print edition കേരളം ഐടി ഹബ്ബ്

ഒ വി സുരേഷ്
Published on Mar 21, 2026, 02:28 AM | 4 min read
തിരുവനന്തപുരം: ഓരോ പൗരനിലേക്കും പുതിയ സാധ്യതകൾ എത്തിച്ച് ഡിജിറ്റൽ യുഗത്തിന്റെ പുതുവെളിച്ചം പരക്കുകയാണ് കേരളത്തിൽ. പത്തുവർഷം മുമ്പുള്ള കാലമല്ല, അതിവേഗം കുതിക്കുകയാണ് ഐടി മേഖല. പേരുകൊണ്ടുമാത്രം കേരളം അറിഞ്ഞ പല ഐടി കമ്പനികളും നമ്മുടെ തൊട്ടയൽവക്കത്ത് പ്രവർത്തനം തുടങ്ങി. ഇന്ത്യയിൽ ഏറ്റവും സൗഹൃദാന്തരീക്ഷത്തിൽ സംരംഭം തുടങ്ങാനാവുന്ന സംസ്ഥാനം കേരളമാണെന്ന് ലോകം പറഞ്ഞുതുടങ്ങി.
റോഡുകൾ, പാലങ്ങൾ, തുറമുഖം തുടങ്ങി അടിസ്ഥാന സൗകര്യരംഗത്തെ കണ്ണഞ്ചിപ്പിക്കുന്ന പുരോഗതി, തടസ്സമില്ലാത്ത വൈദ്യുതി, മികച്ച തൊഴിൽ അന്തരീക്ഷം, എല്ലാ നൽകുന്ന സർക്കാർ, ഭദ്രമായ ക്രമസമാധാനനില... സംരംഭകരെ ആകർഷിക്കുന്നത് ഇതൊക്കെത്തന്നെ.
മൂന്നിരട്ടിയായി കയറ്റുമതി
തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവ ചേർന്നാണ് കേരളത്തിന്റെ ഐടി മേഖലയുടെ പ്രാഗൽഭ്യം നിർണയിച്ചത്. 2016ൽ ആരംഭിച്ച കുതിപ്പിൽ കമ്പനികളുടെ എണ്ണം 650ൽനിന്ന് 1160ലേക്ക് എത്തി. ജീവനക്കാരുടെ എണ്ണം 80,000ൽനിന്ന് 1.54 ലക്ഷം.
കയറ്റുമതി വരുമാനം 8,500 കോടിയിൽനിന്ന് 26,252 കോടിയായി. ടിസിഎസ്, ഇൻഫോസിസ്, ഐബിഎം, എച്ച്‌സിഎൽ, യുഎസ്‌ടി ഗ്ലോബൽ, നിസ്സാൻ ഡിജിറ്റൽ, ആക്‌സഞ്ച്വർ, എക്വിഫാക്സ്, ഐക്കൺ ക്ലിനിക്കൽ റിസർച്ച് തുടങ്ങിയ പ്രമുഖ കമ്പനികൾ കേരളത്തിലേക്കെത്തി.
തലയെടുപ്പോടെ കെ സ്‌പേസ് പാർക്ക്
തിരുവനന്തപരും ടെക്‌നോസിറ്റിയിൽ മൂന്നര ഏക്കറിൽ കേരള സ്‌പേസ് പാർക്കിന്റെ കോമൺ ഫെസിലിറ്റി സെന്ററും റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും 2025 ജൂണിൽ പ്രവർത്തനം തുടങ്ങി. നിലവിൽ 58 കമ്പനികളും 11 പ്രമുഖ സ്ഥാപനങ്ങളും കെ സ്‌പേസുമായി സഹകരിക്കുന്നു. 4412 തൊഴിലവസരങ്ങളും 1301.80 കോടിയുടെ മൂലധന നിക്ഷേപവും 729.78 കോടിയുടെ വാർഷികവിറ്റുവരവുമുണ്ട്.
ലോകം തേടിയെത്തും ‘ലോക’
ശ്രീരാജ് ഓണക്കൂർ
കൊച്ചി: സുഖചികിത്സയ്ക്കും രോഗചികിത്സയ്ക്കും ഡോക്ടറുടെ നിർദേശപ്രകാരം ഇഷ്ടമുള്ള ആയുർവേദ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ ഒരു വെബ്‌സൈറ്റ്. ഇൗ ആശയവുമായി കുറവിലങ്ങാട് സ്വദേശി അജയ് ജോളി ആദ്യമെത്തിയത് കേരള സ്റ്റാർട്ടപ് മിഷന് മുന്നിൽ. ഇന്നിതാ കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ‘വെൽനെസ് ലോക’ അന്വേഷിച്ച് എത്തിയത് 28 രാജ്യങ്ങളിൽ നിന്നുള്ളവർ.
‘വെൽനസ് ലോക’ ടീം
സ്വന്തം ചികിത്സയ്‌ക്ക് ആയുർവേദ ചികിത്സാകേന്ദ്രം അന്വേഷിച്ച അജയ്, യോജിച്ച സ്ഥലം കണ്ടെത്താനാകാതെ വിഷമിച്ചപ്പോഴാണ് 2017ൽ ‘വെൽനെസ് ലോക’ വെബ്സൈറ്റ് ആരംഭിച്ചത്. കേരള സ്റ്റാർട്ടപ് മിഷനാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് അജയ് പറയുന്നു. ‘ഹഡിൽ ഗ്ലോബൽ’ പരിപാടി വഴി ആഗോളരംഗത്തുള്ള പലരും തിരിച്ചറിഞ്ഞു. രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയ ബെൽജിയം രാജകുടുംബാംഗം ഫ്രാൻസ്വാസ് ഓഫ് ചിമായിന്റെ സന്ദര്‍ശനവും ചികിത്സയും പൂര്‍ണമായും ക്രമീകരിച്ചത് ലോകയാണ്.
പുതിയ സ്‌റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ് മിഷനിൽനിന്ന് ലഭിക്കുന്ന ആത്മവിശ്വാസം ചില്ലറയല്ല. സ്‌റ്റർട്ടപ് യാഥാർഥ്യമാക്കാൻ ഗ്രാന്റ് വേണ്ടവർക്ക് ലഭിക്കും. ആഗോളരംഗത്തെ പ്രശസ്തരും പ്രഗൽഭരുമായവരെ പരിചയപ്പെടാനും ആശയവിനിമയം നടത്താനും അവസരമുണ്ട്. നിങ്ങളുടെ ആശയത്തെ പൂർണമായി രൂപപ്പെടുത്താൻ സഹായിക്കുന്ന മെന്റർമാരുമുണ്ട്– കന്പനി സ്ഥാപകനും സിഇഒയുമായ അജയ് പറയുന്നു.
85 കമ്പനിയിലായി 2500 പ്രൊഫഷണലുകൾ
വടക്കൻ കേരളത്തിന്റെ ഐടി സ്വപ്നങ്ങൾക്ക് ചിറകേകിയ സൈബര്‍ പാര്‍ക്കിൽ ലോകത്തിന്റെ വിവിധ കോണിൽനിന്ന് നിക്ഷേപമെത്തുന്നു. 85 കമ്പനികളിലായി 2500ൽപ്പരം ഐടി പ്രൊഫഷണലുകൾ ജോലിചെയ്യുന്നു. നാല് ലക്ഷം ചതുരശ്ര അടിയിൽ നിര്‍മിക്കുന്ന ഐടി ബിൽഡിങ് ഉൾപ്പെടെ ആറ് പുത്തൻ പദ്ധതികൾകൂടി പാര്‍ക്കിൽ ഒരുങ്ങുകയാണ്.
2009 ജനുവരി 28നാണ് സൈബർപാർക്ക് ആരംഭിച്ചത്. ആദ്യ കെട്ടിടസമുച്ചയം ‘സഹ്യ’ 2017 മേയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്.
തൊഴിലാളികളുടെ ‘ഐടി സാമ്രാജ്യം’
സ്വന്തം ലേഖിക
കോഴിക്കോട്: റോഡ് പണിക്കാര്‍ എങ്ങനെ ഐടി പാര്‍ക്ക് തുടങ്ങുമെന്ന് കളിയാക്കിയവര്‍ ഇന്ന് യുഎൽ സൈബര്‍ പാര്‍ക്കിന്റെ വളര്‍ച്ച അത്ഭുതത്തോടെ കാണുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി, ഉപസ്ഥാപനമായ യുഎൽ സൈബര്‍ പാര്‍ക്ക് സ്ഥാപിച്ചത് ചരിത്രം തിരുത്തിക്കുറിച്ചാണ്. 2016ൽ രണ്ട് കമ്പനികളുമായി തുടങ്ങിയ, തൊഴിലാളികളുടെ ഇൗ ‘സൈബർസാമ്രാജ്യ’ത്തിൽ ഇന്നുള്ളത് നൂറോളം ഐടി സ്റ്റാര്‍ട്ടപ്പുകൾ. ഇവിടെ തൊഴിലെടുക്കുന്നത് 3000ൽപ്പരം പ്രൊഫഷണലുകൾ.

കോര്‍പ്പറേറ്റുകൾക്ക് മാത്രം സാധ്യമായിരുന്ന മേഖലയിലാണ് ഈ സഹകരണ പ്രസ്ഥാനം മറ്റൊരു കേരള മാതൃക തീർത്തത്. മുന്‍നിര കമ്പനികള്‍ കടന്നുവന്നതിനൊപ്പം യുഎൽടിഎസ് എന്ന സ്വന്തം ഐടി കമ്പനി തുടങ്ങിയതും വളര്‍ച്ചയിലെ നാഴികക്കല്ലായി.
യുഎൽ സൈബര്‍ പാര്‍ക്കിന്റെ കയറ്റുമതിമൂല്യത്തിൽ ആറുവർഷത്തിനിടെ പത്തിരട്ടി വർധനയുണ്ടായി. സോഫ്റ്റ് വെയർ കയറ്റുമതി മൂല്യം 2018-–19ൽ 26.29 കോടി രൂപയായിരുന്നത് 2024-–25-ൽ 249 കോടിയിലേക്ക് ഉയർന്നെന്ന് യുഎൽ സൈബര്‍ പാര്‍ക്ക് സിഒഒ ടി കെ കിഷോര്‍ കുമാര്‍ പറഞ്ഞു.
മെയ്‌ഡ് ഫ്രം കേരളം
അനഘ പ്രകാശ്
കോഴിക്കോട് : കല്ലും സിമന്റുമിട്ട് കെട്ടിടങ്ങൾ പണിതുയര്‍ത്തിയ രീതിക്ക് ബൈ പറഞ്ഞ് വിദേശത്ത് വിസ്‌മയക്കോട്ടകൾ കെട്ടുകയാണ് ക്രോണസ് സ്റ്റീൽസ്. ഈടുറ്റ, ഉറപ്പേറിയ സ്റ്റീൽ സമുച്ചയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിന്റെ പലഭാഗത്തും ഉയരുന്പോൾ കേരളത്തിനും അഭിമാനിക്കാം. കോഴിക്കോട് ഗവ. സൈബർ പാർക്കിലെ സ്റ്റാർട്ടപ്പാണ് ഇതിനുപിന്നിൽ. പ്രീ കൺസ്ട്രക്ഷൻ എന്ന ആശയത്തിലൂന്നി പാലക്കാട് സ്വദേശി വിനയദാസ് വിജയനും വയനാട് സ്വദേശി ജയഘോഷ് രാജേന്ദ്രനും തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ഇപ്പോൾ ആഗോള ബ്രാൻഡാണ്.
വിനയദാസ് വിജയനും ജയഘോഷ് രാജേന്ദ്രനും
കോവിഡ് കാലത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മാറേണ്ടി വന്നപ്പോൾ ആശങ്കയായിരുന്നെങ്കിലും ഇന്ന് ഗവ. സൈബര്‍ പാര്‍ക്കാണ് ഇവരുടെ കരുത്ത്. ടെക്-ല, എസ്ഡിഎസ്2 സോഫ്റ്റ്-വെയര്‍ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് സൈബര്‍ പാര്‍ക്കിലിരുന്ന് കൊമേഴ്സ്യൽ ബിൽഡിങ്ങുകൾ ഉൾപ്പെടെ രൂപകൽപ്പന ചെയ്യുന്നത്. സ്റ്റീൽ ഉപയോഗിച്ച് തയ്യാറാക്കിയ ഭാഗങ്ങൾ നിര്‍മാണസ്ഥലത്ത് എത്തിച്ച് ഘടിപ്പിക്കുന്നതാണ് രീതി. അന്താരാഷ്ട്ര നേട്ടങ്ങൾ ക്രോണസിനെ തേടിയെത്തി.
പത്താംക്ലാസിലെ ഒന്നാംക്ലാസ് സംരംഭകർ
കെ വി രഞ്ജിത്
കാസർകോട്: പൊതുവിദ്യാലയത്തിലെ രണ്ട് എട്ടാംക്ലാസ് വിദ്യാർഥികൾ. വീടുകൾ തമ്മിൽ 85 കിലോമീറ്റർ ദൂരം. നേരിൽ കാണാതെ ഓൺലൈൻവഴി 2022ൽ ഇവർ രൂപപ്പെടുത്തിയ സോഫ്‌റ്റ്‌വെയർ കണ്ട് അധ്യാപകർ ഞെട്ടി. പത്താംക്ലാസിലായപ്പോൾ ആ മികവ് ലിറ്റിൽ കൈറ്റ്‌സ് വഴി ‘കോഡ്‌കേവ്’ എന്ന കന്പനിയായി. പ്ലസ്ടു എത്തിയപ്പോഴേക്കും സ്റ്റാർട്ടപ്പുകളുടെ എണ്ണം മൂന്നായി. ആശയം മികച്ചതെങ്കിൽ അത് യാഥാർഥ്യമാക്കാമെന്ന പുതിയ കേരളത്തിന്റെ ഉറപ്പാണ് കണ്ണൂർ പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറിയിലെ ശ്രാവൺ, കാസർകോട് ഇരിയണ്ണി ജിഎച്ച്‌എസ്‌എസിലെ കെ ശ്രീനന്ദ് എന്നീ പ്ലസ്‌ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ സംരംഭക വിജയഗാഥ.
‘മൈ വാർഡ്’ ആപ് പരിചയപ്പെടുത്തുന്ന ശ്രീനന്ദും ശ്രാവൺ നാരായണനും
കോഡ്‌കേവിന് ഇപ്പോൾ യുഎസ് മുതൽ കംബോഡിയവരെ മുപ്പതോളം രാജ്യങ്ങളിൽ ഉപഭോക്താക്കളുണ്ട്. ഇന്ത്യൻ ആർമിയടക്കം ഇവരുടെ എഐ അധിഷ്ടിത സോഫറ്റ്‌വെയർ വാങ്ങി. ‘മൈ വാർഡ്’ എന്ന ആപ്പും, രക്തദാനത്തിനായി ‘പ്യുവർലിങ്ക്’ സ്‌റ്റാർട്ടപ് സംരംഭവും രൂപപ്പെടുത്തി. ആവാൻ സെയ്‌ദ്, ആദിൽ, ജീവൻ എന്നിവരും പ്യുവർ ലിങ്ക് സ്‌റ്റാർട്‌അപ്പിന് പിന്നിലുണ്ട്.
ചെങ്ങളായിയിലെ ബിസിനസുകാരനായ പി പി നാരായണന്റെയും സ്‌മിതയുടെയും മകനാണ് ശ്രാവൺ. എഐ, ടെക്‌നോളജി മീഡിയ, മാർക്കറ്റിങ് വിഷയങ്ങളിൽ ക്ലാസെടുക്കുന്നതിനൊപ്പം ‘നൗ ഓർ നെവർ’ എന്ന പുസ്‌തകവുമെഴുതി. ഖത്തറിൽ ജോലിചെയ്യുന്ന കുറ്റിക്കോലിലെ എം ഗോപാലകൃഷ്‌ണന്റെയും കെ വത്സലയുടെയും മകനാണ് ശ്രീനന്ദ്. 14 ജില്ലകളിലായി 1500 ക്ലാസെടുത്തു. ഇരുവരുടെയും സംരംഭകയാത്ര പത്താംക്ലാസിലെ ഐടി രണ്ടാംഘട്ട വർക്ക്‌ബുക്കിലും ഇടംപിടിച്ചു.
വീട്ടിൽ വേണ്ട, നാട്ടിൽ ജോലിചെയ്യാം
എം അനിൽ
കൊല്ലം: ‘വർക്ക് നിയർ ഹോം ഏറെ സ്കിൽഡ് ആയ ഉദ്യോഗാർഥികൾക്ക് വീടിനടുത്ത് തന്നെ കംഫർട്ടബിളായി ജോലിചെയ്യാൻ കഴിയുന്ന സംരംഭമാണ്. ഇതുപോലുള്ള കാഴ്‌ചപ്പാടും നവീന ആശയങ്ങളുമാണ് ഇനി നമുക്കാവശ്യം’– സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച കൊട്ടാരക്കര വർക്ക് നിയർ ഹോമിൽ 32 സീറ്റ് വാടകയ്ക്ക് വാങ്ങിയ പ്രോംന്റ് ടെക് ഗ്ലോബൽ കന്പനിയുടെ ഇന്ത്യയിലെ ഡെലിവറി ഹെഡ് ഷംനാദ് ഷൗക്കത്തലി സാക്ഷ്യപ്പെടുത്തുന്നു. വർക്ക് ഫ്രം ഓഫീസ്, വർക്ക് ഫ്രം ഹോം എന്നതു മാത്രമായിരുന്ന തൊഴിൽ സംസ്കാരത്തിന് പുറമെ വർക്ക് നിയർ ഹോം ആശയം വലിയ അവസരമായി മാറുമെന്നും ഷംനാദ് ചൂണ്ടികാട്ടി.
കൊട്ടാരക്കരയിലെ വർക്ക് നിയർ ഹോം | ഫോട്ടോ: എം എസ് ശ്രീധർലാൽ
കൊട്ടാരക്കരയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ മുൻകൈയെടുത്ത് പതിനായിരം സ്‌ക്വയർ ഫീറ്റിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം ജനുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. 141 സീറ്റാണിവിടെ. ഏഴ് കന്പനികൾ 67 സീറ്റുകൾ എടുത്തുകഴിഞ്ഞു. ടേബിൾ, വൈദ്യുതി, ഇന്റർനെറ്റ്, എസി എന്നിവ സംരംഭകർക്ക് നൽകും. 4000–5000 രൂപയാണ് ഒരു സീറ്റിന്റെ മാസവാടക. കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്‌ട്രാറ്റജിക് കൗൺസിൽ (കെഡിഐഎസ്‌സി) നടത്തിപ്പ്.










0 comments