ad
Deshabhimani

തെറ്റുതിരുത്തൽ രേഖയ്ക്ക് പിബി അംഗീകാരം നൽകി: എം എ ബേബി

M A Baby Media.

എം എ ബേബി

വെബ് ഡെസ്ക്

Published on Jun 27, 2026, 05:07 PM | 1 min read

ന്യൂഡൽഹി: പാർടിക്കുള്ളിൽ കടന്നുകൂടുന്ന തെറ്റായപ്രവണതകൾക്ക് വിരാമമിടുന്ന തെറ്റുതിരുത്തൽ രേഖയ്ക്ക് പൊളിറ്റ് ബ്യൂറോ യോ​ഗം അം​ഗീകാരം നൽകിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പാർലമെന്ററി അവസരവാദത്തിന്റെ വലിയ സ്വാധീനം പാർടിയുടെ പല തലങ്ങളിൽ ബാധിച്ചു. പാർലമെന്ററി പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ എല്ലാപ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താമെന്നത് അതിമോഹമാണ്. ഇത് ​ഗൗരവമായി ചർച്ചയ്ക്ക് വിധേയമാക്കാനുള്ള രേഖ പിബി അം​ഗീകരിച്ചു. ആദിവാസിമേഖലയിൽ നടക്കുന്ന പ്രവർത്തനാനുഭവങ്ങൾ അപ​ഗ്രഥിക്കുന്ന റിപ്പോർട്ടിനും പിബി അം​ഗീകാരം നൽകി. ജൂലൈ 11മുതൽ 13 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോ​ഗത്തിൽ രേഖ വിശദമായി ചർച്ചചെയ്യുമെന്നും എം എ ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.


രാജ്യത്ത് ഉരുത്തിരിയുന്ന രാഷ്ട്രീയസ്ഥിതി​ഗതികൾ പിബി ചർച്ചചെയ്തു. പശ്ചിമബം​ഗാളിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തി. കേരളത്തിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിനേരിട്ടു. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയസാഹചര്യം ഉരുത്തിരിഞ്ഞ്, ദ്രാവിഡ രാഷ്ട്രീയപാർടികൾക്ക് അപ്പുറം ടിവികെ അധികാരത്തിലെത്തി. ഈ അസാധാരണ രാഷ്ട്രീയ സംഭവവികാസങ്ങൾ ​ഗൗരവതരമായി വിലയിരുത്തും.


പ്രതിപക്ഷ രാഷ്ട്രീയകക്ഷികളെ ഭിന്നിപ്പിച്ച് അതിൽനിന്ന് ഒരുകൂട്ടം ആളുകളെ, വിശേഷിച്ച് ജനപ്രതിനിധികളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള മ്ലേച്ഛമായ രാഷ്ട്രീകച്ചവടംതന്ത്രം പിന്തുടരുകയാണ് ബിജെപി. ഓപറേഷൻ താമര എന്ന് പേരിട്ടും പേരിടാതെയും ഇതൊരു പദ്ധതിയായി ബിജെപി കൊണ്ടുപോകുകയാണ്. ജനാധിപത്യതത്വങ്ങളെയും കാലുമാറ്റ നിരോധന നിയമത്തെയുമൊക്ക അപ്രസക്തമാക്കിക്കൊണ്ടാണ് ബിജെപി കച്ചവടഭരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അഴിമതിവൽകരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷനെപോലും ദുരുപയോ​ഗം ചെയ്തു. എസ്ഐആറും ഇതിനുള്ള ഒരായുധമായി ഉപയോ​ഗിക്കുന്നു.


ബിജെപിയുടെ നേതൃത്വത്തിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. ആർഎസ്എസും ബിജെപിയും നിയന്ത്രിക്കുന്ന അയോധ്യ രാമക്ഷേത്രത്തിൽ വലിയ തട്ടിപ്പ് നടന്നിരിക്കുന്നു. താൻ മോഷ്ടിക്കില്ല, ആരെയും മോഷ്ടിക്കാൻ അനുവദിക്കില്ല എന്ന് ​ഗീർവാണം മുഴക്കിയ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ നടത്തിയ കൊള്ള ഓരോന്നായി പുറത്തുവരികയാണ്. ബിജെപിയുടെ അഴിമതി ജനങ്ങളെ കൂടുതൽ തുറന്നുകാണിക്കുന്നവിധത്തിൽ പ്രചാരണം ശക്തമാക്കുമെന്നും എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home