സുഡാൻ ആഭ്യന്തരയുദ്ധത്തിന് സഹായം; ഇന്ത്യൻ കമ്പനിക്ക് യുഎസ് വിലക്ക്

എസ് ബി എൽ എനർജി ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലോക് ചൗധരി (Image Credit : Facebook)
വാഷിംഗ്ടൺ : സുഡാനിലെ ആഭ്യന്തരയുദ്ധത്തിൽ സായുധ സംഘങ്ങൾക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ചു നൽകിയെന്ന ആരോപണത്തിൽ ഇന്ത്യൻ പൗരൻ ഉൾപ്പെടെ എട്ട് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ ആണ് വെള്ളിയാഴ്ച ഈ കാര്യം പ്രഖ്യാപിച്ചത്.
സുഡാനീസ് സായുധ സേനക്കും, എതിരാളികളായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനും ആയുധങ്ങളും വിദേശ പോരാളികളെയും എത്തിച്ചു നൽകുന്ന വലിയൊരു ശൃംഖലയെയാണ് യുഎസ് ലക്ഷ്യമിട്ടത്. ഇവരുടെ ഈ അനധികൃത പിന്തുണയാണ് ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമായ സുഡാൻ യുദ്ധം നീണ്ടുപോകാൻ ഇടയാക്കിയതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിൽ വ്യക്തമാക്കി.
റായ്പൂർ സ്വദേശിയും അമീൻ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ കമ്പനിയായ എസ് ബി എൽ എനർജി ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അലോക് ചൗധരിയും ഉൾപ്പെടുന്നു. ഇതിന് പുറമെ സുഡാൻ, ഈജിപ്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ട്രഷറി ഡിപ്പാർട്ട്മെന്റ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
റായ്പൂർ ആസ്ഥാനമായുള്ള എസ് ബി എൽ എനർജി, സുഡാനിലെ ടാർഗെറ്റ് മൾട്ടിആക്ടിവിറ്റീസ് കമ്പനിക്ക് സ്ഫോടകവസ്തുക്കളും അനുബന്ധ സാമഗ്രികളും അടങ്ങിയ ഇരുന്നൂറിലധികം ഷിപ്പ്മെന്റുകൾ കൈമാറിയതായാണ് അമേരിക്കയുടെ കണ്ടെത്തൽ. ഈ സ്ഫോടകവസ്തുക്കളാണ് പിന്നീട് സുഡാനീസ് സായുധ സേന ബോംബ് നിർമാണത്തിനായി ഉപയോഗിച്ചത്.
ഇന്ത്യൻ കമ്പനിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ വാങ്ങിയ ടി എം എ സിയേയും അതിന്റെ ജനറൽ മാനേജരും ഡിഐഎസ് സീനിയർ ഉദ്യോഗസ്ഥനുമായ താരിഖ് ഹുസൈൻ മുഹമ്മദ് മദനിയെയും യുഎസ് കരിമ്പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ട്. സുഡാനിലെ ഏറ്റവും വലിയ പ്രതിരോധ സ്ഥാപനമായ ഡിഫൻസ് ഇൻഡസ്ട്രീസ് സിസ്റ്റം ആണ് സുഡാനീസ് സായുധ സേനയുടെ ആയുധ സംഭരണവും പരിപാലനവും നിർവ്വഹിക്കുന്നത്. ഇവർ പലപ്പോഴും ഇറാനിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ആയുധങ്ങളും വെടിമരുന്നുകളും വാങ്ങുന്നതെന്നും യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.










0 comments