മോഷ്ടിച്ച മൊബൈൽ ഫോണുകൾ കടത്തുന്ന സംഘം ഡൽഹിയിൽ പിടിയിൽ; ഒരു കോടി രൂപ വിലമതിക്കുന്ന ഫോണുകൾ കണ്ടെത്തി

എഐ പ്രതീകാത്മകചിത്രം
ന്യൂഡൽഹി : മോഷ്ടിച്ച മൊബൈൽ ഫോണുകൾ അതിർത്തി വഴി കടത്തുന്ന കള്ളക്കടത്ത് സംഘത്തെ ഡൽഹി പോലീസ് പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന 325 ആഡംബര മൊബൈൽ ഫോണുകൾ കണ്ടെടുത്തു. സംഘവുമായി ബന്ധമുള്ള പത്ത് പേരെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മൊബൈൽ ഫോണുകൾ ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും കടത്തുന്നതായാണ് സംശയം. ഒരു വർഷത്തോളമായി സജീവമായിരുന്ന ശൃംഖലയാണിതെന്നും ഏകദേശം 10,000 മുതൽ 12,000 വരെ മോഷ്ടിച്ച മൊബൈൽ ഫോണുകൾ സംഘം അതിർത്തി വഴി കടത്തിയതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
മോഷ്ടാക്കൾ, പ്രാദേശിക റിസീവർമാർ, അഗ്രഗേറ്റർമാർ, വെയർഹൗസ് ഹാൻഡ്‌ലർമാർ, കൊറിയർ ഓപ്പറേറ്റർമാർ, അതിർത്തി കടന്നുള്ള കോൺടാക്റ്റുകൾ എന്നിവരടങ്ങുന്ന മൾട്ടി-ലെയർ നെറ്റ്‌വർക്കിലൂടെയാണ് സിൻഡിക്കേറ്റ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രോഹിണി ജില്ലയിൽ മൊബൈൽ ഫോൺ മോഷണങ്ങൾ, വീടുകളിൽ മോഷണം, പിടിച്ചുപറി എന്നിവ വർധിച്ചതായി പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച പല ഫോണുകളും ഇന്ത്യൻ ടെലികോം നെറ്റ്‌വർക്കുകളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ഫോണുകൾ രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നതായി സൂചന ലഭിച്ചത്.
ഒരു പ്രത്യേക സംഘം 200 ഓളം ക്രിമിനൽ രേഖകൾ പരിശോധിക്കുകയും നൂറുകണക്കിന് സ്ഥിരം മോഷ്ടാക്കൾ, പിടിച്ചുപറിക്കാർ, റിസീവർമാർ എന്നിവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ജൂൺ 19ന് രാജ എന്ന രാജു, കരൺ, ഗോവിന്ദ് എന്നിവരെ അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. ഇവരിൽ നിന്ന് 101 മോഷ്ടിച്ച മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഗോവിന്ദിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിനിടെ, 200 ഓളം മോഷ്ടിച്ച മൊബൈൽ ഫോണുകൾ കൊൽക്കത്തയിലേക്ക് അയച്ചതായി സൂചിപ്പിക്കുന്ന ഒരു കൊറിയർ രസീത് പൊലീസ് കണ്ടെത്തി.
ഇവരിലൂടെ മോഷ്ടിച്ച ഫോണുകൾ സ്വീകരിക്കൽ, തരംതിരിക്കൽ, പായ്ക്ക് ചെയ്യൽ, അയയ്ക്കൽ എന്നിവ കൈകാര്യം ചെയ്തിരുന്ന അജയ് കുമാറിലേക്കും അലി ഖാനിലേക്കും എത്തിയതായി പൊലീസ് പറഞ്ഞു. ജൂൺ 23 ന് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 100 ഫോണുകൾ കൂടി കണ്ടെടുത്തു. രോഹിണിയിലെ അവന്തിക പ്രദേശത്ത് അജയ് ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മോഷ്ടിച്ച ഫോണുകൾ അയയ്ക്കുന്നതിന് മുമ്പ് സൂക്ഷിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനുമുള്ള വെയർഹൗസായി ഇത് ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
തുടർന്നുള്ള റെയ്ഡുകളിൽ ഋഷികേശ് കുമാർ എന്ന ഡാബ്ലു, സഞ്ജീവ് കുമാർ, സണ്ണി കുമാർ എന്ന രാഹുൽ എന്നിവരെ അറസ്റ്റ് ചെയ്തു, 124 ഫോണുകൾ കൂടി കണ്ടെടുത്തു. രണ്ട് കൊറിയർ കമ്പനി ഓപ്പറേറ്റർമാരെയും അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.പ്രതികളെ ബംഗ്ലാദേശിലെ റിസീവർ ആണെന്ന് സംശയിക്കുന്ന എംഡി ഷൈദുൽ ഇസ്ലാമുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ആശയവിനിമയ രേഖകൾ കണ്ടെത്തിയതോടെ അതിർത്തി കടന്നുള്ള കള്ളക്കടത്തിന്റെ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊറിയർ സർവീസുകൾ വഴി ഫോണുകൾ അയച്ചതായും പിന്നീട് മാൾഡ, മുർഷിദാബാദ് വഴി ബംഗ്ലാദേശിലേക്ക് മാറ്റിയതായും ഉത്തർപ്രദേശ് വഴി മോഷ്ടിച്ച ഫോണുകൾ നേപ്പാളിലേക്ക് അയച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ കണ്ടെടുത്ത ഫോണുകളിൽ 150 ഓളം ഫോണുകൾ ഡൽഹിയിലുടനീളം റിപ്പോർട്ട് ചെയ്ത പിടിച്ചുപറി, കവർച്ച, കേസുകളുമായി ബന്ധപ്പെട്ടതാണെന്നും ശേഷിക്കുന്ന ഉപകരണങ്ങളുടെ ഉടമകളെ തിരിച്ചറിയാനും മുമ്പ് സംഘം കടത്തിയ ഫോണുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെ തിരിച്ചറിയുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.









0 comments