print edition മെമ്പർ വേറെ ലെവലാ


പ്രൊഫ. വി കാർത്തികേയൻ നായർ
Published on Dec 07, 2025, 12:01 AM | 6 min read
‘മെമ്പർ’ എന്ന പദം മലയാളമായത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ്. എംഎൽഎ, എംപി എന്നൊക്കെയുള്ള പദവിയുണ്ടെങ്കിലും മെമ്പർക്കുള്ള ഗമ അവർക്കൊന്നുമില്ല. തദ്ദേശ സ്വയംഭരണ സംവിധാനം നിലവിൽവന്നതോടെ മലയാളത്തിന് കിട്ടിയ രണ്ടു പദങ്ങളാണ് പഞ്ചായത്തും മെമ്പറും. അതുപോലെതന്നെയാണ് തെരഞ്ഞെടുപ്പുചിഹ്നങ്ങളും. ആദ്യകാലത്ത് കുരുവി, സൈക്കിൾ, പശു, കുടിൽ, തെങ്ങ്, വാഴ എന്നിങ്ങനെയുള്ള ചിഹ്നങ്ങളായിരുന്നു സ്വതന്ത്രർക്ക് കിട്ടിയിരുന്നത്. കമ്യൂണിസ്റ്റ് പാർടിക്ക് അരിവാളും നെൽക്കതിരും ആർഎസ്‌പിക്ക് കോരിക (ഷവൽ), കോൺഗ്രസിന് നുകം വച്ച കാള– പിന്നീടത് പശുവും കുട്ടിയുമായി. ഇപ്പോഴോ? മൊബൈൽ ഫോൺ, ടെലിവിഷൻ, കംപ്യൂട്ടർ, കപ്പൽ എന്നിങ്ങനെയായി. ഇനി വരാനിരിക്കുന്നത് യന്ത്രമനുഷ്യനും (ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ) ബ്രഹ്മോസ് മിസൈലുമായിരിക്കാം!
കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. നാട്ടിൻപുറത്തുകാർക്ക് സജീവരാഷ്ട്രീയമില്ലായിരുന്നു. കമ്യൂണിസ്റ്റ് പാർടി, കോൺഗ്രസ്, പിഎസ്‌പി, ആർഎസ്‌പി, മലബാർ പ്രദേശത്ത് മുസ്ലിംലീഗ്, ഐഎസ്‌പി എന്നിങ്ങനെയുള്ള കക്ഷികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യക്തിബന്ധം, കുടുംബബന്ധം, ജാതിബന്ധം, മതബന്ധം എന്നിവകൾക്കായിരുന്നു മുൻഗണന. സ്കൂൾ അധ്യാപകനായിരുന്ന ഒരാൾ തന്റെ വിപുലമായ ശിഷ്യസമ്പത്തിൽ വിശ്വാസമർപ്പിച്ച് റിട്ടയർമെന്റിനുശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. കുരുവിയായിരുന്നു ചിഹ്നം. കൃഷിക്കാരനായതിനാൽ പണിക്കാരും സഹായിക്കുമെന്ന് പ്രതീക്ഷിച്ചു. വോട്ടെടുപ്പുദിവസം വോട്ടർമാർക്ക് സദ്യയും നൽകി. വൈകിട്ട് എച്ചിലില എണ്ണിനോക്കിയപ്പോൾ വിജയം ഉറപ്പായ സന്തോഷത്തിൽ കായത്തിരുമേനി എണ്ണതേച്ച് കുളിച്ച് അന്നുരാത്രി സുഖമായുറങ്ങി. മൂന്നാംദിവസമാണ് വോട്ടെണ്ണിയത്. ഫലംവന്നപ്പോൾ മൂന്നാംസ്ഥാനത്ത്. വിജയിയായത് മറ്റൊരു സ്വതന്ത്രൻ. കൂലിപ്പണിക്ക് പോകുന്നയാൾ. കുട്ടികൾക്ക് വിദ്യ പകർന്നുനൽകിയതും വിശപ്പടക്കാൻ ചോറുകൊടുത്തതും പാഴായെന്ന് വാധ്യാർ പരിതപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇങ്ങനെ എത്രയെത്ര രസകരമായ സംഭവങ്ങളാണുള്ളത്.
അഞ്ചുപേർ കൂടിയാൽ
അഞ്ചുപേർ കൂടിയിരുന്ന് വർത്തമാനം പറയുന്നതാണ് പഞ്ചായത്ത്. അതൊരു മലയാളപദമല്ല. പാലിയോ പ്രാകൃതമോ സംസ്കൃതമോ ആകാം. വർത്തമാനം പറഞ്ഞ് തീരുമാനം എടുക്കുമ്പോഴാണ് അധികാരം കടന്നുവരുന്നത്. ഓരോ ജാതിയിലും ഇത്തരം കാരണവർക്കൂട്ടം ഉണ്ടായിരുന്നു. ജാതി മാറി കല്യാണം കഴിച്ചാൽ പുറത്താക്കുന്നതും ഊരു വിലക്കുന്നതും ഖാപ്പ് പഞ്ചായത്താണല്ലോ. തമിഴിലും മലയാളത്തിലും നാട്ടാർ എന്ന സമിതിയുണ്ടായിരുന്നു. പ്രമാണിമാരുടെ സമിതിയായിരുന്നു അത്. സുപ്രധാന കാര്യങ്ങൾ തീരുമാനിച്ച് പ്രജകളുടെ സമ്മതം നേടുന്നതിനുവേണ്ടി വിളിച്ചുചേർക്കുന്ന ജനസഭയായിരുന്നു നാട്ടുകൂട്ടം. നാട്ടാരും നാട്ടുകൂട്ടവും ചേർന്നാണ് നാടുവാഴിയെ അധികാരത്തിലേറ്റുന്നതും സ്ഥാനഭ്രഷ്ടനാക്കുന്നതും.
കാർഷിക പ്രധാനമായിരുന്ന കേരള സമ്പദ്ഘടനയിൽ നെൽകൃഷിയായിരുന്നു മുഖ്യം. അളവും നെല്ലിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത്ര പറ നെല്ല് അളക്കണമെന്നും ഇത്ര പറ നിലം ഉണ്ടെന്നുമുള്ള കണക്ക് സാഹിത്യത്തിലും കടന്നുവന്നിട്ടുണ്ട്. നിലവും പുരയിടവും എന്നാണ് പറയാറുള്ളത്. നെൽകൃഷിക്കുള്ളതാണ് നിലം. നിരനിരയായി കിടക്കുന്ന നെൽപ്പാടങ്ങളെ ഏലാ എന്നാണ് പറഞ്ഞിരുന്നത്. ഓരോ ഏലായിലും ഒരു ക്ഷേത്രം കാണും. കൃഷിക്കാർക്ക് ഒത്തുചേരാനും തീരുമാനങ്ങളെടുക്കാനുമുള്ള കേന്ദ്രം എന്ന നിലയ്ക്കാണ് ക്ഷേത്രങ്ങൾ നിലവിൽവന്നത്. ഉത്സവവും നിത്യപൂജയും പൂജാരിയുമൊക്കെ നാട്ടുകൂട്ടത്തിനു വിധേയമായിരുന്നു. ബ്രാഹ്മണപൂജാരിയും അമ്പലവാസി തൊഴിലുകാരും പരിസരത്തുതന്നെയാണ് താമസിച്ചിരുന്നത്. കൈവേലയും കൈത്തൊഴിലും കൃഷിപ്പണിയും ചെയ്തിരുന്നവർക്ക് പ്രത്യേകം ദേവകളുണ്ടായിരുന്നു. ഊരുമൂപ്പനായിരുന്നു പൂജാരി. അവരാരും നാട്ടുകൂട്ടത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ കയറണമെന്നോ ആരാധന നടത്തണമെന്നോ ശാഠ്യം പിടിച്ചിരുന്നില്ല.
നാട്ടുകൂട്ടമിളക്കം
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന നാട്ടുകൂട്ടത്തിന്റെ പിന്തുണയോടെയായിരുന്നു വേലുത്തമ്പി കലാപത്തിനു മുതിർന്നത്. നാട്ടുകൂട്ടമിളക്കം എന്നായിരുന്നു തെക്കൻ തിരുവിതാംകൂറിൽ അതറിയപ്പെട്ടിരുന്നത്. വേലുത്തമ്പിയുടെ ബ്രിട്ടീഷ് വിരുദ്ധകലാപത്തിന്റെ കേന്ദ്രം നാട്ടുകൂട്ടവും ക്ഷേത്രവുമായതിനാലാണ് കേണൽ മൺറോ തിരുവിതാംകൂറിൽ ദിവാനായിരുന്നപ്പോൾ 377 ക്ഷേത്രങ്ങൾ ഏറ്റെടുത്ത് സർക്കാരിന്റേതാക്കിയത്. ദേവസ്വം ഭൂമിയെ പണ്ടാര (സർക്കാർ) വകയാക്കി. കൊച്ചിയിലും ഇതേപോലെ 117 ക്ഷേത്രങ്ങൾ മൺറോ ദിവാനായിരുന്നപ്പോൾ ഏറ്റെടുത്ത് സർക്കാരിന്റേതാക്കി. വേലുത്തമ്പിമാർ ഉണ്ടാകാതിരിക്കാനുള്ള ഒരുക്കമായിരുന്നു അത്. ദേവന്മാരുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തതോടുകൂടിയാണ് ദേവസ്വം വകുപ്പുണ്ടായത്. ഇതാണ് 1949-ൽ ദേവസ്വം ബോർഡായത്.
പ്രതിനിധിസഭ എന്ന വ്യാജബോധം
ബ്രിട്ടീഷുകാർ നേരിട്ടു ഭരിച്ചിരുന്ന മലബാറിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. ടിപ്പുവിന്റെ പരാജയത്തെ തുടർന്നാണല്ലോ മലബാർ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായത്. നികുതിപിരിവും ക്രമസമാധാനവുമായിരുന്നു ബ്രിട്ടീഷുകാർ താൽപ്പര്യം കാണിച്ചിരുന്ന വിഷയങ്ങൾ. ബാക്കി കാര്യങ്ങളെല്ലാം ഭൂ ഉടമകളായ ജന്മിമാരാണ് നിയന്ത്രിച്ചിരുന്നത്. അതിനാൽ കർഷകരെ വിളിച്ചുകൂട്ടി കാര്യങ്ങൾ ചർച്ച ചെയ്യാൻ അവർ മിനക്കെട്ടില്ല.
ബ്രിട്ടീഷ്‌വിരുദ്ധ ചെറുത്തുനിൽപ്പ് കലാപങ്ങളുടെ മൂർധന്യമായ 1857-‐58 കലാപം അടിച്ചമർത്തിയശേഷം ബ്രിട്ടീഷ്‌ഭരണം സൈനികാക്രമണങ്ങൾ അവസാനിപ്പിച്ച് നാട്ടുകാരെ ഭരണവുമായി സഹകരിപ്പിക്കാൻ ശ്രമിച്ചു. അതിനവർ കണ്ടെത്തിയത് ജനപ്രതിനിധി സഭകളായിരുന്നു. ഗവർണർ ജനറലിന്റെ എക്സിക്യൂട്ടീവ് കൗൺസിലിൽ ഇന്ത്യക്കാരായ അംഗങ്ങളെ ഉൾപ്പെടുത്താൻ ശ്രമിച്ചു. കൗൺസിൽ വികസിപ്പിച്ച് സഭയാക്കിയപ്പോൾ അതിൽ ഇന്ത്യക്കാർക്ക് പകുതിയോളം സ്ഥാനങ്ങൾ നൽകി. ജനപ്രതിനിധികളിലൂടെയാണ് തങ്ങൾ ഭരണം നടത്തുന്നതെന്ന വ്യാജബോധം നിർമിക്കാൻ ഇത് സഹായിച്ചു.
ജില്ലാ ബോർഡുകൾ
റിപ്പൺ പ്രഭു വൈസ്രോയി ആയിരിക്കുമ്പോഴാണ്. 1881-ലും 1882-ലും തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട രണ്ട് ഉത്തരവുകൾ പ്രസിദ്ധീകരിച്ചത്. അതനുസരിച്ച് ജില്ലാ ബോർഡുകളും താലൂക്ക് ബോർഡുകളും ഗ്രാമപഞ്ചായത്ത് യൂണിയനുകളുമെന്ന ത്രിതലസംവിധാനം നിലവിൽ വന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി മുതലായ വിഷയങ്ങളായിരുന്നു ജില്ലാ ബോർഡുകൾക്ക് നൽകിയിരുന്നത്. മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ അധികം വൈകാതെതന്നെ ഈ സംവിധാനം നിലവിൽ വന്നു. തുടക്കത്തിൽ സർക്കാർ നോമിനേറ്റ് ചെയ്യുന്നവരായിരുന്നു സമിതിയിലുണ്ടായിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് വന്നു. ഭൂനികുതി കൊടുക്കുന്നവരും ബിരുദധാരികളും നാടുവാഴി കുടുംബാംഗങ്ങളുമായിരുന്നു വോട്ടർമാർ. കോലത്തിരി, സാമൂതിരി, കടത്തനാട്, കൊല്ലങ്കോട് മുതലായ കുടുംബങ്ങളിലെ അംഗങ്ങൾക്ക് വോട്ടുണ്ടായിരുന്നു. വോട്ടർമാരുടെ പട്ടിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുമായിരുന്നു.
മൺകലങ്ങൾ നിറയാതിരിക്കാൻ
ബ്രിട്ടീഷ് ഭരണസ്വാധീനത്തിൽപ്പെട്ടിട്ടാകാം 1894-ൽ തിരുവിതാംകൂറിൽ ടൗൺ എംപവർമെന്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ഉത്തരവായി. മുനിസിപ്പൽ ഭരണത്തിന്റെ തുടക്കമതാണെന്നു പറയാം. പ്രധാനമായും രണ്ട് ഉത്തരവാദിത്വങ്ങളാണ് മുനിസിപ്പാലിറ്റികൾക്ക് ചെയ്യാനുണ്ടായിരുന്നത്. ആദ്യത്തേത് ശുചിത്വപരിപാലനമായിരുന്നു. നഗരവാസികളുടെ മലമൂത്രവിസർജനം ഒരു പൊതുപ്രശ്നമായി ഉയർന്നുവന്നപ്പോഴായിരുന്നു, ആ ദൗത്യം ജനപ്രതിനിധികളെത്തന്നെ ഏൽപ്പിക്കാമെന്ന് ഭരണതലപ്പത്തുള്ളവർ തീരുമാനിച്ചത്. അക്കാലത്ത് വീടിനകത്തല്ല വിസർജിച്ചിരുന്നത്. വെളിക്കിറങ്ങുക എന്നാണ് വിസർജിക്കുന്നതിന് പറഞ്ഞിരുന്നത്. പിന്നീട് വീടിന് വെളിയിൽ കുഴിവെട്ടി മൺപാത്രങ്ങൾ സ്ഥാപിച്ച് പുരകെട്ടി സംരക്ഷിച്ച് അതിനുള്ളിലായിരുന്നു മലവിസർജനം. മുനിസിപ്പാലിറ്റി നിയമിക്കുന്ന ജോലിക്കാർ ഇരുമ്പുതൊട്ടികളും ചിരട്ടത്തവികളുമായി വന്ന് മലം കോരി ചുമന്നുകൊണ്ടുപോയി വഴിയിൽ നിൽക്കുന്ന കാളവണ്ടികളിലെ വലിയ വീപ്പകളിൽ നിറയ്ക്കുമായിരുന്നു. തൊട്ടി ചുമന്നുനടന്നവരായിരുന്നു തോട്ടികൾ. അവരാണ് ആദ്യമായി സംഘടിച്ച് സമരഭീഷണി മുഴക്കിയത്. അവർ പണിമുടക്കിയാൽ വീടുകളിലെ കുഴിച്ചിട്ട മൺകലങ്ങൾ മലം നിറഞ്ഞുകവിഞ്ഞൊഴുകി ദുർഗന്ധം വമിക്കും. തെരുവുവിളക്കുകൾ കത്തിക്കലായിരുന്നു മറ്റൊരു പണി. തെരുവുകളിൽ നിശ്ചിത അകലങ്ങളിൽ സ്ഥാപിച്ചിരുന്ന ഒന്നരയാൾപ്പൊക്കമുള്ള കൽത്തൂണുകളുടെ മുകളിൽ ഉറപ്പിച്ചിട്ടുള്ള കുപ്പിവിളക്കുകളിൽ വേപ്പെണ്ണയോ മരോട്ടി എണ്ണയോ നിറച്ച് കത്തിച്ചായിരുന്നു വഴിവെളിച്ചം നൽകിയിരുന്നത്. അതിലേക്കായി നിയോഗിക്കപ്പെട്ടവർ എണ്ണപ്പാട്ടയും ഏണിയുമായി സന്ധ്യയാകുമ്പോൾ തെരുവുകളിൽ പ്രത്യക്ഷപ്പെടുമായിരുന്നു.
പഞ്ചായത്ത് നിയമം
തിരുവിതാംകൂർ വില്ലേജ് പഞ്ചായത്ത് നിയമം 1925-ൽ വന്നു. ആദ്യത്തെ ഗ്രാമപഞ്ചായത്ത് 1933-ൽ ഭൂതപ്പാണ്ടിയിൽ നിലവിൽ വന്നു. ആദ്യം നോമിനേഷനും പിന്നീട് തെരഞ്ഞെടുപ്പും വഴിയായിരുന്നു സമിതി രൂപീകരിച്ചിരുന്നത്. സർ സി പി ദിവാനായിരുന്നപ്പോൾ 1939-ൽ വില്ലേജ് യൂണിയൻ ആക്ട് നിലവിൽ വന്നു. ചിട്ടയായ രീതിയിൽ ഗ്രാമപഞ്ചായത്ത് ഭരണം തുടങ്ങിയത് അതോടുകൂടിയാണ്. ഭൂനികുതി കൊടുക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും ബിരുദധാരികൾക്കുമായിരുന്നു വോട്ടവകാശം.
ഓലച്ചൂട്ട് പഞ്ചായത്ത്
വഴിവെളിച്ചം നൽകലും ഗ്രാമങ്ങളിൽ പ്രസക്തമല്ല. തോട്ടുവക്കിലും കുളവരമ്പിലുമൊക്കെയായിരുന്നു വെളിക്കിറങ്ങിയിരുന്നത്. രഹസ്യവും മറവും വേണമെന്ന് ഗ്രാമവാസികൾക്ക് നിർബന്ധമില്ലായിരുന്നു. എന്നാൽ, ഗ്രാമത്തിൽക്കൂടി കടന്നുപോകുന്ന പ്രധാന പാതകളിൽ രാത്രിയിൽ സഞ്ചരിക്കുന്നവർക്ക് ഓലച്ചൂട്ട് നൽകുന്നതിനുള്ള ഏർപ്പാട് പഞ്ചായത്തുകാർ ചെയ്തിരുന്നു. ഓലച്ചൂട്ട് വിതരണം ചെയ്യുന്നയാളിന് പ്രതിഫലവും നൽകിയിരുന്നു. കാളവണ്ടിയിൽ ചരക്കുകൊണ്ടുപോകുന്നവർക്കും തലച്ചുമടായി സാധനം കൊണ്ടുപോകുന്നവർക്കുമായിരുന്നു ഇത്തരത്തിൽ ഓലച്ചൂട്ട് നൽകിയിരുന്നത്. വിഴിഞ്ഞം‐ബാലരാമപുരം‐കാട്ടാക്കട‐കോട്ടൂർ, പൂവാർ-‐നെയ്യാറ്റിൻകര-‐ കാട്ടാക്കട‐കോട്ടൂർ പാതയിലും തേങ്ങാപ്പട്ടണം-‐കളിയിക്കാവിള‐പനച്ചമൂട്‐ആനപ്പാറ-‐അമ്പൂരി പാതയിലും ഓലച്ചൂട്ടുപന്തലും വഴിയമ്പലവും ഉണ്ടായിരുന്നതിന്റെ തെളിവുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കാളകൾക്ക് വെള്ളം കുടിക്കാനുള്ള കൽത്തൊട്ടികളും തലച്ചുമടുകാർക്ക് ഭാരം ഇറക്കിവയ്ക്കാനുള്ള ചുമടുതാങ്ങികളും ഉണ്ടായിരുന്നു. ഇതിന്റെയൊക്കെ ചുമതല പഞ്ചായത്തിനായിരുന്നു.
എല്ലാം പ്രസിഡന്റ് മയം
സമാധാനപാലനത്തിനായി സർക്കാർ നിയമിക്കുന്ന കാവൽ എന്ന പൊലീസുകാരുണ്ടായിരുന്നു. എന്നാൽ, ദേശകാവൽ എന്ന ഒരു കമ്യൂണിറ്റി പൊലീസിനെ പഞ്ചായത്ത് പ്രതിഫലം നൽകി നിയോഗിച്ചിരുന്നു. അയാൾ നാട്ടിൻപുറത്ത് സഞ്ചരിച്ച് വിവരശേഖരണം നടത്തി പഞ്ചായത്തിനെ അറിയിച്ചിരുന്നു.
ആത്മഹത്യയോ കൊലപാതകമോ അപകടമരണമോ നടന്നാൽ പഞ്ചായത്തിന്റെ ജോലി വർധിക്കും. ശവം സംസ്കരിക്കുന്നതുവരെ പഞ്ചായത്ത് അധികാരികളും തഹസിൽദാരും പൊലീസും ഉണ്ടാകണമെന്നാണ് വ്യവസ്ഥ. പോസ്റ്റ്മോർട്ടം എന്ന ഏർപ്പാട് അന്നില്ലായിരുന്നു. മരണവിവരം അറിയുന്ന ആൾ അക്കാര്യം ആദ്യമറിയിക്കേണ്ടത് പഞ്ചായത്ത് പ്രസിഡന്റിനെയാണ്. പൊലീസും തഹസിൽദാരും എത്തുന്നതുവരെ ശവം കാവലിന് അദ്ദേഹം ഒരാളെ ചുമതലപ്പെടുത്തും. രാത്രിയായാലും അയാൾ ഒറ്റയ്ക്ക് അവിടെ ഉറക്കമിളച്ചിരിക്കും. മൂവർസംഘം എത്തിയതിനുശേഷം ഉചിതമായ നടപടി സ്വീകരിച്ച് ശവം മറവുചെയ്യും.
മതനിരപേക്ഷ സംസ്കാരം
കേരളത്തിലെ ആദ്യത്തെ സിറ്റി കോർപറേഷൻ 1940-ൽ തിരുവനന്തപുരത്ത് നിലവിൽ വന്നു. ഒരു ഹിന്ദുരാഷ്ട്രമായ തിരുവിതാംകൂറിന്റെ തലസ്ഥാന നഗരം കോർപറേഷനായപ്പോൾ മേയറായി തെരഞ്ഞെടുക്കപ്പെട്ടവർ വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരായത് യാദൃച്ഛികമല്ല. നൂറ്റാണ്ടുകളിലൂടെ വളർന്നുവന്ന നഗരത്തിന്റെ ഒരു മതനിരപേക്ഷ സംസ്കാരമാണ് അതിന് കാരണം. ബ്രാഹ്മണർ, നായർ, ഈഴവർ, ക്രിസ്ത്യാനി, മുസൽമാൻ. പട്ടികജാതി എന്നിങ്ങനെ വ്യത്യസ്ത ജാതി-മത വിഭാഗത്തിൽപ്പെട്ടവർ മേയർമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൊച്ചിയിൽ 1914ലാണ് വില്ലേജ് പഞ്ചായത്ത് റഗുലേഷൻ നിലവിൽ വന്നത്. തിരുവിതാംകൂറിനു സമാനമായ രീതിയിലായിരുന്നു അവിടെയും തദ്ദേശ സ്വയംഭരണം നടപ്പായത്. ഏറ്റവും പഴക്കമുള്ള നഗരങ്ങൾ തൃപ്പൂണിത്തുറയും തൃശൂരുമായിരുന്നുവെങ്കിലും ആദ്യം കോർപറേഷനായത് കൊച്ചി നഗരമായിരുന്നു. ഭരണതലസ്ഥാനം തൃപ്പൂണിത്തുറയും തൃശൂരുമായിരുന്നു. തൃശൂർ കോർപറേഷനായി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയായി തുടരുന്നു.
എന്നും കമ്യൂണിസ്റ്റ് ഭരണം
സ്വാതന്ത്ര്യലബ്ധിക്കുശേഷവും മലബാറിൽ ജില്ലാ ബോർഡ് പ്രവർത്തിച്ചിരുന്നു. ഭരണഘടന നിലവിൽ വന്നശേഷം ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് നേതാവായ പി ടി ഭാസ്കരപ്പണിക്കർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മലബാറിന്റെ വിദ്യാഭ്യാസവ്യാപനത്തിന് തുടക്കംകുറിച്ചത് ഈ സമിതിയുടെ കാലത്താണ്. ബോർഡ് ഹൈസ്കൂൾ എന്നെഴുതിയ ബോർഡ് സ്കൂളിന്റെ മുൻവശത്ത് വളരെ കാലം നിലനിന്നിരുന്നു.
സംസ്ഥാന രൂപീകരണശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മുൻഗണന നൽകിയത് കമ്യൂണിസ്റ്റ് പാർടിക്കായിരുന്നു. ഓരോ പത്തുകൊല്ലം കൂടുമ്പോഴും ജനങ്ങൾ കമ്യൂണിസ്റ്റ് പാർടിയെത്തന്നെ തെരഞ്ഞെടുത്തുകൊണ്ടേയിരുന്നു. അവസാനം പത്തുകൊല്ലം തുടർച്ചയായി ഭരിക്കാനും ജനങ്ങൾ കമ്യൂണിസ്റ്റ് പാർടി നേതൃത്വം കൊടുക്കുന്ന മുന്നണിയെയാണ് തെരഞ്ഞെടുത്തത്.
ത്രിതലപഞ്ചായത്ത് ഭരണം
സംസ്ഥാനത്തെ ആദ്യ മന്ത്രിസഭ പഞ്ചായത്ത് ഭരണം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമീഷൻ അധികാരവികേന്ദ്രീകരണത്തിനുള്ള നിർദേശങ്ങൾ അവതരിപ്പിച്ചു. പക്ഷേ, നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടു. മൂന്നുപതിറ്റാണ്ടുകൾക്കുശേഷം ഇടതുപക്ഷഭരണം നിലവിലിരുന്നപ്പോഴാണ് ആ റിപ്പോർട്ടിലെ ഒരു നിർദേശം ജില്ലാ കൗൺസിൽ രൂപീകരണത്തിലൂടെ നടപ്പാക്കിയത്. അതിനോട് ബ്യൂറോക്രസിക്ക് വിയോജിപ്പായിരുന്നു. ജില്ലാ കലക്ടറായിരുന്നു കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഓഫീസർ. അതിനോട് ഐഎഎസുകാർക്ക് എതിർപ്പുണ്ടായിരുന്നു. മന്ത്രിയുടെ കൂടെ ജോലി ചെയ്യുന്നതുപോലെയല്ലല്ലോ ജില്ലാ കൗൺസിൽ പ്രസിഡന്റിന്റെ കൂടെ ജോലി ചെയ്യുന്നത്. എന്നാൽ, അധികം വൈകാതെ ഭരണഘടനാ ഭേദഗതിപ്രകാരമുള്ള ത്രിതലപഞ്ചായത്ത് ഭരണസംവിധാനം നിലവിൽ വന്നു.
കാൽനൂറ്റാണ്ടിനുശേഷം
പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 1960-ൽ കേരളത്തിനാകെ ബാധകമായ പഞ്ചായത്ത് നിയമം നിലവിൽ വന്നത്. അതനുസരിച്ചുള്ള തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റവർ ഭാഗ്യവാന്മാരായിരുന്നു. അടുത്ത കാൽനൂറ്റാണ്ടുകാലം കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നില്ല. പഞ്ചായത്ത് ഭരണവും നേരെചൊവ്വേ നടന്നില്ല. പലരും അംഗങ്ങളായിരിക്കവേതന്നെ മരണമടഞ്ഞു. എന്തൊക്കെ അധികാരങ്ങളാണുള്ളതെന്ന് ആർക്കും വ്യക്തമല്ലായിരുന്നു. നാട്ടുകൂട്ടത്തിൽനിന്ന് ത്രിതലപഞ്ചായത്ത് രാജ് ഭരണസംവിധാനത്തിലേക്കുള്ള വികാസം കാലോചിതമാണ്. തലയ്ക്കു മുകളിൽക്കൂടി റാകിപ്പറക്കുന്ന കോർപറേറ്റ് മൂലധനം പഞ്ചായത്തിനെ വിഴുങ്ങുമോ? പ്രാദേശികമായി തീരുമാനമെടുത്ത് നടപ്പാക്കുന്ന പഞ്ചായത്ത്, ഇനിമുതൽ ഏതോ അജ്ഞാത കേന്ദ്രത്തിൽനിന്ന് ആരോ എടുക്കുന്ന തീരുമാനം നടപ്പാക്കുന്ന പ്രാദേശികഘടകമായി മാറുമോ?










0 comments