കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

കാട്ടുപന്നി കുറുകെ ചാടി കാലിന് പരിക്കേറ്റ ടോണി സെബാസ്റ്റ്യൻ
വെള്ളറട
കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. അമ്പൂരി കരിന്തേരയ്ക്കൽ വീട്ടിൽ ടോണി സെബാസ്റ്റ്യനാണ് (31) പരിക്കേറ്റത്. വെള്ളി പുലർച്ചെ നാലരയോടെ അമ്പൂരി–വാഴിച്ചൽ റോഡിൽ പാമ്പരംകാവിന് സമീപത്തായിരുന്നു അപകടം. പെട്ടെന്ന് കാട്ടുപന്നി പാഞ്ഞടുത്ത് വാഹനത്തിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണ ടോണിയുടെ കാലിന് സാരമായി പരിക്കേറ്റു. നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ റോഡിലേക്കിറങ്ങുന്ന ഇവ അപകടങ്ങൾ ഉണ്ടാക്കുന്നതും പതിവാണ്. പ്രദേശത്ത് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.








0 comments