാകാത്തതായി മാറിയിരിക്കുന്നു ആക്ഷേപഹാസ്യ പരിപാടികൾ. നർമരസം അവതാരകയുടെ/ന്റെ സിരകളിലലിഞ്ഞു ചേർന്നിട്ടില്ലെങ്കിൽ ലക്ഷ്യം തെറ്റി ആകെ പൊളിഞ്ഞു പാളീസാകാൻ എല്ലാ സാധ്യതയുമുള്ള ഒന്നാണ് സർക്കാസം. ആ നൂൽപ്പാലനടത്തത്തിൽ നല്ല വൈദഗ്ധ്യം തന്നെ പ്രകടിപ്പിക്കുന്നുണ്ട് നമ്മുടെ വാർത്താ ചാനലുകളിൽ ആ പരിപാടി അവതരിപ്പിക്കുന്ന ചില പ്രതിഭകൾ.
ഒരിക്കലും നടക്കാൻ
സാധ്യതയില്ലാത്ത ഒരു സ്വപ്‌നം
വിശ്വസിക്കാൻ പോലുമാകാത്ത രൂപഭാവ പരിണാമങ്ങളുടെ നാല് പതിറ്റാണ്ടുകളിലൂടെയാണ് ദൃശ്യ മാധ്യമരംഗം കടന്നുപോയത്.അതിന്റെ ഒരു ഭാഗമായി കുറേക്കാലം ഒപ്പം സഞ്ചരിച്ചിരുന്ന ഒരാളായല്ല, ഒരു കാഴ്‌ചക്കാരന്റെ കൗതുകക്കണ്ണോടെയാണ് ഈ കുറിപ്പെഴുതിയത്. പുതിയതായി സംഭവിക്കുന്ന എന്തിനെയും അടച്ചു വിമർശിക്കുകയായിരുന്നില്ല ഉദ്ദേശ്യം. നമ്മുടെ വാർത്താ ചാനലുകളുടെ സാങ്കേതികരംഗത്തെ കുതിപ്പിനെയും അവതരണത്തിൽ പ്രകടമാകുന്ന പ്രൊഫഷണലിസത്തെയും കയ്യടിച്ചംഗീകരിക്കുക തന്നെ വേണം. ദേശീയ ചാനലുകൾ എന്ന് സ്വയം വിളിക്കുന്ന ഗോദി മീഡിയയുടെ ലജ്ജാകരമായ അവസ്ഥയും പുതിയ തലമുറ അവരെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും നമ്മൾ കാണുന്നുണ്ട്. രാഷ്‌ട്രീയ പക്ഷപാതിത്വങ്ങളും നിക്ഷിപ്ത താൽപ്പര്യങ്ങളുമൊക്കെയുണ്ടെങ്കിലും സോ കാൾഡ് നാഷണൽ മീഡിയയേക്കാൾ എന്തുകൊണ്ടും എത്രയോ ഉയരങ്ങളിലാണ് മലയാളത്തിന്റെ ദൃശ്യവാർത്താ മാധ്യമരംഗം.
ഞാൻ ഒരിക്കൽ എഴുതിയിട്ടുള്ള ഒരു കാര്യം ഒന്നാവർത്തിച്ചോട്ടെ. സത്യസന്ധതയും വസ്‌തുനിഷ്ഠതയും പരമാവധി കാത്തുസൂക്ഷിച്ചുകൊണ്ട്, ആരുടെയും പക്ഷമോ ചേരിയോ പിടിക്കാതെയുള്ള ഒരു വാർത്താ ചാനൽ. അതിന് ചുക്കാൻ പിടിക്കുന്നത്, രാഷ്‌ട്രീയനിയന്ത്രണങ്ങൾക്കും സ്വാധീനങ്ങൾക്കും വഴങ്ങാത്ത, വൻകിട ബിസിനസ് താൽപ്പര്യങ്ങളുടെ ചട്ടുകമാകാത്ത, വേണ്ടത്ര സാമ്പത്തിക ഭദ്രതയും ഒറ്റയ്‌ക്ക് നിൽക്കാനുള്ള ആത്മധൈര്യവുമുള്ള ഒരു പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ... തികച്ചും ഉട്ടോപ്യൻ ആയ ഒന്നാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ഞാൻ സ്വപ്‌നം കാണുകയാണ് .










0 comments