ad
Deshabhimani

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വകമാറ്റൽ; അനിൽ അംബാനിക്കെതിരെ നിലപാട് കടുപ്പിച്ച് സെബി

Anil Ambani

അനിൽ അംബാനി (Image Credit : REUTERS/Prashant Waydande/File)

വെബ് ഡെസ്ക്

Published on Jun 27, 2026, 06:52 PM | 1 min read

ന്യൂഡൽഹി : കമ്പനിയുടെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഒത്തുതീർപ്പിന് അനുമതി തേടി വ്യവസായി അനിൽ അംബാനിയും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും സമർപ്പിച്ച അപേക്ഷകൾ സെബി നിരസിച്ചു. ഏകദേശം 70 കോടി ഡോളറിന്റെ ഫണ്ട് ദുരുപയോ​ഗം ചെയ്തെന്നാണ് കേസ്.


നിയന്ത്രണ ഓഹരിയുടമയായ അനിൽ അംബാനിയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലേക്ക് വ്യാജ മാർഗ്ഗങ്ങളിലൂടെ പണം വകമാറ്റിയെന്ന ആരോപണത്തിലാണ് ഒത്തുതീർപ്പ് അപേക്ഷകൾ കഴിഞ്ഞ ആഴ്ച സെബി നിരസിച്ചത്. മറ്റ് അന്വേഷണ ഏജൻസികൾ നടത്തുന്ന സമാന്തര അന്വേഷണങ്ങളെ ചൂണ്ടിക്കാണിച്ചാണ് സെബിയുടെ ഈ നീക്കം.


ഇത് രണ്ടാം തവണയാണ് അനിൽ അംബാനിയുടെ ഒത്തുതീർപ്പ് അപേക്ഷ സെബി നിരസിക്കുന്നത്. മുൻപ് യെസ് ബാങ്കിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഒത്തുതീർപ്പാക്കാനുള്ള അപേക്ഷയും സെബി നിരസിച്ചിരുന്നു. പൊതു ഓഹരിയുടമകളുടെ കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി കമ്പനി ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്നാണ് സെബിയുടെ വിലയിരുത്തൽ.


സ്വതന്ത്ര സ്ഥാപനമെന്ന് വിശേഷിപ്പിക്കപ്പെട്ട സി എൽ ഇ പ്രൈവറ്റ് ലിമിറ്റഡ് എന്ന എഞ്ചിനീയറിംഗ് കരാർ കമ്പനിയിലേക്ക് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 17,670 കോടി രൂപ വകമാറ്റിയതായി സെബി ആരോപിച്ചു. ഈ തുകയിൽ നിന്ന് കുറഞ്ഞത് 11,200 കോടി രൂപ 2024 വരെയുള്ള കാലയളവിൽ അംബാനിയുടെ റിലയൻസ് എഡിഎ ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളിൽ സി എൽ ഇ നിക്ഷേപിച്ചിട്ടുണ്ട്. പ്രായോഗിക വശങ്ങൾ പരിശോധിക്കുമ്പോൾ സി എൽ ഇ ഒരു സ്വതന്ത്ര കമ്പനിയല്ല. അനിൽ അംബാനിയും മറ്റ് ചില ഉദ്യോഗസ്ഥരും പരോക്ഷമായി നിയന്ത്രിച്ചിരുന്ന ഒരു  ഉപകമ്പനിയെപ്പോലെയാണ് അത് പ്രവർത്തിച്ചിരുന്നതെന്നും സെബി കണ്ടെത്തി.


എന്നാൽ അനിൽ അംബാനി ഗ്രൂപ്പിന്റെ വക്താവ് ആരോപണങ്ങളെ പൂർണമായും നിഷേധിച്ചു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒന്നാണ്. നിയമോപദേശപ്രകാരം നിലപാട് അറിയിക്കുമെന്നും വക്താവ് ഇമെയിൽ വഴി അറിയിച്ചു. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ സെബി തയ്യാറായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home