സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത - ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം വരുത്തുന്ന ഒന്നാണ് ഇടിമിന്നൽ. അതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുക.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലും വാതിലും അടച്ചിടുക, അവയ്ക്ക് സമീപം നിൽക്കരുത്.
കെട്ടിടത്തിനകത്ത് ഇരിക്കുമ്പോൾ പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ഇവയുമായുള്ള സാമീപ്യം ഒഴിവാക്കണം.
ലാൻഡ് ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക (പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം).
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ടെറസിലോ മുറ്റത്തോ കളിക്കാനോ നിൽക്കാനോ പാടില്ല. മഴക്കാറ് കാണുമ്പോൾ തുണി എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.
ഒരു കാരണവശാലും വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
കാർ, ബസ് തുടങ്ങിയ അടച്ചുറപ്പുള്ള വാഹനങ്ങളിലുള്ളവർ അതിനുള്ളിൽ തന്നെ തുടരുക (കൈകാലുകൾ പുറത്തിടരുത്).
സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക.
മത്സ്യബന്ധനം, കുളിക്കൽ, ബോട്ടിങ്, ചൂണ്ടയിടൽ, വലയെറിയൽ എന്നിവ പൂർണ്ണമായും നിർത്തിവെച്ച് ഉടൻ തന്നെ അടുത്തുള്ള കരയിലേക്ക് മാറേണ്ടതാണ്. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്.
പട്ടം പറത്തുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നതും അപകടകരമാണ്.
മൃഗങ്ങളുടെ സുരക്ഷയും മറ്റ് മുൻകരുതലുകളും
വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുത്. കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ അവയെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക. മിന്നൽ ആരംഭിച്ച ശേഷം അവയെ അഴിക്കാനും മാറ്റിക്കെട്ടാനും പോകുന്നത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ മുൻകൂട്ടി കെട്ടി ഭദ്രമാക്കുക.
അടുത്തങ്ങും കെട്ടിടങ്ങൾ ഇല്ലെങ്കിൽ, പാദങ്ങൾ ചേർത്തുവെച്ച് തല മുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് നിലത്തിരിക്കുക (കിടക്കരുത്).
പ്രഥമ ശുശ്രൂഷയും സുരക്ഷാ സംവിധാനങ്ങളും
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ ചെയ്യാം. എന്നാൽ മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാൽ അവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാനുള്ള നിമിഷമാണ്. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുക.
കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാ ചാലകവും വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടറും സ്ഥാപിക്കുന്നത് സുരക്ഷിതത്വം ഉറപ്പാക്കും.
ഇടിമിന്നൽ സാധ്യത മുൻകൂട്ടി അറിയാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (Damini App) ഡൗൺലോഡ് ചെയ്യുക. KSDMA കാറ്റ് ജാഗ്രതാ നിർദേശങ്ങൾ ശ്രദ്ധിക്കുക.
ഭിന്നശേഷി സുഹൃത്തുക്കൾക്കായി ദൃശ്യമാധ്യമങ്ങൾ ആംഗ്യ സന്ദേശം പ്രദർശിപ്പിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.











0 comments