സെൻസർ ചട്ടം ലംഘിച്ച് പ്രദർശനം; 'മോളിവുഡ് ടൈംസ്' നിർമാതാവ് ആഷിക് ഉസ്മാനെ ചോദ്യം ചെയ്തു

കൊച്ചി: 'മോളിവുഡ് ടൈംസ്' ചിത്രത്തിന്റെ സെൻസർ ചെയ്ത് നീക്കിയ ഭാഗം ഉൾപ്പെടുത്തി പ്രദർശനം നടത്തിയ കേസിൽ നിർമാതാവ് ആഷിക് ഉസ്മാനെ ചോദ്യം ചെയ്തു. സിബിഎഫ്സി നീക്കം ചെയ്യാൻ നിർദ്ദേശിച്ച രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തി ചിത്രം പ്രദർശിപ്പിച്ചു എന്നതാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി ആഷിക് ഉസ്മാനെ തിരുവല്ലം പൊലീസ് ആണ് ശനിയാഴ്ച ചോദ്യം ചെയ്തത്.
സംവിധായകൻ അഭിനവ് സുന്ദർ നായക്, സിനിമയുടെ വിതരണക്കാരൻ, ഡിജിറ്റൽ കണ്ടന്റ് സേവന ദാതാക്കൾ, തിയേറ്റർ ഉടമകൾ എന്നിവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. സിബിഎഫ്സി റീജിയണൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 17നാണ് തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
നസ്‌ലെൻ നായകനായ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. നിശ്ചിത ഭാഗങ്ങൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, ജൂൺ 5ന് റിലീസ് ചെയ്തപ്പോൾ മാറ്റങ്ങൾ വരുത്താതെയാണ് പ്രദർശിപ്പിച്ചത്. സിനിമാറ്റോഗ്രാഫ് ആക്ട് സെക്ഷൻ 7(1)(a)(ii) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.










0 comments