വര്‍ക്കലയിലെ മോഷ്ടാവ് പാറശാലയില്‍ പിടിയില്‍

മുഹമ്മദ് ഷെരീഫ്
വർക്കല/പാറശാല
കുരയ്ക്കണ്ണിയിൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി പാറശാല റെയിൽവേ സ്റ്റേഷനിൽ പിടിയില്‍. കൊല്ലം പേരൂർ കരിക്കോട് സ്വദേശിയായ മുഹമ്മദ് ഷെരീഫി (50)നെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. മുഷിഞ്ഞ വസ്ത്രം ധരിച്ചയാളുടെ കൈയിൽ വിലകൂടിയ ബാഗ് കണ്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന. ബാഗില്‍ ഒന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. വര്‍ക്കല കുരയ്ക്കണ്ണിയിലെ വീട്ടില്‍ മോഷണം നടത്തിയത് പ്രതി സമ്മതിച്ചു. ഒമ്പതേമുക്കാൽ പവൻ പ്രതിയില്‍നിന്ന് കണ്ടെത്തി. കുരയ്ക്കണ്ണി ഷൈലാ മൻസിലിൽ അജ്മലിന്റെ വീട്ടിൽ 23ന് പകല്‍ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വീട്ടമ്മ ബന്ധുവീട്ടില്‍നിന്ന് തിരികെയെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സ്വർണത്തിന്റെ ഒരുഭാഗം കോയമ്പത്തൂരിലും ഒരു മോതിരം തിരുവനന്തപുരത്തും വിറ്റു. പണവുമായി ചെന്നൈയടക്കമുള്ള സ്ഥലങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതി. പണത്തിന്റെ ഒരുപങ്ക് വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയെന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ താടിയും മുടിയും നീട്ടിവളർത്തിയ നിലയിലായിരുന്നു പ്രതി. പിന്നീട് വേഷംമാറിയാണ് സഞ്ചരിച്ചിരുന്നത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മൂന്നും എറണാകുളം, കോട്ടയം, കൊല്ലം ആർപിഎഫ് സ്റ്റേഷനുകളിലായി മൂന്നും കേസുകൾ ഇയാൾക്കെതിരെയുണ്ട്. മോഷണമുതല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശാല റെയിൽവേ എസ്എച്ച് ഒ റസൽരാജ്, സിവിൽ പൊലീസ് ഓഫീസര്‍മാരായ രജിത്, അഭിലാഷ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. വർക്കല ഡിവൈഎസ്‌പി പി വി രമേഷ് കുമാർ, സിഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.








0 comments