മാറ്റിവെച്ച കുറിപ്പുകളിൽ നിന്നും തൊണ്ണൂറ്റിയെട്ടാം വയസിൽ അവസാന പുസ്തകം


എൻ എ ബക്കർ
Published on Aug 02, 2025, 06:11 PM | 2 min read
മലയാളത്തിന്റെ സ്നേഹഭാജനം പ്രൊഫ. എം കെ സാനു പോയ് മറയുമ്പോൾ സദാ സജീവമായിരുന്ന ഒരു കാലഘട്ടത്തിന്റെ ഊർജമാണ് ഭാഷയ്ക്ക് നഷ്ടമാവുന്നത്. തൊണ്ണൂറ്റിയെട്ടാം വയസിലും അദ്ദേഹം പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. കേരളം മറന്നു പോയ ഒരു പെണ്‍പോരാളിയുടെ ജീവിതമാണ് അവശതകൾ മറന്ന് ഓർമ്മപ്പെടുത്താനിരുന്നത്.
സഹോദരന്‍ അയ്യപ്പന്‍റെ സഹോദരിയും പൊതു പ്രവർത്തകയുമായ, അഗതികൾക്കായി അബല സദനം സ്ഥാപിച്ച തപസ്വിനി അമ്മയെക്കുറിച്ചുള്ള രചനയിലായിരുന്നു. തന്റെ രചനയുടെ തയാറെടുപ്പുകൾ മാഷ് മറന്നു പോയിരുന്നു. പക്ഷെ ആ ലക്ഷ്യം അണയാതെ അകത്തുണ്ടായിരുന്നു. പഴയ പുസ്തകങ്ങള്‍ ഒഴിവാക്കി അലമാര വൃത്തിയാക്കുന്നതിനിടെ തയാറാക്കി വെച്ച കുറിപ്പുകളും നോട്ട് ബുക്കുകളും മക്കൾ കണ്ടെത്തുകയായിരുന്നു. അത് പുതിയ രചനയിലേയ്ക്ക് നയിച്ചു.
ജൂൺ 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ എം. തോമസ് മാത്യുവിന് പുസ്തകം കൈമാറിയാണു മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്.

അഗതികളായ സ്‌ത്രീകൾക്കായി 1921ൽ തപസ്വിനി അമ്മ സ്ഥാപിച്ച ‘അബലസദനാ’ണ് പിന്നീട് എസ്‌എൻവി സദനമെന്ന പ്രശസ്‌തസ്ഥാപനമായി വളർന്നത്. സഹോദരൻ അയ്യപ്പനും പണ്ഡിറ്റ് കറുപ്പനും വാഗ്‌ഭടാന്ദനുമൊക്കെ ഒപ്പം പ്രവർത്തിച്ചിട്ടുള്ള തപസ്വിനി അമ്മയുടെ 50 ാം ചരമ വാർഷിക വർഷമാണ് 2025.
കൊച്ചിയിലെത്തിയശേഷം തനിക്ക് തപസ്വിനി അമ്മയുമായി ചേർന്നുനിൽക്കാനായത് ദൈവദത്തമായ സുഖമായി കരുതുന്നു എന്നാണ് സാനുമാഷ് പുസ്‌തകത്തിന്റെ ആമുഖത്തിൽ കുറിച്ചത്.
അവിടെയും അദ്ദേഹം നിർത്തിയില്ല. ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യന്‍ ആനന്ദതീര്‍ഥ സ്വാമികളുടെ ജീവിതം എഴുതണമെന്ന ആഗ്രഹം ആവർത്തിച്ചു പറഞ്ഞു. ആനന്ദതീർത്ഥന്റെ ലോകമറിയാത്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള രചന എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
കൊച്ചി കാരിക്കാമുറിയിലെ 'സന്ധ്യ' എന്ന വീട്ടിലായിരുന്നു ജീവിത സായാഹ്നം. എം ടി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണത്തിൽ ഒരു ദീർഘ ദർശനം ഉണ്ടായിരുന്നു. വേർപിരിഞ്ഞ തലമുറയെ കുറിച്ചുള്ള വെളിച്ചവും.
“ഏതാനും ദിവസങ്ങളായി കേരളീയ സഹൃദയരോടൊപ്പം ആശങ്കകുലനായി ഞാനും കഴിയുകയായിരുന്നു. എം.ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതി വഷളായിരിക്കുന്നു, ഏതുനിമിഷവും എന്തും സംഭവിക്കാം എന്ന വാര്‍ത്ത ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
മരണം ജീവിതത്തിന്റെ വിരാമചിഹ്നമാണ്, സംഭവിച്ചേ മതിയാവൂ, എങ്കിലും അദ്ദേഹത്തെ പോലെ ലോക സാഹിത്യത്തിനും മലയാള സാഹിത്യത്തിനും സംഭാവന ചെയ്തവര്‍ വേര്‍പിരിയുമ്പോള്‍ നഷ്ടബോധമുണ്ട്”.
എന്നിങ്ങനെയായിരുന്നു വാക്കുകൾ. എം കെ സാനു മാഷ് വേർപിഞ്ഞപ്പോഴും, അതേ നഷ്ട ബോധം മലയാളം അനുഭവിക്കയാണ്.
സയൻസ് മാഷ് പ്രസംഗത്തിൽ നിന്ന് എഴുത്തിലേക്ക്
ആലപ്പുഴയിൽ ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് അധ്യാപകൻ കുട്ടികളോട് ആരാവണം എന്നു ചോദിച്ച ഒരനുഭവം അദ്ദേഹത്തിന്റെതായി പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. എട്ടാം ക്ലാസിൽ അധ്യാപകൻ ചോദിച്ചു. ‘നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹമെന്ന് ഒരു കടലാസിൽ എഴുതിനൽകുക.’ എല്ലാവരും സ്വപ്നങ്ങൾ എഴുതി നൽകി.
കടലാസുകൾ പരിശോധിച്ച് അധ്യാപകൻ പറഞ്ഞു, ‘ഇവിടെ ഒരാൾക്ക് എന്താകണമെന്ന് ഒരു പിടിയുമില്ല. ഡോക്ടറും കലക്ടറുമൊന്നുമാകേണ്ട. കവിതയാണ് എഴുതിവച്ചിരിക്കുന്നത്.’
‘അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ.’
കുമാരനാശാനറെ നളിനിയിൽ ദിവാകരൻ നളിനിയോടു പറഞ്ഞ വാക്കുകൾ കുറിച്ചു വെക്കുകയായിരുന്നു.
മാഷ് പഠിപ്പിച്ചത് സയൻസായിരുന്നു. 85 ൽ അധികം പുസ്തകങ്ങൾ രചിച്ചു. കോവിഡ് കാലത്തെ അടങ്ങിയിരിപ്പ് നാല് പുസ്തകങ്ങളുടെ രചനയ്ക്കായി വിനിയോഗിച്ചു.
എഴുത്തിലേക്ക് എത്തിച്ചർന്ന കഥയും മാഷ് ആവർത്തിച്ചിട്ടുണ്ട്. “സാഹിത്യ സംഘം രണ്ടായി പിരിഞ്ഞപ്പോൾ കെ.ബാലകൃഷ്ണൻ, കാമ്പിശേരി കരുണാകരൻ തുടങ്ങിയ പുരോഗമന ചിന്താഗതിക്കാർ ഒരു വിഭാഗമായി. അവർ ജോസഫ് മുണ്ടശേരിയെല്ലാം ഉൾപ്പെട്ട എതിർവിഭാഗത്തിനെതിരെ യോഗം നടത്തിയപ്പോൾ എന്നോടും പ്രസംഗിക്കാൻ പറഞ്ഞു.
"നിങ്ങൾ പറഞ്ഞതിനോടു ഞാൻ പ്രസംഗത്തിൽ യോജിച്ചുകൊള്ളണമെന്നില്ലെന്നായി എന്റെ നിലപാട്. എന്നിട്ടും അനുവദിച്ചു. അമേരിക്കൻ എഴുത്തുകാരൻ വാൾട്ട് വിറ്റ്മാനെ ഉദാഹരിച്ചായിരുന്നു പ്രസംഗം. കേട്ടുകഴിഞ്ഞപ്പോൾ ബാലകൃഷ്ണൻ എന്നോടു പറഞ്ഞു, ‘ഇതൊന്ന് എഴുതിത്തരൂ’. അങ്ങനെ ഞാൻ എഴുതി ലേഖനമായി നൽകി."
അതു മൂന്നു ലക്കങ്ങളായി അദ്ദേഹം പ്രസിദ്ധീകരിച്ചു. അതു വായിച്ചു കുറ്റിപ്പുഴ കൃഷ്ണപിള്ള കത്തെഴുതി, ‘ആരാണീ എം.കെ.സാനു, അയാളുടെ ലേഖനം വളരെ നന്നായിട്ടുണ്ടല്ലോ’ എന്നായിരുന്നു ഉള്ളടക്കം. ബാലകൃഷ്ണൻ ആ കത്ത് എന്നെ കാണിച്ചു. ഏറെ സന്തോഷം തോന്നി. എഴുത്തിലേക്കുള്ള വഴിയായിരുന്നു അന്ന് തുറക്കപ്പെട്ടത്.
“ഞാൻ വിചാരിച്ചതിലധികം സ്നേഹവും സഹകരണവും എനിക്ക് ആളുകളിൽനിന്നു കിട്ടിയെന്നതാണ് ഏറ്റവും വലിയ നേട്ടം. അതിരില്ലാത്ത സ്നേഹം എന്നു പറയാറില്ലേ? അതാണെനിക്കു ലഭിച്ചത്” എന്നാണ് ഒരു അഭിമുഖത്തിൽ മാഷ് പ്രതികരിച്ചത്.









0 comments