ad
Deshabhimani

കവർസ്റ്റോറി

ഗോദി മീഡിയയുടെ പതനം നൽകുന്ന പാഠം

ബുക്ക്‌
avatar
അഭിലാഷ്‌ മോഹൻ

Published on Sep 05, 2026, 12:16 PM | 4 min read



2008‐ലാണ് ഞാൻ ടെലിവിഷനിലെ പ്രൈം ടൈം ആങ്കർ ആകുന്നത്. വാർത്താ ചാനലുകളുടെ സുവർണകാലമായിരുന്നു അത്. അന്ന് വാർത്തകൾക്ക് വേണ്ടി ജനങ്ങൾ പ്രാഥമികമായി ആശ്രയിച്ചിരുന്നത് ചാനലുകളെയാണ്. തുടർന്നുള്ള വർഷങ്ങളിലാണ് സോഷ്യൽ മീഡിയയുടെ ഡിസ്റപ്ഷൻ വരുന്നത്. അതോടെ വാർത്താപരിചരണരീതിയും വാർത്താ അവതരണ രീതിയും മാറി. ടെലിവിഷന്റെ ദൃശ്യവ്യാകരണത്തിൽ കാര്യമായ മാറ്റം വന്നു. വാർത്താ പ്രഘോഷണത്തിൽനിന്ന് കൂടുതൽ സംവാദാത്മക സ്വഭാവത്തിലേക്ക് ചാനലുകളുടെ വാർത്താ അവതരണം മാറി. ഭാഷ അനൗപചാരികമായി. ഇന്ന് ഒരാൾ ഒരു വിവരം ആദ്യമായി അറിയുന്നത് അയാളുടെ ഗാഡ്ജെറ്റിലെ നോട്ടിഫിക്കേഷനിൽ നിന്നോ സോഷ്യൽ മീഡിയാ ഫീഡിൽ നിന്നോ ആണ്. ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് കാണാനാണ് അയാൾ ടിവി വയ്‌ക്കുന്നത്. വിവരം അതിനോടകം അറിഞ്ഞു കഴിഞ്ഞു, ആ ഇവന്റ് അനുഭവിക്കാനാണ് ടിവി കാണുന്നത്. ആ പ്രേക്ഷകനുവേണ്ടിയാണ് ടിവി ന്യൂസ് നാടകീയമായത്. അടുത്തതായി എന്ത് നടക്കും എന്ന പിരിമുറുക്കം നിർമിക്കേണ്ട ഉത്തരവാദിത്വം അപ്പോൾ ടിവി ന്യൂസ് ആങ്കർക്ക് വന്നുചേരും. ഓരോ വാർത്താ ഇവന്റിലും പരമാവധി കാഴ്‌ചക്കാരെ പിടിച്ചിരുത്തേണ്ടത് ആങ്കറുടെ ജോലിയായി. അങ്ങനെയാണ് ടിവി വാർത്ത അവതാരകന്റെ/ അവതാരകയുടെ കലയായി മാറിയത്. വാർത്ത കാർണിവൽ കാഴ്ചയായി. ഈ കാർണിവലൈസേഷന്റെ ഘട്ടത്തിലാണ് മലയാളം ന്യൂസ് ചാനലുകൾ ഇന്ന്.

വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ മലവെള്ളം പോലെ കുത്തിയൊലിക്കുന്ന കാലത്ത്‌ വാർത്താ ചാനലുകൾക്ക് വിശ്വാസ്യത നിലനിർത്താൻ കഴിയുന്നുണ്ടോ? ദേശീയ മാധ്യമങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷ് വാർത്താ ചാനലുകളുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് പരിശോധിച്ച ശേഷം നമുക്ക് കേരളത്തിലേക്ക് വരാം. ഒരു വ്യാഴവട്ടക്കാലമായി ഇംഗ്ലീഷ്,- ഹിന്ദി ടിവി ചാനലുകൾ ഭരണവിലാസം മാധ്യമങ്ങളാണ്. ഭരണകൂടത്തോടുള്ള ചോദ്യങ്ങൾ ഒഴിവാക്കി, ഭരണക്കാരുടെ വാഴ്‌ത്തുപാട്ടും പ്രത്യയശാസ്‌ത്ര പ്രചാരണവും ഏറ്റെടുത്ത മാധ്യമങ്ങൾക്ക് ‘ഗോദി മീഡിയ’ എന്നാണ് വിളിപ്പേര്.

  കടപ്പാട്‌: ഗൂഗിൾ കടപ്പാട്‌: ഗൂഗിൾ

ഭരണകൂടത്തിന്റെ മടിയിലിരിക്കുന്ന മാധ്യമങ്ങൾ എന്ന അർഥത്തിൽ രവീഷ് കുമാർ ആണ് ഈ പ്രയോഗം ആദ്യം നടത്തിയത്. കടുത്ത മുസ്ലീം വിരുദ്ധത ഉൽപ്പാദിപ്പിച്ച് വിദ്വേഷ രാഷ്‌ട്രീയത്തിന്റെ മെഗാഫോൺ ആയപ്പോൾ ഗോലി മാരോ മീഡിയ എന്ന പേരും ചാർത്തിക്കിട്ടി. ഒടുവിൽ സംഭവിച്ചതെന്താണ്? ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ ഗോദി മീഡിയയെ കൂവിയോടിക്കുന്നതും മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതും നമ്മൾ കണ്ടു. വിശ്വാസ്യതാ നഷ്ടത്തിന്റെ അങ്ങേയറ്റമാണത്. ഒന്നരപ്പതിറ്റാണ്ട് മുമ്പ്‌, രണ്ടാം യുപിഎ സർക്കാരിനെതിരെ അന്നാ ഹസാരേയും അരവിന്ദ് കെജ്രിവാളും നേതൃത്വം നൽകി നടത്തിയ പൗരസമൂഹത്തിന്റെ സമരം രാജ്യം കണ്ടത് ന്യൂസ് ചാനലുകളിലൂടെയാണ്. ഞാൻ അന്ന് പ്രേക്ഷകൻ എന്ന നിലയിലും മാധ്യമപ്രവർത്തകൻ എന്ന നിലയിലും ആശ്രയിച്ചത് എൻഡിടിവിയേയും സിഎൻഎൻ ഐബിഎന്നേയുമാണ്. ഇപ്പോഴത്തെ വിദ്യാർഥി സമരം ഒരു മിനിറ്റ്‌ പോലും ഒരു സാറ്റലൈറ്റ് ചാനലിലും കണ്ടിട്ടില്ല, പകരം ആശ്രയിച്ചത് പീക്ക് ടിവി എന്ന ഇൻസ്റ്റഗ്രാം ചാനലിനേയാണ്. കാണാൻ തോന്നാത്തവിധം മുഖ്യധാര അതിന്റെ വിശ്വാസ്യത നശിപ്പിച്ചതുകൊണ്ടാണ് ഈ ഷിഫ്റ്റ്.


കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ഈ രണ്ട് മുഖ്യധാരാ ചാനലുകളുടേയും ഉടമസ്ഥർ മാറിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ട് സമ്പന്നർ, ഗൗതം അദാനി എൻഡിടിവിയേയും മുകേഷ് അംബാനി ഐബിഎന്നിനേയും ഏറ്റെടുത്തു. അവിടങ്ങളിൽ ഉണ്ടായിരുന്ന മികച്ച മാധ്യമപ്രവർത്തകർ രാജിവച്ച് ഒഴിഞ്ഞു. കോർപറേറ്റ് ഉടമകൾ വന്നപ്പോൾ ഉണ്ടായത് ഭരണകൂട വിധേയത്വവും വിശ്വാസ്യതാ നഷ്ടവുമാണ്. ജനങ്ങൾ ഈ ചാനലുകളെ തിരസ്‌കരിക്കാൻ തുടങ്ങിയിടത്തുനിന്നാണ് സ്വതന്ത്ര മാധ്യമങ്ങളുടേയും വാർത്താ ഇൻഫ്ലുവൻസർമാരുടേയും വളർച്ച. എൻഡിടിവി ഹിന്ദിയുടെ ജനപ്രിയ മുഖമായിരുന്ന രവീഷ് കുമാർ രാജിവച്ചിറങ്ങി യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ മണിക്കൂറുകൾക്കൊണ്ടാണ് സബ്‌സ്‌ക്രൈബർമാരുടെ എണ്ണം മില്യണുകൾ പിന്നിട്ടത്. വാർത്താ ടെലിവിഷന്റെ കുലപതിയായ പ്രണോയ് റോയ് ‘ദ ഡീകോഡർ’ എന്ന പേരിൽ ഒരു ഡിജിറ്റൽ സംരംഭം തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യം ഏറ്റവും കൂടുതൽ ചർച്ച ചെയ്‌തത് ധ്രുവ് റാഠി എന്ന ചെറുപ്പക്കാരന്റെ സോഷ്യൽ മീഡിയാ വീഡിയോകളാണ്. 36 ദിവസം നീണ്ട ജെൻ സീ സമരം ചെറുപ്പക്കാർ കണ്ടത് പീക്ക് ടിവി, ന്യൂസ് പിഞ്ച്, അൺഎഡിറ്റഡ് മീഡിയ, ന്യൂസ് പേപ്പർ തുടങ്ങിയ പേജുകൾ വഴിയാണ്. സാംദിഷ് ഭാട്ടിയ, ഹർഷ് യാദവ്, കാവ്യ കർണാടക് തുടങ്ങിയ ന്യൂസ് ഇൻഫ്ലുവൻസർമാരാണ് ജന്തർ മന്തറിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ യഥാർഥ ചിത്രം ജനങ്ങൾക്ക് നൽകിയത്. അദാനി എൻഡിടിവി ഏറ്റെടുത്തപ്പോൾ അവിടുന്ന് രാജിവച്ച് ഇറങ്ങിയ രണ്ട് ജേർണലിസ്റ്റുകൾ, പ്രിയാൻഷി ശർമയും വേദാന്ത അഗർവാളും ചേർന്ന് തുടങ്ങിയതാണ് പീക്ക് ടിവി എന്ന സംരംഭം. ഇരുവരും ചേർന്ന് കാവ്യാ കർണാടിക്കിന്റെ യൂട്യൂബ് ചാനലായ കെ കെ ക്രിയേറ്റ്സിന് കൊടുത്ത അഭിമുഖം ഉണ്ട്. ‘ഗോദി മീഡിയാ ഈസ് ഡെഡ്’ എന്നാണ് അതിന്റെ തലക്കെട്ട്. ഇന്ത്യയിലെ മുഖ്യധാരാ ടെലിവിഷൻ വാർത്താ ചാനലുകളുടെ അവസ്ഥ ദ്യോദിപ്പിക്കുന്നു ഇത്. ഡൽഹിയിൽനിന്ന് കേരളത്തിന് പഠിക്കാനുള്ളത് എന്താണ് എന്നതാണ് കാതലായ ചോദ്യം.

കേരളത്തിൽ ഗൗരവമുള്ള വാർത്താ കവറേജിന് വ്ളോഗർമാർ രംഗത്ത് വന്ന് തുടങ്ങിയിട്ടില്ല. സിനിമാ താരങ്ങളുടെ ഇരിപ്പും നടപ്പും ചിത്രീകരിക്കുന്ന കുയിലുകളും നിലവാരമില്ലാത്ത യൂട്യൂബ് വാചാടോപങ്ങളുമേ ഇപ്പോൾ ഉള്ളൂ. മലയാളം ടെലിവിഷൻ ഇപ്പോഴും വിശ്വാസ്യത കൈമോശം വരുത്തിയിട്ടില്ല എന്നതിന്റെ സൂചന ഇതിൽ കാണാം. പക്ഷേ ചിത്രം എപ്പോൾ വേണമെങ്കിലും മാറാം. വിശ്വാസ്യത തകരാതെ നോക്കൽ പ്രധാന ഉത്തരവാദിത്വമായി എടുക്കണം എന്നതാണ് ഡൽഹി നൽകുന്ന പാഠം.

ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന പാർലമെന്റ്‌ മാർച്ചിനെ പൊലീസ്‌ നേരിട്ടപ്പോൾജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന പാർലമെന്റ്‌ മാർച്ചിനെ പൊലീസ്‌ നേരിട്ടപ്പോൾ

പാർടിസാൻ ജേർണലിസത്തിന് കിട്ടുന്ന പ്രചാരമാണ് കേരളത്തിലെ ന്യൂസ് റൂമുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ‍ഒരു ജേർണലിസ്‌റ്റ്‌ ഓരോ വിഷയത്തിലും പഠനം നടത്തി, അയാളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നിലപാടുകൾ എടുക്കുന്നതിൽ യാതൊരു അപാകവുമില്ല. അത് പക്ഷേ വസ്‌തുനിഷ്ഠമാകണം, സ്ഥാപിത താൽപ്പര്യങ്ങൾ ഉണ്ടാകരുത്. ആ നിലപാട്, തന്റെ ബോധ്യത്തിന്റെ അടിത്തറയിൽനിന്ന് എത്ര ഉറക്കെയും വിളിച്ച് പറയാം. പക്ഷേ, ഏത് വിഷയവുമാകട്ടെ, ഒരു രാഷ്‌ട്രീയപക്ഷത്തോടുള്ള വിധേയത്വം പ്രഖ്യാപിക്കാൻ മാത്രമായി തന്റെ ഇടം ഒരു ജേർണലിസ്റ്റ് ഉപയോഗിക്കുകയാണെങ്കിൽ, അത് ജേർണലിസമായി കണക്കാക്കാൻ കഴിയില്ല. ന്യായീകരണത്തൊഴിലാളികൾ മാധ്യമപ്രവർത്തകരുടെ കുപ്പായമിട്ട് വരുന്നതാണ് സമകാലിക മലയാള ടെലിവിഷനിലെ ദുരന്തം. വാർത്താമുറികൾ എക്കോ ചേംബറുകളാകുന്നതാണ് മറ്റൊന്ന്. ആങ്കർ പറയുന്ന അഭിപ്രായം ഏറ്റു പറയാൻ നാലാളുകൾ എന്ന മട്ടിൽ ഡിസൈൻ ചെയ്യപ്പെട്ട വാർത്താ ചർച്ചകളുണ്ട്. വാർത്താ സംവാദം എന്നതിനേക്കാൾ ഭജന എന്ന പേരാണിതിന് ചേരുക.


വാർത്തകളുടേയും വിഷയങ്ങളുടേയും മുൻഗണന എങ്ങനെയാണ് നിർണയിക്കുക എന്നതാണ് മറ്റൊരു വിഷയം. കൂടുതൽ റേറ്റിങ് നൽകുന്ന കവറേജിനാണ് ടിവി ചാനലുകൾ സമയം നൽകുന്നത് എന്നതാണ് എക്കാലത്തേയും വിമർശനം. കഴിഞ്ഞ ആറുമാസമായി റേറ്റിങ് ഇല്ല. സോഷ്യൽ മീഡിയയിൽ എത്ര പേർ കാണുന്നു എന്നതായി അപ്പോൾ മാനദണ്ഡം. പ്ലാറ്റ്ഫോമൈസേഷന് വിധേയമായിക്കൊണ്ടിരിക്കുകയാണ് ടെലിവിഷൻ മാധ്യമങ്ങളും. അപ്പോൾ പ്ലാറ്റ്ഫോമുകളുടെ അൽഗോരിതത്തിന് യോജിക്കുന്ന ഉള്ളടക്കത്തിന് പ്രാമുഖ്യം കിട്ടും. എഡിറ്ററെ അൽഗോരിതം പകരംവയ്‌ക്കുന്ന കാലമാണിത്. ആ കാലത്ത് ഗോദി മീഡിയയുടെ പതനം നൽകുന്ന പാഠം മലയാളം മീഡിയ ഉൾക്കൊണ്ടേ മതിയാകൂ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home