നാളെ മെസി ബെഞ്ചിലോ? ജോർദാനെതിരായ ആദ്യ ഇലവനിൽ ഇല്ലെന്ന് റിപ്പോർട്ട്

ഡാലസ്: ലോകകപ്പ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ലയണൽ മെസി ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. മെസിയുടെ ചിറകിലേറി അർജന്റീന നോക്കൗട്ടിലേക്ക് കുതിച്ചതോടെ ജോർദാനെതിരായ മത്സരത്തിൽ സൂപ്പർ താരം ബെഞ്ചിലാകുമെന്ന് പരിശീലകൻ ലയണൽ സ്കലോണി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ടീം നേടിയ അഞ്ചു ഗോളും മെസിയുടെ ബൂട്ടിൽ നിന്നായിരുന്നു. നോക്കൗട്ട് ഘട്ടത്തിന് മുന്നോടിയായി താരത്തിന് വിശ്രമം നൽകാനാണ് കോച്ച് ലക്ഷ്യമിടുന്നത്.
ചാമ്പ്യൻമാരുടെ പകിട്ടോടെയാണ് അർജന്റീന ലോകകപ്പിൽ തുടങ്ങിയത്. ആദ്യ കളിയിൽ അൾജീരിയയെ മൂന്ന് ഗോളിന് തകർത്തപ്പോൾ ഹാട്രിക്കുമായി ലയണൽ മെസി ഒരുപിടി റെക്കോഡുകൾ കുറിച്ചു. രണ്ടാം മത്സരത്തിൽ ഇരട്ടഗോളുമായി തിളങ്ങിയ മെസി നൂറ്റാണ്ടിനോടടുക്കുന്ന ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനെന്ന റെക്കോഡും സ്വന്തമാക്കിയത്. ആറ് ലോകകപ്പിലായി 18 ഗോളാണ് സമ്പാദ്യം. ഓസ്‌ട്രിയക്കെതിരെ ഇരട്ട ഗോളിലൂടെ ജർമൻ താരം മിറോസ്ലാവ് ക്ലോസെയെ(16 ഗോൾ) മറികടന്നു.
മുൻ ചാമ്പ്യന്മാരായ സ്പെയിനിനെയും ഉറുഗ്വേയെയും സമനിലയിൽ പിടിച്ച കേപ് വെർദെയാണ് നോക്കൗട്ടിൽ എതിരാളികൾ. ഒരു കളിയും തോൽക്കാതെയാണ് കേപ് വെർദെ നോക്കൗട്ടിലെത്തുന്നത്. അർജന്റീനയുമായി ജൂലൈ നാലിന് പുലർച്ചെ 3.30 നാണ് മത്സരം.











0 comments