ad
Deshabhimani

ഹെൽത്ത് ഇൻഷുറൻസ്; ക്യാഷ്‌ലസ് ക്ലെയിമിന് പ്രിയമേറുന്നുവെന്ന് റിപ്പോ‍ർട്ട്

Health Insurance

പ്രതീകാത്മക ചിത്രം (AI Image)

വെബ് ഡെസ്ക്

Published on Jun 27, 2026, 07:31 PM | 2 min read

മുംബൈ : ആരോഗ്യ ഇൻഷുറൻസ് അടിയന്തര ഘട്ടങ്ങളിലും മുൻകൂട്ടി നിശ്ചയിച്ചതുമായ ചികിത്സകൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒരു സുരക്ഷാ കവചം ഒരുക്കുന്നു. ആശുപത്രി വാസം, ഡേ-കെയർ ചികിത്സകൾ, ആംബുലൻസ് ചാർജുകൾ തുടങ്ങിയവയെല്ലാം ഹെൽത്ത് ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടാറുണ്ട്.


ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ എന്നത് ചികിത്സാ ചെലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കുന്നതിനായി സമർപ്പിക്കുന്ന ഔദ്യോഗിക അപേക്ഷകളാണ്. ഇവയെ പ്രധാനമായും രണ്ട് രീതികളായി തരംതിരിക്കാം — ക്യാഷ്‌ലെസ്സ് അല്ലെങ്കിൽ റീഇംബേഴ്സ്‌മെന്റ്.


എന്നാൽ ചികിത്സാച്ചെലവ് ആദ്യം സ്വയം വഹിച്ച ശേഷം പിന്നീട് തുക ലഭിക്കുന്ന റീഇംബേഴ്‌സ്‌മെന്റ് രീതിയെക്കാൾ കൈയിൽ നിന്ന് പണം നൽകാതെയുള്ള ക്യാഷ്ലെസ് സംവിധാനത്തിനാണ് രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ വൻ സ്വീകാര്യതയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോളിസിബസാറിന്റെ ഏറ്റവും പുതിയ 'ഹെൽത്ത് ക്ലെയിംസ് എക്സ്പീരിയൻസ് ഇൻഡക്സ്' റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.


ഓഗസ്റ്റ് 2024 മുതൽ സെപ്റ്റംബർ 2025 വരെയുള്ള കാലയളവിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ഇൻഷുറൻസ് ക്ലെയിം ചെയ്യുകയും ചെയ്ത 2,228 പേരിലാണ് ഈ സർവേ നടത്തിയത്. പ്രമുഖ വൻനഗരങ്ങൾക്ക് പുറമെ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളും ഈ പഠനത്തിന്റെ ഭാഗമായിരുന്നു.


എന്തുകൊണ്ട് ക്യാഷ്‌ലെസ് ക്ലെയിമിന് പ്രിയമേറുന്നു?


സർവേയിൽ പങ്കെടുത്ത പത്തിൽ ഏഴുപേരും ക്യാഷ്‌ലെസ് ചികിത്സയാണ് തിരഞ്ഞെടുത്തത്. ഉപഭോക്താക്കൾ ഈ സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്.


  • റീഇംബേഴ്‌സ്‌മെന്റ് രീതിയെ അപേക്ഷിച്ച് ക്യാഷ്‌ലെസ് സംവിധാനത്തിൽ രേഖകളുടെയും ഫോമുകളുടെയും ആവശ്യകത വളരെ കുറവാണ്.


  • ക്ലെയിം നടപടികൾ ആശുപത്രിയിൽ വെച്ചുതന്നെ വേഗത്തിൽ പൂർത്തിയാകുന്നു.


  • ഇൻഷുറൻസ് പരിരക്ഷ നേരിട്ട് ലഭ്യമാകുന്ന നിരവധി ആശുപത്രികൾ ഇന്ന് ലഭ്യമാണ്.


റീഇംബേഴ്‌സ്‌മെന്റിലെ നൂലാമാലകൾ


റീഇംബേഴ്‌സ്‌മെന്റ് ക്ലെയിമുകൾ പലർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ആദ്യം സ്വന്തം കയ്യിൽ നിന്ന് പണം മുടക്കുകയും, പിന്നീട് ബില്ലുകളും മറ്റ് രേഖകളും ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിച്ച് പണം തിരികെ വാങ്ങുകയും ചെയ്യുന്നതാണ് ഈ രീതി. അമിതമായ പേപ്പർ വർക്കുകളും പണം തിരികെ ലഭിക്കാനെടുക്കുന്ന കാലതാമസവുമാണ് ഉപഭോക്താക്കളെ റീഇംബേഴ്‌സ്‌മെന്റ് രീതിയിൽ നിന്ന് അകറ്റുന്നതെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.


ക്ലെയിം നടപടികളിൽ മാറ്റങ്ങൾ വേണം


ഭാവിയിൽ ഇൻഷുറൻസ് ക്ലെയിം നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ചില പ്രധാന നിർദ്ദേശങ്ങളും ഈ റിപ്പോർട്ടിലുണ്ട്.


  • ഇടപാടുകളിലും ആശയവിനിമയത്തിലും കൂടുതൽ സുതാര്യത കൊണ്ടുവരണം.


  • ക്ലെയിമുകൾ നിരസിക്കുകയാണെങ്കിൽ അതിനുള്ള കൃത്യമായ കാരണം ഉപഭോക്താവിനെ ബോധ്യപ്പെടുത്തണം.

  • പോളിസി എടുക്കുന്ന സമയത്ത് തന്നെ ആവശ്യമായ കർശന പരിശോധനകൾ പൂർത്തിയാക്കുക.


  • ക്ലെയിമിന്റെ നിലവിലെ സ്റ്റാറ്റസ് അപ്പപ്പോൾ അറിയാൻ സഹായിക്കുന്ന റിയൽ-ടൈം ട്രാക്കിംഗ് സംവിധാനം ഒരുക്കുക.


  • ഇൻഷുറൻസ് കമ്പനികളും ആശുപത്രികളും തമ്മിൽ കൂടുതൽ മികച്ച ഏകോപനം ഉറപ്പാക്കുക.


ഈ നിർദേശങ്ങൾ പ്രായോഗികമാക്കുന്നത് ആരോഗ്യ ഇൻഷുറൻസ് രംഗത്ത് വലിയൊരു വിപ്ലവത്തിന് തന്നെ വഴിയൊരുക്കും. ഇൻഷുറൻസ് കമ്പനികളും ആശുപത്രികളും ഈ മാറ്റങ്ങൾ ഉൾക്കൊള്ളുകയാണെങ്കിൽ ഭാവിയിൽ ആരോ​ഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ വേ​ഗത്തിലും എളുപ്പത്തിലും ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home