ad
Deshabhimani

കവർസ്റ്റോറി

ചരിത്രത്തിന്റെ ആഴങ്ങൾ

റാഫേലിന്റെ ആനോ
avatar
ജി ആർ ഇന്ദുഗോപൻ

Published on Jun 27, 2026, 03:46 PM | 7 min read



ന്റെ സുഹൃത്തിന്റെ അമ്മയ്‌ക്ക്‌ അൽഷിമേഴ്സ് ബാധിച്ചിരുന്നു. ഞാനൊരിക്കൽ ചെന്നപ്പോ ആ അമ്മ ഉരുവിട്ടുകൊണ്ടിരുന്നത്, താൻ ഹൈസ്‌കൂൾ ക്ലാസിൽ പഠിച്ച ചരിത്രപുസ്തകമായിരുന്നു. 1453ൽ ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനേപ്പിൾ ആക്രമിച്ച ഭാഗം. അവരുടെ മകനും കൂട്ടുകാരനായ ഞാനും അതേ പാഠം തന്നെയാണ് പഠിച്ചത്. തലമുറയേ മാറൂ. ഉറച്ചുപോയ ചരിത്രം മാറില്ല. അതു തലമുറകൾ ആവർത്തിച്ചുകൊണ്ടിരിക്കും. മാറ്റമുണ്ടെങ്കിലും നമ്മൾ കണ്ണടയ്‌ക്കും. ചരിത്രത്തിന്റെ അടിത്തറയിളക്കാൻ നമുക്ക് താൽപ്പര്യമില്ല. ആവർത്തനമാണ് രസം.

നമ്മളൊക്കെയും വിദ്യാഭ്യാസകാലത്ത് വേണ്ടതും വേണ്ടാത്തതും വായിച്ചുപഠിക്കാൻ വിധിക്കപ്പെട്ടു. ഭൂരിഭാഗവും പിൽക്കാലത്തെ ജീവിതത്തിന് ആവശ്യമുള്ളതായിരുന്നില്ല. പക്ഷേ ചരിത്രപാഠങ്ങളിലെ നവോത്ഥാനകാലഘട്ടവും ദ വിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങിയ പേരുകളും നമ്മളിലേറെപ്പേരും മറന്നില്ല. യൂറോപ്പിലെ വെള്ളക്കാരുടെ കഥയാണ്. നമ്മുടെ ചരിത്രമല്ല. സംസ്‌കരമല്ല. കലയ്‌ക്ക്‌ കാലമോ ദേശമോ ഇല്ലാത്തതാകാം നമ്മെയൊക്കെയും ആകർഷിച്ചത്. മനുഷ്യവാസനയെ കല പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു; ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

പക്ഷേ നവോത്ഥാനകാലത്ത് നമുക്കൊരു പങ്കുമില്ലായിരുന്നു എന്നാണ്‌ വെപ്പ്‌. സത്യം അങ്ങനെയല്ലായിരുന്നു. ഇപ്പോഴത്തെ കണ്ടെത്തൽ അങ്ങനെയാണ്.

നവോത്ഥാനകാലത്ത് നമ്മുടെ രണ്ടുപേർ സജീവമായി റോമിലുണ്ടായിരുന്നു. പിൽക്കാല കേരളത്തിൽ നിന്നുള്ള ഒരു മനുഷ്യനും മൃഗവും. ഞാനൊക്കെ പത്താം ക്ലാസിൽ (1989) ദ വിഞ്ചിയെയും മൈക്കലാഞ്ചലോയെയും ചേർത്ത് ചരിത്രം ഉരുവിട്ടു പഠിക്കുമ്പോ, വത്തിക്കാനിലെ മ്യൂസിയത്തിൽ ഏതു ജീവിയുടേതെന്ന് വ്യക്തമല്ലാത്ത കുറേ വലിയ അസ്ഥിക്കഷ്‌ണങ്ങൾ വിശ്രമിക്കുന്നുണ്ടായിരുന്നു. ഭാവിയിൽ നമ്മൾ പഠിച്ച ചരിത്രത്തെ മാറ്റിയെഴുതാൻ പര്യാപ്തമായ തെളിവുകളായിരുന്നു ആ ജീവിയുടെ അസ്ഥികൾ. അതെവിടുന്ന് വന്നു?

റാഫേലിന്റെ ആനോറാഫേലിന്റെ ആനോ

വത്തിക്കാനിലെ ബെൽവുദീയ നടുമുറ്റത്ത്‌ 1962 ഫെബ്രുവരിയിൽ കുഴിയെടുത്തപ്പോഴാണ് ഈ അസ്ഥിക്കഷ്‌ണങ്ങൾ കിട്ടിയത്. ഒരു ജീവിയുടെ അസ്ഥിഭാഗങ്ങൾ, പല്ലുകൾ എന്നിവ അത്ഭുതം പോലെ മണ്ണോടു മണ്ണാകാതെ ഉയർന്നുവരുന്നു; പുതിയ ഒരു കഥ പറയാനുണ്ട് എന്ന മട്ടിൽ. അതൊരു ആനയുടേതാണെന്ന് അന്ന് ആരും തിരിച്ചറിഞ്ഞില്ല. യൂറോപ്പിൽ ആന ഇല്ലല്ലോ?

1997 ആയപ്പോൾ വത്തിക്കാനിൽ മറ്റൊരു കാര്യം സംഭവിക്കുന്നു. സിൽവിയോ എ ബാദ്നി എന്ന ലോകപ്രശസ്‌ത ക്യുറേറ്റർ വത്തിക്കാൻ മ്യൂസിയം സന്ദർശിച്ചു. അവിടെ കണ്ട ഈ ജീവിയുടെ മൃതാവശിഷ്ടങ്ങളെ കുറിച്ച് അദ്ദേഹം അന്വേഷിക്കുന്നു. പഠിക്കുന്നു. ആ പഠനത്തിൽനിന്നാണ്, എന്റെ നാടായ കേരളത്തിലെ കൊച്ചിയിൽനിന്ന് കടൽ കടന്നുപോയ ഒരു ആനക്കുട്ടിയുടേതായിരുന്നു ആ അവശിഷ്ടമെന്ന് വ്യക്തമാകുന്നത്. അതേ, ദക്ഷിണേന്ത്യയിലെ സഹ്യപർവതത്തിൽനിന്ന്, സ്വന്തം അമ്മയിൽനിന്ന് അടർത്തിയെടുത്ത് അതിന് പറഞ്ഞിട്ടില്ലാത്ത ഒരു നാട്ടിൽ കൊണ്ടുപോയ ഒന്നര വയസ്സുകാരനായ ഒരു ആനക്കുട്ടിയുടെ വേദനയുടെ യാത്ര കൂടിയായിരുന്നു അത്. അന്നത്തെ മാർപാപ്പയുടെ ഓമനയായിരുന്ന ആ ആനക്കുട്ടിയെ കുറിച്ച് ആദരണീയനായ ബാദ്നി ഒരു പഠനപുസ്തകമെഴുതി‐ ‘പോപ്പിന്റെ ആന.’

നമ്മളുമായി ഒരു ബന്ധവും സാംസ്‌കാരിക അടുപ്പവുമില്ലാത്ത കഥയായി യൂറോപ്യൻ കലാനവോത്ഥാനം ഞാൻ ഉൾപ്പെടെയുള്ള ഭാരതീയർ പഠിച്ചതിനുള്ള വലിയ തിരുത്തായിരുന്നു ആ പുസ്തകം. ജീവനുള്ള ദ വിഞ്ചിയേക്കാൾ, മൈക്കലാഞ്ചലോയേക്കാൾ വലിയ താരം ആ ആനക്കുട്ടിയായിരുന്നു, അന്ന് റോമിൽ. സെന്റ് പീറ്റേഴ്സ് ബസലിക്ക നിർമാണം കാണാനല്ല, ഞായറാഴ്ചതോറും ഈ ആനയുടെ ഘോഷയാത്ര കാണാനായിരുന്നു യൂറോപ്പിലെങ്ങുനിന്നും ജനം റോമിലേക്ക്‌ വന്നുകൊണ്ടിരുന്നത്‌. ദ വിഞ്ചിയും മൈക്കലാഞ്ചലോയും റഫേലും താമസിച്ചിരുന്ന ചത്വരത്തിന്റെ നടുവിലായിരുന്നു അവന്റെ താമസം. അവരുടെ മുറിയിലിരുന്നാൽ ഈ ആനക്കുട്ടിയെ കാണാം. അവന്റെ കുറുമ്പുകൾ കാണാം. അവനെ വരയ്‌ക്കാൻ അവരുടെ കൈകൾ തരിച്ചിരിക്കും. വരച്ചിട്ടുമുണ്ടാകും. റഫേൽ വരച്ചത് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അവനൊപ്പം പ്രാകൃതമായ മലയാളം സംസാരിക്കുന്ന അവന്റെ പാപ്പാനും ഉണ്ടായിരുന്നു. അക്കാലത്തെ റോമിലെ രാഷ്‌ട്രീയത്തിന് അവൻ മൂകസാക്ഷിയായി. കത്തോലിക്കാ സഭയിൽ നവീകരണം ആവശ്യപ്പെട്ട് പ്രൊട്ടസ്റ്റന്റുകൾ കലാപമുണ്ടാക്കിയപ്പോൾ, സഭയുടെ ധൂർത്തിന് കാരണമായി അവർ ചൂണ്ടിക്കാണിച്ചതും പാവം ഈ ഇന്ത്യൻ ആനക്കുട്ടിയെ ആയിരുന്നു. അതൊന്നുമറിയാതെ ഏഴാം വയസ്സിൽ എരണ്ട കെട്ടുവന്ന് ആ ആനക്കുട്ടി ചരിഞ്ഞു. റോം നിശ്ചലമായി.

ആനോ റോമിലേക്ക്‌ നടന്ന പ്രാചീന പാലം പോണ്ടേഡെൽ  അബാഡിയക്ക്‌ മുകളിൽ  ബെന്യാമിനൊപ്പം ഇന്ദുഗോപൻ.ആനോ റോമിലേക്ക്‌ നടന്ന പ്രാചീന പാലം പോണ്ടേഡെൽ അബാഡിയക്ക്‌ മുകളിൽ ബെന്യാമിനൊപ്പം ഇന്ദുഗോപൻ.

പിന്നീട് ആ പാപ്പാന് എന്ത്‌ സംഭവിച്ചു? ചരിത്രം പറയുന്നില്ല. ആന ചത്താൽ പിന്നെ ആനക്കാരന്റെ പ്രസക്തി നഷ്ടപ്പെടുന്നു. അവൻ ആരെന്ന് അറിയപ്പെട്ടില്ല. അവനു ശേഷം കൊച്ചി തുറമുഖത്തുനിന്ന് കൊണ്ടുപോയ കാണ്ടാമൃഗത്തിന്റെ ശിക്ഷകന് പേരുണ്ട്. ഈ പാപ്പാന്റെ പേര് ഒരിടത്തുമില്ല. അവനാണ് എന്റെ നോവലിലെ നായകൻ. അവൻ ആനേ എന്ന് ദ്രാവിഡത്തിൽ വിളിച്ച വിളി കേട്ട് യൂറോപ്യന്മാർ ആ ആനയെ വിളിച്ച പേരാണ് നോവലിന്റെ തലക്കെട്ട് ‐ ആനോ. ആനേ എന്ന് വിളിച്ചല്ലാതെ തെക്കേയിന്ത്യയിലെ ആനകളെ നിയന്ത്രിക്കാനാകില്ല. സ്വന്തമായി എന്തു പേരുണ്ടെങ്കിലും ആനേ എന്ന് വിളിച്ചു മാത്രമേ അതിനെ ചട്ടം പഠിപ്പിക്കാനാകൂ.

വിചിത്രമെന്നു പറയട്ടെ, 1997ൽ പുറത്തിറങ്ങിയ സിൽവിയോ ബാദ്നിയുടെ പുസ്തകം വന്ന് മൂന്നുദശകമാകുമ്പോഴും കുട്ടികൾക്ക്, ഏറ്റവും ഇമ്പമാകേണ്ട, ഇതാ ഭാരതത്തെ അങ്ങയുടെ കാൽക്കീഴിൽ സമർപ്പിക്കുന്നു എന്നു പറഞ്ഞ് പോർച്ചുഗലിന്റെ മാനുവൽ രാജാവ് മാർപാപ്പയ്‌ക്ക്‌ കാഴ്‌ചവച്ച ആനോയുടെ പാഠങ്ങൾ ഇന്നും ലോകത്തെ ഒരു തലമുറയും പഠിക്കുന്നില്ല. ഓർമ നഷ്ടപ്പെട്ട ആ അമ്മയുടെ അവസ്ഥയിലാണ് നമ്മുടെ ചരിത്രം. നമ്മുടെ പാഠങ്ങൾ മാറുന്നില്ല.

ആനോയുടെ റോമിലേക്കുള്ള വരവിന്റെ അഞ്ഞൂറാം വാർഷികത്തിൽ, 2014–15ൽ ഞാൻ ജോലി ചെയ്‌തിരുന്ന പത്രത്തിന്റെ സൺഡേ സപ്ലിമെന്റിൽ ഒരു ലേഖനമെഴുതിക്കൊണ്ടാണ് ഞാനീ നോവലിനു വേണ്ട പഠനം ആരംഭിച്ചത്. തുടർച്ചയായി അല്ലെങ്കിലും അത് പത്തുകൊല്ലം നീണ്ടു. ആനക്കുട്ടിയുടെ റോമിലേക്കുള്ള വരവും പാതയും അതിനു ലഭിച്ച സ്വീകരണവും ബാക്കിയായി അവന്റെ ഓർമയ്‌ക്ക്‌ ഇന്ന് റോമിൽ എന്തു ബാക്കിയുണ്ട് തുടങ്ങിയ കാര്യങ്ങളിൽ ബാദ്നിയുടെ പുസ്തകമായിരുന്നു സഹായം. ഒപ്പം ബാദ്നിയുടെ ഒന്നു രണ്ടു തെറ്റ്‌ തിരുത്താനും, ആനോയുെട മറ്റ് ചില ഓർമകൾ റോമിലുള്ളത് കണ്ടെത്താനും ഈ യാത്രയിൽ നമുക്ക് ആയി. ആനോയുടെ കൊമ്പായി അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്, ഒരു മുഴുത്ത ആനയുടെ കൊമ്പാണ്. റഫേലിന്റെ ചിത്രത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ച ആളല്ല യഥാർഥ പാപ്പാൻ. അവന്റെ തുമ്പിക്കൈ പിടിച്ചുനിൽക്കുന്ന ആളാണ്. ആനയെ നിയന്ത്രിക്കുന്നത് താഴെനിന്നാണ്.


യൂറോപ്യൻ ശക്തികളുടെ അധിനിവേശം ആദ്യമായി അനുഭവിച്ച, ചെറുത്ത മലയാളിയിൽ പെട്ട ആളെന്ന നിലയ്‌ക്ക്‌ മലബാറിന്റെ, കൊച്ചിയുടെ അക്കാലത്തെ രാഷ്‌ട്രീയം, വികാരം, പോരാട്ടം ആനോയുടെ പാപ്പാന്റെ ജീവിതം വഴി വരച്ചുകാട്ടണമെന്നുണ്ടായിരുന്നു. നാടും കുടുംബവും വിട്ട് സ്വന്തം ഇച്ഛയ്‌ക്കനുസരിച്ചുള്ള യാത്രയായിരുന്നില്ല അവന്റേത്. നിർബന്ധിത പ്രവാസം. അപ്പോ അവന് ധാർമികരോഷമുണ്ട്. പിൽക്കാലത്തെ മലയാളിയുടെ ദീർഘദൂരപ്രവാസവും ഇവിടെ തുടങ്ങുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബനിയകളാണ് ഇന്ത്യയിൽനിന്ന് കടൽവഴി യൂറോപ്പിലെത്തി താവളമാക്കിയ ആദ്യ പ്രവാസഗ്രൂപ്പ് എന്നാണ് നമ്മുടെ ധാരണ. പക്ഷേ മലയാളം സംസാരിക്കുന്ന ഒരു ഡയസ്‌പോറ, ലിസ്ബണിൽ രൂപപ്പെട്ടിരുന്നു, പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ. അതിൽ കൊച്ചി രാജാവിന്റെ പ്രതിനിധികൾ, ഉയർന്ന ഉദ്യോഗസ്ഥർ, ദ്വിഭാഷികൾ, മതപ്രചാരകർ, ഇന്ത്യയെ കുറിച്ചുള്ള പ്രഭാഷകന്മാർ, കൊച്ചി തുറമുഖത്തുനിന്ന് പിടിച്ചുകൊണ്ടു പോയ തദ്ദേശീയരായ അടിമകൾ അങ്ങനെ ഒരുപാട് പേരുണ്ട്. അവരൊക്കയും ഈ നോവലിൽ കടന്നുവരുന്നു.

കിട്ടിയ അവസരം വിനിയോഗപ്പെടുത്തി, കടൽ കടക്കുന്നത് മ്ലേച്ഛമാണെന്ന വിലക്കിനെ എതിരിട്ടാണ് അസാമാന്യയാത്രാത്വരയുള്ള, മെച്ചപ്പെട്ട മേച്ചിൽപ്പുറങ്ങൾക്ക് വേണ്ടി എന്തും സഹിക്കുന്ന പിൽക്കാല മലയാളി അന്ന് യാത്ര പുറപ്പെട്ടത്. വിലക്കുനോക്കാതെ സ്വന്തം ബന്ധുവിനെപ്പോലും കൊച്ചി രാജാവ് പോർച്ചുഗലിൽ പോകാൻ നിയോഗിച്ചു. കപ്പലിൽ വച്ചുതന്നെ പോർച്ചുഗീസ് ഭാഷ പഠിച്ച് ദ്വിഭാഷികളായും മലയാളിയുടെ വൈറ്റ് കോളർ ജോലി തുടങ്ങി. മാനുവൽ രാജാവിന്റെ കൊട്ടാരത്തിൽ ആരംഭത്തിൽ തന്നെ കയറിപ്പറ്റി അവർ ലോകം കീഴടക്കാൻ തുടങ്ങി. അങ്ങനെ കടൽമാർഗം യൂറോപ്പിലെത്തി അവിടം കോളനിയാക്കി, തക്ക സ്വാധീനത്തിലേക്കു വന്ന ആദ്യ ഇന്ത്യക്കാരായി മലയാളികൾ മാറി.

ഇറ്റലിയിലെ പോർട്ടോ എർക്കോൾ ‐ ആനോയുടെ യാത്ര ഇവിടെ അവസാനിച്ചു

നമ്മുടെ ആനോയെ കൊണ്ടുപോയ അതേ പാതയിലൂടെ അഞ്ഞൂറ്‌ വർഷത്തിനുശേഷം ഞാനൊരു യാത്ര പോയി. എന്റെ സുഹൃത്ത് പ്രശസ്‌ത എഴുത്തുകാരൻ ബെന്യാമിൻ, റഷീദ് അറയ്‌ക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. പോർച്ചുഗലിലെ ലിസ്ബൺ വഴി സ്‌പെയിനിലെ അലിക്കന്റെ, ഇബീസ, പൽമ വഴി പിൽക്കാല ഇറ്റലിയിലെ പോർട്ടോ ഏർക്കോൾ തുറമുഖത്ത് എത്തിച്ച് അവിടുന്ന് 150 കിലോമീറ്റർ നടത്തിച്ചാണ് ആനോയെ റോമിലെത്തിച്ചത്. അതായിരുന്നു യാത്രാപാത. അവനെ കൊണ്ടുപോയ ഇടുങ്ങിയ കല്ലുപാതകൾ കണ്ടെത്തിയത് വികാരപരമായിരുന്നു; ഇതേ പാതയിലൂടെയായിരുന്നു ജൂലിയസ് സീസർ പട നയിച്ചതെന്നും വിചിത്രം.

അവിടെ ‘ലിസ്ബൺ അടിമ ടൂറിൽ’ ഞങ്ങൾ പങ്കെടുത്തു. പരമ്പരാഗതമായ ടൂർ അല്ല. അടിമകളുടെ വേദന നിറഞ്ഞ വഴിയിലൂടെയുള്ള സമാന്തരയാത്ര. അക്കാലത്ത് ബ്രസീൽ, ആഫ്രിക്ക പ്രദേശങ്ങളിലെ അടിമകൾക്കൊപ്പം മലബാർ, കൊച്ചി എന്നിവിടങ്ങളിൽനിന്ന് പിടിച്ചുകൊണ്ടുവന്ന അടിമകളുമുണ്ടായിരുന്നു. അടിമകളെ അടച്ചിരുന്ന വഴികൾ ഞങ്ങൾ ലിസ്ബണിൽ കാണുകയുണ്ടായി. ലിസ്ബണിൽനിന്ന് കൊച്ചിയിലേക്കുള്ള കപ്പലുകളിൽ വെള്ളം നിറയ്‌ക്കാൻ അന്നുതന്നെ മലമുകളിൽ നിന്നുള്ള ഉറവ കണ്ടെത്തി, ൈപപ്പു വഴി തുറമുഖത്തെത്തിക്കാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞിരുന്നു. ആ ജലഗതാഗത സംവിധാനത്തിന്റെ ബാക്കി ഇന്നും ലിസ്ബണിലുണ്ട്. പകരം കൊച്ചിയിലും ഗോവയിലും, വെള്ളം മനുഷ്യർ ചുമന്നു കപ്പലിൽ കയറ്റുകയായിരുന്നു ചെയ്‌തത്. ലിസ്ബണിലെ ചതുപ്പുവഴികളിൽ ഇന്നു കാണുന്ന കല്ലുപാകിയതും മാനുവൽ രാജാവിനൊരു വമ്പൻ കൊട്ടാരമുണ്ടായതും മലബാറിൽ നിന്നുള്ള കുരുമുളകിന്റെ ലാഭം വച്ചാണ്.

ലിസ്ബണിൽ ചെന്ന് മാനുവൽ രാജാവിനെ ചെന്നു കണ്ട ആദ്യത്തെ മലബാറി മുസ്ലിം വ്യാപാരി കോയപ്പക്കി, മലാക്ക കടലിടുക്ക് പിടിക്കാൻ പോർച്ചുഗീസ് ഗവർണർ ആൽബുക്കർക്കിന് സഹായം ചെയ്‌തുകൊടുത്ത മലബാറിയായ ചാത്തു നായനാർ, യഥാർഥത്തിൽ വാസ്‌കോ ഡ ഗാമയ്‌ക്കു മുമ്പുതന്നെ കോഴിക്കോട്ട് കാലുകുത്തിയ ആദ്യ യൂറോപ്യൻ, ഗാമയുടെ കപ്പൽസംഘത്തിലെ ജൂതനായ തടവുകാരൻ ജോവോ നൂവിസ് തുടങ്ങി ചരിത്രത്തിന്റെ വിളുമ്പിൽ പെട്ടുപോയ നൂറുകണക്കിന് യഥാർഥ കഥാപാത്രങ്ങളാണ് ഈ നോവലിൽ കടന്നുവന്ന് അവരുടെ വേദനകളുടെ, വിജയപരാജയങ്ങളുടെ കഥകൾ പറയുന്നത്‌.


പിൽക്കാല കേരളത്തിൽനിന്ന് വന്ന ഒരാളെന്ന നിലയിൽ കഥ പറയുമ്പോൾ എന്റെ മുന്നിൽ ഒരു ചോദ്യം പ്രസക്തമായിരുന്നു, പ്രചോദനമായിരുന്നു. വാസ്‌കോ ഡ ഗാമ ഇന്ത്യയിലെത്തിയതിനു പിന്നാലെ വന്ന കബ്രാൾ വഴിതെറ്റി ചെന്നടുത്ത, ഭൂമിവലിപ്പത്തിൽ ഇന്ത്യയുടെ രണ്ടരയിരട്ടി വലുപ്പമുള്ള, ബ്രസീലിൽ ഇന്ന് സംസാരിക്കുന്ന ഭാഷ പോർച്ചുഗീസ് ആണ്. തമിഴിന്റെ മറ്റൊരു ഭാഗമായ മലയാണ്മ സംസാരിച്ചിരുന്ന ഒരു പൊടികേരളത്തിൽ, ഒരാളെ കൊണ്ടുപോലും പോർച്ചുഗീസ് ഭാഷ സംസാരിപ്പിക്കാൻ അവർക്കായില്ല. എന്തുകൊണ്ട്?

അത്രകണ്ട് പോരാട്ടവീര്യം മലബാറിലെ വയസ്സനായ സാമൂതിരി കാണിച്ചു. അദ്ദേഹത്തിനൊപ്പം കളിക്കൂട്ടുകാരനായ സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും ഒന്നിച്ച് പടചേർന്ന് ദിനേന നൂറുകണക്കിന് ആൾക്കാരുടെ രക്തസാക്ഷിത്വത്തിലൂടെ പോർച്ചുഗീസുകാരുടെ ഉറക്കംകെടുത്തി. കോഴിക്കോടിറങ്ങി ചുരുങ്ങിയ വർഷംകൊണ്ട് മലബാർ, കൊച്ചി തീരത്തുനിന്ന് കെട്ടുകെട്ടി ഗോവ സ്ഥിരവാസകേന്ദ്രമാക്കാൻ അവരെ നിർബന്ധിതരാക്കി. നമ്മുടെ ഈ ഭാഷ ഇപ്പോഴും അങ്ങനെ തുടരുന്നതിൽ മലബാറിലെ എല്ലാ മനുഷ്യരുടെയും ആത്മവീര്യം, ത്യാഗം എന്നിവ പ്രസക്തമായി.

നമ്മുടെ ആനോയും പാപ്പാനും ലിസ്ബണിൽ ഉള്ളപ്പോ വാസ്കോ ഡ ഗാമയും കബ്രാളും അതേ നഗരത്തിലുണ്ട്. കോഴിക്കോടിന്റെ പ്രത്യാക്രമണങ്ങളിൽ ചിതറിപ്പോയ കപ്പൽപ്പടയുമായി മടങ്ങിച്ചെന്ന ഗാമയെ മാനുവൽ രാജാവ് പിന്നീട് ജീവിതകാലത്ത് അടുപ്പിച്ചില്ല. അത്രയ്ക്കും വലിയ പോരാട്ടമാണ് മലബാറുകാർ നടത്തിയത്. പക്ഷേ നമ്മൾ ചരിത്രം എഴുതിവയ്‌ക്കുന്ന ശീലക്കാരല്ല. പോർച്ചുഗീസുകാർ, ഇവിടത്തെ സംഭവങ്ങളുടെ ദിനക്കുറിപ്പുകൾ രാജാവിന് അയച്ചതാണ് അവശേഷിച്ചത്. അതുതന്നെ 1755ലെ ലിസ്ബണിലെ മഹാതീപിടിത്തത്തിൽ ഒട്ടുമിക്ക രേഖകളും ഇല്ലാതായി.

ലിസ്ബനിൽ ശിൽപ്പമായി ഞങ്ങൾ കണ്ട പോർച്ചുഗലിന്റെ നാവികത്തലവന്മാരിൽ ചിലർ നമുക്ക് വീരനായകരല്ല, അവർ ഇവിടുത്തെ കണ്ണിൽ ഇന്ത്യയിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ച കടൽക്കൊള്ളക്കാരാണ്. ഇന്നും പോർച്ചുഗലിന്റെ വീരനായകൻ വാസ്‌കോ ഡ ഗാമ തന്നെയാണ്. വാസ്‌കോ ഡ ഗാമയ്‌ക്കു മുമ്പ്‌ വന്ന ബർത്തലേമാ ഡയസ്, പിന്നീട് ലോകം ആദ്യമായി ചുറ്റിയ ഫെർഡിനൻഡ് മഗല്ലെൻ തുടങ്ങി നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ച നാവികന്മാരൊക്കെ പിൽക്കാല കേരളത്തിൽ പോർച്ചുഗീസ് കപ്പൽപ്പടയിൽ ജോലി ചെയ്‌തവരാണ്. നമ്മുടെ മീനും ചോറും തിന്നവരാണ്. അവരെല്ലാം ഈ നോവലിൽ കടന്നുവരുന്നു.

പോർച്ചുഗീസുകാരുടെ വരവ് പിൽക്കാല കേരളത്തിൽ ഉണ്ടാക്കിയതെല്ലാം മോശമല്ല. നമുക്ക് വൈവിധ്യമുള്ള ആഹാരം തന്നത് അവരാണ്. ചക്കയും മാങ്ങയും കുഴിച്ചെടുക്കുന്ന കാച്ചിലുമായി പട്ടിണിയിലായിക്കിടന്ന രാജ്യത്ത് കപ്പലിൽനിന്ന് വന്ന എന്നർഥത്തിൽ ‘കപ്പ’ ചേർത്ത നിരവധി കിഴങ്ങുകളും ബ്രസീലിലെ കപ്പയ്ക്ക, പേരയ്ക്ക, കപ്പലണ്ടി, പറങ്കിമുളക് തുടങ്ങിയ എത്ര പഴവർഗങ്ങളും വന്നു. തൊട്ടടുത്തുള്ള കിഴക്കൻ ഏഷ്യയിലെ റംബൂട്ടാനും വിയറ്റ്നാം ചക്കയുമെല്ലാം അടുത്തിടെയാണ് ഇവിടെ വന്നതെന്ന് ഓർക്കണം. പോർച്ചുഗീസുകാർക്കൊപ്പം മതപ്രചാരണത്തിന് വന്ന ജസ്യൂട്ട് പാതിരിമാരായിരുന്നു ഇതിന്റെ പിന്നിൽ. അവർ ശാസ്‌ത്രീയമായ കൃഷിപുസ്തകങ്ങൾവരെ ഇറക്കി. പകരം നമ്മുടെ ചക്കയും മാങ്ങയും ഇതേ പേരിൽ ബ്രസീലിലുമെത്തി. പോർച്ചുഗീസ് ഭാഷയിൽ ഇന്നും അത് ചക്കയും മാങ്ങയും തന്നെ.


റോമിെല ഇന്ത്യയിലെ അംബാസഡറായിരുന്ന ആനോ എന്ന നമ്മുടെ കുട്ടിയാന രണ്ടര വർഷക്കാലം റോമിൽ കഴിഞ്ഞു. അവന്റെ തുമ്പിക്കൈ തൊട്ടാൽ രോഗശാന്തി ലഭിക്കുമെന്ന വിശ്വാസം റോമിലുണ്ടായി. മൃഗത്തെ വിശുദ്ധനാക്കാനുള്ള വകുപ്പ് കത്തോലിക്കാസഭയിൽ നിലവിലില്ല. അഥവാ അവൻ ഇന്ന് ആരാധിക്കപ്പെടുമായിരുന്നു. ഇന്നും ആനോയുടെ സ്വാധീനം റോമിൽ ബാക്കിയാണ്; ആരും അറിയുന്നില്ലെന്ന് മാത്രം. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ ഉത്തരത്തിൽ ഇവന്റെ ചിത്രമുണ്ട്. ആഫ്രിക്കയെ പ്രതിനിധീകരിച്ചുള്ള ഒരു ചിത്രീകരണത്തിൽ ഒരു ഇന്ത്യൻ കുട്ടിയാനയാണ് ഉള്ളത്. നമ്മുടെ ആനോയാണ് പ്രചോദനം.

മാർപാപ്പയുടെ കൊട്ടാരത്തിന്റെ ഉത്തരത്തിൽ അവനെ കൊത്തിവച്ചിട്ടുണ്ട്. റോമിലെ ഉദ്യാനങ്ങളിൽ അവന്റെ പ്രതിമയുണ്ട്. പള്ളിച്ചുമരിൽ ചിത്രമുണ്ട്. ആനോയുടെ യജമാനനായ ലിയോ പത്താമൻ മാർപാപ്പയുടെ ശവകുടീരമുള്ള റോമിലെ സെന്റ് ഡൊമിനിക്കൻ പള്ളിയുടെ മുന്നിലുള്ള ബർനിനിയുടെ ശിൽപ്പം, അന്ന് റോമിലെ ചുമർചിത്രത്തിലുണ്ടായിരുന്ന ആനോയിൽനിന്ന് കൊത്തിയുണ്ടാക്കിയതാണ്. ഈ ശിൽപ്പത്തിൽ നിന്നുള്ള പ്രചോദനമാണ് പിൽക്കാലത്തെ സാൽവദോർ ദാലിയുടെ ആനകൾ എന്ന ചിത്രം. വടക്കൻ ഇറ്റലിയിലെ ലാറ്റ്സിയോയിലെ മോൺസ്റ്റേഴ്സ് പാർക്കിൽ ക്രിസ്‌തുവിന് മുമ്പുള്ള യൂറോപ്യൻ പടയാന ഹാനിബാളിന്റെ ശിൽപ്പമുണ്ട്. പക്ഷേ അതിന് ഒരു ഇന്ത്യൻ കുട്ടിയാനയുടെ രൂപമാണ്. ഇങ്ങനെ എല്ലായിടത്തും ആനോയുടെ സ്വാധീനം വിപുലമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ റോം സന്ദർശിക്കുമ്പോഴും നമ്മുടെ ഒരു അംബാസഡർ അവിടെ ഉള്ള കാര്യം ആരും അറിയുന്നില്ല .

(‘ആനോ’യുടെ ഇംഗ്ലീഷ്‌ പതിപ്പിന്‌ എഴുതിയ മുഖവുരയിൽ നിന്ന്‌)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home