ad
Deshabhimani

'അമേരിക്കയ്ക്ക് ദുഃഖിക്കേണ്ടിവരും'; ട്രംപിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ

Trump.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 12:40 PM | 1 min read

വാഷിംഗ്ടൺ: യുഎസ് സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. അമേരിക്ക പിന്മാറ്റത്തിന്റെയും പശ്ചാത്താപത്തിന്റെയും പാത സ്വീകരിക്കണമെന്നാണ് ഇറാന്റെ താക്കീത്. വെടിനിർത്തൽ കരാറിനോ ചർച്ചകളുടെ അടിസ്ഥാന തത്ത്വങ്ങൾക്കോ യാതൊരു വിലയും കൽപ്പിക്കാത്ത സമീപനമാണ് യുഎസ് പ്രസിഡന്റ്‌ സ്വീകരിക്കുന്നതെന്ന് ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാ കമ്മീഷൻ അധ്യക്ഷൻ ഇബ്രാഹിം അസീസി വിമർശിച്ചു.


വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഈ പ്രകോപനപരമായ നടപടിക്ക്, മുൻകാലങ്ങളിലേതുപോലെ തന്നെ അവർക്ക് പിന്മാറേണ്ടി വരികയും പശ്ചാത്താപം നേരിടേണ്ടി വരികയും ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പരസ്പരം പഴിചാരുന്ന തന്ത്രങ്ങൾ ഇനി വിലപ്പോകില്ലെന്നും മുൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡർ കൂടിയായ അസീസി വ്യക്തമാക്കുന്നു.


'ചർച്ചകൾക്കിടയിൽ യുഎസ് വീണ്ടും ഇറാനെ ആക്രമിച്ചിരിക്കുന്നു. പരാജയപ്പെട്ട യുഎസ് പ്രസിഡന്റ്, തത്വങ്ങളോ വെടിനിർത്തലോ പാലിക്കുന്നില്ലെന്ന് തെളിയിച്ചിരിക്കുന്നു. വെടിനിർത്തലിന്റെ ഈ ലംഘനം പതിവുപോലെ അവരുടെ ഭാഗത്തുനിന്ന് പിൻവാങ്ങലിനും പശ്ചാത്താപത്തിനും കാരണമാകും.' അസീസ് എക്‌സിൽ കുറിച്ചു.





അതേസമയം അമേരിക്കൻ മിന്നലാക്രമണത്തിന് മറുപടിയായി മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏതൊക്കെ സൈനിക പോസ്റ്റുകളാണ് ലക്ഷ്യമിട്ടതെന്നോ എത്രത്തോളം നാശനഷ്ടം ഉണ്ടായെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


സംഘർഷം കടുത്തതോടെ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ചരക്കുകപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നടത്തിവന്ന അടിയന്തര ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇരുവിഭാഗവും തയ്യാറാകാതെ ഒഴിപ്പിക്കൽ പുനരാരംഭിക്കില്ലെന്ന് യുഎൻ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 115 കപ്പലുകളും 2500-ഓളം ജീവനക്കാരെയും ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home