ടിനി ടോം വംശീയാധിക്ഷേപം നടത്തിയെന്ന അൻസിബയുടെ പരാതി; കേസെടുക്കാനാകില്ലെന്ന് പൊലീസ്

ടിനി ടോം, അന്‍സിബ ഹസന്‍
കൊച്ചി: നടൻ ടിനി ടോം വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ചലച്ചിത്രതാരം അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്. തൃപ്പൂണിത്തുറ കോടതിയിൽ കടവന്ത്ര പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പരാതിയിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ നിയമപരമായ നടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
ടിനി ടോമിനെതിരെ ജൂൺ ഒന്നിനാണ് അൻസിബ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്. ടിനി ടോമിന്റെ ഡ്രൈവറെ മതംമാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെ വ്യാജപ്രചാരണങ്ങൾ നടത്തിയെന്നും ജിഹാദിയെന്ന് ആക്ഷേപിച്ചെന്നും അൻസിബ പരാതിയിൽ പറയുന്നു. ലൈംഗികാധിക്ഷേപം നടത്തിയതായും പരാതിയുണ്ട്. എന്നാൽ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലവും നിറഞ്ഞ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് അൻസിബ പാലാരിവട്ടം പൊലീസിൽ കഴിഞ്ഞദിവസം പരാതി നൽകി. നടി ലക്ഷ്മിപ്രിയ, ‘കാൻ ചാനൽ മീഡിയ' ഉടമ സുകുമാർ, നടി ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് വെള്ളിയാഴ്‌ച ഇ–മെയിലായി പരാതി നൽകിയത്.
വീഡിയോ ലിങ്ക് ഉൾപ്പെടെ കൈമാറി. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ‘കാൻ ചാനൽ മീഡിയ' എന്ന സമൂഹമാധ്യമ പേജിലൂടെ ലക്ഷ്മിപ്രിയ, സുകുമാർ എന്നയാളുടെ സഹായത്തോടെ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി.











0 comments