ഒരുപാട് റോളുകൾ, ഒറ്റ പേര്, ഭാഗ്യരാജ്

തമിഴ് സിനിമാ ലോകത്ത് 'തിരക്കഥകളുടെ രാജാവ്' എന്ന വിശേഷണവുമായി വിരാജിച്ച ഒരാളുണ്ട്; കെ. ഭാഗ്യരാജ്. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് വലിയ സ്വപ്നങ്ങളുമായി ചെന്നൈയിലെത്തിയ കൃഷ്ണസ്വാമി ഭാഗ്യരാജ് എന്ന യുവാവ്, തമിഴ് സിനിമയുടെ ഗതിമാറ്റിയെഴുതിയത് അതിവേഗമായിരുന്നു.
1977-ൽ തന്റെ ഗുരുവായ ഭാരതിരാജയുടെ '16 വയതിനിലേ' എന്ന ചിത്രത്തിൽ, ഒരു കഴുതയെയും തെളിച്ച് വയലിലൂടെ നടക്കുന്ന ചെറിയൊരു വേഷത്തിലാണ് ഭാഗ്യരാജിനെ പ്രേക്ഷകർ ആദ്യം കണ്ടത്. പക്ഷേ, ആ നടന്റെ ഉള്ളിൽ ഒരു സംവിധായകനും കഥാകാരനും ഉണ്ടാവുമെന്ന് അപ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഭാരതിരാജയുടെ സിനിമകൾക്ക് സംഭാഷണങ്ങൾ എഴുതി തുടങ്ങിയതോടെയാണ് തമിഴ് സിനിമ അദ്ദേഹത്തിന്റെ തൂലികയുടെ ശക്തി തിരിച്ചറിഞ്ഞത്.
1979-ൽ 'സുവരില്ലാത്ത ചിത്തിരങ്കൾ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി. 'ഒരു കൈ ഓസൈ' എന്ന ചിത്രത്തിൽ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമ്മാണം, അഭിനയം തുടങ്ങി എല്ലാം ഒരൊറ്റ മനുഷ്യനിലേക്ക് ചുരുങ്ങി. സംസാരിക്കാൻ കഴിയാത്ത ഒരു കഥാപാത്രത്തെ അദ്ദേഹം അതിൽ അവിസ്മരണീയമാക്കിയപ്പോൾ, 80-കളിലെ തമിഴ് സിനിമാ പ്രേക്ഷകർ കണ്ടത് അഭിനയത്തിലെ ഒരു പുതിയ സ്വാഭാവിക ശൈലിയാണ്.
'മുന്താണി മുടിച്ചു' എന്ന ചിത്രത്തിന്റെ വൻ വിജയം ഭാഗ്യരാജിനെ തമിഴ് സിനിമയുടെ നെറുകയിലെത്തിച്ചു. ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹത്തെ തേടിയെത്തി. അക്കാലത്ത് സാക്ഷാൽ എംജിആർ ഭാഗ്യരാജിനെ തന്റെ 'കലാപരമായ പിൻഗാമി' എന്ന് വിശേഷിപ്പിച്ചിരുന്നു.
അദ്ദേഹത്തിന്റെ കഥകൾ തമിഴ് സിനിമകളിൽ മാത്രം ഒതുങ്ങിനിന്നില്ല. അമിതാഭ് ബച്ചനെ നായകനാക്കി 'ആഗ്രി റസ്ത' എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്തതു. തെലുങ്കിലും കന്നഡയിലും അദ്ദേഹത്തിന്റെ തിരക്കഥകൾ തരംഗമായി. ഒരു വശത്ത് സിനിമകൾ ഒരുക്കുമ്പോൾ തന്നെ, 'ഭാഗ്യ' എന്ന വാരികയുടെ പത്രാധിപരായും നോവലിസ്റ്റായും അദ്ദേഹം കൈയൊപ്പു പതിപ്പിച്ചു. ഉർവശി എന്ന നായികയെ തമിഴ് സിനിമയ്ക്ക് സമ്മാനിച്ചത് മുതൽ, ദാവണി കനവുകൾ എന്ന ചിത്രത്തിൽ ശിവാജി ഗണേശനെയും ഭാരതിരാജയെയും ഒരേ ഫ്രെയിമിൽ കൊണ്ടുവന്നത് വരെ, ഭാഗ്യരാജിന്റെ കരിയർ അമ്പരപ്പിക്കുന്ന നേട്ടങ്ങളുടേതായിരുന്നു.
ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല. വൈകാരികതയുടെയും നർമ്മത്തിന്റെയും ഒരു പുതിയ ഭാഷ ഭാഗ്യരാജ് പ്രേക്ഷകർക്ക് നൽകി. ഒരേസമയം ക്യാമറയ്ക്ക് പിന്നിലും മുന്നിലും വിസ്മയം തീർത്ത ആ പ്രതിഭയുടെ മടക്കം, സിനിമാ ലോകത്തിന് തീരാനഷ്ടമാണ്.










0 comments