എംഎസ്‌സി എൽസ 3 കപ്പലപകടം
പ്ലാസ്റ്റിക് നര്‍ഡില്‍സ് കടലില്‍ തള്ളുന്നത് തടഞ്ഞ് മത്സ്യത്തൊഴിലാളികൾ


സ്വന്തം ലേഖകൻ
Published on Oct 10, 2026, 04:32 AM | 1 min read
വർക്കല
കപ്പല്‍ അപകടത്തില്‍ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം വീണ്ടും കടൽത്തീരത്ത് തള്ളുന്നത് തടഞ്ഞ് മത്സ്യത്തൊഴിലാളികൾ. വെട്ടൂർ കടപ്പുറത്ത് വെള്ളി പുലർച്ചെയാണ് സംഭവം. 2025 മെയ് മാസം കൊച്ചിയില്‍ മുങ്ങിയ എംഎസ്‌സി എല്‍സ 3 ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളില്‍നിന്ന് കടലില്‍ വീണ പ്ലാസ്റ്റിക് നര്‍ഡില്‍സ് ശേഖരിച്ചത് വീണ്ടും കടലിലേക്ക് തള്ളാന്‍ ശ്രമിച്ചവരെയാണ് തൊഴിലാളികള്‍ പിടികൂടിയത്. സബ് കരാറെടുത്തവരുടെ ജീവനക്കാർ പ്ലാസ്റ്റിക് നര്‍ഡില്‍സ് ചാക്കുകെട്ടിലാക്കി കടൽത്തീരത്ത് തള്ളാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികൾ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കാറിലെത്തിയ സംഘം ഓടിരക്ഷപ്പെട്ടു. നര്‍ഡില്‍സ് നീക്കാന്‍ കരാറെടുത്ത കമ്പനിയുടെ സബ് കരാറുകാരുടെ തൊഴിലാളികളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പ്ലാസ്റ്റിക് ഇപ്പോഴും കരയ്ക്ക് അടിയുന്നുണ്ടെന്ന് കാണിച്ച് പണം തട്ടാനുള്ള ജീവനക്കാരുടെ ശ്രമമാണെന്ന് ആക്ഷേപമുണ്ട്. കപ്പലപകടത്തെ തുടര്‍ന്ന് വർക്കല, പെരുമാതുറ, തുമ്പ, വേളി, ശംഖുംമുഖം, വിഴിഞ്ഞം, പൊഴിയൂർ കടൽത്തീരങ്ങളിൽ വ്യാപകമായി പ്ലാസ്റ്റിക് നര്‍ഡില്‍സ് അടിഞ്ഞിരുന്നു. ഇത് നീക്കാനാണ് സ്വകാര്യ കമ്പനിയെ സർക്കാർ നിയോഗിച്ചത്. 2025 ജൂണില്‍ അഗ്നിരക്ഷാസേനയുടെ കീഴിലുള്ള സിവിൽ ഡിഫൻസ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ചാണ് സ്വകാര്യ കമ്പനി മാലിന്യനീക്കം ആരംഭിച്ചത്. എട്ട് മാസത്തില്‍ കടൽത്തീര ശുചീകരണം പൂർത്തിയായി. എന്നാല്‍, വീണ്ടും കടലില്‍നിന്ന് നര്‍ഡില്‍സ് കരയ്ക്കടിഞ്ഞു. ഇതോടെയാണ് സബ് കരാര്‍ നൽകി മാലിന്യനീക്കം ആരംഭിച്ചത്. വാരിയെടുത്ത പ്ലാസ്റ്റിക് നര്‍ഡില്‍സ് ചാക്ക് കെട്ടുകളിലാക്കി രാത്രിയിൽ കടൽത്തീരത്ത് കുഴിച്ചിടുന്നതായും തിരയടിക്കുമ്പോൾ ഇവ പുറത്തേക്ക് വരുന്നതാണെന്നും ആക്ഷേപമുണ്ട്.








0 comments