നഗരം കുരുക്കി വന്പൻ ബസുകൾ
print edition ജീവഭയത്തിൽ ജനം

വെള്ളി രാത്രിയില്‍ അരിസ്റ്റോ മോഡല്‍ സ്കൂള്‍ റോഡിലെ പാര്‍ക്കിങ്ങ് യാര്‍ഡില്‍ നിന്ന് ഇറക്കുന്ന ബസ്. സമീപത്ത് മറ്റൊരു ബസ് യാത്രക്കാരെ കയറ്റുന്നതിനായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നു
എസ് കിരണ്‍ ബാബു
Published on Oct 03, 2026, 01:30 AM | 2 min read
സമയം : വൈകിട്ട് 5
സ്ഥലം : അരിസ്റ്റോ മോഡല്‍ സ്കൂള്‍ റോഡ്
ബംഗളൂരുവിലേക്ക് പോകാനുള്ള വമ്പനൊരു ബസ് ദേ റോഡില്‍... ഏകദേശം 15 മീറ്റര്‍ വരുന്ന സ്ലീപ്പര്‍ കം സീറ്റര്‍ ബസ്. ഇനിയിപ്പോള്‍ കെഎസ്ആര്‍ടിസി ബസ് വരെ ഇതില്‍ തട്ടാതെ മുട്ടാതെ കടന്നുപോകേണ്ടത് വമ്പന്‍ ടാസ്കാണ്. ഇതിനുപുറമെയാണ് പാര്‍ക്കിങ് യാര്‍ഡില്‍ നിന്ന് ബസ് ഇറക്കാന്‍ റോഡ് ബ്ലോക്കാക്കിയുള്ള അഭ്യാസം. അരിസ്റ്റോ ജങ്ഷന്‍ മുതല്‍ മോഡല്‍ സ്കൂള്‍ സിഗ്നല്‍ വരെയുള്ള 55 മീറ്ററില്‍ നാല് ബസ് പാര്‍ക്കിങ് യാര്‍ഡുകള്‍. ഇവിടെ നിന്ന് ദിവസേന നടത്തുന്നത് ഏകദേശം അമ്പതോളം സര്‍വീസുകള്‍.
സർവീസ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പെ പാർക്കിങ് യാർഡിൽനിന്ന് പുറത്തെടുക്കുന്ന ബസുകൾ അരിസ്റ്റോ– മോഡൽ സ്കൂൾ റോഡിന്റെ ഒരു വരി പൂർണമായി കൈയേറി നിർത്തിയിടും. ഇതോടെ തമ്പാനൂർ ഭാഗത്തേക്കും തിരിച്ചുമുള്ള നൂറുകണക്കിന് വാഹനങ്ങൾ റോഡിന്റെ മറുവരിയിലൂടെ തിങ്ങിഞെരുങ്ങി കടന്നുപോകണം. റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് യാർഡുകളുണ്ട്. ഇതിൽനിന്ന് റോഡ് നിയമത്തിന് ഒരുവിലപോലും നൽകാതെ ഡിവൈഡറുകൾക്കു മീതെ ബസുകൾ ഇരുവശത്തേക്കും കടത്താറുമുണ്ട്. ഏറെ നേരത്തെ ഗതാഗതക്കുരുക്കിന് ഇത് വഴിയൊരുക്കാറുണ്ട്. പ്രവൃത്തിദിവസങ്ങളിൽ വൈകിട്ട് അഞ്ചോടെ ആരംഭിക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് രാത്രി വൈകിയും അഴിയാറില്ല. അത്യാസന്ന നിലയില്‍ രോഗിയുമായി പോകുന്ന ആംബുലന്‍സ് വരെ ഈ കുരുക്കില്‍പ്പെടുന്നത് പതിവ് കാഴ്ച.
ലക്ഷ്വറി ബസുകൾ ഉൾപ്പെടെ അമ്പതോളം അന്തർസംസ്ഥാന ബസുകളാണ് ദിവസവും സർവീസ് നടത്തുന്നത്. ബസ് ഉടമകൾ മോട്ടോർ വാഹന വകുപ്പിലെയും പൊലീസിലെയും കോർപറേഷനിലെയും ചില ഉന്നത ഉദ്യോഗസ്ഥർക്ക് മാസംതോറും കൃത്യമായി പണം പങ്കിട്ടു നൽകിയാണ് ഇത് സാധ്യമാക്കുന്നത്. തൊട്ടടുത്ത് തമ്പാനൂർ പൊലീസ് സ്റ്റേഷൻ ഉണ്ടായിട്ടും റോഡ് കൈയേറിയുള്ള ഇത്തരം നിയമവിരുദ്ധ പാർക്കിങ്ങിനെതിരെ നടപടി ഉണ്ടാകുന്നില്ല. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാന ട്രെയിനുകൾ എത്തുന്ന സമയത്തും സ്കൂൾ, ഓഫീസ് സമയങ്ങളിലും അരിസ്റ്റോയിൽ കുരുക്ക് മണിക്കൂറുകളോളമാണ് നീളുന്നത്.
വാഹന രജിസ്ട്രേഷനിലും തട്ടിപ്പ്
സർവീസ് നടത്തുന്ന ഭൂരിഭാഗം അന്തർസംസ്ഥാന സ്വകാര്യ ലക്ഷ്വറി ബസുകളും നാഗാലാൻഡ്, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതാണ്. കേരളത്തിൽ കോൺട്രാക്ട് കാര്യേജ്, സ്ലീപ്പർ ബസുകൾക്ക് ഒരു സീറ്റിന് അല്ലെങ്കിൽ ബെർത്തിന് നിശ്ചിത തുകയെന്ന കണക്കിൽ വലിയ തുക നികുതിയായി അടയ്ക്കണം. എന്നാൽ നാഗാലാൻഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ റോഡ് ടാക്സും രജിസ്ട്രേഷൻ ഫീസും കുറവാണ്. ഈ നികുതി ഒഴിവാക്കാനാണ് വ്യാജ മേൽവിലാസങ്ങൾ കാണിച്ച് ഏജന്റുമാർ വഴി മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നത്.
കേരളത്തിൽ ബസുകളുടെ ബോഡി നിർമാണത്തിനും എമർജൻസി എക്സിറ്റുകൾക്കും ബെർത്തുകൾ തമ്മിലുള്ള അകലത്തിനും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം നിബന്ധനകളില്‍ ഇളവ് ലഭിക്കുന്നതിനാൽ കൂടുതൽ ബെർത്തുകൾ കുത്തിനിറച്ച് ബോഡി പണിയാനാകും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ‘ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്' നിയമപ്രകാരം, കുറഞ്ഞ ചെലവിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പെർമിറ്റ് തരപ്പെടുത്തി കേരളത്തിൽ സ്ഥിരമായി സ്റ്റേജ് കാര്യേജ്പോലെ ആളുകളെ കയറ്റി സർവീസ് നടത്താനും സാധിക്കും. കൃത്യമായ പരിശോധനകളില്ലാതെ ഏജന്റുമാർ വഴി മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തരപ്പെടുത്താനും എളുപ്പമാണ്.
അഭ്യാസത്തില്‍ അപകടം; ക്ലീനര്‍ക്കെതിരെ കേസ്
വ്യാഴം രാത്രി 7.50നാണ് അരിസ്റ്റോ ജങ്ഷനിലെ പാർക്കിങ് യാർഡിന് സമീപം അപകടമുണ്ടായത്. ‘സിറ്റി ടൂർസ്' ട്രാവൽസിന്റെ നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള ബസ് യാത്രക്കാരെ കയറ്റാനായി റോഡിലേക്ക് എടുക്കവെ ഇടതുവശത്തെ മുൻ ടയർ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ഡിവൈഡറും ഇലക്ട്രിക് പോസ്റ്റും തകർത്ത്, എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തിൽ നെട്ടയം സ്വദേശി സന്തോഷ് കുമാറിന്റെ ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഹെവി വാഹനം ഓടിക്കാൻ ലൈസൻസില്ലാത്ത ക്ലീനറാണ് വാഹനം ഓടിച്ചിരുന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആര്യനാട് പറണ്ടോട് ഗ്രേസ് ഭവനിൽ കിരൺരാജിനെതിരെ (36) തമ്പാനൂർ പൊലീസ് കേസെടുത്തു.
ഇയാൾക്ക് നോട്ടീസ് നൽകിയശേഷം ബസ് കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്കായി മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. മുൻവശത്തെ ടയറുകൾ പൂർണമായി തേഞ്ഞുതീർന്ന നിലയിലായിരുന്നുവെന്നും വാഹനത്തിൽ സ്റ്റെപ്പിനി ടയർ പോലുമില്ലായിരുന്നുവെന്നും പരിശോധനയിൽ വ്യക്തമായി. ഒടുവിൽ മറ്റൊരു ടയർ സ്ഥലത്തെത്തിച്ച് ക്രെയിൻ ഉപയോഗിച്ചാണ് രാത്രി ബസ് റോഡിൽനിന്ന് മാറ്റിയത്.









0 comments