അപകടത്തിന് മുൻപ് കാറിനുള്ളിൽ സന്തോഷത്തോടെ എട്ടുപേരും; ആഘോഷയാത്ര ദുരന്തമായി

കയ്പമംഗലത്ത് ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽനിന്ന്
തൃശൂർ: തൃശൂർ കയ്പമംഗലത്ത് ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് വിദ്യാർഥികൾ മരിച്ചത് വിനോദയാത്രയ്ക്കിടെ. ദിണ്ടിഗൽ പിഎസ്എൻഎ എൻജിനിയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. മൂന്ന് ദിവസം കോളേജ് അവധിയായിരുന്നു. ഇതോടെയാണ് ഇവർ കേരളത്തിലേക്ക് പുറപ്പെട്ടത്.
അപകടത്തിന് മുൻപ് വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോ പുറത്തുവന്നു. എട്ട് പേരും സന്തോഷവാന്മാരായി കാറിൽ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. ദിണ്ടിഗലിൽനിന്ന് യാത്ര പുറപ്പെട്ടപ്പോഴാണ് സെൽഫി വീഡിയോ എടുത്തത്.
കയ്പമംഗലത്ത് അപകടത്തിൽപെട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി തകർന്നനിലയിൽ
വെള്ളി രാത്രി 11.50 ഓടെയാണ് അപകടം. കയ്പ്മംഗലം പനമ്പിക്കുന്നിൽ ദേശീയപാതയിൽ നിര്‍മാണം പുരോഗമിക്കുന്ന സ്ഥലത്ത് നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നില്‍ കാറിടിച്ചു കയറുകയായിരുന്നു. ഏഴുപേർ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസ്ഥലം കെ കെ വത്സരാജ് എംഎൽഎ സന്ദർശിക്കുന്നു
കാർ പൂർണമായും ലോറിക്കടിയിലായിരുന്നുവെന്നും ഒരാൾക്ക് മാത്രമേ ജീവന്റെ തുടിപ്പുണ്ടായിരുന്നുള്ളൂവെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ലോറി മുന്നിലേക്ക് നീക്കിയ ശേഷം കാറിൽനിന്ന് ഓരോരുത്തരെയും പുറത്തെടുക്കുകയായിരുന്നു. മുന്നിലത്തെ സീറ്റിലുണ്ടായിരുന്നവരെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചശേഷം പുറത്തെടുത്തു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രി മോര്‍ച്ചറിയില്‍.










0 comments