ad
Deshabhimani

ഫൈബർ സ്പീഡിൽ കേരളം: വികസന മാതൃക പുനർനിർവചിച്ച് കെഫോൺ

kfon
വെബ് ഡെസ്ക്

Published on Jan 09, 2026, 08:48 PM | 6 min read

കേരളത്തെ സംബന്ധിച്ച് വികസനം എന്നത് ഒരിക്കലും കേവലം ഒരു പദ്ധതിയിലേക്കോ കണക്കുകളിലേക്കോ മാത്രം ചുരുങ്ങിയ ആശയമായിരുന്നില്ല. മറിച്ച് ഉയർന്ന സാക്ഷരത, ശക്തമായ പൊതുആരോഗ്യ സംവിധാനം, സാമൂഹ്യസുരക്ഷ തുടങ്ങി, മനുഷ്യവികസന സൂചികകളിൽ രാജ്യമെങ്ങുമുള്ള മുൻതൂക്കം നൽകിക്കൊണ്ടുള്ള കേരളത്തിന്റെ മുന്നേറ്റമായിരുന്നു.


ഈ മനുഷ്യകേന്ദ്രിത വികസന ദർശനം ഡിജിറ്റൽ കാലഘട്ടത്തിൽ പുതിയ ഒരു ചോദ്യമാണ് ഉയർത്തിയത്— വികസനത്തിന്റെ അടുത്ത അടിത്തറ എന്താണ്? വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഭരണം എന്നിവയെ ഒരേ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ന് ഏറ്റവും നിർണായകമായ അടിസ്ഥാന സൗകര്യം കണക്റ്റിവിറ്റിയാണ്. ഇന്റർനെറ്റ് സേവനം പ്രധാനമായും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്ന സാഹചര്യത്തിൽ, ഈ ആവശ്യത്തിന് പൊതുമേഖലയിൽ നിന്നുള്ള ഒരു ശക്തമായ മറുപടിയായിരുന്നു കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് (KFON).


കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് സംസ്ഥാനമാകെ ഫൈബർ ശൃംഖല സ്ഥാപിച്ച കെഫോൺ, കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള നടപ്പാക്കൽ മാത്രമല്ല സാധ്യമാക്കിയത്; വികസനം ഇനി ഏത് വേഗത്തിലാണ് മുന്നോട്ട് പോകുന്നത് എന്നതിന്റെ നയ പ്രഖ്യാപനവും കൂടിയായി മാറുകയായിരുന്നു. ഒരു കാലത്ത് റോഡും പാലവും വികസനത്തിന്റെ മാനദണ്ഡങ്ങളായിരുന്നെങ്കിൽ, ഇന്ന് ആ നിർവചനം മാറിയിരിക്കുന്നു.


5G യും 6G യുമൊക്കെ പ്രാബല്യത്തിൽ വന്നാലും ഫൈബർ ഇന്റർനെറ്റിനെ മാറ്റി നിർത്തിക്കൊണ്ട് കണക്ടിവിറ്റിയെക്കുറിച്ച് ചിന്തിക്കുക എന്നത് പ്രയാസകരമാണ്. ഇന്ത്യയിൽ ടെലികോം മേഖലയെ ഏറെക്കാലമായി സ്വകാര്യ വിപണി തന്ത്രങ്ങളാണ് നിർണയിക്കുന്നത്. ലൈസൻസ്, സ്പെക്ട്രം, നിരക്ക് നിർണ്ണയം,സേവന പരിധി തുടങ്ങി എല്ലാം കേന്ദ്രനയങ്ങളുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തിൽ, ഇന്റർനെറ്റ് ലഭ്യത വിപണിയുടെ ലാഭസാധ്യത അനുസരിച്ചാണ് വ്യാപിക്കുന്നത്. നഗര കേന്ദ്രങ്ങളും ഉയർന്ന വരുമാന മേഖലകളും മുൻഗണന നേടുമ്പോൾ, ഗ്രാമീണവും സാമ്പത്തികമായി പിന്നാക്കവുമായ പ്രദേശങ്ങൾ പലപ്പോഴും പിന്നിലാക്കപ്പെടുന്നു.


ഇവിടെയാണ് സംസ്ഥാനത്തിന്റെ വികസന ഉത്തരവാദിത്തവും കേന്ദ്രത്തിന്റെ ടെലികോം നിയന്ത്രണവും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകൾ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമായിരിക്കുമ്പോൾ, അവയുടെ പ്രവർത്തനക്ഷമത ഇന്ന് കേന്ദ്രനിയന്ത്രിത ടെലികോം സംവിധാനങ്ങളോട് ചേർന്നിരിക്കുന്നു. ഈ അസമത്വത്തിനുള്ള കേരളത്തിന്റെ മറുപടിയാണ് കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്. കണക്റ്റിവിറ്റിയെ ഒരു പൊതു സേവനമായി കാണുന്ന സമീപനം കേന്ദ്രത്തിന്റെ വിപണി-കേന്ദ്രിത ടെലികോം നയങ്ങൾക്ക് പരോക്ഷമായ വെല്ലുവിളിയുമാണ്.


ഇന്റർനെറ്റ് ഒരു ലാഭവസ്തുവായി മാത്രം തുടരണമോ, അതോ റോഡിനും വൈദ്യുതിക്കും സമാനമായ പൊതുസമ്പത്താകണമോ എന്ന ചോദ്യമാണ് കെഫോൺ ഉയർത്തുന്നത്. ഈ ചോദ്യത്തിന് കേരളം നൽകിയ ഉത്തരമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്ന ഈ പദ്ധതി. അതിന് പുറമേ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ട്രൈബല്‍ മേഖലയിലെ കുടുംബങ്ങള്‍ക്കായി സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന കണക്ടിംഗ് ദി അണ്‍കണക്ടഡ് എന്ന പദ്ധതിയും കെ ഫോണിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നു.


"കണക്റ്റിംഗ് ദി അൺകണക്ട്" എന്ന ആശയത്തിലൂടെ സംസ്ഥാനത്തെ ആദിവാസി മേഖലകളിലേക്കും ദൂരപ്രദേശങ്ങളിലേക്കും ഇൻ്റർനെറ്റ് ലഭ്യമാക്കുക എന്ന ആശയവും കെഫോൺ മുന്നോട്ടു വെക്കുന്നു. എല്ലാവർക്കും ഇൻറർനെറ്റ്’ എന്ന ലക്ഷ്യത്തിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര ഡിജിറ്റലൈസേഷനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണക്ഷനുകൾ നൽകിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. മറ്റു ജില്ലകളിലും പദ്ധതി വേഗത്തിൽ വ്യാപിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നു.


ആദിവാസി മേഖലകളായ അട്ടപ്പാടി, പേര്യ-34 തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ തുടങ്ങിയ മേഖലകളിൽ എല്ലാം കെഫോൺ കണക്ഷൻ എത്തിച്ചിട്ടുണ്ട്. ഇൻ്റർനെറ്റിൻ്റെ അഭാവം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കെഫോൺ കണക്ഷൻ ആശ്വാസമാണ്. കെഫോൺ വഴി സംസ്ഥനത്തിന്റെ ഡിജിറ്റൽ ഭാവിയെ വാർത്തെടുക്കുന്നത് വലിയൊരു ലക്ഷ്യമായി മാറിക്കഴിഞ്ഞു. നഗരങ്ങളിലെതു പോലെത്തന്നെ ഗ്രാമങ്ങളിലും കേരളത്തിലെ ഓരോ വീടുകളിലും സുഗമമായി ഇൻ്റർനെറ്റ് എത്തിക്കുന്നതിൽ മാതൃകയാണ്.


സാധാരണ ജനങ്ങളുടെ ജീവിത നിലാവാരം ഉയർത്തികൊണ്ട് വരുവാൻ ഇതുവഴി സർക്കാരിന് സാധിച്ചു. സമ്പൂർണമായി കേരളത്തെ ഇന്ത്യയിലെ ആദ്യ പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറ്റുക എന്നതായിരുന്നു കെഫോണിൻ്റെ പ്രഥമ ലക്ഷ്യം. കേരളത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ നെടുന്തൂണായ കെഫോണ്‍, ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും ലക്ഷ്യമിടുന്നുണ്ട്.


സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരേ നെറ്റ്‌വർക്കിൽ ബന്ധിപ്പിക്കപ്പെടുമ്പോൾ, ഭരണവും സേവനങ്ങളും കേന്ദ്ര–സംസ്ഥാന അധികാര വിഭജനങ്ങളെ മറികടക്കുന്ന ഒരു ഡിജിറ്റൽ യാഥാർഥ്യത്തിലേക്ക് കടക്കുന്നു. ഇവിടെ കണക്റ്റിവിറ്റി വെറും സാങ്കേതിക സൗകര്യമല്ല; സംസ്ഥാന വികസനത്തിന്റെ രാഷ്ട്രീയ നയമാണ്.


ഓരോരോ ഘട്ടങ്ങളായി കെഫോൺ വിജയത്തിന്റെ കോണിപ്പടികൾ നടന്നു കയറുകയായിരുന്നു. കെഎസ്ഇബിയും (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്) കെഎസ്‌ഐടിഐഎലും (കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ചേര്‍ന്ന് നടപ്പാക്കിയ ഈ പദ്ധതിയ്ക്ക് 2022 ജൂലായിലാണ് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് ലഭിച്ചത്.


പിന്നീട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ലഭിച്ചു. പിന്നീട് ദേശീയ തലത്തില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കാനുള്ള ഐഎസ്പിഎ (ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ – കാറ്റഗറി എ) ലൈസന്‍സ് കരസ്ഥമാക്കിയതോടെ കേരളത്തിന്റെ സ്വന്തം നെറ്റുവര്‍ക്കായ കെഫോണിലൂടെ രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകുള്ള അനുമതിയും ലഭ്യമായി. കേരളത്തിലുടനീളം സജ്ജീകരിച്ചിരിക്കുന്ന നെറ്റുവര്‍ക്ക് സംവിധാനത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നെറ്റുവര്‍ക്ക് സംവിധാനമൊരുക്കിയും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുമായി സഹകരിച്ചും കെഫോണ്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കും. ഐഎസ്പി – എ ലൈസന്‍സ് നേട്ടം കെഫോണിന്റെ ജൈത്രയാത്രയിലെ ഒരു വലിയ നാഴികക്കല്ലാണ്.


കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും അതിവേഗത്തിലാണ് കെഫോണിൻ്റെ വ്യാപനം.10 kV ട്രാൻസ്മിഷൻ ലൈനുകളിലൂടെ സ്ഥാപിച്ച 2,600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിളുകൾ ഉൾപ്പെടെ, സംസ്ഥാനത്തുടനീളം 32,000 കിലോമീറ്ററിലധികം ഫൈബർ കേബിൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം പാറശ്ശാല മുതൽ കാസർഗോഡ് വരെയാണ് ഇത് വിന്യസിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി ഇത് തുല്യമായി വ്യാപിച്ചിരിക്കുന്നു എന്ന നിസംശയം പറയാൻ സാധിക്കും.


ഒടിടി സേവനങ്ങൾ ആരംഭിച്ചതോടെ വിനോദ മേഖലയിലും ശക്തമായ ചുവടുവയ്പ്പാണ് കെഫോൺ നടത്തിയത്. 2025 ഓഗസ്റ്റ് 21 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒടിടി ഉദ്ഘാടനം ചെയ്തത്. നിലവിൽ 2053 കണക്ഷനുകളാണ് ഒടിടി കരസ്ഥമാക്കിയത്. ഇതുവഴി സാധാരണക്കാർക്ക് വളരെ കുറഞ്ഞ നിരക്കിൽ വിനോദം, ഇൻ്റർനെറ്റ് തുടങ്ങിയവ ലഭ്യമാകുന്നു. ഉപഭോക്താക്കൾക്ക് 444 രൂപ മുതലുള്ള സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒടിടിക്കായി ഉള്ളത്.


ഇവയെല്ലാംതന്നെ ഒരു മാസം, മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്. പ്രമുഖ ഓ ടി ടി പ്ലാറ്റുഫോമുകളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലീവ്, സീ ഫൈവ് മുതലായവ ഉൾപ്പെടുന്നതാണ് കെഫോൺ ഒടിടി മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ  ഉപഭോക്താക്കളുള്ളത്. ഒടിടിയെ സംബന്ധിച്ച നിരവധി എൻക്വയറികൾ ഓരോ മാസവും ലഭിക്കുന്നുണ്ട്.


നിലവിൽ 141562 കണക്ഷനുകളാണ് കെഫോണിനുള്ളത്. ഈ വർഷം അവസാനത്തോടെ ഇത് രണ്ടര ലക്ഷത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കെഫോണിന്റെ ഓരോ പ്രവർത്തനവും. കൂടാതെ നിരവധി ഭാവി പദ്ധതികൾ കെഫോൺ വിഭാവനം ചെയ്യുന്നുണ്ട്. എഐയുടെ പിന്തുണയോടെ ഗവേണൻസ്, മാറ്റ് പൊതുജന സേവനങ്ങൾ തുടങ്ങിയവയൊക്കെ കെഫോണിലൂടെ എത്തിക്കുക എന്നത് അടുത്ത ഘട്ട വികസനത്തിന്റെ ഭാഗമായി ആലോചനയിനുണ്ട്. സ്മാർട്ട്കേരള മിഷൻ എന്ന നിലയിൽ ജനങ്ങൾക്കാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഗവേണൻസ് മേഖലയിൽ കൊണ്ട് വരിക എന്ന ആശയമാണ് കെഫോൺ വിഭാവനം ചെയ്യുന്നത്.


ഡാര്‍ക് ഫൈബര്‍, ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും കെഫോണ്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുന്നു. വിവിധ മുന്‍നിര ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇക്കാര്യത്തില്‍ കെഫോണിനെ സമീപിക്കുന്നുണ്ട്. കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസിന് ഇതിനോടകം നിരവധി ഉപഭോക്താക്കളെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. നിരവധി സ്ഥാപനങ്ങളാണ് കെഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.


ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഇത്തരത്തില്‍ പ്രധാന ഓഫീസും അവയുടെ ശാഖകളും തമ്മിലും, കൂടാതെ പ്രധാന ഓഫീസുകള്‍ തമ്മിലും ഡാറ്റ കൈമാറ്റവും മറ്റും നടത്താനാകും. ഇന്റേണല്‍ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ മാത്രം ലഭ്യമാകുന്നതോടെ കൂടുതല്‍ സ്വകാര്യതയും ഡാറ്റ സ്പീഡും ലഭ്യമാകും. എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ് മുഖേനെ ഒരു പ്രത്യേക ഓഫീസില്‍ നിന്ന് ലഭ്യമാകുന്ന ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യാന്‍ പ്രത്യേക അനുവാദം ചില ഐപി അഡ്രസുകള്‍ക്ക് മാത്രമായി നല്‍കാനാകും. ഇത്തരത്തില്‍ കെഫോണ്‍ ഇന്‍ട്രാനെറ്റ് സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ നിന്ന് ലഭ്യമാകുന്ന ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭ്യമാക്കുന്നുണ്ട്.


വികസനത്തിന്റെ അടിസ്ഥാന സൗകര്യമായി കണക്റ്റിവിറ്റിയെ മാറ്റിയെടുത്ത്, സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൽ കെഫോൺ നിർണായക പങ്കാണ് വഹിക്കുന്നത്. ഇന്ന് സംസ്ഥാനത്താകെ 27,000-ത്തിലധികം സർക്കാർ സ്ഥാപനങ്ങൾ കെഫോൺ കണക്ഷനാണ് ഉപയോഗിക്കുന്നത്. 299 രൂപയുടെ ഏറ്റവും കുറഞ്ഞ താരിഫ് മുതൽ 1499 വരെയുള്ള പ്രതിമാസ പ്ലാനുകളാണ് കെഫോണിനുള്ളത്. മാസം 20 എംബിപിഎസിൽ 1000 ജിബിയാണ് 299 രൂപയ്ക്ക് ലഭിക്കുക. 349 രൂപയുടെ പ്ലാനിൽ 3000 ജിബി ഇൻ്റർനെറ്റ് 30 എംബിപിഎസ് വേഗതയിൽ ലഭിക്കും. തുടർന്ന് 399 രൂപ, 449 രൂപ, 499 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നിങ്ങനെയാണ് മറ്റ് പ്ലാനുകൾ. 300 എംബിപിഎസ് വേഗതിൽ മാസം 5000 ജിബിയാണ് 1499 രൂപയ്ക്ക് ലഭിക്കുക.


കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കെ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഉറപ്പുനല്‍കുന്നത്. 99.9 ശതമാനമാണ് എന്റർപ്രൈസ് കണക്ഷനുകൾക്ക് ലഭ്യതാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ കെ ഫോണ്‍ നല്‍കിവരുന്ന കണക്ഷനുകള്‍ സ്ഥിരതയുള്ളതും ഗുണമേന്മയുള്ളതുമയ ഇന്റര്‍നെറ്റ് സേവനമാണ് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാല്‍ ഉടനടി അവ പരിഹരിക്കുവാനുള്ള സംവിധാനവും കെ ഫോണിനുണ്ട്.


എല്ലാവർക്കും സുലഭവും കാര്യക്ഷമവുമായ സർക്കാർ സേവനങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഫൈബർ നെറ്റ്‌വർക്കിന്റെ വ്യാപനത്തോടെ, കെഫോൺ കേരളത്തെ ഡിജിറ്റൽ മുന്നേറ്റത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുകയും അതിലൂടെ സംസ്ഥാന വികസന മാതൃക പുനര്നിർവചിക്കുകയും ചെയ്യുന്നു.


എങ്ങനെയെടുക്കാം കെഫോണ്‍ കണക്ഷന്‍?


മൂന്ന് രീതിയില്‍ കെഫോണ്‍ കണക്ഷന്‍ ലഭ്യമാകും.


1.18005704466 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് കണക്ഷനായി അപേക്ഷിക്കാം.


2.പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ EnteKFON ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പരും പേരും നല്‍കി രജിസ്റ്റര്‍ ചെയ്ത് കണക്ഷനായി അപേക്ഷിക്കാം.


3.www.kfon.in എന്ന കെഫോണ്‍ വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം രജിസ്റ്റര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സബ്സ്‌ക്രൈബര്‍ രജിസ്റ്റര്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം പേരും മൊബൈല്‍ ഫോണ്‍ നമ്പരും കെഎസ്ഇബി കണ്‍സ്യൂമര്‍ നമ്പര്‍, വിലാസം തുടങ്ങിയവ നല്‍കി കണക്ഷനായി അപേക്ഷിക്കാം.


കെ ഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെ ഫോൺ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ൽ സന്ദർശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെ ഫോൺ പ്ലാനുകൾ അറിയാനാവും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home