18 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങി; പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

എഐ പ്രതീകാത്മകചിത്രം
ന്യൂഡൽഹി : ന്യൂഡൽഹിയിൽ 18 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിലായി. വ്യാജ സ്വത്ത് രേഖകളിലൂടെയും ആൾമാറാട്ടത്തിലൂടെയും ഒന്നിലധികം ബാങ്കുകളിൽ നിന്ന് 18 കോടിയിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2013-ൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കേസിൽ വ്യാഴാഴ്ചയാണ് സഞ്ജീവ് ദീക്ഷിത് എന്ന സഞ്ജയ് ശർമ്മ (53)യെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം 2017 മുതൽ ദീക്ഷിത് ഒളിവിൽ കഴിയുകയായിരുന്നുവെന്നും പിന്നീട് ഡൽഹി കോടതി ദീക്ഷിതിനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചതായും പൊലീസ് പറഞ്ഞു. പിന്നീട് മറ്റൊരു ക്രിമിനൽ കേസിൽ ദീക്ഷിത് തിഹാർ ജയിലിലാണെന്ന് കണ്ടെത്തി. 2013 ഫെബ്രുവരിയിൽ ദീക്ഷിതും കൂട്ടാളികളും ചേർന്ന് കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലുള്ള തന്റെ സ്വത്ത് വ്യാജ വിൽപ്പന രേഖ ഉപയോഗിച്ച് കൈമാറ്റം ചെയ്തുവെന്ന് ആരോപിച്ച് ഉഷാ റാണി സേഥി എന്ന വ്യക്തി നൽകിയ പരാതിയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെന്ന് ഇഒഡബ്ല്യൂ അറിയിച്ചു.
സബ് രജിസ്ട്രാർ ഓഫീസിൽ ഇടപാടുകാരിയായി അഭിനയിക്കാൻ ഉഷാ റാണിക്കു പകരം മറ്റൊരു സ്ത്രീയെ പ്രതി ഏർപ്പാട് ചെയ്തതായും ഇടപാട് പൂർത്തിയാക്കാൻ ഇതേ പേരുള്ള മറ്റൊരാളുടെ പാൻ വിവരങ്ങൾ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വ്യാജ വിൽപ്പന രേഖ ഉപയോഗിച്ച് ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പകളും ക്രെഡിറ്റ് സൗകര്യങ്ങളും നേടിയെടുത്തതായും കണ്ടെത്തി.
ചൈനാട്രസ്റ്റ് കൊമേഴ്‌സ്യൽ ബാങ്കിൽ നിന്ന് 10 കോടി രൂപ, ക്യാഷ് ക്രെഡിറ്റ് ആയി 5 കോടി രൂപ, 70 ലക്ഷം രൂപ കാർ ലോൺ, മറ്റ് ബാങ്കുകളിൽ നിന്ന് 3 കോടി രൂപ ക്യാഷ് ക്രെഡിറ്റ് സൗകര്യം എന്നിവ ഉൾപ്പെടെ 18 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. മിക്ക വായ്പ അക്കൗണ്ടുകളും പിന്നീട് നിഷ്‌ക്രിയ ആസ്തികളായി (എൻപിഎ) മാറി. ഇത് ധനകാര്യ സ്ഥാപനങ്ങൾക്ക് നഷ്ടമുണ്ടാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഉഷാ റാണിയുടെ വസ്തുവിന്റെ ഉടമസ്ഥാവകാശ വിവരങ്ങൾ നേടുന്നതിനും തട്ടിപ്പിന് സൗകര്യമൊരുക്കുന്നതിനുമായി പ്രതി തന്റെ കൂട്ടാളിയെ ഉഷാ റാണിയുടെ വസ്തുവിൽ വാടകക്കാരനായി താമസിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. വർഷങ്ങളായി തുടർന്ന അന്വേഷണത്തിനൊടുവിലാണ് മറ്റൊരു ക്രിമിനൽ കേസിൽ ദീക്ഷിത് തിഹാർ ജയിലിലാണെന്ന് പൊലീസ് കണ്ടെത്തിയത്. ഡൽഹി കോടതിയിൽ നിന്നുള്ള പ്രൊഡക്ഷൻ വാറണ്ടിനെത്തുടർന്ന് ജൂൺ 25 ന് ഈ കേസിലും ദീക്ഷിതിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.
സിബിഐയും ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലായി പൊലീസും 12 ക്രിമിനൽ കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ള ദീക്ഷിത് സ്ഥിരം സാമ്പത്തിക കുറ്റവാളിയാണെന്നും വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അഴിമതി, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങളും ദീക്ഷിതിനെതിരെ ചുമത്തപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.











0 comments