ഭാര്യയെയും മക്കളെയും കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

പ്രതീകാത്മകചിത്രം
ഭോപ്പാൽ : മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും രണ്ട് ആൺമക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മൊറീന ജില്ലയിൽ കിഷൻപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ദാരുണമായ കൊലപാതകങ്ങളുണ്ടായത്. 35കാരനായ ബൽറാം സിംഗ് കുശ്വാഹയാണ് ഭാര്യയെയും രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, ബൽറാം സിംഗ് കുശ്വാഹ തന്റെ 32കാരിയായ ഭാര്യ രവിതയെ ഉറങ്ങിക്കിടക്കുമ്പോൾ കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് എട്ട്, അഞ്ച് വയസ്സുള്ള മക്കളെയും കോടാലി കൊണ്ട് മാരകമായി ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടർന്ന് ഗ്രാമത്തിൽ നിന്ന് അൽപ്പം അകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയ കുശ്വാഹ, ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള (എഫ്എസ്എൽ) സംഘവും പൊലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) വിജയ് ഭഡോറിയ പറഞ്ഞു. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മൊറീനയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഭഡോരിയ പറഞ്ഞു.










0 comments